ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 2

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 2
Bahrainakkare Oru Nilavundayirunnu Part 2

എന്നേയും നോക്കി നടന്നു വരുന്ന അൻവർ അടുത്തെത്തിയതും അവൻ പെട്ടെന്ന് കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു. പ്രവാസികൾ ഇന്റർനെറ്റ് വഴി കിട്ടുന്ന സൗഹൃദങ്ങളെ കാണുമ്പോൾ അങ്ങനെയാണ് കുറഞ്ഞ വർഷത്തെ പരിചയം ആയിരിക്കുമെങ്കിലും അവരൊരുപാട് അടുത്ത് പോയിട്ടുണ്ടാകും .

“പണ്ടാറക്കാലാ വിടടാ ആളുകൾ നോക്കുന്നു ” എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു ” ഞാൻ കുറെ ദിവസങ്ങളായി കാത്തിരിക്കുന്ന ഒരു നിമിഷമായിരുന്നെടാ ഇത് ഇനിയിങ്ങനെ ഒരു നിമിഷം എനിക്കുണ്ടാകുമോ എന്നറിയില്ല. ” എന്നൊക്കെ പറഞ്ഞു അവനെന്റെ കൈ പിടിച്ചു വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.

ആദ്യമായി മെസേജ് അയച്ചതും, പരിചയപ്പെട്ടതും, സംസാരിച്ചതും എല്ലാം കൃത്യമായി ഓർത്ത് നടക്കുന്ന അവന്റെ സന്തോഷം നിറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുന്നതിനിടയിൽ ഞാൻ വെറുതെ ഓർമ്മിപ്പിച്ചു ” അല്ല ജ്ജെന്താ ഇത്രീം ദിവസം ന്നെ കാത്തു നിന്നത്.. ?” . എന്റെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് അൻവർ പറഞ്ഞു
” പറയാം ഒരൽപം കൂടി ക്ഷമിക്ക് ഫ്ളൈറ്റിലെത്തിക്കോട്ടെ “. നിർബന്ധിക്കാൻ തോന്നിയെങ്കിലും കഴിഞ്ഞില്ല കാരണം അപ്പോഴേക്കും അവനെന്റെ വിശേഷങ്ങളിൽ പലതിനെയും കുറിച്ച് ചോദിക്കാൻ തുടങ്ങിയിരുന്നു.

“റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോകുന്ന സൗദി എയർലൈൻസ് റെഡിയായിരിക്കുന്നു യാത്രക്കാരെല്ലാവരും പുറപ്പെടാൻ തയ്യാറായി നിൽക്കുക” എന്ന അനൗൺസ് വന്നതോടെ ഞങ്ങൾ ഹാൻഡ് ബാഗും എടുത്ത് ലൈനിൽ നിന്നു. ഇടക്കിടക്ക് ഞാനവന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ പറയാൻ പോകുന്നതിനെ കുറിച്ചാണ് ഞാൻ ചിന്തിക്കുന്നതെന്നു മനസ്സിലായിട്ടായിരിക്കണം അവൻ പറഞ്ഞു ” നീ നിന്റെ സ്റ്റാറ്റസായി പണ്ട് എഴുതിയിട്ടിരുന്ന ഒരു വാചകമില്ലേ
‘ ദുനിയാവ് ചതിക്കുന്നത് ചിലപ്പോൾ നമ്മളറിയില്ല ‘ എന്ന വാചകം ? ആ പറഞ്ഞത് ഒരുപാട് ശെരിയായിരുന്നു . ഇന്ന് ഞാൻ നിന്നോടിത്ര അടുക്കാനും കാരണം എന്നെ കാണാതെ എന്റെ അവസ്ഥ പറഞ്ഞ നിന്റെയാ സ്റ്റാറ്റസ് കണ്ടത് കൊണ്ടാണ് കാരണം ഈ ദുനിയാവിന്റെ ചതിയിൽ അറിയാതെ പെട്ടുപോയ ഒരാളാണ് ഞാൻ. “

അവനങ്ങനെ പറഞ്ഞതെന്താണെന്നു മനസ്സിലാവാതെ ” എന്ത് പറ്റിയെഡാ ?” എന്ന് ചോദിച്ചപ്പോൾ. “പറയാം എല്ലാം ഞാൻ പറയാം ” എന്ന് പറഞ്ഞ് അവനൊരു നെടുവീർപ്പിടുന്നത് ഞാൻ ശ്രദ്ധിച്ചു.

സംസാരിച്ചു നടന്നു ഞങ്ങൾ വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചു. ചുവപ്പിച്ച ചുണ്ടുമായി ആളെ മയക്കുന്ന ചിരിയും ചിരിച്ച് വെളുപ്പിന്റെ മൊഞ്ച് കൂട്ടുന്ന നീല യൂണീഫോമിനുള്ളിൽ പെണ്ണിന്റെ സൌന്ദര്യം നിറച്ചു നിൽക്കുന്ന മൊറോക്കൻ എയർഹോസ്റ്റസിനെയും നോക്കി ഞങ്ങൾ സീറ്റ് നമ്പർ തിരയാൻ തുടങ്ങി.

