അളകനന്ദ 3 [Kalyani Navaneeth]

അളകനന്ദ 3
Alakananda Part 3 | Author : Kalyani Navaneeth | Previous Part

ആ മിഴികളിൽ , സ്നേഹമോ , പ്രണയമോ , വേദനയോ … അതോ ഇനി താൻ സാറിന്റെ ഉത്തരവിദിത്വം ആണെന്ന തോന്നലോ …….

എനിക്കതു തിരിച്ചറിയാൻ കഴിഞ്ഞില്ല ….

സർ എന്റെ രണ്ടു ചുമലിലും പിടിച്ചു, എഴുന്നേൽപ്പിക്കുമ്പോൾ…. അച്ഛൻ എന്തെങ്കിലും ചെയ്യുമോ ന്നു ഞാൻ പേടിച്ചു ….

നടക്കാൻ ശ്രമിച്ചപ്പോൾ വേച്ചു പോയ എന്നെ താങ്ങി പിടിച്ചു കൊണ്ട് സാർ വീടിനു അകത്തേക്ക് കയറുമ്പോൾ , …. നാട്ടുകാർ മൂകസാക്ഷികളായി …..

എതിർക്കാൻ ആരും തന്നെ വന്നില്ല ….

എല്ലാം കണ്ടു കൊണ്ട് മതിലിൽ ചാരി നിന്ന് കരയുന്ന അമ്മയുടെ കണ്ണുകൾ …

“ഇനിയെങ്കിലും നീ ആഗ്രഹിച്ച പോലെ നിന്റെ സാറിനൊപ്പം സുമംഗലിയായി ജീവിക്കൂ “ എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു ……

ആ കണ്ണുകൾ അപ്പൊ ആശിർവദിക്കുന്ന പോലെ തോന്നി ….

സാറിന്റെ ‘അമ്മ വേഗം തന്നെ ഒരു നിലവിളക്കു തെളിച്ചു കൊണ്ട് വന്നു എന്നെ എതിരേറ്റു ….. ‘അമ്മ തന്നെയാണ് എന്നെ അന്ന് കുളിപ്പിച്ച് തന്നത് ……

വേദനിക്കാതെ മുറിവുകളിൽ നിന്നും , ചോരയും വെള്ളവും ഒപ്പിയെടുക്കുമ്പോൾ , അമ്മയുടെ മുഖം കാറും കോളും , ഒഴിഞ്ഞ പോലെ ശാന്തമായിരുന്നു ……….

” മോള് വിഷമിക്കണ്ട…… ഇത് ഇങ്ങനെയൊക്കെ തന്നെ അവസാനിക്കുള്ളു എന്നെനിക്കു നേരത്തെ തന്നെ തോന്നിയിരുന്നു …….
അല്ലാതെ അവൻ സ്വന്തം മനസ്സാലെ നിന്നെ കല്യാണം കഴിക്കാനും, …. നിന്റെ അച്ഛൻ അത് നടത്തി കൊടുക്കാനും ,…. ഒന്നും പോകുന്നില്ലല്ലോ …..,
പിന്നെ നീ ആണെങ്കിലോ , …. ഇവൻ ഇല്ലാതെ ജീവിക്കാനും പോകുന്നില്ല…..അപ്പൊ ദൈവം കാണിച്ചു തന്ന വഴി ഇതാണെന്നു കരുതിയാൽ മതി …. “

കുളിച്ചു മാറാൻ വീണേച്ചിയുടെയും , വിദ്യേച്ചിയുടെയും, ഡ്രസ്സുകൾ ധാരാളമായിരുന്നു …….

പിറ്റേദിവസം തന്നെ , അറിയാത്തവരും , കാണാത്തവരും ഒക്കെ പറഞ്ഞും , കെട്ടും ഒക്കെ തന്റെ കഥ അറിഞ്ഞു …..

സാറിന്റെ അമ്മയെ സഹായിക്കാൻ വരുന്ന ശാരദ ചേച്ചിയാണ് പറഞ്ഞത് …

.” മോളെ സാധാരണ പ്രേമ കല്യാണം പോലെ ഒന്നും അല്ലാട്ടോ …. നാട്ടുകാരൊക്കെ പറയുന്നത് മോള് ഒരു സംഭവം ആണെന്നാണ് …..
ഇത്ര അടി കൊണ്ടിട്ടും എല്ലാം സഹിച്ചത് വൈശാഖിനെ അത്ര സ്നേഹിക്കുന്നത് കൊണ്ടാണത്രേ …..

.വൈശാഖ് ആണെങ്കിലും അവന്റെ അച്ഛൻ പറയുന്നത് കേട്ട് , മോളെ രക്ഷിക്കയല്ലേ ചെയ്തത് ……..

പിന്നെ രമേശന്റെ കാര്യം, …(എന്റെ അച്ഛന്റെ പേരായിരുന്നു രമേശൻ) ….. അവൻ തല്ലിയത് ഇത്തിരി കടും കൈ തന്നെ ആണ് ….
എന്നാലും അവന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ….

