ഏട്ടനെന്ന വിടവ്

ആദ്യ ഭാര്യയുടെ മരണത്തിനു ശേഷമാണ് അമ്മയെ “അയാൾ ” (അച്ഛനാണേലും അങ്ങനെ പറയാനാണ് എനിക്കും ഇഷ്ടം) വിവാഹം കഴിക്കുന്നത്.

ആദ്യ ഭാര്യ തൂങ്ങി മരിച്ചതാണ് മാനസീകരോഗം (യക്ഷിയെ കണ്ട് ഭയന്നതാണ് എന്ന് അച്ഛനും നാട്ടുകാരും പറയുമായിരുന്നു) ആയിരുന്നു. അതും പറഞ്ഞാണ് അമ്മയെ വിവാഹം കഴിച്ചത്.
ഒരിക്കലും ഒരു നല്ല ബന്ധം അല്ലന്നറിഞ്ഞിട്ടും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കല്ല്യാണം കഴിച്ചത്. കാരണം.. അമ്മക്ക് താഴെ രണ്ടനിയത്തിമാർ കൂടി ഉണ്ട്.

ഒരിക്കൽ പോലും ചിരിക്കുന്ന മുഖവുമായി അമ്മായ ഞാൻ കണ്ടിട്ടില്ല. എങ്ങിനെ ചിരിക്കും മദ്യത്തിന്റെ മണമില്ലാതെ അച്ഛൻ ഒരിക്കലും വീടെത്തിയിട്ടില്ല.

പല വീടുക്കളിലും ജോലിക്കു പോയാണ് അമ്മ ഞങ്ങളെ നോക്കിയിരുന്നത്.
“ഹൊ ഞങ്ങൾ ” എന്നത് പറയാൻ മറന്നു.
എനിക്കൊരു ഏട്ടൻ കൂടി ഉണ്ട്. ആദ്യ ഭാര്യയിലെ ആണെന്നു മാത്രം.എന്നെ വലിയ ഇഷ്ട്ടം ആയിരുന്നു.പോകുന്നിടത്തൊക്കെ കൊണ്ടു പോകും.എന്റെ കുട്ടിക്കാലം ശരിക്കും ആസ്വദിച്ചത് ഏട്ടന്റെ കൂടെ ആയിരുന്നു.

സ്കൂൾ അടച്ച രണ്ടു മാസം തെണ്ടി തിരിഞ്ഞ് നടക്കാത്ത സ്ഥലങ്ങളില്ല.
പുഴയിലെ മീൻ പിടിത്തവും. കണ്ട മാവിലും പ്ലാവിലും വലിഞ്ഞു കേറി മാങ്ങയും ചക്കയും ഇsലും. പൂരങ്ങളും നേർച്ചയും എന്നു വേണ്ട ചെണ്ട പുറത്ത് കോലു വീഴുന്ന എല്ലാ ഇടത്തും ഏട്ടൻ എന്നെ കൊണ്ടു പോകും…

ഒരു രൂപ കൊടുത്താൽ ഒരു മണിക്കൂർ സൈക്കിൾ വാടകക്ക് കിട്ടും. എന്നോകൂട്ടി വച്ച കശുവണ്ടിവിറ്റ് കിട്ടുന്ന കാശു കൊണ്ട് സൈക്കിൾ വാടകക്കെടുത്ത് എന്നേയും. തണ്ടിൽ ഇരുത്തി ഒരു പറക്കൽ ഉണ്ട്. അതിന്റെ ഒരു ത്രിൽ ജീവിതത്തിൽ പിന്നീട് കിട്ടുന്ന ഒരു യാത്രക്കും വരില്ല. ഇതൊക്കെ വീട്ടിൽ അറിഞ്ഞാൽ കിട്ടുന്ന അടിയുടെ ത്രിൽ വേറേയും.

എന്നും തല്ല് കിട്ടുന്നത് കൊണ്ട് അതൊക്കെ ഒരു ശീലമാണ്. ഒരിക്കൽ സൈക്കിൾ ഒരാളുടെ ദേഹത്ത് തട്ടി. അന്ന് ഏട്ടന് കിട്ടിയ അടിക്ക് കണക്കില്ല. അച്ഛൻ എവിടെ നിന്നോ ഒരു കഷ്ണം കയർ കൊണ്ടു വന്ന് ഏട്ടനു നേരെ നീട്ടി പോയി തൂങ്ങിച്ചത്തൂടെ എന്ന് ചോദിച്ചു..

അച്ഛൻ വീണ്ടും ചാരായ ഷാപ്പിലേക്ക് പോയി
അമ്മ ഞങ്ങൾക്ക് കഞ്ഞി വിളമ്പി എട്ടന്റെ കണ്ണുനീർ പാത്രത്തിലേക്ക് ഇറ്റ് വീഴുന്നത് ഞാൻ കണ്ടു. കരയണ്ട ഏട്ട ഉണ്ണിക്കും സംങ്കടം വരുന്നു എന്നു പറഞ്ഞപ്പോൾ എന്നെ കെട്ടിപിടിച്ച് എട്ടൻ ഇനി ഞാൻ കരയില്ലട്ടോ എന്ന് പറഞ്ഞു.
അച്ഛനുള്ള ചോറ് എടുത്തു വച്ച് അമ്മ ഞങ്ങളുടെ അടുത്ത് വന്ന് കിടന്നു.

നേരം വെളുക്കാൻ തുടങ്ങി അമ്മേ ഏട്ടൻ എവിടെ? അമ്മ പുറത്തേക്കിറങ്ങി ആർത്തു കരയുന്ന അമ്മയുടെ ശബ്ദം ആണ് ഞാൻ കേട്ടത്. ഞാനും പുറത്തിറങ്ങി.
മുറ്റത്തെ കശുമാവിൻ കൊമ്പിൽ തൂങ്ങി നിൽക്കുന്ന ഏട്ടനെ ആണ് കണ്ടത്.

പിറ്റേന്ന് അമ്മ എന്നേയും കൂട്ടി ആ നാടുവിട്ടു അമ്മയുടെ വീട്ടിൻ എത്തി. ഒന്നെനിക്കുറപ്പാണ് അച്ഛൻ കൊടുത്ത കയറിലാണ് ഏട്ടൻ…

പിന്നീടൊരിക്കലും ഞങ്ങൾ ആ നാട്ടിലേക്ക് പോയിട്ടില്ല. എന്നെങ്കിലും പോണം ജൻമം തന്ന ആളല്ലേ ജീവിച്ചിരിപ്പുണ്ടേൽ ഒന്ന് കാണണം. അമ്മ ജീവിച്ചിരുന്ന കാലം മുഴുവൻ അമ്മ അതിനു മാത്രം സമ്മതിച്ചിട്ടില്ല.

ഏട്ടന്റെ ചെറിയ ലോകത്തിന്റെ അപ്പുറം ഒരു ലോകം ഉണ്ടെന്ന് ഏട്ടന് അറിയില്ലായിരുന്നെന്ന്
എനിക്ക് ഇന്ന് തോന്നുന്നു….