Jathakadosham [Honey Shivarajan]

Jathakadosham
[Honey Shivarajan]
”അളിയന്‍ എന്തായീ പറയുന്നത്… കൊച്ചിലെ മുതല്‍ അവരുടെയുളളില്‍ മോഹം നിറച്ചിട്ട് ഇപ്പോള്‍ കല്ല്യാണം നടക്കില്ലെന്നോ…” രാമചന്ദ്രന് ഹൃദയം വിലങ്ങുന്നത് പോലെ തോന്നി…
അയാള്‍ ഞെട്ടലോടെ നില്‍ക്കുന്ന ഭാര്യ സാവിത്രിയെ നോക്കി…

”എന്ത് ചെയ്യാം രാമേന്ദ്രനളിയാ… ഭാസ്കര കണിയാന്‍ പറഞ്ഞാല്‍ അച്ചിട്ടാ… മധുവിനെയും രേണുവിനെയും ചേര്‍ത്ത് വച്ചാല്‍ രണ്ടിലൊരാള്‍ മരണപ്പെടുമെന്നാണ് ഇരുവരുടെയും ജാതകം തമ്മില്‍ ചേര്‍ത്ത് നോക്കിയപ്പോള്‍ ഭാസ്കര കണിയാന്‍ പറഞ്ഞത്…” പരമേശ്വരന്‍ നിസ്സഹായനായി പറഞ്ഞു..

”ഇതൊന്നും ചേര്‍ത്ത് നോക്കിയിട്ടല്ലല്ലോ അളിയാ കുട്ടികളായിരിക്കുമ്പോള്‍ രേണു മധുവിനുളളതാണെന്ന് നമ്മള്‍ തന്നെ പറഞ്ഞ് വച്ചത്…” രാമചന്ദ്രന്‍റെ ശബ്ദമുയര്‍ന്നു…

”പക്ഷെ അങ്ങനെ പറഞ്ഞ് വച്ചുവെന്ന കാരണത്തില്‍ എല്ലാം അറിഞ്ഞിരുന്നോണ്ട് കുട്ടികളെ കുരുതി കൊടുക്കാന്‍ കഴിയുമോ അളിയാ…” പരമേശ്വരന്‍റെ വാക്കുകള്‍ കേട്ടതും രാമചന്ദ്രന് രോഷം അടക്കാന്‍ കഴിഞ്ഞില്ല…

”ദേ മറ്റേടത്തെ വര്‍ത്തമാനം എന്നോട് പറയരുത്… ഇന്നലെ വരെ പറഞ്ഞ വാക്ക് ഇന്ന് മാറ്റിപ്പറഞ്ഞാല്‍ എന്‍റെ തനിനിറം നിങ്ങള്‍ കാണും… പറഞ്ഞേക്കാം…” രാമചന്ദ്രന്‍ വിറഞ്ഞ് തുളളി..

”ദേഷ്യപ്പെടാതെ അളിയാ… അളിയന്‍ ഒന്ന് ഇരുന്ന് ചിന്തിച്ച് നോക്ക്… പണ്ടോ ഇന്നലെയോ പറഞ്ഞ വാക്കിന്‍റെ പുറത്ത് കുഞ്ഞുങ്ങളുടെ ജീവിതം അപകടത്തിലിക്കുന്നതെന്തിനാ… മധുവിനോട് ഞാന്‍ വിവരം പറഞ്ഞപ്പോള്‍ അവന്‍ വിവേകത്തോടെ അത് മനസ്സിലാക്കി… അവന് രേണുവിന്‍റെ ജീവിതം നഷ്ടപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നില്ല… അതല്ലേ അളിയാ യഥാര്‍ത്ഥ സ്നേഹം…” പരമേശ്വരന്‍ അനുനയത്തോടെ കാര്യങ്ങള്‍ രാമചന്ദ്രനോട് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു…

”നെന്‍റെ മോന് പറഞ്ഞ് കൈകഴുകാം… അത് പോലല്ലോ എന്‍റെ മോള്… നാട്ടുകാര് എന്‍റെ മോളെ കുറിച്ച് എന്തെല്ലാം പറയാം.. തന്‍റെ മോന്‍ കൊണ്ട് കൊണ്ട് നടന്ന പെണ്ണാണെന്ന് അവര്‍ പറയും.. ഇതില്‍പ്പരം ഒരു നാണക്കേട് വേറെയുണ്ടോ…” രാമചന്ദ്രന്‍റെ കണ്ണുകള്‍ നിറഞ്ഞു…

”അച്ഛാ….” മകളുടെ വിളി കേട്ട് രാമചന്ദ്രനും പരമേശ്വരനും ഒരുപോലെ രേണുവിനെ നോക്കി…

”മധുച്ചേട്ടനുമായി മോശമായ രീതിയില്‍ ഒരു ബന്ധവും എനിക്കുണ്ടായിട്ടില്ല അച്ഛാ… അതിന് ഞാന്‍ ഇടം കൊടുത്തിട്ടുമില്ല… അവര്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ഈ ബന്ധത്തിന് അച്ഛന്‍ എന്തിന് നിര്‍ബന്ധിക്കുന്നു… എനിയ്ക്ക് ഈ ബന്ധത്തിനോട് ഇനി താല്‍പ്പര്യമില്ല…”
ദൃഢമായ സ്വരത്തില്‍ പറഞ്ഞ് രേണു പിന്തിരിഞ്ഞ് നടന്നു…