ഏതു അച്ഛനാണ് ഇതൊക്കെ സഹിക്കാനാവുന്നത് …… അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാവും ……

എന്തൊക്കെ ആണെങ്കിലും സ്നേഹിക്കാനെങ്കിൽ മോളെ കണ്ടു പഠിക്കണം എന്നാണ് ഇപ്പൊ സംസാര വിഷയം ………..

പകുതി കാര്യത്തിലും … പകുതി തമാശയ്ക്കും ,….. ചേച്ചി അത് പറയുമ്പോൾ …..

അമ്മയുടെ മുഖത്ത് നിറഞ്ഞ ചിരി ആയിരുന്നു ………

നിന്നെക്കാളും എന്റെ മോനെ സ്നേഹിക്കാൻ ഒരു പെണ്ണിനും കഴിയില്ലന്നു പറഞ്ഞു ‘അമ്മ എന്നെ ചേർത്ത് നിർത്തി …….

ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞ ഒരു സത്യം ഉണ്ടായിരുന്നു ……

“പ്രണയിക്കുന്നെങ്കിൽ ജീവൻ കൊടുത്തു തന്നെ പ്രണയിക്കണം …….ഒന്നുകിൽ ജീവൻ നഷ്ടപ്പെടും ,…. അല്ലെങ്കിൽ പ്രണയിച്ച ആളെ കിട്ടും …….” രണ്ടിൽ ഒന്ന് സംഭവിക്കുമെന്ന് ഉറപ്പാണ് ………….

അന്നത്തെ ദിവസം തന്നെ ഉച്ചയ്ക്ക് മുന്നേ രണ്ടു ചേച്ചിമാരും ,എത്തി …… എല്ലാവരേക്കാളും സന്തോഷം അവരുടെ മുഖത്ത് ആയിരുന്നു ……..

“നിന്നെ തന്നെ കുഞ്ഞേട്ടൻ കല്യാണം കഴിക്കണമെന്നു ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ……. പക്ഷെ അത് എങ്ങനെ നടക്കും എന്ന് മാത്രം ഒരു പിടിയും ഉണ്ടായില്ല ………’.വീണേച്ചി പറഞ്ഞു …

അച്ഛൻ എന്തെങ്കിലും കേസിനു പോകും മുന്നേ കല്യാണം നടത്തണം എന്ന് എല്ലാവർക്കും ഒരേ അഭിപ്രായം ആയിരുന്നു

പെട്ടെന്ന് തന്നെ ഒരു നല്ല മുഹൂർത്തം നോക്കി ……..രണ്ടാഴ്ചയ്ക്കു ശേഷമുള്ള മുഹൂർത്തമാണ് കിട്ടിയത് …..

അതിനിടയിൽ “പുകഞ്ഞ കൊള്ളി പുറത്തു ‘ അത്രയേ കണക്കാക്കുന്നുള്ളു ….. അല്ലാതെ കേസിനൊന്നും പോകുന്നില്ലെന്ന് അച്ഛൻ ആരോടോ പറഞ്ഞുന്നു അറിഞ്ഞു …….i

അത് ഒരു ആശ്വാസമായി ….”മുറിവുകളും, മുഖത്തെ നീരും ഒക്കെ മാറാനുള്ള സമയം കിട്ടുമല്ലോ” സാറിന്റെ അച്ഛൻ പറഞ്ഞു ….

ആ രണ്ടാഴ്ച …. ഞാനും , അമ്മയും, ഒരുമിച്ചാണ് കിടന്നിരുന്നത് …….. വിദ്യേച്ചിയും വീണേച്ചിയും കല്യാണത്തിന് രണ്ടു മൂന്ന് ദിവസം മുന്നേ വരാം എന്ന് പറഞ്ഞു പോയി …..

അമ്മയുടെ കൂടെ കിടക്കുമ്പോൾ , സാറിന്റെ കുട്ടിക്കാലത്തെ വിശേഷങ്ങളും , വികൃതികളും , ഒരു മഴയത്തു സൈക്കിളിൽ പോയപ്പോൾ വീണതും , പൊട്ടും പൊടിയും വിടാതെ കഥ പോലെ പറഞ്ഞു തരുമായിരുന്നു ……..

താനതൊക്കെ ഒരു വീര കഥയിലെ നായകൻറെ കഥ കേൾക്കും പോലെ കേട്ട് ഉറങ്ങും …….

ഈ രണ്ടാഴ്ചയും , ഒരു വീട്ടിൽ തന്നെ ഉണ്ടായിരുന്നെങ്കിലും സാർ എന്നെ അത്ര മൈൻഡ് ഒന്നും ചെയ്തില്ല ……… സുരക്ഷിതമായ രണ്ടു കൈകളിൽ (സാറിന്റെ അച്ഛനും അമ്മയും )ഏല്പിച്ചതിന്റെ ആശ്വാസമായിരുന്നു ആ മുഖത്ത് ….

മുന്നിൽ വന്നു പെടുമ്പോൾ എല്ലാം വെറുതെ ഒന്നു പുഞ്ചിരിക്കും , അല്ലെങ്കിൽ, ” നന്ദേ മുറിവിന്റെ വേദന കുറഞ്ഞോ “എന്ന് ചോദിക്കും ….

