പൊതിച്ചോർ

അമ്മ എവിടെയാണെന്ന് ദിവ്യ ഒന്ന് കൂടി നോക്കി കുളിക്കുകയാണെന്നു ഉറപ്പ് വരുത്തി ഫോൺ എടുത്തു. രാഹുലിന്റെ മെസ്സേജ് ഇന്നലെ രാത്രി തന്നെ വന്നു കിടപ്പുണ്ട്.

“12മണിക്കുള്ള ഷോ ആണ് സിനിമ കഴിഞ്ഞിട്ട് ഭക്ഷണം അത് കഴിഞ്ഞു എന്റെ വീട്ടിലേക്കു പോകാം. പേടിക്കണ്ട അമ്മയുണ്ട് വീട്ടിൽ. വൈകിട്ട് കോളേജ് വിടുന്ന സമയം തിരിച്ചു പോകാം ”

അവൾ അത് വായിച്ചിട്ടു വെഗം ഡിലീറ്റ് ചെയ്തു.

അനിയത്തി സ്കൂളിൽ പോയി കഴിഞ്ഞു.

അമ്മ ഷോപ്പിൽ പോകാറായി. തന്നെ കോളേജിൽ വിട്ടിട്ടു പോകുകയാണ് പതിവ്. ഇന്ന് തനിക്കു സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്

അവൾ അമ്മയുടെ മുറിയില് ചെന്നു. അമ്മ കുളിച്ചു വന്നു വസ്ത്രങ്ങൾ മാറിയുടുക്കുന്നു. നരച്ച കോട്ടൺ സാരീ ചുളിവുകൾ മാറ്റി ഉടുത്ത് അമ്മ അവളെ നോക്കി

അച്ഛൻ ഉപേക്ഷിച്ചു പോയതിനു ശേഷം അമ്മ പുതുവസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ടായിരുന്നില്ല. അവൾക്കു നേർത്ത കുറ്റബോധം തോന്നി അമ്മയെ ഒളിച്ച് ഇത് വരെ ഒന്നും ചെയ്തിട്ടില്ല. രാഹുലിന്റെ കാര്യം അമ്മയ്ക്കറിയാം പക്ഷെ ഇന്നത്തെ കാര്യം പറഞ്ഞിട്ടില്ല. രണ്ടു പെണ്മക്കൾ അമ്മയുടെ ആധി ആണെന്നും അറിയാം. എങ്കിലും രാഹുലിനോടുള്ള പ്രണയം തീ പോലെ ഉള്ളിൽ കത്തുമ്പോൾ ശരിതെറ്റുകൾ ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല.

“പൊതിച്ചോർ മേശപ്പുറത്ത് ഉണ്ട് മോളെ. എടുത്തോ? ”

അവൾ ഇല്ല എന്ന് തലയാട്ടി

“ഇന്ന് എന്റെ കുട്ടിക്കിഷ്ടമുള്ളതാ ചമ്മന്തിയും മുട്ട പൊരിച്ചതും ചീരത്തോരനും. വയർ നിറച്ചു കഴിക്കണം. എന്നാലേ പഠിക്കാൻ ഉത്സാഹം ഉണ്ടാകു… ഒരു ജോലി വാങ്ങണം.. എന്നിട്ട് നിന്റെ രാഹുലിന്റെ കൈയിൽ തന്നെ നിന്നെ പിടിച്ചേൽപ്പിക്കും ”

അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു

അമ്മയ്ക്ക് നന്നായി പഠിക്കാൻ കഴിയാതിരുന്നതിന്റ, ഒരു നല്ല ജോലി ഇല്ലാത്തതിന്റെ, ഒക്കെ സങ്കടം ഉണ്ട് എപ്പോളും. അച്ഛൻ അത് പറഞ്ഞു അമ്മയെ ഒരു പാട് കുത്തി നോവിച്ചിട്ടുണ്ട്.

ഇപ്പോൾ തുണിക്കടയിൽ രാത്രി വൈകും വരെ ജോലി ചെയ്തു വരുമ്പോളും ആ മുഖം തെളിഞ്ഞു തന്നെ ഇരിക്കും. തന്റെ മക്കൾക്ക്‌ വേണ്ടിയാണത് എന്നോർക്കുമ്പോൾ ഒരു സങ്കടവും ഇല്ല എന്ന് തോന്നാറുണ്ട്.

