പ്രണയ സാഫല്യം

ഇന്ന് ശ്രീയേട്ടന്റെ വിവാഹമാണ്…
പോവണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ മനസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല…

എന്റേട്ടൻ മറ്റൊരു പെണ്ണിന് സ്വന്തമാവുന്ന ആ കാഴ്ച…
അത് ഞാനെങ്ങനെ സഹിക്കും…?
പക്ഷെ പോയെ പറ്റൂ…
അത് നേരിൽ കണ്ടാലേ ശ്രീയേട്ടൻ ഇനി എന്റേതല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ആവു.

അഞ്ചു വർഷത്തെ പ്രണയം…
സ്നേഹിച്ച ദിവസങ്ങളേക്കാൾ ഏറെ വഴക്കിട്ട ദിനങ്ങളാരുന്നു…

ഏട്ടൻ ആരോടേലും സംസാരിച്ചാൽ… ആരെയേലും നോക്കിയാൽ…
ഒന്ന് ചിരിച്ചാൽ….
ഒക്കെ ഞാൻ വഴക്കിടും. പലപ്പോഴും എന്റെ സ്വഭാവം ഏട്ടന് അസഹനീയമായി തീർന്നിട്ടുണ്ടെങ്കിലും ഏട്ടനത് സഹിച്ചു.

അതൊക്കെ ഏട്ടനോടുള്ള എന്റെ സ്നേഹമായിരുന്നില്ലേ…?
ഏട്ടനൊന്നു പിണങ്ങിയാൽ…
ഒന്ന് മിണ്ടാതിരുന്നാൽ…
ശ്വാസം മുട്ടും പോലാരുന്നു… പിന്നെങ്ങനെയാണ് ഈ ഒരു വർഷം ഏട്ടനോട് മിണ്ടാതെ കാണാതെ കടന്നു പോയത്…..?

നിസ്സാര പ്രശ്നങ്ങളുടെ പേരിൽ വഴക്കിട്ടതും അകന്നതും ഒക്കെ ഞാനാണ്. കാണാൻ പല തവണ ശ്രമിച്ച ഏട്ടനെ ഞാൻ മനഃപൂർവം ഒഴിവാക്കി. എല്ലാത്തിനും കാരണം എന്റെ വാശി മാത്രമായിരുന്നു.

എങ്കിലും മനസ്സിൽ ഏട്ടൻ മാത്രമായിരുന്നു. വഹട്സപ്പും ഫേസ്ബുക്കും ഒക്കെ നോക്കണത് പോലും ഏട്ടനെ കാണാൻ മാത്രമായിരുന്നു. എന്നിട്ടും മിണ്ടാൻ മാത്രം എന്റെ വാശി എന്നെ അനുവദിച്ചില്ല.

ഒരാഴ്ച മുൻപാണ് അപ്രതീക്ഷിതമായി അമ്പല പടവുകൾ ഇറങ്ങി വരുന്ന ഏട്ടനെ കണ്ടത്. ഒപ്പം ഒരു പെൺകുട്ടിയും.
ഉള്ളൊന്നു പിടഞ്ഞു…

എന്നെ കണ്ടതും പുഞ്ചിരിച്ചുകൊണ്ട് ഏട്ടൻ അടുത്തേക്ക് വന്നു.

ഏട്ടൻ……
ഇവിടെ…..

ഇത് നീതു.. ഇവൾക്കിവിടെ ഒരു വഴിപാടുണ്ടായിരുന്നു.

നീതു ആരെന്ന അർത്ഥത്തിൽ ഞാൻ ഏട്ടനെ നോക്കി….

മറുപടി പറഞ്ഞത് നീതുവാണ്‌…..

അമ്മു ഞാൻ ശ്രീയുടെ മാമന്റെ മകൾ…. വരുന്ന ഞായറാഴ്ച ഞങ്ങളുടെ വിവാഹമാണ്…..
ശ്രീ പറഞ്ഞു എനിക്ക് നിന്നെ നന്നായി അറിയാം…. . വിവാഹത്തിന് വരണം.