നന്ദ എന്നല്ലാതെ , എടി.. നീ .. എന്നൊക്കെ വീണേച്ചിയെയും വിദ്യേച്ചിയേയും വിളിക്കും പോലെ എന്നെ ഒന്ന് വിളിച്ചെങ്കിലെന്നു മനസ്സ് കൊതിക്കയാവും അപ്പോൾ ….

അടുത്തുള്ള ശിവ ക്ഷേത്രത്തിൽ വച്ച് , ചെറിയ രീതിയിൽ അടുത്തുള്ള ബന്ധുക്കളെ മാത്രം ക്ഷണിച്ചു കല്യാണം നടത്താമെന്നു തീരുമാനിച്ചു ….. കല്യാണത്തിന് മൂന്ന് ദിവസം മുന്നേ തന്നെ ചേച്ചിമാർ എത്തി ….

അവർ വന്നാൽ വീട്ടിൽ ഒരു ആഘോഷം പോലെയാണ് ……… ചേച്ചിമാരുടെ ഭർത്താക്കന്മാരും അവരെ ഒരുപാട് സ്നേഹിക്കുന്നവർ ആയിരുന്നു ….. വീണേച്ചിയുടെ മോനും , വിദ്യേച്ചിയുടെ രണ്ടു മക്കളും … വീട്ടിൽ ആകെ ഉത്സവം പോലെ ആണ് ……

ഇടയ്ക്കു എന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിക്കുമ്പോൾ , ആ ചിരികളിയുടെ ഇടയിലും എന്റെ ഉള്ളൊന്നു കാളുമായിരുന്നു…. എനിക്കറിയാം എന്റെ അച്ഛനെ ……

വളർത്തു ദോഷം എന്ന സാറിന്റെ ഒറ്റ വാക്കാണ് , വര്ഷങ്ങള്ക്കു മുന്നേ അച്ഛനെ പ്രകോപിതനാക്കിയത് ……… അത് ഇപ്പോഴും മറക്കാൻ പറ്റാത്തതാണ് , കഴിഞ്ഞ ദിവസം വീണ്ടും അത്രയ്ക്ക് ദേഷ്യം ഉണ്ടാക്കിയത് ……….

മനസ്സ് കൊണ്ട് അച്ഛനോട് മാപ്പു പറഞ്ഞു …. അച്ഛനെ മനസ്സിലാക്കാൻ കഴിയാത്തതു കൊണ്ടല്ല ,…. അച്ഛന്റെ മുൻകോപത്തിനേക്കാളും, നൂറിരട്ടി ഞാൻ സ്നേഹിച്ചു പോയിരുന്നു …….

കല്യാണത്തിന് രണ്ടു ദിവസം മുന്നേ , എനിക്ക് അത്യാവശ്യം അണിയാനുള്ള ആഭരണങ്ങളും , താലിയും ഒക്കെ വാങ്ങാൻ എല്ലാവരും ഒരുമിച്ചാണ് പോയത് …….

ജ്വല്ലറിയിലെ തിളക്കങ്ങളൊന്നും എന്റെ കണ്ണിൽ പതിഞ്ഞതേയില്ല ….. ആ മഞ്ഞ വെളിച്ചത്തിൽ ഞാൻ സാറിന്റെ മുഖത്തെ ഓരോ ഭാവങ്ങളും നോക്കി നിന്നു….

നന്ദേ ഇത് ഇഷ്ടായോ , അത് ഇഷ്ടായോ എന്ന് സാർ ചോദിക്കുമ്പോൾ .. ഞാൻ ആ മുഖത്തേക്ക് കൺ ചിമ്മാതെ നോക്കും ….. ഒരു അച്ഛൻ മകളെ കെട്ടിച്ചു വിടുമ്പോൾ എന്ന പോലെ , അത്രയും ആഭരണങ്ങൾ എനിക്കായി വാങ്ങുമ്പോൾ…. . ആൾക്ക് എന്നോടുള്ള സ്നേഹത്തിനു എന്ത് പേരിട്ടു വിളിക്കണം എന്ന് ഞാൻ ചിന്തിച്ചു കൊണ്ടേ ഇരുന്നു ………

പിന്നെ കല്യാണ സാരിയും മറ്റും വാങ്ങാൻ ടെക്സ്റ്റൈൽസിൽ പോയപ്പോഴും , ഞാൻ എന്റെ സാറിനെ മാത്രം നോക്കി നോക്കി ഇരുന്നു …..

