പ്രവാസി വാങ്ങിയ നായ

സ്വദേശിവൽക്കരണം കാരണം കഞ്ഞികുടിമുട്ടിപ്പോയ ഞാനെന്ന പ്രവാസി വീട്ടിൽ വന്നു.

എന്റെ വീട്ടിലാണെങ്കിൽ ശവമടക്ക് കഴിഞ്ഞ് ആളുകൾ പിരിഞ്ഞ വീട്ടിലേ പ്രതീതി…..

ഏതോ ഒരു സൗദിപ്പെണ്ണിനേ കയറിപ്പിടിച്ചതിന് മൂന്നാല് വർഷത്തേ
ജയിൽശിക്ഷ അനുഭവിച്ച് വന്നവനോട് പെരുമാറുന്ന പോലെയുള്ള പെരുമാറ്റം.

ലീവിന് വരുമ്പോൾ വൈകിട്ടത്തേക്ക് എന്താ ഏട്ടാ ചപ്പാത്തി മതിയോ അതോ പുഴുക്കുണ്ടാക്കണോ എന്നും ചോദിച്ച് പിറകേ നടക്കുന്ന പെമ്പറന്നോത്തി താടിക്ക് കയ്യും കൊടുത്തിരിക്കുന്നു.

അവളുടെ അരികിലെത്തിയപ്പോൾ
“നഷ്ടസ്വപ്നങ്ങളേ…. നിങ്ങളെനിക്കൊരു…. ദുഃഖസിംഹാസനം തന്നു….. ”
എന്നുള്ള ആ പാട്ടിന്റെ ഈരടികൾ അവളുടെ ചുണ്ടുകളിലൂടെ കടന്നു പോയോന്നൊരു സംശയം.

തിണ്ണയ്ക്കേക്കിറങ്ങിയപ്പോൾ മകൻ മുറ്റത്ത് നിന്ന് ഞാൻ വാങ്ങിയ അവന്റെ പഴയ ബൈക്ക് കഴുകി മിനുക്കുന്നു.

അവന്റെ ചുണ്ടുകൾ അത്യാവശ്യം ഉച്ചത്തിൽ….
“എന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങളായിരുന്നു ” എന്ന പാട്ട് മൂളി വിടുന്നുണ്ട്…..

റോയൽ എൻഫീൽഡിന്റെ പുതിയ മോഡലിന്റ പടം അവനെനിക്ക് വാട്ട്സാപ്പിൽ ഇട്ടുതന്നത് കഴിഞ്ഞ മാസമായിരുന്നു അതാണ് അവൻ അങ്ങനെ ഒരു പാട്ട് പാടാൻ കാരണം.

തിണ്ണയിൽനിന്നും തിരികെ കയറി മകളുടെ മുറിയിലേയ്ക്ക് നടന്നു.
കട്ടിലിൽ കമഴ്ന്ന് കിടന്നവൾ പത്താം ക്ലാസ് ജയിച്ചപ്പോൾ ഞാൻ വാങ്ങിക്കൊടുത്ത ലാപ്പ്ടോപ്പിൽ സിനിമാ കാണുകയാണ്.

മോളേന്നുള്ള എന്റെ വിളിയിൽ മുഖത്തേയ്ക്ക് പോലും നോക്കാതെയവൾ ” ആ…. അച്ഛാ…. ”
ന്നൊരു വാക്ക് മാത്രം.

പ്ലസ്ടൂവിന്റെ പരീക്ഷയ്ക്ക് എല്ലാത്തിനും എ പ്ലസ് വാങ്ങിയാൽ അവളുടെ വെള്ളിപ്പാദസ്വരം മാറ്റി ഓരോ പവന്റെ രണ്ട് പാദസ്വരം വാങ്ങിത്തരാമെന്ന് ഞാനവൾക്ക് വാക്ക് കൊടുത്തിരുന്നു.

അവളുടെ വാക്ക് അവൾ പാലിച്ചു പക്ഷേ എന്റെ വാക്കും പഴയ ചാക്കും ഇനി ഒരു പോലെയാണെന്നവൾ കരുതിയിട്ടുണ്ടാവും.

ഞാൻ മുറി വിട്ടിറങ്ങാൻ തുടങ്ങവേ അവളവളുടെ കാലുകളുയർത്തി പാദങ്ങൾ തമ്മിൽ കൂട്ടിയിടിപ്പിച്ച് ആ പഴയ പാദസ്വരത്തിന്റെ കിലുക്കം എന്നേ കേൾപ്പിച്ചു.

