ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 6

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 6
Bahrainakkare Oru Nilavundayirunnu Part 6 | Previous Parts

അവളുടെ ഉമ്മയുമായി ബൈക്കിൽ യാത്ര തിരിച്ച ഞാൻ കുറച്ചു നേരത്തെ യാത്രക്കൊടുവിൽ അവരുടെ
നാട്ടിലെത്തി . അവളുടെ വീട്ടിലേക്ക് റോട്ടിൽ നിന്നും അൽപ്പം നടക്കാനുണ്ടായിരുന്നതിനാൽ ബൈക്ക് ഒരു ഭാഗത്തേക്ക് നിർത്തിയിട്ട് എന്നെ കാത്ത് നിൽക്കുന്ന ഉമ്മയുടെ അടുത്തെത്തി പോകാമെന്നു പറഞ്ഞ് ഞാൻ മുന്നിൽ നടന്നു.

ഞാനവരുടെ മരുമകൻ ആയിരുന്നെങ്കിലും എന്റെ അപ്പോഴത്തെ മാനസികാവസ്ഥ അവർക്കറിയില്ലായിരുന്നു .

മകളുടെ സ്വഭാവങ്ങളും മറ്റും അവരെ അറിയിച്ച് നന്നാക്കി എടുക്കാൻ എനിക്കും താൽപര്യമുണ്ടായിരുന്നില്ല. കാരണം എല്ലാവരും ഞാൻ കെട്ടിയ പെണ്ണിന്റെ ഈ ദുസ്വഭാവങ്ങൾ അറിഞ്ഞാൽ പിന്നെ പലരിൽ നിന്നും പലതും അവളെ കുറിച്ച് ഞാൻ തന്നെ കേൾക്കേണ്ടി വരുമെന്ന്
അറിയാമായിരുന്നു .

സ്വന്തം ഭർത്താവിനോട് എന്താണ് പറയുകയും കാണിക്കുകയും ചെയ്യേണ്ടത് എന്നറിയാത്ത അവളെ കാണാനും, സംസാരിക്കാനും ഇഷ്ടമില്ലാതെയാണ് ഞാനവളുടെ വീട്ടിലേക്കപ്പോൾ പോകുന്നതെന്ന് പുറത്തു കാണിക്കാതെ വിശേഷങ്ങൾ വെറുതെ ചോദിച്ചും, പറഞ്ഞും അവരോടൊപ്പം നടന്നു .

അവളുടെ ഉമ്മ ആ കുടുംബത്തിലെ മറ്റുള്ളവരെ പോലെയല്ലായിരുന്നു നല്ല രീതിയിലായിരുന്നു എന്നോടും , എന്റെ കുടുംബത്തോടും പെരുമാറിയിരുന്നത് . ഇവർക്കെങ്ങനെ എന്റെ ഭാര്യയെ പോലെ ഒരു മോളുണ്ടായി എന്ന് വരെ തോന്നിയിട്ടുണ്ട് അവരുടെയാ പെരുമാറ്റം കാണുമ്പോൾ.

രണ്ട് മിനുട്ട് നടന്ന ശേഷം വീട്ടു പടിക്കൽ എത്തിയതും അവർ ” നീ അകത്തേക്ക് ചെല്ല് അവളുണ്ടാവും അവിടെ ഞാൻ ഇപ്പൊ വരാന്നും ” പറഞ്ഞ് ഉമ്മ അപ്പുറത്തേക്ക് പോയി .

ഞാൻ കൊലായിയിലേക്ക് കയറി ഒരു കസേര വലിച്ചിട്ട് കുറച്ച് നേരം അവിടെ ഇരുന്നെങ്കിലും അവളെ പുറത്തേക്കൊന്നും കാണാഞ്ഞതിനാൽ എഴുന്നേറ്റ് അകത്തേക്ക് ചെന്നു. അടുക്കള ഭാഗത്തുണ്ടൊന്നു നോക്കാൻ അങ്ങോട്ട് ചെന്ന് നോക്കിയപ്പോൾ അവിടെയും ആരുമില്ലായിരുന്നു . അനിയത്തിമാരെല്ലാം സ്കൂളിൽ പോയതാണെന്ന് തോന്നി.

