പടയോട്ടം 1

വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ ആളുകളുടെ ഇടയിലേക്ക് ഒരു അലര്‍ച്ചയോടെ മറിഞ്ഞു വീണു. സായംസന്ധ്യ സമയത്ത് തിരക്കുള്ള ചന്തമുക്കില്‍ ആയിരുന്നു സംഭവം.

“കള്ളക്കഴുവേറിമോനെ….ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയവരാണ് എന്റെ തന്തേം തള്ളേം എങ്കിലും എനിക്ക് ജനനം നല്‍കിയ അവരെ നിന്റെ പുഴുത്ത വാ കൊണ്ട് അസഭ്യം പറഞ്ഞാല്‍ ഒടിച്ചു നുറുക്കിക്കളയും..”

പല്ലുകള്‍ ഞെരിച്ച് വാസു പറഞ്ഞു. ഒറ്റയിടിക്ക് തകര്‍ന്നു പോയ ചട്ടമ്പി കേശവന്‍ നിരങ്ങി നീങ്ങി വളരെ പാടുപെട്ട് എഴുന്നേറ്റ് സ്ഥലം വിട്ടു. വാസു കൂടിനിന്നവരെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം നടന്നു നീങ്ങി.

“മൃഗം..കാട്ടുമൃഗം…ആ ശങ്കരന് ഈ ജന്തൂനെ എവിടുന്നു കിട്ടിയോ ആവോ..” അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു മധ്യവയസ്കന്‍ അപരനോട് പറഞ്ഞു.

“ഇവന്‍ കുറേക്കാലം ഇവിടെങ്ങും ഇല്ലായിരുന്നല്ലോ? ഏതായാലും അവന്‍ അവന്റെ വരവറിയിച്ചു..കേശവന്റെ കാര്യം കഷ്ടം തന്നെ…ഒരിടിക്ക് അവന്‍ തീര്‍ന്നു” മറ്റൊരാള്‍ പറഞ്ഞു.

“കേശവന്‍ നല്ല പുള്ളി ഒന്നുമല്ലല്ലോ..വെറുതെ ആ ചെറുക്കനെ അങ്ങോട്ട്‌ ചൊറിഞ്ഞു ചെന്നതല്ലേ..ദേവനേം ബ്രഹ്മനേം പേടിയില്ലാത്തവനാ വാസു….” അത് വേറെ ഒരാളുടെ അഭിപ്രായം ആയിരുന്നു.

“എന്തായാലും ഇവന്‍ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവനാണ്..കണ്ടില്ലേ കേശവന്റെ പരുവം..അവനിനി വല്ല ആശൂത്രീലും പോയി ചികിത്സിക്കേണ്ടി വരും..”

“ചികില്‍സിക്കട്ടെ..അവനും ഇതുപോലെ കുറേപ്പേരെ തല്ലിയിട്ടില്ലേ..ചെയ്യുന്നതിന്റെ ഒക്കെ ഫലം ഇന്നല്ലെങ്കില്‍ നാളെ എല്ലാര്‍ക്കും കിട്ടും..ഇതും അതുപോലെ കണ്ടാല്‍ മതി..”

“എന്നാലും ഈ ചെക്കന്‍ ആള് മറ്റാരെയും പോലെയല്ല..വല്ലാത്തൊരു ജന്മം ആണ് അവന്റേത്..എനിക്ക് അവനെ കാണുന്നത് തന്നെ പേടിയാണ്” ആദ്യം സംസാരിച്ച മധ്യവയ്സകന്‍ പറഞ്ഞു.

“നിങ്ങള്‍ക്ക് അറിയില്ലേ…കുട്ടികള്‍ ഇല്ലാതിരുന്ന ശങ്കരന്റെ ഭാര്യയ്ക്ക് അമ്പലനടയില്‍ നിന്നും കിട്ടിയ സന്താനം ആണ് വാസു..ദേവന്‍ നല്‍കിയ കുഞ്ഞാണ് എന്നും പറഞ്ഞാണ് ആ പാവം അവനെ വളര്‍ത്തിയത്..പക്ഷെ വളര്‍ന്നപ്പോള്‍ അല്ലെ അവന്റെ വിശ്വരൂപം മനസിലായത്..ജാരസന്തതി അല്ലെ..അതിന്റെ ഗുണം കാണാതിരിക്കുമോ..” ഒരാള്‍ ഈര്‍ഷ്യയോടെ പറഞ്ഞു.

