ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 7

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 7
Bahrainakkare Oru Nilavundayirunnu Part 7 | Previous Parts

വീട്ടിലേക്ക് കയറിയ ഞാൻ സിറ്റൗട്ടിൽ കുറച്ചുനേരം അങ്ങനെ നിന്നു. എന്നും പുറത്ത് പോയി വന്നാൽ ഉമ്മയെ വിളിച്ചാണ് വീടിനകത്തേക്ക് കയറൽ പക്ഷേ അന്നെന്തോ അതിന് കഴിഞ്ഞില്ല ധൈര്യം തരാൻ മറന്ന മനസ്സ് വല്ലാതെ പേടിച്ച് പോയിരുന്നു.

സിറ്റൗട്ടിൽ ഉപ്പയിരിക്കുന്ന ചൂരൽ കസേരയിൽ പുറത്തേക്കും നോക്കി കുറച്ച് നേരമെവിടെയിരുന്നു . എന്ത് സംഭവിച്ചാലും അതൊക്കെ ജീവിതത്തിൽ അനുഭവിക്കേണ്ടതാണെന്നും, ഭയപ്പെട്ടിട്ടെന്ത് കാര്യമാണെന്നും , ഈ ദുനിയാവിന്റെ ഉടമസ്ഥൻ തീരുമാനിക്കുന്നതെ നടക്കൂ എന്നും ചിന്തിച്ച് ദുഖങ്ങളുടെ മാറ്റ് കൂട്ടുന്ന ഇരുട്ടത്തേക്ക് നോക്കിയിരിക്കുമ്പോൾ അകത്ത് നിന്നും ഉമ്മ ഖുറാൻ ഓതുന്നത് കേൾക്കാമായിരുന്നു.

പണ്ട് ഞാനെന്റെ ഉമ്മയോട് പറയാറുണ്ടായിരുന്നു ‌ എന്റെ കല്ല്യാണം കഴിഞ്ഞാൽ ന്റെ പെണ്ണും, ഇങ്ങളും കൂടി മഗ്രിബ് നിസ്ക്കരിച്ച് ഇരുന്ന് ഓതുന്നത് കേട്ട് വീട്ടിലേക്ക് കയറി വരണമെന്നും അങ്ങനെ നമ്മുടെ വീടിന്റെ സന്തോഷം നിലനിൽക്കണം എന്നൊക്കെ.

മനസ്സിനതെന്നും ഇഷ്ടമുള്ളത് കൊണ്ടാവണം മറന്ന് പോവാത്ത ആ സംഭവങ്ങളെല്ലാം ഓർത്തിരിക്കുമ്പോൾ കാണാവുന്ന ദൂരത്തുള്ള റൈഹാനത്തിന്റെ വീട്ടിൽ നിന്നും വിരുന്ന് വന്ന അവൾ മനോഹരമായി ഓതി കൊണ്ടിരിക്കുന്നത് കേട്ടതും പിന്നെ അവിടെയിരിക്കാൻ എനിക്ക്‌ കഴിഞ്ഞില്ല. എഴുന്നേറ്റ് അകത്തേക്ക് ചെന്ന് ഉമ്മയിരുന്നോതുന്ന ആ മുസല്ലയിലിരുന്നു.
പണ്ടും അങ്ങനെ ചെന്നിരിക്കാറുണ്ട് . ആ ഓത്തും കേട്ട് ഉമ്മയുടെ അരികത്തിരിക്കുമ്പോൾ ഓരോ സൂറത്ത് ഓതി കഴിയുമ്പോഴും ഉമ്മയെന്നോട് എന്റെ തല കാണിക്കാൻ പറയും എന്നിട്ടുമ്മ തലയിലേക്ക് പതുക്കെ ഊതും. വല്ലാത്തൊരു സുഖം കിട്ടുമായിരുന്നു ഖുറാന്റെ വചനങ്ങളോതിയയുടനെ കിട്ടുന്ന ഉമ്മയുടെ ആ മന്ത്രിച്ചൂതലിന്.

ഓത്ത് കേട്ടിരിക്കുന്നതിനിടയിൽ എന്തോ ആലോചിച്ചപ്പോൾ ഞാനറിയാതെ നിറഞ്ഞ എന്റെ കണ്ണുതുടച്ചു കൊണ്ട് ഉമ്മ പറഞ്ഞു “ഉമ്മാന്റെ കുട്ടി അനുഭവിക്കുന്ന സങ്കടങ്ങളൊക്കെ ഉമ്മാക്കറിയാം . നീ ആരോടും പറയാതെ കൊണ്ടു നടക്കുകയാണെന്നുമറിയാം. ക്ഷമയുള്ള കുട്ടിയല്ലേ നീ … നീ ക്ഷമിക്ക്… ക്ഷമിക്കുന്നോരെയാ പടച്ചോന് ഇഷ്ട്ടം.. ന്റെ കുട്ടിക്ക് വേണ്ടി ഉമ്മ അഞ്ച് വക്തിലും ദുആ ചെയ്യുന്നുണ്ട് പടച്ചോൻ എന്തെങ്കിലുമൊരു വഴി കാണിച്ചുതരാതിരിക്കില്ല ” എന്നൊക്കെ പറഞ്ഞ എന്റെ മനസ്സ് വായിച്ച ഉമ്മക്കരികിൽ കൊച്ചുകുട്ടിയെ പോലെ കിടന്ന് അൽപ്പം കഴിഞ്ഞപ്പോൾ ഞാനെഴുന്നേറ്റ് റൂമിലേക്ക് നടന്നു.