“ആന കൊടുത്താലും കിളിയേ…. ആശ കൊടുക്കാമോ…..”
അവൾ കണ്ടുകൊണ്ടിരുന്ന സിനിമയിലെ പാട്ട് ആ സമയം തന്നെ വരുകയും ചെയ്തു.

എനിക്ക് കേൾക്കാനായി അവളതിന്റെ ശബ്ദം ഇത്തിരി ഉച്ചത്തിലാക്കിയോനൊരു സംശയം…
സംശയമല്ല….. ഉച്ചത്തിലാക്കി…

ചെല്ലുമ്പോളേ “ഒന്നും കൊണ്ടുവന്നില്ലിയോടാ ഉവ്വേ…. ” എന്നും ചോദിച്ച് അടുത്തെത്താറുള്ള അച്ഛനേ കണ്ടില്ലല്ലോ എന്ന് മനസ്സിൽ പറഞ്ഞ് തെക്കേമുറ്റത്തേയ്ക്കിറങ്ങി ഞാൻ.

പകുതിയെരിഞ്ഞ ഒരു ബീഡി ചുണ്ടിൽ തിരുകി ശരീരത്ത് എണ്ണ തേച്ച് പിടിപ്പിക്കുകയാണ് അച്ഛൻ.

“എന്താടാ ഉവ്വേ….. അവിടെ പണിയൊന്നും ഇല്ലാഞ്ഞിട്ടാണോ നീയായിട്ട് വേണ്ടാന്ന് വച്ചതാണോ.?”

ചുമച്ചു കൊണ്ട് അച്ഛനിത്രയും ചോദിച്ചപ്പോൾ ബീഡിയിലെ ചാരം പറന്ന് അച്ഛന്റെ മടിയിൽ വീണിരുന്നു.

അപ്പച്ചിയുടെ മകന്റെ പാസ്പോർട്ട് കോപ്പിയും ബയോഡാറ്റയും അവനേക്കൊണ്ട് നിർബദ്ധിച്ച് അയപ്പിച്ചത് അച്ഛനായിരുന്നു.

അവനവിടെ നല്ല ജോലിയാടീ…. അവൻ നേവിച്ചാൽ ഇവനൊരു പണിതരപ്പെടുത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലാ എന്ന് പറഞ്ഞപ്പോൾ അച്ഛനൊരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും പെട്ടന്ന് ഞാനിങ്ങെത്തുമെന്ന്.

ഞാൻ ചെന്നാലുടൻ മുറ്റത്തൊരടുപ്പ് കൂട്ടി കഴിഞ്ഞയാണ്ടിൽ പൊഴിഞ്ഞ് വീണ പറിങ്കിയണ്ടികൾ പെറുക്കി വച്ചിരുന്നത് ചുട്ട് തല്ലിത്തരാറുള്ള അമ്മയേ കണ്ടില്ലല്ലോ എന്നോർത്ത് ഞാൻ ചുറ്റുമൊന്ന് നോക്കി.

അതാ.. തൊഴുത്തിന്റെ അരഭിത്തിക്ക് മുകളിൽ അമ്മയുടെ തല കാണാം. ഞാൻ തൊഴുത്തിലേക്ക് നടന്നു.

ഓലത്തുഞ്ചാണിയിൽ നിന്നും ഈർക്കിൽ ശേഖരിച്ച് ചൂലുണ്ടാക്കുന്ന തിരക്കിലാണ് അമ്മ.

“അടുത്ത മാസമാണ് ലച്ചൂന്റെ കല്യാണം (എന്റെ പെങ്ങളുടെ മകൾ )
എങ്ങനെയാണെന്ന് എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല ഒരു അഞ്ച് പവനെങ്കിലും അണ്ണൻ തരുമെന്നാ അവൾ എല്ലാരോടും പറഞ്ഞേക്കുന്നത്….”

നിശ്ചയം കഴിഞ്ഞപ്പോൾത്തന്നെ എന്റെ വക ഒരു അരപ്പവൻ പൊന്ന് തരാം എന്ന് അമ്മ പെങ്ങളോട് പറയുമ്പോൾ വൈദ്യരേ കാണാനെന്നും പറഞ്ഞ് എന്നോട് മാസാമാസം വാങ്ങുന്ന ആയിരം രൂപയായിരുന്നു അമ്മയുടെ മനസ്സിൽ.

അതിനായി പട്ടിക്കലെ വിജയന്റെ കയ്യിൽ ആയിരം രൂപയുടെ ഒരു അത്തച്ചിട്ടിയും തുടങ്ങിയിരുന്നു അമ്മ അത് തീരാൻ ഇനി നാല് മാസം ബാക്കി.