“അനിയത്തിയെ നോക്കിക്കോണേ മോളെ” എന്ന് മാത്രമേ പറയൂ

അവൾ പൊതിച്ചോർ എടുത്തു ബാഗിൽ വെച്ച് ഇറങ്ങി. ഉച്ചക്ക് ഏതോ വലിയ ഹോട്ടലിൽ നിന്നും കഴിക്കാമെന്നു രാഹുൽ പറഞ്ഞിരുന്നു. അമ്മയുടെ ചോറ് കളയേണ്ടി വരും. അമ്മ പുലർച്ചെ നാലുമണിക്ക് എഴുനേറ്റ് ഉണ്ടാക്കുന്ന ഭക്ഷണം. അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു നടന്നു തുടങ്ങി എന്ത് ചെയ്യണം എന്നറിയാതെ ഉള്ളു പിടയ്ക്കുന്നുണ്ട്

റോഡിൽ ഒരു ആൾകൂട്ടം

ഒരു സ്ത്രീയും കുഞ്ഞും

“വഴിയിൽ ഉപേക്ഷിച്ചു പോകാൻ തുടങ്ങുവാരുന്നുകണ്ടില്ലായിരുന്നെങ്കിൽ അവരതിനെ ഓടയിൽ എറിഞ്ഞിട്ട് പോയേനെ ”

ആരോ പറയുന്നു. ഒരു അമ്മയാണ് അതും

“ഇവളൊക്കെ ഒരു അമ്മയാണോ? “ആരോ ആക്രോശിക്കുന്നു

അവൾ തെല്ല് നടുക്കത്തിൽ അങ്ങനെ നിന്നു
അച്ഛൻ ഉപേക്ഷിച്ചു പോകുമ്പോൾ തനിക്കു പത്തു വയസ്സേ ഉണ്ടായിരുന്നുള്ളു. അനിയത്തിക്ക് ഏഴും. മറ്റൊരു സ്ത്രീയുടെ കയ്യും പിടിച്ച് അച്ഛൻ അമ്മയ്ക്ക് മുന്നിലൂടെ തന്നെയാണ് ഇറങ്ങിപ്പോയത്. തങ്ങളെ നെഞ്ചോട് ചേർത്തു അമ്മ അത് നോക്കി നിൽക്കുമ്പോൾ ആ മുഖം മുറുകിയിരുന്നു. പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസമുള്ള ഒരു പെണ്ണിന് ഈ ഭൂമിയിൽ എന്താ ജോലി കിട്ടുക? അമ്മ തളർന്നില്ല. ഒരു പാട് ജോലികൾ ചെയ്തു.

അമ്മ സുന്ദരി ആയിരുന്നത് കൊണ്ടും തങ്ങൾ രണ്ടു പെൺകുട്ടികൾ ആയത് കൊണ്ടും അമ്മ അന്നുമുതൽ ഒരു വെട്ടുകത്തി കിടയ്ക്കകരുകിൽ സൂക്ഷിച്ചു. ആരുടെ മുന്നിലും കൈ നീട്ടാതെ ആത്മാഭിമാനത്തോടെ തന്റെ അമ്മ…

ഒരു പ്രലോഭനത്തിലും പെടാതെ കാറ്റിൽ ഉലയാത്ത തീനാളം കണക്കെ തന്റെ അമ്മ

അമ്മയോട് രാഹുലിനെ കുറിച്ച് പറയുമ്പോളും ശകാരിച്ചില്ല. സൂക്ഷിക്കണം മോളെ എന്ന് മാത്രം പറഞ്ഞു. അനിയത്തിയെ മറക്കല്ലേ എന്നും. ഓരോ പെൺകുട്ടിയും ചിലപ്പോൾ പ്രസവിക്കാതെ അമ്മയാകാറുണ്ട്. അനിയത്തിയെ പൊതിഞ്ഞു പിടിക്കുമ്പോൾ താനും അങ്ങനെ ആണ്.

“അവൾ മോളെ കണ്ടാണ് വളരുന്നത്. എന്റെ മോളുടെ കാലിടറരുത് ട്ടോ. നമുക്കാരുമില്ല. പരിഹസിക്കാനും ആക്ഷേപിക്കാനുമല്ലാതെ”

അമ്മ രാത്രിയിൽ തന്നെയും അനിയത്തിയേയും രണ്ടു വശത്തായി കിടത്തി ഉറങ്ങും മുന്നേ പറയുന്നതാണ്

ആ ഓർമയിൽ അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു. അവളുടെ ഉള്ളിൽ ഒരു ഉറപ്പ് വന്നു

“രാഹുൽ സോറി ഞാൻ ഇന്ന് വരില്ല.ഇന്നെന്നല്ല അമ്മ അറിയാതെ ഒരിക്കലും വരില്ല. ”

