ഒരു ഭാവഗാനം പോലെ

ഡോക്ടര്‍ ജയലക്ഷ്മി മുന്നില്‍ ഇരുന്ന കുഞ്ഞു പെണ്കുട്ടിയെ നോക്കി.ഡോക്ടർക്ക് കുട്ടികളെ ഇഷ്ടമല്ല.കുട്ടികളെ എന്നല്ല ഈ അടുത്ത നാളുകളായി പ്രത്യേകിച്ച് ഒന്നിലും ഡോക്ടർക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.മനസ്സിനെ ദീപ്തമാക്കുന്ന സുന്ദരമായ കാര്യങ്ങള്‍,വെളുത്ത മേഘ ശകലങ്ങള്‍,നീലച്ച ആകാശം,മഴപെയ്യുന്നതിന് മുന്പ് വീശുന്ന തണുത്ത കാറ്റ്,കുഞ്ഞുങ്ങളുടെ ചിരി തുടങ്ങിയ ഒന്നിലും ഡോക്ടർക്ക് കുറച്ചു നാളുകളായി താല്പര്യം തോന്നിയിരുന്നില്ല.
ഡോക്ടറുടെ മേശപ്പുറത്തു ഒരു കടുംമഞ്ഞ കവറില്‍ ആ കുട്ടിയുടെ ലാബില്‍ നിന്നുള്ള പരിശോധനാ ഫലം കിടന്നു.കടുത്ത മഞ്ഞ നിറം കണ്ടപ്പോള്‍ ഡോക്ടർക്ക് ഉറക്കം വന്നു.കാരണം തലേ ദിവസം ഡോക്ടറുടെ ഉറക്കം കളഞ്ഞത് അതെ നിറമുള്ള ഉറക്ക ഗുളികകള്‍ ആയിരുന്നു.അത് തെരുപ്പിടിപ്പിച്ചു കൊണ്ട് മരിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു, ജയലക്ഷ്മിയുടെ ഉറക്കം നഷ്ടപ്പെട്ട മറ്റൊരു രാത്രിയായിരുന്നു ഇന്നലെ.

ഡോക്ടറുടെ മുന്നില്‍ ഇരുന്ന കുട്ടിയുടെ പേര് നിമ്മി എന്നാണ്.പൂക്കള്‍ വാരി വിതറിയ ഫ്രില്‍ വച്ച ഫ്രോക്ക് ധരിച്ച് അവള്‍ ഡോക്ടറെ നോക്കി ചിരിച്ചു.അവള്‍ ഒരു പൂവ് പോലെയായിരുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അവള്‍ രാവിലെ തന്നെ ഓർഫനേജിൽ നിന്ന് തൊട്ട് അടുത്തുള്ള പള്ളിയില്‍ പോകും,പാട്ട് പാടും.പ്രായം ചെന്ന വികാരിയച്ചനു മഠത്തില്‍ നിന്ന് ഭക്ഷണം കൊണ്ട് കൊടുക്കും.അവള്‍ നന്നായി വരയ്ക്കും.അതിനെക്കാള്‍ നന്നായി ഡാൻസ് കളിക്കും.അവള്‍ ഡോക്ടര്‍ ജയലക്ഷ്മിയെ പോലെ ആയിരുന്നതെ ഇല്ല.എല്ലാ കാര്യങ്ങളും അവളുടെ മനസ്സിനെ ദീപ്തമാക്കിരുന്നു.ചെറിയ വെളുത്ത മേഘങ്ങളോട് അവള്‍ സംസാരിച്ചിരുന്നു.മഴ പെയ്യുന്നതിനു മുൻപ് ഉള്ള തണുത്ത കാറ്റില്‍ തലമുടി പറക്കുമ്പോള്‍,അതിന്റെ തണുപ്പ് കവിളില്‍ തട്ടുമ്പോള്‍,പറഞ്ഞറിയിക്കാന്‍ ആവാത്ത സന്തോഷം അവൾക്കു തോന്നിയിരുന്നു.