അടുക്കളയിൽ നിന്നും അവളുടെ റൂമിനടുത്തെത്തി പേര് വിളിച്ച് ഡോറിൽ മുട്ടി നോക്കിയെങ്കിലും വാതിൽ തുറന്നില്ല . ഉറങ്ങുകയാവും വെറുതെ ഉണർത്തി ആ വായിലിരിക്കുന്നത് കേൾക്കണ്ട എന്ന് തോന്നിയപ്പോൾ ഞാൻ കൊലായിലേക്ക് തന്നെ തിരിച്ച് നടന്നു.

ഉമ്മ അപ്പുറത്ത് അവരുടെ കുടുംബക്കാരായ അയൽവാസിയുടെ വീട്ടിൽ നിന്നും സംസാരിക്കുന്നത് കേൾക്കാമായിരുന്നു . കുറച്ച് കഴിഞ്ഞപ്പോഴാണ് അകത്ത് നിന്നും അവൾ റൂമിന്റെ വാതിൽ തുറക്കുന്ന സൌണ്ട് കേള്ക്കുന്നത് . അവളിപ്പോൾ എന്റെയടുത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വരാഞ്ഞത് കണ്ടപ്പോൾ ഞാനകത്തേക്ക് വീണ്ടും കയറി ചെന്നു. ആ സമയത്താണ് അടുക്കളയിൽ ആരോ നിൽക്കുന്നുണ്ടെന്നു തോന്നിയത്‌. ആരാണെന്നു നോക്കാൻ അങ്ങോട്ട് ചെന്നപ്പോൾ അവളുടെ ഉപ്പയാണ് .

” നിങ്ങളിവിടെ ഉണ്ടായിരുന്നോ.. ?” എന്ന് ഞാനയാളോട് ചോദിച്ചതും ” ഞാൻ പുറത്ത് പോയതായിരുന്നു ഇപ്പോൾ എത്തിയതേ ഒളളൂ ” എന്ന് പറഞ്ഞ് പുതിയ മരുമകനായ എന്നോട് കൂടുതൽ സംസാരിക്കാതെ നിൽക്കുന്ന അയാളുടെ ആ സ്വഭാവം കണ്ടപ്പോൾ ഞാൻ കൂടുതലൊന്നും ചോദിക്കാതെ അവളുടെ റൂമിലേക്ക് നടന്നു .

കട്ടിലിലിരുന്ന് മുടി ചീകി കൊണ്ടിരിക്കുന്ന അവളോട്‌ ഞാൻ സലാം പറഞ്ഞെങ്കിലും അവളൊരു വട്ടം നോക്കി പിന്നെയെന്നെ നോക്കിയില്ല .
” ഒരു വീട്ടിലേക്ക് വരുമ്പൊ ഒന്ന് വിളിച്ച് വരുന്നതാണ് മര്യാദ ” എന്ന് മുഖം കനപ്പിച്ച് അവൾ പറഞ്ഞപ്പോൾ ” ഞാൻ നിന്റെ ഉമ്മയെ ടൗണിൽ വെച്ച് കണ്ടപ്പോൾ കൊണ്ട് വിടാൻ വന്നതാ.. ഇങ്ങോട്ട് വരാൻ ഉദ്ദേശിച്ച് വീട്ടിൽ നിന്നും ഇറങ്ങിയതല്ല ” എന്ന് മറുപടി കൊടുത്തപ്പോൾ അവളുടെ മുഖത്തൊരു പുച്ഛം നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.

ഞാനാ റൂമിലിരിക്കുമ്പോൾ ഇടക്കിടക്ക് അവളുടെ ഉപ്പ അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ശ്രദ്ധയിൽ പെട്ടതും ഞാനെഴുന്നേറ്റ് ഡോർ അടക്കാൻ നോക്കി പക്ഷേ അവൾ വീണ്ടും തുറന്നു . മുടി ചീകി കഴിഞ്ഞതും അവളെന്നോടൊന്നും പറയാതെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി . കൂടുതൽ അതിനുള്ളിലിരിക്കാതെ ഞാനുമിറങ്ങി.