“അതെയതെ..ശങ്കരനും അവന്റെ മോള്‍ക്കും ഇവനെ കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു..ഇപ്പോള്‍ എങ്ങനാണ് എന്നറിയില്ല..ഇവന്‍ കുറെ ഏറെക്കാലം ഇവിടെങ്ങും ഇല്ലായിരുന്നല്ലോ..അവന്റെ പോക്കോടെ ആണ് കേശവനും കുറെ ഞാഞ്ഞൂലുകളും തല പൊക്കാന്‍ തുടങ്ങിയത്…..”

“ശങ്കരന് മോള്‍ ഉണ്ടായ ശേഷമാണ്‌ ഇവനോട് സ്നേഹം ഇല്ലാതായത്..പക്ഷെ രുക്മിണിക്ക് അവനെ അന്നും ഇന്നും ജീവനാ..വളര്‍ത്തമ്മയെന്നു പറഞ്ഞാല്‍ ഇവനും ജീവന്റെ ജീവനാ…അവള് പറഞ്ഞാല്‍ മാത്രമേ ഇവന്‍ അനുസരിക്കൂ..രുക്മിണി പറയുന്നതിനപ്പുറം വാസു ഒരിഞ്ചു ചലിക്കില്ല….”

“പക്ഷെ ആ പെണ്ണ്പെണ്ണുണ്ടല്ലോ…ശങ്കരന്റെയും രുക്മിണിയുടെയും മോള്‍..ഭൂലോക രംഭ…അവള്‍ക്ക് ഇവനോട് ഭയങ്കര വെറുപ്പാണ്…ഈ കണ്ണില്‍ ചോര ഇല്ലാത്തവന്‍ അതിനെ വല്ലോം ചെയ്തേക്കുമോ എന്നൊരു ഭയം ശങ്കരനുണ്ട്…അവനും ഇപ്പോള്‍ ഇവനെ പേടിയാ……”

ആളുകള്‍ അവനെക്കുറിച്ചു ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടിരിക്കെ വാസു ചന്തയില്‍ നിന്നും നേരെ ഷാപ്പിലേക്ക് ആണ് പോയത്. നേരെ അവിടെ കയറി രണ്ടു ഗ്ലാസ് സ്പിരിറ്റ്‌ കുടിച്ച് മൂന്നു മുട്ടകളും തിന്നിട്ട്, കുറച്ചു മദ്യം ഒരു കുപ്പിയില്‍ വാങ്ങി ഇടുപ്പില്‍ തിരുകിയിട്ട് അവന്‍ ഇറങ്ങി.

അഞ്ചേമുക്കാല്‍ അടി ഉയരവും ഒത്ത ശരീരവും ഉള്ള വാസുവിന് പ്രായം 25 ആണ്. അനാഥനായ അവനെ അമ്പലത്തിലെ പൂജാരിയാണ്‌ മക്കള്‍ ഉണ്ടാകാതിരുന്ന ശങ്കരന്റെ ഭാര്യ രുക്മിണിക്ക് കാണിച്ചു കൊടുത്തത്. എവിടെ നിന്നോ വന്നു കയറിയ അഞ്ചു വയസുകാരനായ സുന്ദരനായ ആണ്‍കുട്ടിയെ അവിടെ നിന്നും പറഞ്ഞു വിടാന്‍ അയാള്‍ പലവുരു ശ്രമിച്ചിട്ടും നടന്നില്ല. രാത്രി തനിച്ച് അവന്‍ യക്ഷി അമ്പലത്തിന്റെ നടയില്‍ കിടന്നുറങ്ങി. ആ ചെറിയ പ്രായത്തില്‍പ്പോലും അവന് ഭയമെന്ന വികാരം ഉണ്ടായിരുന്നില്ല. മറ്റാരും നോക്കാനില്ലാത്ത അവന് പൂജാരി തന്നെ വീട്ടില്‍ നിന്നും ആഹാരം എത്തിച്ചു നല്‍കി. അമ്പലത്തില്‍ തൊഴാന്‍ വരുന്ന പലരോടും കുട്ടിയുടെ കാര്യം പറഞ്ഞെങ്കിലും ആരും അവനെ സ്വീകരിക്കാനോ സഹായിക്കാനോ തയാറായില്ല. ഏതോ ഭിക്ഷാടന സംഘത്തിന്റെ കൈയില്‍ ആയിരുന്ന അവന്‍ അവിടെ നിന്നും ഓടി രക്ഷപെട്ടു വന്നതാണ്‌ എന്ന് ഒരിക്കല്‍ അയാള്‍ അവനില്‍ നിന്നും മനസിലാക്കി. അതോടെ അയാള്‍ക്ക് അവനെ പറഞ്ഞയയ്ക്കാന്‍ മനസുംതീരെ മനസ് വന്നില്ല. ആരെങ്കിലും സ്വീകരിക്കാന്‍ മനസ് കാണിക്കുന്നത് വരെ അവനവിടെ കഴിഞ്ഞോട്ടെ എന്നയാള്‍ അവസാനം തീരുമാനിച്ചു.