അവളുടെ അടുത്തിരുന്നു ,ഓർഫനേജ് ഡയറക്ടര്‍ സിസ്റര്‍ ഗോരെത്തി ആകുലതയോടെ ഡോക്ടറെ നോക്കി.

ഡോക്ടര്‍ മുന്നില്‍ കിടന്ന മഞ്ഞക്കവര്‍ പൊട്ടിച്ചു.നാളുകൾക്ക് മുന്പ് അയാളുടെ വക്കീല്‍ അയച്ച നോട്ടീസ് ഇത് പോലെ ഒരു കവറിലാണ് വന്നത്.ഡോക്ടറുടെ ഉള്ളില്‍ വീണ്ടും വെറുപ്പിന്റെ ഒരു കുത്തൊഴുക്ക് ഉണ്ടായി.

ലാബ് റിപ്പോര്ട്ട് വായിച്ചതിനു ശേഷം,ഡോക്ടര്‍ ഒരിക്കല്‍ കൂടി സ്കാന്‍ ഫലം പരിശോധിച്ചു.പിന്നെ സിസ്റ്ററുടെ മുഖത്ത് നോക്കുന്നു,എന്ന മട്ടില്‍ മുറിയിലെ വെളുത്ത ഭിത്തിയിലെക്ക് നോക്കി കൊണ്ട് കടുത്ത ശബ്ദത്തില്‍ പറഞ്ഞു.

“സർജറി വേണം.രണ്ടു കാലും മുറിച്ചു കളയേണ്ടി വരും..എന്നാലും ഉറപ്പൊന്നുമില്ല.വീ കാന്‍ ട്രൈ…”

മുറിയിലെ ഫാന്‍ കറങ്ങി കൊണ്ടിരുന്നു.അതിന്റെ ശബ്ദം തീർത്തും നിശബ്ദമായ ഇത്തരം അവസരങ്ങളില്‍ ക്രൂരമാകുന്നുവെന്ന് ഡോക്ടര്‍ ജയലക്ഷ്മിക്ക് തോന്നി.

ഡോക്ടര്‍ മുന്നില്‍ ഇരുന്നവരുടെ മുഖങ്ങളിലേക്ക് നോക്കി.

ജീവിതം സന്തോഷിക്കാന്‍ ഉള്ളത് അല്ലെന്നും,താന്‍ അനുഭവിക്കുന്നത് പോലെ ദു:ഖങ്ങളുടെ പാറകളില്‍ ചവിട്ടി ഉള്ള നടപ്പ് മാത്രമാണ് അതെന്നും ,അതിനു പ്രത്യേകിച്ച് അർത്ഥം ഒന്നുമില്ലെന്നും ഡോക്ടറുടെ നോട്ടം അവരോടു പറയാന്‍ തുടങ്ങി.

സിസ്റര്‍ ഗോരെത്തിയുടെ മുഖത്ത് കാളിമ വീണിരുന്നു.നിമ്മി എന്ന പൂവിന്റെ മുഖത്തെ ദളങ്ങളില്‍ നിന്ന് കണ്ണ്നീര്‍ ഒഴുകുന്നത്‌ ഡോക്ടര്‍ കണ്ടു.

“അപ്പോള്‍ ഇനി ഉറപ്പായും എനിക്ക് ഡാന്സ് കളിയ്ക്കാന്‍ പറ്റില്ല,നടക്കാന്‍ പറ്റില്ല.,,അല്ലെ ഡോക്ടര്‍ ആന്റി…ഞാന്‍ ഇനി എന്ത് ചെയ്യും സിസ്റമ്മെ?”

അവള്‍ മെല്ലെ ചോദിച്ചു.സിസ്റര്‍ അവളെ ചേർത്ത് പിടിച്ചു.