അന്നേരം ആണ് എനിക്ക് മനസ്സിലായത് , സാർ അടുത്ത് ഉണ്ടെങ്കിൽ മറ്റൊന്നും കാണാൻ എനിക്ക് കഴിയുന്നില്ല എന്ന് ……

എല്ലാവരും കൂടി എന്തൊക്കെയോ സെലക്ട് ചെയ്തു ……

കല്യാണ ദിവസം വന്നെത്തി ….., സാറിനെ കിട്ടുന്നത് ലോകം കീഴടക്കുന്ന സന്തോഷം ആണെങ്കിലും ,… ആദ്യമായി അച്ഛനും അമ്മയും കൂടെ ഇല്ലലോ എന്നൊരു വേദന നെഞ്ചിൽ നിറഞ്ഞു … എന്റെ കല്യാണം അവരും സ്വപ്നം കണ്ടിട്ടുണ്ടാവില്ലേ….. തൊട്ടടുത്ത വീട്ടിൽ ഉണ്ടെങ്കിലും അന്യരെ പോലെ ……

വിദ്യേച്ചിയും , വീണേച്ചിയും ചേർന്നെന്നെ അതി സുന്ദരിയായാണ് അണിയിച്ചൊരുക്കിയത് …… ഒരുങ്ങി വന്നപ്പോൾ , സാറിന്റെ കണ്ണുകൾ പെട്ടെന്ന് എന്നിലുടക്കി……ഒരു നിമിഷം മാത്രം …. ആദ്യമായാണ് അങ്ങനെ ഒരു നോട്ടം ….. ഞാൻ അടിമുടി പൂത്തു പോയി …

വീട്ടിൽ നിന്നു ക്ഷേത്രത്തിലേക്ക് പോകാൻ ഇറങ്ങുമ്പോൾ, അടുത്ത ബന്ധുക്കളും, അയൽക്കാരും , പിന്നെ സാറിന്റെ കുറച്ചു സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു …….

ഒരു നിമിഷം ഞാനെന്റെ വീട്ടിലേക്കു നോക്കി ….. ആരും പുറത്തു കാണില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ …….

എന്നാൽ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അനിയത്തി ഗേറ്റിനു അടുത്ത് , ഞാൻ ഇറങ്ങുന്നത് കാണാൻ എന്ന പോലെ നിൽക്കുന്നുണ്ടായിരുന്നു ….

അവൾ എപ്പോൾ ഹോസ്റ്റലിൽ നിന്നു വന്നു …? എത്രനാളായി അവളെ അടുത്ത് കണ്ടിട്ട് …….

അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തുളുമ്പുന്നത് എനിക്ക് വ്യക്തമായിരുന്നു ….

അവളെന്തോ പറയാൻ ആംഗ്യം കാണിച്ചു… അപ്പോഴാണ് തൊട്ടപ്പുറം … മാവിന്റെ കൊമ്പിലേക്കു നോക്കികൊണ്ട്‌ അച്ഛൻ നിൽക്കുന്നത് കണ്ടത് ……..

പെട്ടെന്നാണ് സാർ പറഞ്ഞത് ,…. “നന്ദേ , പോയി അച്ഛന്റെ കാൽ തൊട്ടു അനുഗ്രഹം വാങ്ങി വാ ” എന്ന് ….

പലരും സാറിനെ വിലക്കി … വേണ്ട ഈ സമയത്തു ഇനി ഒരു പ്രശ്നം ഉണ്ടാവാൻ കാരണം ആവണ്ട ന്നു …..

പക്ഷെ സർ പറഞ്ഞു ,” നന്ദ പോയി വരൂ … അച്ഛൻ ഒന്നു ചെയ്യില്ല എനിക്ക് മനസിലാകും ആ മനുഷ്യനെ”,… അത് കേട്ട് ആർക്കും ഒന്നു പറയാൻ ഉണ്ടായിരുന്നില്ല …..

അച്ഛന്റെ അടുത്ത് എത്താൻ എന്റെ കാലുകൾക്കു വേഗത പോരെന്നു തോന്നി …..

ഞാൻ വരുന്നത് കണ്ടു അനിയത്തി ഗേറ്റ് തുറന്നു പിടിച്ചു …… ഓടിച്ചെന്നു അച്ഛന്റെ കാലിലേക്ക് വീണപ്പോൾ അച്ഛനതു ഒട്ടും പ്രതീക്ഷിച്ചില്ലന്ന് തോന്നി ….

അച്ഛന് ഒന്നും പറയാൻ ഉണ്ടായില്ല ……പിടിച്ചു എഴുന്നേൽപ്പിച്ചു എപ്പോഴാണ് മുഹൂർത്തം എന്ന് മാത്രം ചോദിച്ചു ……. അത് കണ്ടു കരഞ്ഞു കലങ്ങിയ കണ്ണുമായി ‘അമ്മ പുറത്തേക്കു വന്നു ….രണ്ടുപേരുടെയും കാലിൽ വീണു ഞാൻ മാപ്പു പറയുമ്പോൾ …. പിറകെ വന്നു സാറും അച്ഛന്റെ കാലിൽ തൊട്ടു ……..

അച്ഛന്റെ കണ്ണ് നിറയുന്നത് കാണാതെ ഇരിക്കാൻ അച്ഛൻ പാടുപെടുന്നുണ്ടായിരുന്നു ….” നിങ്ങൾ വേഗം പൊയ്ക്കോ,… മഴ വരും ചിലപ്പോൾ… നല്ല ചൂടുണ്ട് ” എന്ന് പറയുമ്പോൾ അച്ഛന്റെ ശബ്ദം ഇടറിയിരുന്നു …….

