അമ്മ

ആളികത്തുന്ന ചിതയിലേക്ക് നോക്കി എത്ര നേരം നിന്നു എന്നറിയില്ല. കത്തിയമരുന്നത് തന്റെ അമ്മയാണ്.. എന്നും വേദനകൾ മാത്രം നൽകിയിട്ടും തന്നെ വെറുക്കാതെ ചേർത്ത് പിടിച്ചിരുന്ന അമ്മ. ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ട് സ്നേഹത്തിന്റെ ഒരു തരി പോലും നൽകിയിട്ടില്ല ഇതുവരെ….
മരണനേരത്തു ഒരു തുള്ളി വെള്ളം പോലും……

ധാരയായ് ഒഴുകുന്ന കണ്ണുനീര് തുടച്ചു അവൻ വീട്ടിലേക്കു നടന്നു.

സന്ധ്യാനേരത്തു തെളിഞ്ഞിരുന്ന ആ നിലവിളക്കു കത്തുന്നില്ല…. കാരണം വീടിനായി എറിഞ്ഞുകത്തിയ കെടാവിളക്ക് കുറച്ചു മുന്നേ മാഞ്ഞുപോയിരിക്കുന്നു…

ഉമ്മറപ്പടിയിൽ എത്തുമ്പോൾ കാലുകൾ ഒന്ന് വിറച്ചു…
എന്നും തന്നെയും കാത്തു നിൽക്കുന്ന അമ്മയുടെ മുഖം……….
ഇത്രയൊക്കെ വഴക്കിട്ടാലും താൻ ഒന്ന് വൈകിയാൽ അക്ഷമയോടെ ഉമ്മറത്ത് കാത്തിരിപ്പുണ്ടാകും അമ്മ…
പുഞ്ചിരിയിലും ഒളിപ്പിച്ചുവെച്ച ചെറിയ ദേഷ്യവുമായി…

വീടിനകത്തേക്ക് ചെല്ലുംതോറും അമ്മയുടെ ഗന്ധം മാത്രം തനിക്കു ചുറ്റും പടരുന്നതായി തോന്നി..
നിലക്കാതെ ഓടുന്ന ഘടികാരം ആയിരുന്നു എന്നും ആ വീട്ടിൽ അമ്മ… !

ഇന്ന് എല്ലാം നിശ്ചലമായിരിക്കുന്നു…

എന്നും പാത്രത്തിന്റെ ചിലമ്പലും അമ്മയുടെ വാ തോരാതെ ഉള്ള പിറുപിറുക്കലും കൊണ്ട് ശബ്ദമുഖരിതമായിരുന്ന അടുക്കള ഇന്ന് നിശ്ചലമായിരിക്കുന്നു..
കഞ്ഞി കലത്തിൽ പ്രാണികൾ പാറുന്ന പഴകഞ്ഞിയിലേക്കൊന്നു നോക്കിയപ്പോൾ
മനസ്സ് പിറകിലൊട്ടൊന്നു ഓടിയിരുന്നു..

” ചൂടോടെ വെച്ചു തന്നിരുന്ന കഞ്ഞിയിൽ തടഞ്ഞ ഒരു കല്ലിന്റെ പേരിൽ എത്രയോ തവണ എടുത്തെറിഞ്ഞിട്ടുണ്ട് ആ കഞ്ഞിപാത്രം….
അറ്റുവീണ ഒരു മുടിയിഴ കണ്ടു പ്രാകിയിട്ടുണ്ട് താൻ അമ്മയെ പല വട്ടം…

FacebookTwitterWhatsAppFacebook MessengerShare
അന്നൊന്നും ചിന്തിച്ചില്ല അഴിഞ്ഞുവീണ മുടിപോലും കെട്ടാൻ നിൽക്കാതെ തന്നെ ഊട്ടുവാൻ അടുക്കളയിൽ എരിയുകയായിരുന്നു അമ്മ എന്ന്…

പുറത്ത് കുമിഞ്ഞു കൂടിയ എച്ചിൽ പാത്രങ്ങളിൽ പാറുന്ന ഈച്ചകളും.. നിരനിരയായി പോകുന്ന ഉറുമ്പുകൾ…

അമ്മ ഉണ്ടായിരുന്നെങ്കിൽ……….