കുറച്ചു ദിവസം മുന്പാണ്,ആ കുഞ്ഞിനെ വേറൊരു ആശുപത്രിയില്‍ നിന്ന് അവിടെ കൊണ്ട് വന്നത്.കാല്പ്പത്തികളില്‍ വേദനയായിരുന്നു തുടക്കം.പഴുപ്പ് തുടങ്ങിരുന്നു.പരിശോധനയില്‍ കാൻസർ കണ്ടെത്തി.സർജറി ചെയ്താലും രക്ഷപെടാന്‍ സാദ്ധ്യതകള്‍ വിരളമാണ്.

“ഉടനെ ചെയ്യണം.താമസിക്കും തോറും അപകടം കൂടുകയാണ്.”ഡോക്ടര്‍ ഭിത്തിയില്‍ നോക്കി പറഞ്ഞു.

“ചെയ്യാം ഡോക്ടര്‍.ഡോക്ടറില്‍ ഞങ്ങള്ക്ക്റ വിശ്വാസമുണ്ട്.ഈ രംഗത്ത്‌ ഡോക്ടര്‍ കഴിഞ്ഞേ വേറെ ഒരു വാക്ക് ഉള്ളു എന്ന് ഞങ്ങള്ക്ക് അറിയാം..ഈ കുഞ്ഞു ഞങളുടെ സ്വന്തം കുഞ്ഞാണ്.” സിസ്റ്റർ പറഞ്ഞു.

ഡോക്ടര്‍ ഭിത്തിയിലേക്ക് നോക്കിയിരുന്നു.ആ കുട്ടിയുടെ ശബ്ദമാണ് ഡോക്ടറെ ഉണർത്തി യത്.

“ഡോക്ടറെ കാണാന്‍ എന്ത് ഭംഗിയാ ഈ പൂക്കള്‍ ഉള്ള സാരിയില്‍…എനിക്ക് നല്ല ഇഷ്ടായി…”

ഡോക്ടര്‍ ജയലക്ഷ്മിയുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു.അതില്‍ അത്ഭുതത്തിന്റെ അംശം ഉണ്ടായിരുന്നു.ചെറുപ്പത്തില്‍ അമ്മ മരിച്ചതിനു ശേഷം,തന്നെ കാണാന്‍ ഭംഗിയുണ്ടെന്നു പിന്നെ ആരും പറഞ്ഞിട്ടില്ല.കാലുകളും ഒരു പക്ഷെ ജീവനും നഷ്ടപെടുമെന്ന സത്യം ഒരു നിമിഷത്തേക്ക് പൂക്കള്‍ ഉള്ള സാരിയിലേക്ക് മറന്ന ആ നിഷ്കളങ്കത ഡോക്ടറെ അമ്പരപ്പിച്ചു കളഞ്ഞു.

അന്ന് രാത്രി വീണ്ടും ഡോക്ടര്‍ ആ മഞ്ഞ ഗുളികകള്‍ തെരുപ്പിടിപ്പിച്ചു.തന്നെ പിന്തിരിപ്പിക്കുന്നത് എന്താണ് ?ഇനിയും ജീവിതത്തിന്റെ ഈ ബസ്സ് സ്ടോപ്പില്‍ താന്‍ എന്തിനു വേണ്ടിയാണു കാത്തിരിക്കുന്നത്..?

രണ്ടു ദിവസം കഴിഞ്ഞു നിമ്മി ഹോസ്പിറ്റലില്‍ അഡ്മിറ്റായി.അവളെ പരിശോധിക്കാന്‍ എത്തിയ ഡോക്ടര്‍ വീണ്ടും വീണ്ടും അവളുടെ മുന്നില്‍ പരാജയപ്പെട്ടു കൊണ്ടിരുന്നു.കാരണം അവളുടെ മുഖത്ത് വിടർന്ന ചിരിയായിരുന്നു.എന്ത് കൊണ്ടായിരിക്കും ഇവള്‍ ഇത്ര സന്തോഷവതിയായിരിക്കുന്നത് ?

“ഈശോക്ക് വേണ്ടെങ്കില്‍ പിന്നെ എനിക്ക് എന്തിനാണ് രണ്ടു കാല്‍ ?”