കുറച്ച് പിറകിലോട്ട് പോയപ്പോൾ ഞങ്ങളുടെ സീറ്റ് കണ്ടതും ബേഗ് മുകളിലേക്ക് വെച്ച് സീറ്റിലിരുന്നു. യാത്രക്കാർ നാട്ടിലേക്ക് പോകുന്ന സന്തോഷത്തിലാണന്നു എല്ലാവരുടെയും മുഖം വിളിച്ചോതുന്നത് കാണാമായിരുന്നു.

ഗ്ളാസ്സിനുള്ളിലൂടെ പുറത്തേക്കും മറ്റും നോക്കി സംസാരിച്ചു സമയം കളയുമ്പോഴാണ് സീറ്റ് ബെൽറ്റ് ധരിക്കാനും, നമ്മൾ പുറപ്പെടുകയാണ് എന്നൊക്ക പറഞ്ഞുള്ള മെസേജ് വന്നത് . സീറ്റ് ബെൽറ്റ്‌ ശെരിക്ക് കെട്ടിയ ശേഷം ഫ്‌ളൈറ്റ് പൊന്തുന്നതും കാത്ത് ഞങ്ങളങ്ങനെ ഇരുന്നു.

കൂടുതൽ വൈകിയില്ല യാത്ര തുടങ്ങുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന ഫ്‌ളൈറ്റിൽ മുഴങ്ങി കഴിഞ്ഞതും ഫ്‌ളൈറ്റ് നീങ്ങി തുടങ്ങി . വിമാനം റിയാദ് ഐര്പോര്ട്ടിനോട് വിട പറയുമ്പോൾ ഏഴ് കൊല്ലം എന്നെ പോറ്റിയ ഈ നാടിനോട് ഞാനും വിടപറയുകയായിരുന്നു.

ഫ്‌ളൈറ്റ് പറന്നു പൊന്തിയതും സീറ്റ് ബെൽറ്റ്‌ അഴിച്ച്
അൻവറിനോട് നാട്ടിൽ ചെന്നിട്ടുള്ള പരിപാടികളും പ്ലാനുകളും ചോദിച്ചും പറഞ്ഞും ഇരിക്കുമ്പോഴാണ് യാത്രക്കാർക്കുള്ള ഭക്ഷണവുമായി എയർ ഹോസ്റ്റസ് സൽക്കരിക്കാൻ വന്നത്‌ . കിട്ടിയ ഭക്ഷണം കഴിച്ച് കഴിഞ്ഞതും പിന്നെ ഞാൻ താമസിച്ചില്ല ഇത്രയും ദിവസം എന്നെ കാത്തിരുന്നതെന്തിനായിരുന്നു എന്നതിനെ കുറിച്ച് അവനോട് പറയാൻ പറഞ്ഞപ്പോൾ അൻവർ തന്റെ കയ്യിൽ അതുവരെ പിടിച്ചിരുന്ന പാസ്പോര്ട്ട് വെച്ച കവർ തുറന്ന് ഒരു ലെറ്റർ പുറത്തെടുത്തു കൊണ്ട് ചോദിച്ചു “ഇതെന്താണന്നറിയാമോ നിനക്ക് ?? ”
” വല്ല ലവ് ലെറ്ററും ആണോ ഹേ… ? ?? എന്ന് കളിയാക്കി ചോദിച്ചപ്പോഴാണ് ഞാനൊട്ടും പ്രതീക്ഷിക്കാത്ത മറുപടിയവൻ പറഞ്ഞത്. ” അല്ലടാ … ഇത് ഞാനെന്റെ ഭാര്യയെ ത്വലാഖ് ചൊല്ലി മഹല്ല് കമ്മറ്റിക്ക് കൊടുക്കാൻ പോകുന്ന ത്വലാഖ് ലെറ്ററാണ്. …!!” അവനങ്ങനെ പറഞ്ഞതും വിശ്വസിക്കാൻ പ്രയാസപ്പെട്ടു ഞാൻ ചോദിച്ചു.

” അൻവർ നീ യെന്തൊക്കെയാടാ ഈ പറയുന്നേ ???. നീ കല്ല്യാണം കഴിച്ചിട്ടില്ലെന്നല്ലേ എന്നോടൊരിക്കൽ പറഞ്ഞത് ? “

“അതെ നീ ചോദിച്ച ദിവസം ഞാൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു അന്നെനിക്ക് നിന്നോടത് പറയാൻ കഴിഞ്ഞിരുന്നില്ല ക്ഷമിക്ക്. ഞാനെല്ലാം പറയാം നീയിത് വായിക്കെന്നു ” പറഞ്ഞു ആ പേപ്പർ എന്റെ നേരെ നീട്ടി. വായിച്ചു നോക്കിയപ്പോൾ മൂന്നു ത്വലാഖും ചൊല്ലിയിരിക്കുന്നു. അവന്റെ അവസ്ഥ കേട്ട് എന്ത് പറയുമെന്നറിയാതെ അവനെ നോക്കിയിരിക്കുമ്പോഴാണ് അൻവർ വീണ്ടും പറയാൻ തുടങ്ങിയത്.