അങ്ങനെയിരിക്കെ കുട്ടികള്‍ ഉണ്ടാകാനായി നിരന്തരം നേര്‍ച്ചകള്‍ നേര്‍ന്ന് സ്ഥിരം അമ്പലത്തിലെ സന്ദര്‍ശക ആയിരുന്ന രുക്മിണി എന്ന യുവതിയോട് പൂജാരി വാസുവിന്റെ കാര്യം പറഞ്ഞു. അവള്‍ക്ക് എന്തോ കുട്ടിയെ കണ്ടപ്പോള്‍ത്തന്നെ ഇഷ്ടമായി. പക്ഷെ ഭര്‍ത്താവ് ശങ്കരന്‍ അവളെ എതിര്‍ത്തു. മക്കളില്ലാത്ത തങ്ങള്‍ക്ക് ദേവന്‍ നല്‍കിയ ദാനം ആണ് അവനെന്നു പറഞ്ഞാണ് അവസാനം രുക്മിണി ശങ്കരനെക്കൊണ്ട് സമ്മതിപ്പിച്ചത്. പലിശയ്ക്ക് പണം നല്‍കുന്ന ബിസിനസ് നടത്തുന്ന ശങ്കരന് പണം ഇഷ്ടം പോലെ ഉണ്ട്. തന്റെ സ്വത്ത് തന്റേതല്ലാത്ത ഒരുത്തന്‍ കൊണ്ടുപോകുമല്ലോ എന്നുള്ള ചിന്തയാണ് വാസുവിനെ ദത്തെടുക്കുന്നതില്‍ അയാള്‍ വൈമനസ്യം കാണിക്കാന്‍ ഉണ്ടായ പ്രധാന കാരണം. പക്ഷെ രുക്മിണിയെ അതിയായി സ്നേഹിച്ചിരുന്ന ശങ്കരന്‍, അവള്‍ അവനെ ഇഷ്ടപ്പെട്ടുപോയി എന്ന കാരണത്താല്‍ അവസാനം സമ്മതം മൂളുകയായിരുന്നു; മനസില്ലാമനസോടെ. അതുകൊണ്ട് തന്നെ രുക്മിണിയെപ്പോലെ അവനെ മകനായി കാണാന്‍ ശങ്കരന് സാധിച്ചിരുന്നില്ല. അയാള്‍ക്ക് തന്നെ ഇഷ്ടമല്ല എന്ന് വാസുവും വന്ന നാള്‍ മുതല്‍ മനസിലാക്കിയതാണ്. തരം കിട്ടുമ്പോള്‍ ഒക്കെ അവനെ അധിക്ഷേപിക്കാനും ശകരിക്കാനും അടിക്കാനും ശങ്കരന്‍ ഉത്സാഹിച്ചിരുന്നു. പക്ഷെ രുക്മിണി അവനെ സ്വന്തം മകനെപ്പോലെ കരുതി സ്നേഹിച്ചതിനാല്‍, അവന്‍ അവിടെ ജീവിച്ചു പോന്നു എന്ന് മാത്രം. ശങ്കരന്റെ മനുഷ്യത്വമില്ലാത്ത പെരുമാറ്റം അവന് ചെറുപ്രായത്തില്‍ തന്നെ ദുഃഖം സമ്മാനിച്ചിരുന്നു.