ഒരു ദിവസം വൈകുന്നേരം പരിശോധിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അവള്‍ ഡോക്ടറുടെ മനസ്സ് അറിഞ്ഞെന്ന പോലെ പറഞ്ഞു.

“ആർക്കും വേണ്ടെങ്കില്‍ എനിക്ക് ഈ ജീവന്‍ എന്തിനാണ് ?” എന്ന് ജയലക്ഷ്മിയുടെ ഉള്ളില്‍ സ്വയം തിളച്ചു കൊണ്ടിരുന്ന ചോദ്യം അത് കേട്ട് ഒന്നടങ്ങി.

നാളെയാണ് അവളുടെ സർജറി.

“പക്ഷെ എനിക്ക് നല്ല പേടിയുണ്ട് കേട്ടോ ഡോക്ടര്‍..”അവള്‍ ഡോക്ടറുടെ ചെവിയില്‍ പറഞ്ഞു.അവള്‍ വളരെ ക്ഷീണിതയാണ്.

“മോൾക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ.. സ്വീറ്റ്സോ,വീഡിയോ ഗെയിമോ.?..” ചിതറിയ സ്വരത്തില്‍ ഡോക്ടര്‍ അവളോട്‌ ചോദിച്ചു.

“എന്താണെങ്കിലും സാധിച്ചു തരുമോ ?” അവള്‍ കൊഞ്ചലോടെ ചോദിച്ചു.

“ഉം.”

“ഡോക്ടര്‍ ,ഇന്നെന്റെ കൂടെ കിടക്കാമോ…എനിക്ക് പേടിയായിട്ടാ…നാളത്തെ കാര്യം ആലോചിച്ച്..”. വിക്കി വിക്കി അവള്‍ പറഞ്ഞു.

ഒരു നിമിഷം ആലോചിച്ചതിനു ശേഷം ഡോക്ടര്‍ സമ്മതിച്ചു.

അന്ന് രാത്രി ഡോക്ടര്‍ ജയലക്ഷ്മി വീട്ടില്‍ പോയില്ല.ഒറ്റക്കിരുന്നു മഞ്ഞ നിറമുള്ള മരണത്തിന്റെ ഗുളികകള്‍ കയ്യിലിട്ട് താലോലിച്ചു മണിക്കൂറുകള്‍ ഉറങാതിരുന്നില്ല.

ഒരു രോഗിയോടൊപ്പം ഡോക്ടര്‍ സർജറിയുടെ തലേ രാത്രി ഉറങ്ങുക.

അവളുടെ കുഞ്ഞു കൈകള്‍ പൂവിന്റെ മൃദുലതയോടെ ഡോക്ടറുടെ കയ്യില്‍ ചേർന്നു .നിഷ്കളങ്കമായ സ്നേഹത്തിന്റെ ഗന്ധം അവളില്‍ നിന്ന് ഉതിരുന്നതായി ഡോക്ടർക്ക് തോന്നി.

ഡോക്ടര്‍ അവളുടെ നെറ്റിയില്‍ ചുംബിച്ചു.

“മോള്‍ ഉറങ്ങിക്കോ…ഒന്നും പേടിക്കണ്ട…”

“ഡോക്ടര്‍ ഒരു പാട്ട് പാടാമോ…”അവള്‍ ചോദിക്കുന്നു..

എന്നോ വായിച്ച റഫീക്ക് അഹമ്മദിന്റെ വരികൾ അവൾ ഓർക്കാൻ ശ്രമിച്ചു. ഇല്ല. ഓർമ്മ വരുന്നില്ല.

ഉള്ളില്‍ മാതൃത്വത്തിന്റെ പാലാഴികള്‍ ഉണരുന്നു…അവള്‍ ആ കുഞ്ഞിനെ തന്നോട് ചേർത്ത് കിടത്തി.മരുന്നിന്റെ ക്ഷീണവും നാളത്തെ സർജറിയുടെ ഭയവും എല്ലാം കൊണ്ട് അവള്‍ വേഗം മയങ്ങിപ്പോയി.