നാമം ജപിക്കുമ്പോൾ എന്റെ കുഞ്ഞിനൊരാപത്തും വരുത്തല്ലേന്ന് എന്നും ഈശ്വരനോട് പ്രാർത്ഥിക്കുന്ന 105 വയസ്സുള്ള ഒരു മുത്തശ്ശിയുണ്ടെനിക്ക്.

മുത്തശ്ശി കിടക്കണ മുറിയിലേയ്ക്കൊന്നു കയറി ഞാൻ.
കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നിട്ട് മക്കളെപ്പം വന്നു എന്നൊരു ചോദ്യം.

എന്റെ പണി പോയമ്മൂമ്മേ… ഞാനിഞ്ഞു പോന്നേതൂന്നു പറഞ്ഞപ്പം
” പോയെങ്കിപ്പോട്ട് മക്കളിവിടെ നില്ല് ഇനിയെങ്ങും പോകേണ്ടാ ”

ദൈവമേ…. ആശ്വാസമായി ഒരു സമാധാന വാക്ക് കേട്ടല്ലോ….

“ആ….. എണ്ണേം കൊഴമ്പുമൊക്കെ മുടങ്ങാതെ അവള് മേടിച്ച് തരുവാരുന്നു
(എന്റെ ഭാര്യ)
ഇനിയിപ്പം എവിടുന്നാന്നോ….. “

ആശ്വസിപ്പിച്ചത് വെറുതെയായിപ്പോയല്ലോന്ന് തോന്നിപ്പിച്ച വാക്കുകൾ….

കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരി കയ്യും മുഞ്ഞീം കഴുകി മോൻ ഒരുക്കി വച്ചിരുന്ന ആ വണ്ടിയുമെടുത്ത് വെളിയിലേയ്ക്കൊന്നിറങ്ങി ഞാൻ.

മുക്കിന് വെളുത്ത കുഞ്ഞിന്റെ മാടക്കടയ്ക്ക് മുന്നിൽ ചെന്നപ്പോൾ കാലുകൾ ബ്രെയ്ക്കിനേ തൊഴിച്ചു.

കൂട്ടുകാരിൽ പലരും വെടി പറഞ്ഞിരിപ്പുണ്ട് ഞങ്ങളുടെ ആ താവളത്തിൽ.

എപ്പോ… വന്നെടാ…? ഇനിയെന്ന് പോണമെടാന്നുമുള്ള ചോദ്യത്തിന് നിർത്തി വന്നതാടാ ഉവ്വേ…. ഇനി പോന്നില്ല എന്ന എന്റെ മറുപിടിയിൽ അവർക്ക് ലോട്ടറിയടിച്ച സന്തോഷമായിരുന്നു.

“എന്തിനാ… ഇനി പോന്നത് ആവശ്യത്തിലും അധികമായിക്കാണുമല്ലോ പത്തിരുപത്
കൊല്ലമായി അറബിപ്പൊന്ന് വാരുവല്ലിയോ….?”

അധികം കേൽക്കാൻ കെൽപ്പില്ലാത്തതിനാൽ വണ്ടി എടുത്ത് സിറ്റിയിലേയ്ക്ക് വിട്ടു.

ബാങ്കിൽ കയറി മാനേജരേ ഒന്ന് കാണണം വീട് വയ്ക്കാൻ എടുത്ത ലോണിന്റെ നാല് അടവ് കുടിശ്ശികയായി. ഇത്തിരി സാവകാശം തരണമെന്ന് ഒന്നു പറയാമെന്ന് കരുതി.

പതിവ്പോലെ ക്യാബിനിൽ നിന്ന് വെളിയിൽ വന്ന് കുശലം ചോദിച്ച് ക്യാമ്പിനിലേക്ക് കൂട്ടിക്കൊണ്ട് പോയപ്പോൾ പണിപോയി വന്ന ഒരു പ്രവാസിയാണെന്ന് അയാൾ കരുതിയിരിക്കില്ല.

കാര്യം അവതരിപ്പിച്ചപ്പോൾ കസ്റ്റമർ ധാരാളം വരുന്ന സമയമാ പിന്നെ സംസാരിക്കാമെന്നും പറഞ്ഞ് ക്യാമ്പിന്റെ വാതിൽ തുറന്നു തന്നപ്പോഴാണ് തിരിച്ചു പോകാൻ വിസയുള്ള ഒരു പ്രവാസിയുടെ മഹത്വം ഞാൻ മനസ്സിലാക്കിയത്….

