പ്ലസ്ടുക്കാരി

എഴുന്നേൽക്കടി അസത്തെ, സമയം എത്രയായെന്നും പറഞ്ഞാണ്
അത് പറഞ്ഞു അമ്മ അവളുടെ തുടയിൽ തവിക്കണ വെച്ച് തല്ലി. തല്ലുകൊണ്ടവൾ ചാടി എഴുന്നേറ്റു.
അമ്മ കലി തുള്ളി നിൽപ്പാണ്.

അമ്മക്കൊന്നു വിളിച്ചൂടായോ എന്നെ? അടികിട്ടിയ വേദനയിൽ അവളുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു.

എത്ര തവണ വിളിക്കണം?
ഫോൺ അടുത്ത് കടന്നല്ലേ നിലവിളിക്കുന്നത്? ഓഹ് അതെങ്ങനെയാ അതിൽ തോണ്ടി തോണ്ടി നേരം വെളുക്കുമ്പോഴല്ലേ കിടക്കുന്നത്?

അമ്മയുടെ ശബ്ദത്തിന്റെ ഗാംഭീര്യം കൂടി.

ഇല്ലമ്മേ ഇന്നലെ ഞാൻ പഠിച്ചിട്ടു കിടന്നപ്പോൾ ഒരുപാട് ലേറ്റ് ആയി. അതാ ഉറങ്ങിപ്പോയത്.

ഓഹ് വല്യ പടുത്തക്കാരി. നിന്റെ പടുത്തതിന്റെയൊക്കെ ആണല്ലോ കഴിഞ്ഞു ക്രിസ്മസ് പരീക്ഷക്ക്‌ കണ്ടത്?
കണക്കിന് 80 ൽ 60
ഫിസിക്സ്‌ 60ൽ 38
എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട.
അതെങ്ങനാ പഠിക്കണം എന്ന് ചിന്തയുള്ള കുട്ടികൾ രാവിലെ എഴുന്നേറ്റിരുന്നു പഠിക്കും. പറ്റുമെങ്കിൽ അമ്മയെ സഹായിക്കും.

ഇങ്ങനൊക്കെ പഠിച്ചാൽ പ്ലസ്ടു കഴിഞ്ഞു എവിടെ അഡ്മിഷൻ കിട്ടുമെന്ന എന്റെ മോളു കരുതിയെക്കുന്നത്?

അച്ഛൻ ഇന്ന് വിളിക്കട്ടെ നിന്റെ ഫോണിൽ കളി ഞാൻ പറഞ്ഞുകൊടുക്കുന്നുണ്ട്.
അതെങ്ങനാ?
പഠിക്കേണ്ട പ്രായത്തിൽ അച്ഛൻ മോൾക്ക്‌ തോണ്ടി കളിക്കാൻ ഒരു മൊബൈൽ കൊടുത്തു വിട്ടേക്കുന്നു. ഏതുകണ്ട നേരവും അതിൽ തന്നെ

അല്ലമ്മേ സത്യം ഞാൻ ഇന്നലെ പഠിക്കുകയായിരുന്നു. അവളുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞു തുളുമ്പിയിരുന്നു.

നിന്നു ചിണുങ്ങാതെ പോയി പല്ലുതേച്ചു കുളിച്ചിട്ടു സ്കൂളിൽ പോടീ എന്ന് പറഞ്ഞു വീണ്ടും അമ്മ അവളുടെ കൈത്തണ്ടയിൽ ഒന്നൂടെ കൊടുത്തു.
വിഷമങ്ങൾ ഉള്ളിലൊതുക്കിയവൾ കരഞ്ഞു കൊണ്ട് പ്രഭാത കർമ്മങ്ങൾക്കായി പുറത്തേക്കിറങ്ങി

രേഷ്മേ ദേ ഇത് കഴിച്ചുകൊണ്ട് പോയെ? അമ്മയുടെ ഉച്ചത്തിലുള്ള വിളി അവൾ കേട്ടില്ലെന്നു നടിച്ചു

എനിക്ക് വേണ്ട, ഇന്നെനിക്കു വിശപ്പില്ല എന്ന് പറഞ്ഞവൾ ഉച്ചക്കുള്ള ചോറും മനപ്പൂർവം എടുക്കാതെ സൈക്കിൾ ചവിട്ടി സ്കൂളിലേക്ക് പോയി. അപ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

എന്നും സ്കൂളിൽ പോകാൻ ഇറങ്ങുന്നതിനു മുൻപ് അവൾ അമ്മയെ കെട്ടിപ്പിടിച്ചു കവിളിൽ മാറി മാറി ചുംബിക്കാറുണ്ടായിരുന്നു. ഇന്ന് ഒന്നും മിണ്ടാതെ പോയപ്പോൾ ആ അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

കെമിസ്ട്രി ക്ലാസിലിരുന്ന് ടീച്ചർ പഠിപ്പിക്കുന്നത് വിശപ്പ് സഹിച്ചിരുന്നു കേൾക്കുമ്പോഴാണ് ക്ലാസ്സ്‌ റൂമിനു വെളിയിൽ
ടീച്ചർ രേഷ്മ എന്നുള്ള ശബ്ദം കേട്ടതും ടീച്ചർ അവളെ നോക്കി ഉച്ചത്തിൽ രേഷ്മ എന്ന് വിളിച്ചതും. ബെഞ്ചിൽ നിന്നുo എഴുന്നേറ്റു അവിടേക്കു ചെല്ലുമ്പോൾ ഉച്ചക്കുണ്ണാനുള്ള ചോറ് പാത്രം അവളുടെ നേരെ നീട്ടി ഒന്നും മിണ്ടാതെ സാരിത്തലപ്പുകൊണ്ട് തലമറച്ചു പൊള്ളുന്ന വെയിലിൽ പടികളിറങ്ങിപ്പോകുന്ന അമ്മയെ കണ്ടിട്ടും അവളുടെ മനസ്സിൽ അമ്മയോടുള്ള ദേഷ്യം അടങ്ങിയിരുന്നില്ല.