നിമ്മിയുടെ കുഞ്ഞു കൈകള്‍ ഡോക്ടറുടെ ശരീരത്തെ ചുറ്റി പിണഞ്ഞു കിടന്നു.

നാളുകള്ക്ക് ശേഷം ഡോക്ടര്‍ ജയലക്ഷ്മി ശാന്തയായി ഉറങ്ങി.ഉറക്കത്തില്‍ അവൾ‍ ഒരു സ്വപ്നം കണ്ടു.

കല്ലും മുള്ളും നിറഞ്ഞ ഒരു പാതയില്‍ കൂടെ താന്‍ നടക്കുകയാണ്.വളരെ വിഷമിച്ചു.വേദന കൊണ്ട് തന്റെ കാല്പ്പത്തികള്‍ പൊട്ടി പുളയുകയാണ്.പൊടുന്നനെ ആരോ തന്നെ കൂട്ടി കൊണ്ട് പോകുന്നു.അപ്പോഴാണ് താന്‍ തിരിച്ചറിയുന്നത്‌.ഇടുങ്ങിയ,കല്ലും മുള്ളും നിറഞ്ഞ ഈ വഴിയുടെ തൊട്ടരികില്‍ ഒരു പുഷ്പവനം ആണെന്ന്.അതിനുള്ളില്‍ കൂടിയാണ് താന്‍ നടന്നത് എന്ന്.

സദാ സുന്ദരമായ,പൂക്കള്‍ നിറഞ്ഞ ,പക്ഷികള്‍ പാടുന്ന ഈ സ്ഥലം താന്‍ എന്താണ് കാണാതെ പോയത് ?

ആ സുന്ദരമായ അവസ്ഥയില്‍ ഡോക്ടര്‍ കണ്ണ് തുറന്നു.നേരം പുലരുകയാണ്‌.സർജറിക്ക് ഉള്ള തയ്യാറെടുപ്പുകള്‍ നടത്തണം.

ഡോക്ടര്‍ നിമ്മിയെ ഉണർത്താന്‍ ശ്രമിച്ചു.അവള്‍ ഉണർന്നില്ല.

പുറത്തു ആശുപത്രി വളപ്പിലെ ചെടികള്ക്കിടയില്‍ നിന്ന് ഒരു പറ്റം കുരുവികള്‍ പറന്നുയരുന്നത് ഡോക്ടര്‍ കണ്ടു.

അവളെ പുണർന്നു കിടന്നു,സ്വപ്നം കണ്ടു താന്‍ ഉറങ്ങിയ ആ നിമിഷങ്ങളില്‍ എപ്പോഴോ അവളിലെ കിളി പറന്നു പോയിരിക്കണം.കൂട് വിട്ട്.ദൂരേക്ക്.

അന്ന് രാത്രി വീട്ടില്‍ ചെന്നപ്പോള്‍ ഡോക്ടര്‍ ആ മഞ്ഞ ഗുളികകള്‍ ദൂരേക്ക് എറിഞ്ഞു കളഞ്ഞു.പുറത്തു നാളുകള്ക്ക് ശേഷം ഒരു രാത്രി മഴ പെയ്യുന്നത് ഡോക്ടര്‍ ജയലക്ഷ്മി ജനാല തുറന്നു കണ്ടു നിന്നു.അപ്പോള്‍ തലേ രാത്രി ഓർമ്മ വരാതിരുന്ന കവിതയുടെ വരികള്‍ അവള്‍ ഓർമ്മിച്ചു.

“നീ മഴതോർന്നും കുളിര് പോലെ
വേറിടാതെന്നില്‍ പതുങ്ങി നില്ക്കും
ആകാശമൂലയില്‍ ദൂരെ വീണ്ടും
ഞാനോ മഴക്കാറ് കാത്തിരിക്കും.”