മകൾ

മകൾ
Makal Author : ജാസ്മിൻ സജീർ

”നിങ്ങളോട് ഞാൻ പലതവണ പറഞ്ഞതല്ലേ എന്റെ കാര്യത്തിലിടപെടരുതെന്ന്… എനിക്കിഷ്ടമുള്ളപ്പോൾ വരും പോവും.. അതിനെ ചോദ്യം ചെയ്യാൻ നിങ്ങളെന്റെ ആരാ..? എന്റെ ഒരു ഔദാര്യം മാത്രമാണ് ഈ വീട്ടിലെ നിങ്ങളുടെ താമസം… അത് നിങ്ങളായിട്ട് ഇല്ലാതാക്കരുത്.. എന്റെ കാര്യം നോക്കാൻ എനിക്കറിയും.. ഇനിയൊരിക്കൽ കൂടി എന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കരുത്..” നസീമയുടെ നേരേ വിരൽ ചൂണ്ടി റൂബി അട്ടഹസിച്ചു. സങ്കടം കടിച്ചമർത്തി കുറച്ച് അധികാരത്തോടെ തന്നെ റൂബിയെ ശകാരിക്കാൻ നസീമ മനസ്സാൽ തയ്യാറെടുത്തു.

”മോളേ.. നിന്റെ ഈ പോക്ക് നാശത്തിലേക്കാണ്. നിന്നെ പ്രസവിച്ചില്ലെന്നുള്ളത് നേര് തന്നേയാണ്.. എങ്കിൽ കൂടി എന്റെ കൈവെള്ളയിൽ കിടന്നാണ് നീ വളർന്നത്.. എന്റെ മുലപ്പാല് നീ കുടിച്ചിട്ടില്ലെന്നുള്ളതും വാസ്തവം ആണ്… പക്ഷേ എന്റെ ചൂട് പറ്റിയാണ് നീ ഉറങ്ങിയിരുന്നത്.. എന്റെ കൈപിടിച്ചാണ് നീ പിച്ചവെക്കാൻ തുടങ്ങിയത്… എന്റെ മുഖം ഒന്നു മങ്ങിയാൽ പോലും എനിക്കു മുന്നേ കണ്ണീരൊഴുക്കിയിരുന്നതും നീയായിരുന്നു.. നിന്റെ ഉപ്പ പലതവണ നിർബന്ധിച്ചപ്പോഴും ഒരു കുഞ്ഞിനെ പ്രസവിക്കാൻ എനിക്ക് കഴിവില്ലാഞ്ഞിട്ടല്ലായിരുന്നു.. ഒരു കുഞ്ഞുകൂടി നമ്മുടെ ഇടയിലേക്ക് വന്നാൽ നിന്നെ ശ്രദ്ധിക്കാൻ ഞാൻ മറന്നു പോവുമോ എന്നുള്ള ഭയം കൊണ്ടായിരുന്നു.. ഇപ്പൊ കുറച്ചു മുന്നേ നീ പറഞ്ഞിരുന്നല്ലോ… നിന്നെ നിയന്ത്രിക്കാൻ നിന്റെ ആരാണ് ഞാനെന്ന്…? നിനക്കറിയണോ ഞാൻ നിന്റെ ആരാണെന്ന്…?
നിന്റെ പ്രസവത്തോടെ നിന്റെ ഉമ്മ മരണത്തിന് കീഴടങ്ങിയപ്പോൾ കൈകുഞ്ഞുമായി ഒറ്റപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു… നിനക്ക് ജന്മം തന്ന നിന്റെ ഉപ്പച്ചി.. തന്റെ നല്ല പാതി തന്നെ വിട്ട് പോയെന്ന സത്യം ഉൾകൊള്ളാനാവാതെ തകർന്നു പോയൊരു ജന്മം ആയിരുന്നു നിന്റെ ഉപ്പയുടെ…

മറ്റൊരു വിവാഹം പോലും കഴിക്കാൻ താൽപര്യപ്പെടാതെ നിന്നെ നോക്കി ഒതുങ്ങിക്കൂടിയിരിക്കുമ്പോഴാണ് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കുഞ്ഞിനെ നോക്കാനൊരാളെന്ന നിലക്ക് എന്നെ കല്യാണം കഴിച്ചത്… അന്നെന്റെ കൈപിടിച്ച് നിന്റെ ഉപ്പ പറഞ്ഞൊരു വാക്കുണ്ട്… ലോകം തന്നെ തലകീഴായി മറിഞ്ഞാലും ഒരിക്കൽ പോലും നീയല്ല അവളുടെ ഉമ്മ എന്ന കാര്യം എന്റെ മോളറിയരുതെന്ന്… അന്ന് ഞാൻ നിന്റെ ഉപ്പാക്ക് കൊടുത്ത വാക്കാണ് നിന്നിൽ എനിക്കുള്ള അധികാരം.. ഇന്ന് എന്നോളം വലിപ്പത്തിൽ നീ വളർന്നപ്പോൾ പഴയതെല്ലാം നീ മറന്നു പോയി… ആരോ നിന്നെ പറഞ്ഞു പഠിപ്പിച്ചു… ഞാൻ നിന്റെ പെറ്റുമ്മയല്ലാ എന്നുള്ള ആ സത്യം… അന്നു തൊട്ട് ഞാൻ നിന്റെ ശത്രു ആയി.. അതു വരെ ഉമ്മയില്ലാതെ ഒരു രാത്രി പോലും ഉറങ്ങാൻ സമ്മതിക്കാതിരുന്ന നീ മാറിക്കിടക്കാൻ തുടങ്ങി… ആരേയാണ് മോളേ നീ തോല്പിക്കുന്നത്.. ജന്മം തന്ന് നെഞ്ചോട് ചേർത്ത് വളർത്തി മണ്ണിനടിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന നിന്റെ ഉപ്പാനേയോ… അതോ പത്ത് മാസം വയറ്റിൽ ചുമന്ന് നിന്റെ പ്രസവത്തോട് ഈ ലോകത്തു നിന്നും എന്നെന്നേക്കുമായി വിട പറഞ്ഞ നിന്റെ ഉമ്മാനെയോ… അതോ ഇത്രയും കാലം ഊട്ടിയുറക്കി സ്വന്തമാണെന്ന് കരുതിയ ഈ പോറ്റുമ്മാനെയോ… നീ ഇന്ന് ഈ വീട്ടിൽ നിന്നിറങ്ങാൻ പറഞ്ഞാൽ ഇറങ്ങേണ്ടവളാണ് ഞാൻ… നിന്റെ ഉപ്പ മരിച്ചാൽ എന്റെ ഈ വീട്ടിലെ അവകാശം കഴിഞ്ഞെന്ന് അറിയാവുന്നവളും ആണ് ഞാൻ…