സർ അച്ഛന്റെ രണ്ടു കയ്യും കൂടി പിടിച്ചു കൊണ്ട് പറഞ്ഞു ….”അച്ഛൻ വളർത്തിയ മകളായതു കൊണ്ടാണ് നന്ദ ഇത്ര അധികം എല്ലാവരെയും സ്നേഹിക്കുന്നത് ….. ആരെയും വിഷമിപ്പിച്ചു അവൾക്കു പോകാൻ കഴിയില്ല… അത്രയും നല്ല കുട്ടിയാണ് നന്ദ “

അച്ഛന്റെ മനസ്സിൽ മായാതെ കിടന്ന വളർത്തു ദോഷം എന്ന വാക്കു മായ്ക്കാൻ അത് മതിയായെന്നു തോന്നി …..

തിരിച്ചു ഇറങ്ങുമ്പോൾ , ഒരു ഏട്ടന്റെ അധികാരത്തോടെ , സർ അനിയത്തിയോട് പറഞ്ഞു ….. ” മുഹൂർത്തത്തിന് ഇനിയും സമയം ഉണ്ട് ….. നീ പെട്ടെന്ന് റെഡിയായി അച്ഛനെയും അമ്മയെയും കൂട്ടി , അമ്പലത്തിലേക്ക് വാ …

നഷ്ടപെട്ടതെല്ലാം തനിക്ക്, ഒരു നിമിഷം കൊണ്ട് തിരിച്ചു തരാൻ സാറിന് മാത്രമേ കഴിയുള്ളു എന്ന് തോന്നി …. ആ മനസ്സിന്റെ വലിപ്പം താൻ അറിഞ്ഞതിലുമൊക്കെ എത്രയോ മുകളിലാണ് …….

സാക്ഷികളായി നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു …..” നിങ്ങളെ ദൈവം അനുഗ്രഹിക്കും മക്കളെ …അത്രയ്ക്കും പുണ്യമാണ് നിങ്ങൾ ചെയ്തതെന്ന് പറഞ്ഞു കൊണ്ട് സാറിന്റെ ‘അമ്മ കണ്ണ് തുടച്ചു ……
എല്ലാവരുടെയും മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു ……….

അമ്പലത്തിൽ എത്തി തൊഴുതു വലം വച്ച് , എത്തിയപ്പോൾ പൂജാരി കർമങ്ങൾ ചെയ്യാൻ തുടങ്ങിയിരുന്നു ….. ” “വിനു ഒന്ന് പെട്ടെന്ന് കൂട്ടി കൊണ്ട് വരൂ ” സർ ആരോടോ ഫോണിൽ പറയുന്നുണ്ടായിരുന്നു …..

കതിർ മണ്ഡപത്തിൽ ഇരിക്കുമ്പോഴും തന്റെ കണ്ണ് ക്ഷേത്ര കവാടത്തിൽ ആയിരുന്നു ……… പത്തു മിനിട്ടു കൊണ്ട് തന്നെ,… വിനു അച്ഛനെയും,അമ്മയെയും അനിയത്തിയേയും കൂട്ടി വന്നു …..

മണ്ഡപത്തിലേക്ക് കയറാതെ, അച്ഛനും അമ്മയും ഒരു സൈഡിൽ മാറി നിന്നു……. എല്ലാവരും പുതിയ ഡ്രെസ്സുകൾ ഒക്കെ ഇട്ടു നില്ക്കുംമ്പോൾ ,….

അച്ഛനും അമ്മയും കയ്യിൽ കിട്ടിയത് എടുത്തു ഇട്ടോണ്ട് പോന്നതാണെന്നു ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും …….

കന്യാ ദാന ചടങ്ങിന് വേണ്ടി അച്ഛനെ വിളിച്ചപ്പോൾ , അച്ഛൻ പതിയെ മണ്ഡപത്തിലേക്ക് വന്നു ….

എന്റെ കൈ പിടിച്ചു , അച്ഛൻ സാറിന്റെ കയ്യിൽ വയ്ക്കുമ്പോൾ , എന്റെ കയ്യിൽ അച്ഛന്റെ കണ്ണുനീർ , തുള്ളികളായി വീണു കൊണ്ടിരുന്നു ……

നീ തിരഞ്ഞെടുത്തത് അച്ഛന് ഏറ്റവും യോഗ്യനായ മരുമകനെ ആണെന്ന് അച്ഛന്റെ മുഖം പറയുന്നുണ്ടായിരുന്നു ……..

കൊട്ടും കുരവയും, പുഷ്പ വർഷവും ഒക്കെ ആയി , സാർ എന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ , സാറിന്റെ ശ്വാസം എന്റെ കവിളിൽ തട്ടുന്നുണ്ടായിരുന്നു …..

കണ്ണടച്ച് നിന്നു ഞാൻ ദൈവത്തോട് നന്ദി പറയുമ്പോൾ , ഇല ചീന്തിൽ നിന്നു ഒരു നുള്ള് കുങ്കുമം സാർ എന്റെ നെറുകയിൽ അണിയിച്ചിരുന്നു ……..