ബാങ്കിൽ നിന്നിറങ്ങുമ്പോൾ കൂട്ടുകാരൻ റോയി മുന്നിൽ ഓടി വന്ന് കൈയ്യിൽ പിടിച്ച് കുശലം ചോദിച്ച് നേരേ കൊണ്ടുപോയത് ബാറിലേക്ക്.

മുന്തിയ രണ്ട് ബിയർ ഓർഡർ ചെയ്തിട്ടവൻ പറഞ്ഞു
” ദേ…. എനിക്കുള്ളത് അവിടെ വച്ചേക്കണം ഞാൻ നാളെ വൈകിട്ട് വന്നെടുത്തോളാം…”

ബിയറിനും ഓർഡറിനും ഇടയിൽ ഞാനവനോട് കാര്യം അവതരിപ്പിച്ചു.
വന്ന ബിയറിൽ ഒന്നവൻ മടക്കിയയച്ചു മറ്റേതവൻ കുടിച്ചു തീർത്ത് എണീക്കുമ്പോൾ എനിക്കുള്ളത്
” എന്നാ…. ശെരീടാ…. പിന്നെ കാണാം ഇത്തിരി തിരക്കുണ്ടേ….” ന്നൊരു വാക്ക് മാത്രം…

ഞാൻ കൊണ്ടുവരുന്ന കുപ്പികളിൽ പകുതിയും അടിച്ചു തീർക്കാറുള്ള അവന്റെ വായിൽ നിന്ന് വീണ ഈ വാക്കുകൾ കേട്ടപ്പോൾ ഞാനെന്റെ കരണത്ത് സ്വയമടിച്ചു.

വരുന്ന വഴി വീട്ടിൽ പലചരക്ക് സാധനങ്ങൾ വാങ്ങാറുളള ശങ്കരേട്ടന്റെ പറ്റ് കടയിൽ ഒന്ന് കയറി.

” എപ്പോ വന്നു മോനേ…? ആരും പറഞ്ഞ് കേട്ടില്ലല്ലോ വരുന്ന കാര്യം..
ഉടനേ അങ്ങ് പോകുമോ… സുഖമാണേ അവിടെ…?”
ചോദ്യങ്ങളുടെ ഒരു നിരയും ഒപ്പമൊരു സോഡാനാരങ്ങയൊഴിച്ച് എനിക്ക് നേരേ….

അത് ശങ്കരേട്ടാ രണ്ട് മാസത്തേ പറ്റ്കാശ് തരാനുണ്ട് തരാം താമസിപ്പിക്കില്ല കേട്ടോ..

“അദാപ്പം നന്നായേ… പറ്റ് കാശ് ആരാ ചോദിച്ചേ അതവിടെ കിടക്കട്ടെ മോനേ അത് ബാങ്കിൽ കിടക്കും പോലെയല്ലേ.”

പണിപോയി തിരിച്ചു വന്നതാണെന്ന് പറഞ്ഞപ്പം ശങ്കരേട്ടന്റെ മട്ടും ഭാവോം മാറി. ” കച്ചോടമൊക്കെകുറവാ…. കടം ഒന്നും അധികം ആർക്കും കൊടുക്കാറില്ല താമസിപ്പിക്കല്ലേ….”

അതും കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ നല്ല ക്ഷീണം ഒന്നു കുളിക്കാമെന്ന് കരുതി വെളിയിലുള്ള കുളിമുറി വാതിൽക്കലെത്തി.

എല്ലാ വരവിനും വെള്ളം ചൂടാക്കി ഒരു പുതിയ തോർത്തും ലുങ്കിയും പെട്ടിക്കാത്ത ഒരു പിയേഴ്സ് സോപ്പുമായി കുളിമുറിവാതിൽക്കൽ കാത്തിരിക്കാറുള്ള ഭാര്യയെ ഇന്നവിടെ കണ്ടില്ല…

ഒട്ടുമിക്ക പ്രവാസികളും നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ പെണ്ണിനേ കൺകുളിർക്കെ ഒന്ന് കാണുന്നതും ആദ്യാവേശം തീർക്കുന്നതും വെളിയിലുള്ള ഈ കുളിമുറിയിലേ കുളിക്കിടയിലാണ്….

പണി പോയി തിരികെ വന്നവന് ഇനി എന്ത് ആവേശം എന്നവളും കരുതിക്കാണും.

ഏതായാലും കിണറ്റുകരച്ചെന്ന് രണ്ട് തൊട്ടി തണുത്ത വെള്ളം കോരി തലവഴിയൊഴിച്ച് അയയിൽ കിടന്ന ആരുടെയേ തോർത്തെടുത്ത് തോർത്തി അകത്ത് കയറുമ്പോൾ എല്ലാവരും കഞ്ഞികുടിക്കുകയാണ്.

