ഇവിടെയെത്തും വരെ ആ ചിരി ഞാൻ കേട്ടതാണല്ലോ!.. നിധിയേട്ടനെവിടെ?? സ്വത്തുവിന് തല ചുറ്റും പോലെ തോന്നി…
***********
ചേച്ചിയേ.. ഇവിടെ ആരുമില്ലേ?
ആരായിത്? വേലായുധനോ?
ചേച്ചി, സേതുവേട്ടനില്ലേ?
വേലായുധന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ജയന്തി തെല്ലൊന്നു അന്ധാളിച്ചു…
എന്താ വേലായുധാ… എന്തുപറ്റി?
ചേച്ചി, പേടിക്കാനൊന്നുമില്ല… സ്വത്തു ആ പാടത്തു ബോധം ഇല്ലാതെ വീണു കിടക്കുവായിരുന്നു…. തെന്നി വീണതാണെന്നാണ് തോന്നുന്നത്… കാല് കുറച്ചു പൊട്ടിയിട്ടുണ്ടായിരുന്നു….
അവിടെ നിറയെ പടർപ്പു ആയതുകൊണ്ട് ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല.. ഞാൻ കള്ളെടുക്കാൻ തെങ്ങിൽ കയറിയപ്പോൾ യൂണിഫോമിന്റെ കളർ കണ്ടാണ് ശ്രദ്ധിച്ചത്….
അയ്യോ എന്നിട്ടെന്റെ മോളെവിടെ?… ജയന്തി തളർന്നു നിലത്തേക്കിരുന്നു….
ഇലഞ്ഞിപ്പറമ്പിലെ ഭാസ്കരേട്ടന്റെ മോനെ അറിയില്ലേ.. ശ്രീനാഥ്! ആ പയ്യനും അവന്റെ രണ്ടു കൂട്ടുകാരും ചേർന്നാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയിരിക്കുന്നത്…
ചേച്ചി സേതുവേട്ടനെ വിവരം അറിയിക്കൂ.. വേലായുധൻ തിരിഞ്ഞു നടന്നു…
രണ്ടടി നടന്നു തിരിഞ്ഞു നിന്നു ചോദിച്ചു…
അല്ല ചേച്ചി, ഈ സ്വത്തുകൊച്ചു എന്തിനാ പാടം വഴി സ്കൂളിൽ പോകുന്നത്? നല്ലൊരു റോഡുള്ളപ്പോൾ… ഇത്തിരി അധികം നടക്കണമെന്നല്ലേയുള്ളു… ആരും കൂടെയില്ലാത്ത ആ വഴി തനിച്ചു പോകാൻ അനുവദിക്കരുത് ചേച്ചി.. നിറയെ പാമ്പുകൾ ഉണ്ട് അവിടെയൊക്കെ … മഴ പെയ്താൽ നടവഴി പോലും തെന്നും…. വേലായുധൻ ഗേറ്റ് കടന്നുപോയി….
ജയന്തി കരഞ്ഞു കൊണ്ടാണ് സേതുവിനെ വിളിച്ചത്…
“പേടിക്കണ്ട ജയന്തി ഞാൻ ഹോസ്പിറ്റലിലുണ്ട് അവൾക്കൊന്നുമില്ല.. കാലിലെ മുറിവ് ഒന്ന് ഡ്രസ്സ് ചെയ്തിട്ട് ഞങ്ങളിപ്പോൾ എത്തും”…
അന്ന് വൈകിട്ട് ദിയയെ സ്വത്തുവിന് അടുത്തിരുത്തി, “ ഞങ്ങൾ വരും വരെ നീ ഇവിടെത്തന്നെ കാണണം… കളിക്കാനൊന്നും പോകരുത്” എന്ന് പറയുമ്പോൾ ദിയയും സ്വത്തുവും തമ്മിലുള്ള ആത്മബന്ധമായിരുന്നു ജയന്തിക്ക് ആശ്വാസം.
വേഗം വാ ശ്യാമേ..(ദിയയുടെ അമ്മയായിരുന്നു ശ്യാമ…)
സേതുവേട്ടന് ഇതിലൊന്നും ഒരു വിശ്വാസവുമില്ല. പക്ഷെ എനിക്കങ്ങനെ വിടാനൊക്കില്ല… കുറച്ചു ദിവസമായി സ്വത്തുവിന് എന്തോ മാറ്റമുണ്ട് ശ്യാമേ..