ചുളി വീണ ഷർട്ടുകൾ ദേഷ്യത്തോടെ ആ മുഖത്തേക്കെറിയുമ്പോൾ,
ചായയിൽ ഒരു ഉറുമ്പ് വീണതിന് ഗ്ലാസ്സുകൾ എറിഞ്ഞുടക്കുമ്പോൾ,
അമ്മ പറയുമായിരുന്നു
” ഞാൻ ഇല്ലാണ്ടായാലെ നീയൊക്കെ പഠിക്കൂ.. ”

അതെ,

അന്ന് അമ്മ പറഞ്ഞ വാക്കുകളിലെ സത്യം ഇന്നാണ് മനസ്സിലാകുന്നത്..

ആദ്യമായി അടുക്കളയിൽ കേറി വെച്ച ചായയിൽ പൊടി കൂടി ചവർപ്പ് അനുഭവപ്പെട്ടപ്പോൾ ഓർത്തത്‌ അമ്മയെ ആയിരുന്നു…

“ഇതിപ്പോ അമ്മയാണ് ഉണ്ടാക്കിയിരുന്നതെങ്കിൽ”…..

അരിച്ചെടുക്കാതെ വെറുതെ കഴുകിയിട്ടു വേവിച്ച കഞ്ഞിയിൽ കല്ലുകൾ കൂട്ടമായി താളം പിടിച്ചപ്പോൾ ഓർമയിൽ അമ്മയുടെ മുഖം ആയിരുന്നു.. ..

“ഈ കഞ്ഞി ഇപ്പൊ അമ്മയാണ് ഉണ്ടാക്കിയിരുന്നതെങ്കിൽ.”..

പുറത്തു കുമിഞ്ഞുകൂടിയ തുണികൾ അലക്കുവാനായി പെറുക്കി കൂട്ടി
പുറത്തെ അലക്കുകല്ലിൽ കഴുകിയെടുക്കുമ്പോൾ,
ഇടുപ്പിൽ ചുറ്റിപ്പിടിച്ച വേദനയിൽ ഒന്നു നിവർന്നു നിൽകുമ്പോൾ മനസ്സിൽ ഓടി വന്നത് അമ്മയായിരുന്നു..

കുറച്ചു നേരം ഇങ്ങനെ നിന്നപ്പോൾ താൻ ഇത്രഏറെ വേദനിച്ചെങ്കിൽ അമ്മ എത്രമാത്രം വേദനിച്ചിട്ടായിരിക്കും അതെല്ലാം മറന്ന് ആരെയും ഒന്നും അറിയിക്കാതെ തുണികൾ അലക്കി ഉണക്കി രാവിലെ അയേൺ ചെയ്തു തന്നിരുന്നത്. .
അതിൽ വീണ ഒരു ചെറിയ ചുളിവിന്റെ പേരിലും ചെറിയ കറപാടിന്റെ പേരിലും അമ്മയോട് വഴക്കിട്ടു എത്ര വട്ടം ആ തുണി വലിച്ചെറിഞ്ഞിട്ടുണ്ട്….

അതെ തുണി വീണ്ടും അലക്കി വെളുപ്പിച്ചു തന്നിരുന്ന അമ്മയെ ആണ് താൻ ഇത്ര നാളും കുത്തിനോവിച്ചതു്…….

ഓർക്കുമ്പോൾ അവന്റെ മനസ്സ് നീറിപ്പുകയുകയായിരുന്നു..

ഒരിറ്റു സ്നേഹം പോലും കൊടുക്കാതെ താൻ അമ്മയെ…..

അവൻ പൊട്ടിക്കരയുകയായിരുന്നു ചെയ്ത തെറ്റുകൾ ഓർത്തുകൊണ്ട്…

അമ്മ എന്ന പുണ്യത്തെ വേദനിപ്പിച്ചതോർത്തു….

അതെ,

അമ്മ എന്ന കെടാവിളക്ക് പ്രകാശം പരത്തി നിൽക്കുമ്പോൾ സ്നേഹിക്കാൻ മറക്കാതിരിക്കുക. ഇല്ലാതാകുമ്പോളെ അറിയൂ ആ പ്രകാശത്തിൽ ആയിരുന്നു നാം ശരിക്കും ജീവിച്ചിരുന്നത് എന്ന്……