പുറത്തേക്കിറങ്ങിയപ്പോൾ ഉമ്മയെ അകത്ത് കണ്ടതും ഞാനവരുടെ അടുത്തേക്ക് ചെന്നു.

” ഉമ്മാ… ഞാനിറങ്ങുകയാണ്….
പിന്നെ വരണ്ട്.. ” എന്ന് പറഞ്ഞിറങ്ങാനൊരുങ്ങുമ്പോഴാണ് ചായ കുടിക്കാൻ അവർ നിർബന്ധിച്ചത്‌. ഏതായാലും വന്നതല്ലേ ഒന്നും തോന്നണ്ട എന്ന് ചിന്തിച്ച് അവിടെയിരുന്ന് ആ ചായ കുടിച്ചു .

ഭർത്താവിനടുത്തുണ്ടായിരിക്കേണ്ട എന്റെ ഭാര്യയായ അവൾ തിടുക്കത്തിൽ ആ ഭാഗത്തേക്ക് വരുന്നതും, എന്നെ സൽക്കരിക്കുന്നതും കാണാൻ എനിക്ക്‌ ഭാഗ്യമില്ലായിരുന്നു… അവൾ വന്നില്ല .

ചായയും കുടിച്ച് ഉമ്മയോട് ‘ പോട്ടേ ‘ എന്നും പറഞ്ഞ് ഞാനെഴുന്നേറ്റു . അവളോടും ഒന്ന് പറയാം ഇനിയതിന്റെ പേരിലൊരു വഴക്കുണ്ടാവണ്ട എന്നും ചിന്തിച്ച് അവളെ നോക്കി നടക്കുമ്പോൾ പ്രതീക്ഷിക്കാതെ അവളും അവളുടെ ഉപ്പയും എന്തോ പിറുപിറുത്ത് സംസാരിച്ച് നിൽക്കുന്നത് ഞാൻ കണ്ടു. ആംഗ്യം കാണിച്ചും അകത്തേക്ക് നോക്കിയും സംസാരിക്കുന്നു . കൂടുതലവരെ നോക്കി നിൽക്കാതെ ഒച്ചയനക്കി ഞാൻ അടുത്തേക്ക് ചെന്നതും അവർ പെട്ടെന്ന് സംസാരം നിർത്തി.

“ന്നാ ഞാനിറങ്ങാ… ” എന്നവരോട് പറഞ്ഞപ്പോൾ ” കുറച്ചു ദിവസം കൂടി കഴിഞ്ഞേ ഞാനങ്ങോട്ട് വരൂ ” എന്നവൾ പറഞ്ഞതും
” കുഴപ്പമില്ല ” എന്ന് പറഞ്ഞ് ഞാൻ
പുറത്തേക്കിറങ്ങി ബൈക്ക് നിർത്തിയിട്ട സ്ഥലത്തേക്ക് നടക്കുമ്പോൾ എന്റെ മനസ്സിലെന്തൊക്കെയോ ചോദ്യങ്ങൾ മുളച്ചു തുടങ്ങിയിരുന്നു.

പലവട്ടം അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ലെന്ന് മനസ്സിനോടാവർത്തിച്ച് പറഞ്ഞു നോക്കിയെങ്കിലും മനസ്സ് അനുസരിക്കാതെ കൂടുതൽ വെക്തമായ രീതിയിൽ ചോദ്യങ്ങൾ നിരത്തിയപ്പോൾ എനിക്കെന്തോ മുൻപൊന്നുമില്ലാത്തൊരു ഭയം അനുഭവപ്പെടാൻ തുടങ്ങി .

അവളുടെയും, വീട്ടുകാരുടെയും സംശയം തോന്നിപ്പിക്കാൻ കെൽപ്പുള്ള പെരുമാറ്റങ്ങൾ കണ്ടതോടെ തുടങ്ങിയ സംശയങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്നത് ശെരിയല്ല എന്ന് ചിന്തിച്ചപ്പോൾ അതില്ലാതാക്കാൻ വല്ല വഴിയും ഉണ്ടോന്ന് ആലോചിച്ചു നോക്കി .