ഒന്നും പറയാനാവാതെ നിശ്ചലയായി ഞാൻ നിന്നു…
യാത്ര പറഞ്ഞു അവർ നടന്നു നീങ്ങുമ്പോഴും ഞാൻ നിറകണ്ണുകളുമായി അനങ്ങാതെ നിന്നു…

എന്റെ ഏട്ടനൊപ്പം മറ്റൊരുവൾ…
അതിനു ശേഷം ഈ നിമിഷം വരെ ഭ്രാന്തുപിടിച്ച പോലായിരുന്നു…
ഊണില്ല….
ഉറക്കമില്ല……
കണ്ണടച്ചാൽ അവളും ഏട്ടനും പടവുകൾ ഇറങ്ങി വരുന്ന ആ കാഴ്ച…

സമനില തെറ്റിയവളെ പോലാണ് ഞാനാ വിവാഹ സ്ഥലത്തെത്തിയത്. ആളൊഴിഞ്ഞ ഒരു കോണിൽ മാറി നിന്നു.

എന്റേട്ടൻ മറ്റൊരാൾക്ക്‌ സ്വന്തമാവുന്ന ആ കാഴ്ച കാണാൻ…..
അത് കഴിഞ്ഞാൽ….
അറിയില്ല ചിലപ്പോൾ ഞാനീ ജീവിതം…… ഏട്ടനില്ലാതെ ഞാനെങ്ങനെ……

താലികെട്ടിനുള്ള സമയമായി. കതിർമണ്ഡപത്തിനു മുന്നിൽ കൂടിയവർ എന്റെ കാഴ്ചയെ മറച്ചു. ഒരു കണക്കിന് അത് നന്നായി ആ കാഴ്ച കണ്ടാൽ ചിലപ്പോൾ ഹൃദയം പൊട്ടി ഞാൻ മരിച്ചു പോകും.

ഉയർന്നു കേട്ട വാദ്യമേളങ്ങൾ മനസിനെ തകർത്തു…..
ആ ചടങ്ങ് കഴിഞ്ഞിരിക്കുന്നു…..
എന്റെ ഏട്ടൻ……
അല്ല ഇനി എന്റേതെന്നു പറയാൻ ആവില്ല….

നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി പോവാനായി തിരിഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി…
തൊട്ടു പിന്നിൽ ഏട്ടൻ….

ഏട്ടൻ…… ഇവിടെ…… അപ്പോ കല്യാണം…..

മറുപടി പറഞ്ഞത് വരനുമായി അടുത്തേക്ക് വന്ന നീതുവാണ്‌…..

കല്യാണം കഴിഞ്ഞു പക്ഷെ എന്റേതാണെന്നു മാത്രം. എന്റെയും നന്ദേട്ടന്റെയും വിവാഹത്തിനാ അമ്മൂ ഞാൻ നിന്നെ ക്ഷണിച്ചത്.

ഇത്രയും പറഞ്ഞു വധൂ വരന്മാർ തിരക്കിലേക്ക് നടന്നു നീങ്ങി…

ശ്രീയേട്ടന്റെ മുഖത്തേക്ക് നോക്കാനാവാതെ കുനിഞ്ഞ ശിരസ്സുമായി ഞാൻ നിന്നു….

ഏട്ടനെന്നെ ചേർത്തു നിർത്തി. വിരൽത്തുമ്പുകൊണ്ട് എന്റെ മുഖം പിടിച്ചുയർത്തി…..

അമ്മൂ നിനക്ക് തോന്നുന്നുണ്ടോ നിനക്ക് പകരമായി എന്റെ ജീവിതത്തിൽ മറ്റൊരാൾ വരുമെന്ന്….?
ഈ ജന്മം മാത്രമല്ല വരും ജന്മങ്ങളിലും നിന്റെ സ്ഥാനത്തു മറ്റൊരാൾ ഉണ്ടാവില്ല…..

ഏട്ടനിത് പറഞ്ഞപ്പോൾ പൊട്ടി കരഞ്ഞു കൊണ്ട് ഞാനാ നെഞ്ചിലേക്ക് വീണു…