അങ്ങനെയിരിക്കെ, വാസു വന്ന് നാലോ അഞ്ചോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് ആ വീട്ടിലേക്ക് സന്തോഷം വിരുന്നെത്തിയത്. വര്‍ഷങ്ങളായി കുട്ടികള്‍ക്ക് വേണ്ടി ചെയ്യാന്‍ ഇനി ബാക്കി ഒന്നുമില്ലാതെ പ്രതീക്ഷ പൂര്‍ണ്ണമായി അസ്തമിച്ച ആ സമയത്താണ് രുക്മിണി അത്ഭുതകരമായി ഗര്‍ഭവതി ആയത്. ശങ്കരനും രുക്മിണിയും അതിസന്തോഷത്തോടെ ആയിരുന്നു ഡോക്ടറുടെ വായില്‍ നിന്നും ആ ഹൃദയം നിറച്ച വാര്‍ത്ത കേട്ടത്. വാസു വീട്ടില്‍ വന്നതിന്റെ ഐശ്വരമാണ് അതെന്നു രുക്മിണി പറഞ്ഞപ്പോള്‍ ശങ്കരന്‍ മറുപടി ഒന്നും പറഞ്ഞില്ല. അയാള്‍ ന്‍ അവനെ എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു. രുക്മിണിക്ക് അവനോടുള്ള ഇഷ്ടം കാരണം ശങ്കരന്‍ തന്റെ ആഗ്രഹം തല്ക്കാലം മനസ്സില്‍ തന്നെ സൂക്ഷിച്ചു. അങ്ങനെ അവര്‍ക്ക് വെളുത്ത് തുടുത്ത് അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ജനിച്ചു. അവള്‍ക്ക് ദിവ്യ എന്ന് പേരും ഇട്ടു.

ശങ്കരന്‍ വാസുവിനെ തന്റെ മകളെ തൊടുന്നതില്‍ നിന്നും അടുത്തേക്ക് വരുന്നതില്‍ നിന്നുപോലും ശക്തമായി വിലക്ക് ഏര്‍പ്പെടുത്തി.

“എടാ എമ്പോക്കി ചെക്കാ..മോളുടെ അടുത്തു നീ ചെന്നു പോകരുത്..ദൂരെ മാറി നിന്നോണം..കേട്ടല്ലോ?”

ഒരിക്കല്‍ അവളെ താലോലിച്ചുകൊണ്ടിരുന്ന വാസുവിന്റെ ചെവിക്ക് പിടിച്ചു തിരുമ്മിക്കൊണ്ട് ശങ്കരന്‍ അലറി. വാസു നിസ്സഹായനായി കരഞ്ഞുകൊണ്ട് തലയാട്ടി.

“എന്താ ചേട്ടാ ഇത്..അവനും നമ്മുടെ മോനല്ലേ..ഇങ്ങനെയാണോ അതിനോട് സംസാരിക്കുന്നത്” ഇത് കണ്ടു വന്ന രുക്മിണി വാസുവിനെ തന്നോട് ചേര്‍ത്ത് അവന്റെ ചെവിയില്‍ തലോടിക്കൊണ്ട് ശങ്കരനെ ശാസിച്ചു.

“നിനക്കാ അവന്‍ മോന്‍..എങ്ങാണ്ട് കിടന്ന വയ്യാവലി..ത്ഫൂ..” നീട്ടി ഒന്ന് തുപ്പിയിട്ട് അയാള്‍ ഇറങ്ങിപ്പോയി.

“മോന്‍ കരയാതെ..അച്ഛന്‍ ചുമ്മാ പറയുന്നതാ..മോന്‍ വാ..അമ്മ ചോറ് തരാം” ഏങ്ങലടിച്ചു കരഞ്ഞ വാസുവിനെ ചേര്‍ത്തു പിടിച്ച് രുക്മിണി പറഞ്ഞു.

“ഇല്ല..ഞാന്‍ ആരും ഇല്ലാത്തവനാ..എന്നെ അച്ഛന് ഇഷ്ടമല്ല..ഞാന്‍ ഊര് തെണ്ടിയാണ് എന്ന് അച്ഛന്‍ എപ്പോഴും പറയും..” അവന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.

രുക്മിണി നിലത്ത് കുന്തിച്ചിരുന്ന് അവന്റെ മുഖത്ത് ചുംബിച്ചു. അവളുടെ കണ്ണുകളില്‍ നിന്നും നീര്‍ച്ചാലുകള്‍ ഒഴുകി.