കല്യാണം കഴിഞ്ഞു സാറിന്റെ വീട്ടിലൊരുക്കിയ സദ്യയിൽ , അച്ഛന് എന്റെ അടുത്ത് തന്നെ ഇല വിളമ്പി , അച്ഛനെ കൈ പിടിച്ചു എന്റെ അടുത്ത് ഇരുത്തുമ്പോൾ സാറിന്റെ അച്ഛന്റെ മുഖത്തും സംതൃപ്തി ആയിരുന്നു ..

അവിടെ നിന്നു ഇറങ്ങുമ്പോൾ , ബന്ധുക്കളെ എല്ലാവരെയും വിളിച്ചു, റിസപ്ഷൻ നടത്താൻ ഒരു ദിവസം ഫിക്സ് ചെയ്യട്ടെയെന്നു അച്ഛൻ സാറിനോട് ചോദിച്ചു …..

“അച്ഛന്റെ ഇഷ്ടം പോലെ …. അതിലും ഒക്കെ വലുതല്ലേ…. അച്ഛന്റെ അനുഗ്രഹം ….

ആ അനുഗ്രഹം ഉണ്ടല്ലോ ,…..അതുമതിയല്ലോ ഞങ്ങൾക്ക് ,….” എന്ന് സാർ പറഞ്ഞപ്പോൾ അച്ഛന്റെ മുഖം അഭിമാനം കൊണ്ട് നിറയുകയായിരുന്നു ………..

ഒരിക്കലും നടക്കില്ലന്ന് കരുതിയതൊക്കെ ഒരു ദിവസം കൊണ്ട് തന്നെ സാധിപ്പിച്ചു തന്നതിന് , ദൈവത്തിനോട് നന്ദി പറയുമ്പോഴും ,…. ആരും കാണാതെ സാറിന്റെ നെഞ്ചിൽ വീണു പൊട്ടിക്കരയണമെന്നും, അച്ഛന്റെ പിണക്കം മാറ്റിയതിൽ നന്ദി പറയണം എന്നൊക്കെ തോന്നി…..

അന്ന് രാത്രി , ‘അമ്മ ഒരു ഗ്ലാസ്സിൽ പാൽ നിറച്ചു എന്റെ കയ്യിൽ തരുമ്പോൾ പറഞ്ഞു…

ഇത് ഒരു ചടങ്ങാണ് അത് കൊണ്ട് തരുന്നതാ…. .. എന്റെ മുഖം രണ്ടും കൈ കൊണ്ടും ചേർത്ത് പിടിച്ചു കൊണ്ട് ‘അമ്മ പറഞ്ഞു,…. ഈ സുന്ദരിക്കുട്ടിയെ അവൻ ഒരിക്കൽ സ്നേഹം കൊണ്ട് മൂടും ….പക്ഷെ ഇപ്പൊ അവൻ എന്തെങ്കിലും പറഞ്ഞാൽ അത് ഓർത്തു മോൾ മനസ്സ് വിഷമിപ്പിക്കരുത് …..

എനിക്കറിയാലോ അമ്മെ … എനിക്ക് അതിൽ ഒന്നും ഒരു വിഷമവും ഇല്ല …… ഇനി സാറിനെ എനിക്ക് എപ്പോഴും … കാണാല്ലോ … അതിനേക്കാൾ വലിയ സന്തോഷം ഒന്നുമില്ലല്ലോ …..എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ ആ മുറിയിലേക്ക് ചെല്ലുമ്പോൾ ,…

സർ കെമിസ്ട്രി റെക്കോർഡ്‌സ് കറക്റ്റ് ചെയ്യുകയായിരുന്നു ……. തന്നെ കണ്ടപ്പോൾ തന്നെ…. “ആഹാ പാലൊക്കെ ആയിട്ടാണല്ലോ …. ‘അമ്മ തന്നു വിട്ടതായിരിക്കും അല്ലെ …?

എന്തായാലും മുഴുവൻ കുടിച്ചaളൂട്ടോ …. നന്ദയ്ക്ക് ഭയങ്കര ക്ഷീണം ആണെന്ന് ‘അമ്മ പറയുന്നുണ്ടായിരുന്നു ……”

ഇരിക്കൂ എന്ന് പറഞ്ഞു കൊണ്ട് ഒരു കസേര എന്റെ അടുത്തേക്ക് അടുപ്പിച്ചു ഇട്ടു തന്നു കൊണ്ട് , ….സർ വീണ്ടും റെക്കോർഡിലേക്ക് ശ്രദ്ധ തിരിച്ചു ………..

ആ റെക്കോർഡിലേക്ക് ഒക്കെ നോക്കുമ്പോൾ , … പണ്ട് ലാബിനു പുറത്തു നിർത്തിയ ദിവസം , സാറിനോട് ഇഷ്ടം പറഞ്ഞതും , സാറിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നതും… അച്ഛൻ ചട്ടകം പഴുപ്പിച്ചു കാലിൽ വച്ചതും ഒക്കെ ഇന്നലെ നടന്ന പോലെ ഓർമ വരുന്നുണ്ടായിരുന്നു ………..