ഏതുനേരവും ഓരോ ചിന്തയാണ്… ഉറക്കത്തിൽ ഗന്ധർവ്വൻ എന്നൊക്കെ പറയുന്നത് കേട്ടു…
ഇന്നലെ രാവിലെ ഉറക്കമുണരുമ്പോൾ കാലിൽ പച്ചമണ്ണ് പറ്റിച്ചേർന്നിരുന്നു… അവൾ പുറത്തു പോയിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു… പേടിപ്പിക്കണ്ടാന്നു കരുതി ഞാൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു…. പക്ഷെ ആ നേരം മുതൽ നെഞ്ചിലൊരാധിയാണ്…
ജയന്തി പേഴ്സിലെടുത്തു വച്ച സ്വത്തുവിന്റെ ജാതകം, ഒന്നുകൂടി ഉണ്ടോന്നു ഉറപ്പു വരുത്തി വേഗത്തിൽ നടന്നു….
രാധാകൃഷ്ണൻ തന്ത്രികൾ, വൃന്ദാവനം എന്നെഴുതി വച്ച വലിയ വീടിനു മുന്നിൽ എത്തുമ്പോഴും, ജയന്തിയുടെ മനസ്സ് മുഴുവൻ സ്വത്തുവിൽത്തന്നെ ആയിരുന്നു…
വരാന്തയിലിട്ട ബെഞ്ചിൽ ഊഴം കാത്തിരിക്കുമ്പോൾ, ഒരു പയ്യൻ രണ്ടു ഗ്ലാസിൽ ചായയുമായി വന്നു… ജയന്തിയും ശ്യാമയും ചായ എടുത്തെങ്കിലും, രണ്ടുപേർക്കും അത് കുടിക്കാനുള്ള മനസ്സ് തോന്നിയില്ല…
ചുമന്ന പരവതാനി വിരിച്ച മുറിയിൽ, ഒരറ്റത്തു നിരത്തിവെച്ച കവടികൾക്കു മുന്നിൽ, തീക്ഷ്ണമായ കണ്ണുകളോടെ, ആജാനുബാഹുവായ തന്ത്രിയുടെ മുന്നിലെത്തിയതും, ജയന്തിക്ക് എന്ത്പറഞ്ഞു തുടങ്ങണമെന്നറിയില്ലായിരുന്നു…
“ ഇരിക്കൂ.. നിങ്ങളുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.”
പഴ്സിൽ നിന്നും എടുത്തു നീട്ടിയ സ്വത്തുവിന്റെ ജാതകം വാങ്ങാതെ, തന്ത്രികൾ പറഞ്ഞു തുടങ്ങി …
സ്വാതി, തിരുവാതിര നക്ഷത്രം ….
ഈ നക്ഷത്രക്കാരിയെ കുറിച്ച് നിങ്ങൾ പറയാതെ തന്നെ എല്ലാം എനിക്കറിയാം …
എന്റെ നിയോഗമാണ് ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെ അറിയിക്കേണ്ടത്.. എന്നെ തേടി വരുമ്പോൾ മാത്രമേ എനിക്കത് പറയാൻ അവകാശമുള്ളൂ…
കഴുത്തിലണിഞ്ഞ രുദ്രാക്ഷമാലയിൽ പിടി മുറുക്കി കൊണ്ട് അയാൾ പറഞ്ഞു… ഏകദേശം തൊണ്ണൂറു വർഷങ്ങൾക്കു മുൻപ് …
ചന്ദ്രമംഗലം തറവാട്ടിൽ, ഏവരുടെയും കണ്മണിയായി തറവാടിന്റെ ഐശ്വര്യമായി, പവിത്ര എന്നൊരു പെൺകൊടി ജീവിച്ചിരുന്നു…
പേര് പോലെ തന്നെ പവിത്രമായവൾ…
അവൾ വിളക്ക് തെളിയിച്ചാൽ മാത്രമേ കാവിലെ ദേവതകൾ സ്വീകരിക്കൂ…. തറവാട്ടു ക്ഷേത്രത്തിൽ അവൾ കെട്ടിയ മാലയെ പൂജയ്ക്കു എടുക്കൂ…