ബൈക്കിൽ കയറി നാട്ടിലെത്തിയതും അവളുടെ അയൽവാസിയിൽ പെട്ട ഒന്നുരണ്ട് പേരോട് ആളെ പറയാതെ മുന്പന്വേഷിച്ചത് പോലെ ഒരിക്കൽക്കൂടി അന്വേഷിച്ചെങ്കിലും അവരുടെ വീട്ടിലെ ഒരു കാര്യവും ആരും അറിയാറില്ലെന്നും, അവരുമായി ആരും മിണ്ടാറില്ലെന്നുമൊക്കെ പിന്നെയും പറഞ്ഞപ്പോൾ ആ ശ്രമവും ഉപേക്ഷിച്ചു.

കല്യാണം കഴിക്കുന്നതിനു മുൻപ്‌ ഞാൻ കണ്ടു കൂട്ടിയ സ്വപ്നങ്ങളിൽ ഇതൊന്നും ഉണ്ടായിരുന്നില്ല ഡാ . അതുകൊണ്ടാവണം എന്റെ ജീവിതമോർത്ത് റൂമിലിരുന്ന് ഞാനൊരുപാട് കരയുമായിരുന്നു. എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിച്ച് ജീവിക്കാൻ പഠിച്ച ഞാൻ പടച്ചവന്റെ മുന്നിൽ മാത്രം എല്ലാം നിരത്തി കരഞ്ഞു പറയും… അല്ലാതെ ഇതൊക്കെ ആരോട് പോയി പറയും.? അവനല്ലാതെ ആർക്കാണെന്നെ സന്തോഷം നൽകി ആശ്വസിപ്പിക്കാൻ കഴിയുക . … ?

രാത്രികളിൽ ഉറക്കം കിട്ടാതെ വരുമ്പോൾ ഒരുകാലത്തെന്റെ ഹൃദയമിടിപ്പായിരുന്ന റൈഹാനത്തിനെ കുറിച്ചുള്ള ആ പഴയ ഓർമ്മകൾ
ഒരാശ്വാസമായിരുന്നു കാരണം അവളെനിക്കിന്ന് ഭാര്യയല്ലെങ്കിലും കൂടെയുണ്ടെന്ന് തോന്നിയിരുന്ന കാലത്ത് അവളെന്റെ ഖൽബിൽ തുന്നി ചേർത്ത് തന്ന കുറെ നല്ല ഓർമ്മകളുണ്ട്‌ .

‘ അവളെ പിരിഞ്ഞ് സൗദിയിലേക്ക് പോന്നപ്പോൾ ഞങ്ങളുടെ മുഹബ്ബത്ത് പൂത്തക്കാലത്ത് ഞാനുമവളും ഒറ്റക്ക് കണ്ട കിനാക്കളും, മോഹങ്ങളും, മിണ്ടിയതും, കണ്ടതും, കരഞ്ഞതും, എഴുതിയതുമെല്ലാം ആരും കാണാതെ , ആരോടും പറയാതെ ബഹറും, മരുഭൂമിയും താണ്ടി വരുമായിരുന്നു എന്റെയടുത്തേക്ക് ..
ജന്നാത്തുൽ ഫിർദൗസിന്റെ മണമുള്ള എന്റെ റൈഹാന തന്ന കുറെ നല്ല ഓർമ്മകൾ. ആ ഓർമ്മകൾ ഇന്ന് വിലക്കപ്പെട്ടതാണെങ്കിലും വീണ്ടുമെടുത്ത് നോക്കാതിരിക്കാൻ എനിക്ക്‌ കഴിയില്ലായിരുന്നു ‘…

നഷ്ടപ്പെട്ടതിൽ നല്ല ഓർമ്മകളുണ്ടെങ്കിൽ അത് പെറുക്കിയെടുത്ത് ജീവിക്കാൻ വിധിക്കപ്പെട്ടവരിൽ ഈ ഞാനുമുണ്ടായിരിക്കണം. അല്ലാതെ എങ്ങനെയാ എനിക്കിങ്ങനെ ഒരവസ്ഥ വന്നത്.