അന്നത്തെ കൗതുകം ഒട്ടും കുറയാതെ , ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കിയിരുന്നു ….. പെട്ടെന്ന് എന്തോ പറഞ്ഞു കൊണ്ട് എന്നിലേക്ക്‌ തിരിഞ്ഞ സാർ , എന്റെ നോട്ടത്തിനു മുന്നിലും, ഞാൻ ആ നോട്ടം പിൻവലിക്കാൻ കഴിയാതെയും പതറി ….

റെക്കോർഡുകൾ ഒക്കെ മടക്കി വച്ച് സർ പറഞ്ഞു … ” നന്ദയുടെ പ്രണയം ഈ നിമിഷം വരെ എനിക്ക് അത്ഭുതമാണ് … പക്ഷെ പഠിപ്പിച്ച കുട്ടിയെ ഭാര്യയായി കാണാൻ ഒന്നും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല ….നന്ദയ്ക്ക് അത് മനസ്സിലാക്കാൻ പറ്റും….. ഇല്ലേ …?

നെഞ്ച് പൊട്ടിപോകുമെന്നു തോന്നിയെങ്കിലും ചിരി വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു … അതെ എനിക്ക് മനസ്സിലാക്കാന് പറ്റും …..

“എന്നാൽ നന്ദ കിടന്നോളു …. കുറച്ചു ദിവസം ലീവ് ആയിരുന്നതല്ലേ … നാളെ ക്ലാസ്സിൽ പോണം … ഇതൊന്നു നോക്കി തീർക്കട്ടെ ….”

ഞാൻ പതിയെ ബെഡിന്റെ ഓരം ചേർന്ന് കിടന്നു ….. എപ്പോഴോ ഉറങ്ങി ….

ഇടയ്ക്കെപ്പോഴോ ഉണർന്നപ്പോൾ ആണ് സാർ താഴെ പായ വിരിച്ചു കിടക്കുന്നതു കണ്ടത് …… അത് എനിക്ക് സഹിക്കാൻ ആയില്ല …

തറയിൽ കിടക്കേണ്ടത് ഞാനല്ലേ …. ഇനി ഒരിക്കലും സാറിന് തറയിൽ കിടക്കാൻ ഒരിട വരുത്തില്ലെന്ന് കരുതിയാണ് എഴുന്നേറ്റത് …….

കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ ചെന്ന് നോക്കുമ്പോൾ ‘അമ്മ അവിടെ ഇല്ല …. അമ്പലത്തിൽ പോയെന്നു അച്ഛൻ പറഞ്ഞു …. ചേച്ചിമാർ രണ്ടു മടിച്ചികളും എഴുന്നേറ്റില്ലന്നും …..

അവർ ഉറങ്ങിക്കോട്ടെ അച്ഛാ … ഇവിടെ വരുമ്പോൾ അല്ലെ അവർക്ക് ഇങ്ങനെ ഉറങ്ങാൻ പറ്റുള്ളൂ എന്ന് പറഞ്ഞു കൊണ്ട് ഞാൻ അടുക്കളയിലേക്കു തന്നെ തിരിച്ചു പൊന്നു ……

ചായയുമായി ഉമ്മറത്തേക്ക് ചെല്ലുമ്പോൾ , അച്ഛൻ പത്രം വായിക്കുകയായിരുന്നു …..

ചായ ഞാൻ ഇട്ടു അച്ഛാ … എന്ന് പറഞ്ഞു കൊണ്ട് ചായ അച്ഛന് കൊടുക്കുമ്പോൾ …. അച്ഛൻ പറഞ്ഞു….

നിന്റെ അമ്മയ്ക്കു അടുക്കളയിൽ സഹായം ഒന്നും വേണ്ടി വരില്ല …..
എപ്പോഴും വർത്താനം പറഞ്ഞു കൊണ്ടിരിക്കാൻ ആണ് ആളെ ആവശ്യം …
.
അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ സാർ ഉണർന്നിരുന്നു …..

സാറിന്റെ അടുത്ത് നിൽക്കുബോൾ ഒക്കെ നെഞ്ചിടിപ്പിന്റെ വേഗത കൂടി വന്നു ….. പലപ്പോഴും നോട്ടങ്ങൾ ഇടയുമ്പോൾ ഹൃദയം നിന്നു പോകുമെന്ന് തോന്നി …….

സാർ പെട്ടെന്നു തന്നെ കുളിച്ചു സ്കൂളിൽ പോകാൻ റെഡി ആയി…. ഇറങ്ങാൻ നേരം അമ്മയോട് പോകുന്നു എന്ന് പറയുമ്പോൾ …. എന്നോട് യാത്ര പറഞ്ഞെങ്കിലെന്നു കൊതിച്ചു ഞാനും അരികിൽ ഉണ്ടായിരുന്നു ….

എന്റെ മനസ്സ് അറിഞ്ഞത് കൊണ്ടാവും , ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ വെറുതെ എന്നെ നോക്കി …
അത് മാത്രം മതിയായിരുന്നു എനിക്ക് , രണ്ടു ദിവസത്തെ സന്തോഷത്തിനു…….