വരുന്ന ദിവസം ഞാൻ എത്ര താമസിച്ചാലും ഞാൻ വരുന്നവരെ ഒന്നും കിഴക്കാതെ എന്നേ കാത്തിരിക്കുന്നവർ ഇന്ന് ടീവിയും കണ്ടിരുന്ന് കഞ്ഞി കുടിക്കുന്നത് കണ്ടപ്പോൾ… ഒരു ചെറിയ ചിരി എന്റെ ചുണ്ടിൽ വിടർന്നു.

അവധിക്ക് വരുമ്പോൾ സ്കോർട്ട്ലന്റിന്റെ സ്കോച്ച് വിസ്ക്കി രണ്ട് പെഗ്ഗടിച്ച് കാച്ചിലും, ചേമ്പും, ചേനയും, കപ്പയും കൂടി പുഴുങ്ങിയത് കരിമീൻ വറുത്തതും കൂട്ടി കഴിച്ച് ഉറങ്ങാറുള്ള ഞാൻ…..

ഇന്നിപ്പോൾ നാല് സ്പൂൺ കഞ്ഞിയും കോരിക്കുടിച്ച് ഒരു പപ്പടവും കടിച്ച് ഉറങ്ങാൻ കിടന്നു.

എല്ലാ പ്രാവശ്യവും ഞാൻ വരുന്ന ദിവസം നൂറ് രൂപായുടെ മുല്ലപ്പൂവ് വാങ്ങി കട്ടിലിൽ വിതറി ഒരു ആദ്യരാത്രി പ്രതീതിയുണ്ടാക്കി എന്നോടൊപ്പം ഉറങ്ങിയിരുന്നവൾ ഇന്ന് ബഡ്ഷീറ്റും തലയിണയുമായി താഴെക്കിടന്നപ്പോൾ ഞാൻ തിരക്കി എന്ത് പറ്റീന്ന്….?

ഓ….. എനിക്ക് പീരിഡാന്നേ….. എന്നുള്ള അവളുടെ വിശദീകരണം കേട്ടപ്പോൾ എല്ലാം പൂർണ്ണമായി….

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാൻ പട്ടിപ്രേമിയായതിനാൽ കഴിഞ്ഞ കൊല്ലം 5000 രൂപാ കൊടുത്ത് വാങ്ങിയ ജെയ്മി എന്ന നായക്കുട്ടിയേ ഓർമ്മ വന്നത്.

എണീറ്റ് മുറ്റത്തേ ലൈറ്റിട്ട് അവളുടെ കൂടിന് മുന്നിലെത്തിയപ്പോൾ അവൾ നല്ല ഉറക്കത്തിലായിരുന്നു.
ജയ്മി…. എന്ന് ഞാൻ വിളിച്ചപ്പോൾ കരണ്ടടിച്ച മാതിരി അവൾ ചാടി എണീറ്റ് എനിക്ക് നേരേ വന്നു.

അഴിയിൽ പിടിച്ചിരുന്ന എന്റെ കൈകൾ മണത്ത അവൾ വാലാട്ടി പതുക്കെ കുരച്ചു….. കൂടുതുറന്നപ്പോൾ അവളെന്റെ തോളിൽ ഇരു കൈകളും ഉയർത്തിവച്ച് സ്നേഹം പ്രകടിപ്പിച്ചു…

കേവലം ഒരു മാസം മാത്രം ഇത്തിരി ആഹാരം കൊടുക്കുകയും നാലഞ്ച് തവണ കുളിപ്പിക്കുകയും ചെയ്തിട്ടുള്ള ആ നായ കാണിച്ച സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണിൽ ഒരു നനവ് പടർന്നു.

ഞാനിനി തിരികെ പോകുന്നില്ലെന്ന് അവളോടും പറഞ്ഞു…. ഇനി അതറിയാതെയാണോ അവളീ സ്നേഹം കാണിക്കുന്നത് എന്നറിയണമെല്ലോ…

അവളുടെ ആ കൈകൾ എന്റെ തോളിലെ പിടിമുറുക്കി എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി അടുത്തു.
ഒരു പ്രത്യേകരീതിയിൽ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്….

എന്റെ സമ്പാദ്യത്തിൽ പാഴായിപ്പോകാഞ്ഞത് ജെയ്മി എന്ന ഈ നായ മാത്രമാണല്ലോ എന്ന് മനസ്സിൽ പറഞ്ഞ് അവളുടെ കൂടുമടച്ച് ഞാൻ സിറ്റൗട്ടിലെ സോപാനത്തിൽ മലർന്നു കിടന്നു…..