രാഹുലിന്റെ മുഖം ചുവന്നു

എത്ര പ്രയാസപ്പെട്ടാണ് ഇന്ന് എല്ലാം അവസരമൊപ്പിച്ചത്.കൈവിരൽ തുമ്പിൽ നിന്നു വഴുതി പോകുന്നത് അവന് സഹിക്കാൻ കഴിഞ്ഞില്ല

“എന്നാൽ ഇനി നിനക്ക് രാഹുൽ ഇല്ല… “അവൻ വാശിയോടെ പറഞ്ഞു

ദിവ്യ മെല്ലെ ചിരിച്ചു

“അതാണ് തീരുമാനം എങ്കിൽ അങ്ങനെ. എന്റെ സ്നേഹം സത്യമാണ് രാഹുൽ.പക്ഷെ എനിക്ക് പഠിക്കണം. രാഹുലിന് എന്നെ വേണ്ടെങ്കിൽ സാരോല്ല. പോട്ടെ ”

അവൾ ക്ലാസ്സിലേക്ക് കയറിപ്പോയി
അപ്പോൾ ക്ഷേത്രത്തിൽ നിറഞ്ഞ കണ്ണുകളോടെ നിന്നു ആ അമ്മ പ്രാര്ഥിക്കുകയായിരുന്നു.

“എന്റെ മോൾക്ക്‌ ദുര്ബുദ്ധിയൊന്നും തോന്നിക്കരുതേ. അവളെ കാത്തോളണേ ”

ഫോണിലെ മെസ്സേജ് അവരും കണ്ടിരുന്നു.എന്ത് ചെയ്യണം എന്ന് ആ സാധു സ്ത്രീക്ക് അറിയുമായിരുന്നില്ല ഇന്ന് ഒരു തവണ വിലക്കാൻ തനിക്കു സാധിച്ചേക്കും.നാളെ വീണ്ടും താൻ കാണാതെ…

അവൾക്ക് സ്വയം തോന്നണ്ടേ?.. അതിനു പ്രാർത്ഥിക്കാൻ അല്ലേ തനിക്കു സാധിക്കു…

ഉച്ചക്ക് മകളെ കണ്ടപ്പോൾ അവർ അമ്പരന്നു

“സമരം ആണ് അമ്മേ…ഒന്നിച്ചു കഴിക്കാമല്ലോ എന്നിട്ട് വൈകുന്നേരം പോകാം ”

അമ്മ മെല്ലെ തലയാട്ടി. അവരുടെ കത്തുന്ന ഹൃദയത്തിലേക്ക് ഒരു തുള്ളി കുളിർ ജലം വീണു. പിടഞ്ഞടിച്ചു കൊണ്ടിരുന്ന ഹൃദയം ശാന്തമായി

ചോറിൽ തൈരും ചമ്മന്തിയും കൂട്ടിയിളക്കി മകൾ രുചിയോടെ ഉണ്ണുന്നത് അവർ നോക്കിയിരുന്നു

“ഇന്നെന്തോ പ്രത്യേക രുചി ”
ദിവ്യ പറഞ്ഞു

അതിൽ തന്റെ സ്നേഹത്തിന്റെ, ആധിയുടെ, കരുതലിന്റെ, പ്രാർത്ഥനയുടെ കണ്ണീർ കലർന്നിട്ടുണ്ട് എന്ന് ആ അമ്മ മകളോട് പറഞ്ഞില്ല. രാത്രി മുഴുവനും ഉറങ്ങാതെ കരഞ്ഞു പ്രാർത്ഥിച്ച മനസിന്റെ തീയിൽ വേവിച്ചെടുത്ത ചോറും കറികളുമാണ് അതെന്നും പറഞ്ഞില്ല. അവർ തന്റെ ഇലയിലെ ഒരു കണ്ണിമാങ്ങാ ഉപ്പിലിട്ടത് അവളുടെ ഇലയിലേക്കു എടുത്തു വെച്ച് പുറംകൈ കൊണ്ട് കണ്ണീർ തുടച്ചു.

ചിലപ്പോൾ മനുഷ്യൻ നിസ്സഹായൻ ആകുന്നിടത് ദൈവം പ്രവർത്തിക്കും. മനസ്സിലൂടെ ചിന്തകളിലൂടെ…..അപ്പോൾ നമ്മുടെ തീരുമാനങ്ങൾക്കു ദൈവസ്പര്ശമുണ്ടാകും നടക്കുന്ന വഴികളിൽ ചുവടുകൾ ഇടറാതിരിക്കും……