അങ്ങനെ കല്യാണം കഴിഞ്ഞു രണ്ടു മാസം കടന്നു പോയി ……..
അന്ന് മുതൽ ഞാൻ പായ വിരിച്ചു താഴെ കിടക്കാൻ തുടങ്ങി ……….

സാറിന്റെ മുന്നിൽ മാത്രം പച്ച പാവം ആയും, … അച്ഛന്റെയും അമ്മയുടെയും കുസൃതിക്കാരിയും ആയപ്പോൾ ….. ‘അമ്മ ചിലപ്പോൾ എന്നെ നന്ദു ന്നും നന്ദൂട്ടി എന്നും അച്ഛൻ നന്ദൂസ് എന്നും ഒക്കെ വിളിച്ചു തുടങ്ങി …. സാർ ആദ്യം പേര് ചോദിച്ചപ്പോൾ പറഞ്ഞ പോലെ എന്റെ ജീവിതം നിള പോലെ ഒഴുകി തുടങ്ങി …..

അപ്പോഴാണ് ദേ ഇപ്പൊ ചോദിക്കുന്നത് , ഇനി പഠിക്കണം എന്നുണ്ടോ ന്നു …..

വെറുതെ ചോദിക്കുന്നതല്ല, അതിനർത്ഥം , ഉടനെ തന്നെ എവിടെയെങ്കിലും അഡ്മിഷൻ ശരിയാക്കും എന്ന് തന്നെയാണ് ……….ഓർത്തിട്ടു കരച്ചിൽ വരുന്നു ………

ഇത്രനാളും സാറിന്റെ മനസ്സിൽ കയറി പറ്റാത്തതിനെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയായിരുന്നു …..ഇനി ഇപ്പൊ പഠിക്കുന്നതിനെ കുറിച്ചും ചിന്തിക്കണമല്ലോ എന്റെ മഹാദേവാ …. പഠിക്കാതെ സ്വപ്നം കാണാൻ ഒന്നും പറ്റില്ല കൂടെയിരുന്നു പഠിപ്പിക്കും എന്നുറപ്പാണ് ……..

വിധി എന്ന് പറയുന്നത് ഇതാണ് ….. സാഹചര്യങ്ങളോട് പൊരുതിയും, നോയമ്പ് നോറ്റും, ആഗ്രഹിച്ച പോലെ ഈ താലി കഴുത്തിൽ വീണു …. ലോകം കീഴടക്കി എന്ന് തോന്നിയിരുന്നു ………. എന്നിട്ടും ആൾടെ മനസ്സിൽ തനിക്ക് എത്താൻ പറ്റിയില്ലലോ …….

തലയിണയിൽ മുഖം അമർത്തിയിട്ടും, ഒരു തേങ്ങൽ പുറത്തു വന്നു …..

സർ പെട്ടെന്ന് തന്നെ ലൈറ്റിട്ടു ……” നന്ദ ഉറങ്ങിയില്ലേ ….” ചോദ്യം കേൾക്കാതെ ഉറങ്ങിയത് പോലെ ഞാൻ കിടന്നു ……….

നന്ദ കേൾക്കുന്നുണ്ടോ ….? എഴുന്നേൽക്കു…. ശബ്ദത്തിലെ കാഠിന്യം ഞാൻ പെട്ടെന്ന് എഴുന്നേറ്റു …..

“എന്തിനാ കരഞ്ഞത്, എന്താ ഇപ്പൊ ചിന്തിച്ചത് ….? അത് പറഞ്ഞിട്ട് ഇനി കിടന്നാൽ മതി ………” സാറിന്റെ ചോദ്യത്തിന് ഒന്നുമില്ല ന്നു പറഞ്ഞു കൊണ്ട് ഞാൻ തല കുനിച്ചു നിന്നു……..

എനിക്ക് അങ്ങനെയേ പറയാൻ കഴിഞ്ഞുള്ളു ……..സാർ ഇതുവരെ എന്നെ ഭാര്യയായി കാണാൻ കഴിയാത്തതു കൊണ്ടാണെന്നു പറഞ്ഞാൽ …. അത് മറ്റു പലതും ചോദിക്കുന്നത് പോലെയാകും ……..

അതുവേണ്ട ,…. ഈ നന്ദ പ്രണയിച്ചത് ഹൃദയം കൊണ്ടാണ് … അത് എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ …..

“നന്ദ എന്താണ് ചിന്തിക്കുന്നത് , ഞാൻ ചോദിച്ചത് കേട്ടില്ലേ …..? എന്റെ മുഖത്ത് നോക്കി , കണ്ണിൽ നോക്കി പറയൂ ഒന്നും ഇല്ലന്ന് …..”

ആ കണ്ണിലേക്കു നോക്കിയാൽ പിന്നെ എനിക്ക് പിടിച്ചു നില്ക്കാൻ കഴിയില്ല …. സാറിന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ ആ നെഞ്ചിലേക്ക് ഞാൻ വീണു പോകുമെന്നു ഞാൻ പേടിച്ചു ……

തുടരും ….