പിടിച്ച് കെട്ടിനിര്‍ത്തിയ കണ്ണുനീര്‍ അവളുടെ കണ്ണുകളില്‍ നിന്നും അണപ്പൊട്ടിയൊഴുകി…

ആരും കാണാതെ അവള്‍ അത് മറച്ച് പിടിച്ചു മുറിയ്ക്കുളളിലേക്ക് നടന്നു നീങ്ങി…

നിശ്ശബ്ദനായിരിക്കുന്ന രാമചന്ദ്രനെ ഒന്ന് നോക്കിയ ശേഷം പരമേശ്വരന്‍ എഴുന്നേറ്റ് പെങ്ങള്‍ സാവിത്രിയെ നോക്കി…

അവര്‍ നിന്നിടം ശൂന്യമായിരുന്നു…

********

രേണുവിന്‍റെ കയ്യിലിരുന്ന് മധുവിന്‍റെ വിവാഹ ക്ഷണക്കത്ത് വിറച്ചു…

അവളുടെ കണ്ണുകള്‍ നിറഞ്ഞു…

മധു പരമേശ്വരന്‍
വെഡ്സ്
രാഗേന്ദു ജനാര്‍ദ്ദനന്‍

”വലിയ ബന്ധം കിട്ടിയപ്പോള്‍ നാളിന് ചേര്‍ച്ചക്കുറവുണ്ടെന്ന കളളക്കഥയുണ്ടാക്കി എന്‍റെ മോളെ അവന്‍ തഴഞ്ഞു… അനുഭവിക്കും അവന്‍… എന്‍റെ മോളുടെ ഓരോ തുളളി കണ്ണീരിനും…”
രാമചന്ദ്രന്‍ വേദനയോടെ ശപിച്ചു…

”അച്ഛന്‍ വിഷമിക്കരുത്… വിശ്വസിക്കുന്നവരുടെയും സ്നേഹിക്കുന്നവരുടെയും നേരും നെറിയും അറിയാന്‍ ദൈവം ഒരു അവസരം തന്നതായിട്ട് കരുതിയാല്‍ മതി…”

”എന്നാലും മോളെ നിനക്കിതെങ്ങനെ സഹിക്കാന്‍ കഴിയണു…”
സാവിത്രി നെഞ്ച് പൊട്ടി ചോദിച്ചു…

”വേദനയില്ലെന്ന് പറയുന്നില്ല അമ്മേ… ഹൃദയം പൊട്ടുന്ന വേദനയുണ്ട്… പക്ഷെ ജീവിതം മുഴുവന്‍ കരഞ്ഞ് തീര്‍ക്കാന്‍ ഞാന്‍ ദുര്‍ബലയായ ഒരു പെണ്ണല്ല… എനിയ്ക്ക് ജീവിക്കണം… മാന്യമായി തന്നെ…”

”പോസ്റ്റ്…”
ശബ്ദം കേട്ട് രാമചന്ദ്രനും സാവിത്രിയും ഒപ്പം രേണുവും പൂമുഖത്തേക്ക് ചെന്നു…

”രേണുവിനാ…”
പോസ്റ്റുമാന്‍ വേലായുധന്‍ നിറചിരിയോടെ തുടര്‍ന്നു…

”പി.എസ്സ്.സിയില്‍ നിന്നുമുളള അപ്പോയിന്‍റ്മെന്‍റ് ലെറ്ററാണ്… ഈശ്വരനെ ധ്യാനിച്ച് ഒപ്പിട്ട് വാങ്ങിക്കോ കുട്ട്യേ….”

രേണുവിന്‍റെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ വിടര്‍ന്നു…

അപ്പോയിന്‍റ്മെന്‍റ് ലെറ്റര്‍ ഒപ്പിട്ട് വാങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി…

”മലയാളം ഹൈസ്കൂള്‍ സെക്കന്‍ററി അധ്യാപികയായിട്ടാണ് അമ്മേ…” രേണു സന്തോഷ വര്‍ത്തമാനം അറിയിക്കുമ്പോള്‍ സാവിത്രിയുടെ കണ്ണുകളില്‍ നിന്നും ആനന്ദാശ്രുക്കളുതിരുകയായിരുന്നു..

”ദൈവനിശ്ചയങ്ങള്‍ എന്താണെന്ന് നമ്മള്‍ക്കറിയാന്‍ കഴിയില്ല… ഒരു ദുഃഖത്തെ മറയ്ക്കാന്‍ ഒരു സന്തോഷം ദൈവം തന്ന് കഴിഞ്ഞു… എല്ലാം അവന്‍റെ മായാവിലാസങ്ങള്‍…”

**********

”അറിഞ്ഞോ കുട്ട്യേ… മധുവിന് ഒരു ആക്സിഡന്‍റ് സംഭവിച്ചു…”
അച്ഛന്‍റെ വാക്കുകള്‍ കേട്ടതും രേണുവിന്‍റെ കണ്ണുകള്‍ പിടഞ്ഞു…