“ഈ കത്ത് നാട്ടിലെത്തിയ ഉടനെ ഞാൻ അവളുടെ മഹല്ലിലേക്ക് അയക്കും അതിന് മുൻപ്‌ നീ ഇതിൽ സാക്ഷികളിൽ ഒരാളായി നിൽക്കണം. നീ ഒപ്പിടുന്നതിനു മുൻപ്‌ ഞാനവളെ മൂന്നു ത്വലാഖും ചൊല്ലാനുണ്ടായ ആരേയും അറിയിക്കാത്ത യഥാർത്ഥ കാരണവും, അതെന്ത് കൊണ്ട് ആരോടും എനിക്ക്‌ പറയാൻ കഴിഞ്ഞില്ല ? എന്നല്ലാം രണ്ടാം സാക്ഷിയായ നീയും കൂടി അറിയണം. അറിഞ്ഞതിനു ശേഷം പൂർണ്ണ സമ്മതമാണെങ്കിൽ മാത്രമേ നീയിതിൽ സാക്ഷിയായി ഒപ്പിടാവൂ…..
കൂടെ ഞാനല്ലാതെ ഇക്കാര്യങ്ങൾ അറിയുന്ന മൂന്ന് പേരും കൂടിയുണ്ട് ഈ ലോകത്ത് . അതിലൊരാൾ ഈ ലെറ്ററിൽ ഒന്നാം സാക്ഷിയായി ഒപ്പിട്ടിരിക്കുന്ന എന്റെ ഖഫീലാണ്. ഖഫീലീ സംഭവം അറിയാനും സാക്ഷിയായി ഒപ്പിടാനും കാരണമായ സാഹചര്യവും ഞാൻ പറയാം. ബാക്കി രണ്ട് പേർ എന്റെ നാട്ടുകാരാണ്. അവരെയും നിനക്ക് വഴിയെ മനസ്സിലാകും. “

വേറെ എന്തിനെങ്കിലും വേണ്ടിയായിരിക്കും ഇവനിങ്ങനെ നാട്ടിൽ പോകാതെ എന്നെ കാത്തിരുന്നത് എന്ന് ചിന്തിച്ച് നടന്നിരുന്ന എന്റെ ടെൻഷൻ കൂട്ടുന്ന ഈ സംഭവം അവനിൽ നിന്നും കേട്ടപ്പോൾ ആശ്വാസവാക്കുകൾ നൽകാൻ പ്രയാസപ്പെടുന്നത് പുറത്തു കാണിക്കാതെ നെഞ്ചിടിപ്പോടെ ഞാനവനോട് പറഞ്ഞു ” സ്വബോധമുള്ള, വിശ്വാസിയായ ഒരാണും മഹർ കൊടുത്ത് കെട്ടിയപെണ്ണിനെ തക്കതായ കാരണങ്ങളില്ലാതെ ത്വലാഖ് ചൊല്ലില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നിന്റെ കാര്യത്തിൽ നീ കാരണങ്ങൾ പറയാതെ ഒപ്പിടാൻ മാത്രം പറഞ്ഞാലും ഞാൻ സാക്ഷിയായി ഒപ്പിടും പക്ഷേ നീ എന്തൊക്കെയോ മറച്ചു വെച്ചു എന്ന് പറഞ്ഞല്ലോ അതെന്തായിരുന്നു എന്നും, എന്തിനായിരുന്നു എന്നും അറിയാൻ ആഗ്രഹമുണ്ട് പറ നാട്ടിലെത്താൻ ഇനിയും ഒരുപാട് മണിക്കൂറുകളുണ്ട് സാവധാനം എല്ലാ കാര്യങ്ങളും തുറന്ന് പറ. എന്താ ഡാ … എന്താ നിന്റെ ജീവിതത്തിൽ സംഭവിച്ചത് അതും നിന്നെ പോലെ ഒരാൾക്ക് …???

കരിപ്പൂർ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരിക്കുന്ന സൗദി എയർലൈൻസ് എസ്. വി 0740 വിമാനത്തിനുള്ളിൽ നെടുവീർപ്പുകൾ കൊണ്ട് കഥ പറയാൻ ഒരുങ്ങുന്ന അൻവറിന്റെ വാക്കുകൾ കേള്ക്കാൻ ഞാൻ കാതോർത്തിരുന്നു. അവൻ അതുവരെ കാണാത്ത ഒരു വല്ലാത്ത മുഖഭാവത്തോടെ തന്റെ കഥ പറയാൻ തുടങ്ങി …

( തുടരും )

” ദുനിയാവ് ചതിക്കുന്ന ചില ജീവിതങ്ങളുണ്ട്. ചതിയെന്താണെന്നറിയാത്ത ജീവിതങ്ങളാണവർ “