മദ്യപാനിയുടെ ഭാര്യ

മദ്യപാനിയുടെ ഭാര്യ
BY REVATHY PRAVEEN

എനിക്കീ രാത്രിയെങ്കിലും ഒന്നുറങ്ങണം എന്നുണ്ടായിരുന്നു…. ചിലപ്പോ ഇതെന്‍റെ അവസാനത്തെ രാത്രിയായിരിക്കാം… പല രാത്രികളിലും എനിക്കെന്നോടു തന്നെ ഒരു തരം അറപ്പും വെറുപ്പും തോന്നീട്ടൂണ്ട്.. ഒരു സ്ത്രീ എന്ന നിലയില്‍ അല്ലെങ്കില്‍ ഒരു ഭാര്യ എന്നനിലയില്‍ ഞാന്‍ ഒരു പാരജയമാണെന്ന് എനിക്കുതന്നെ തോന്നിയ എത്ര നശിക്കപ്പെട്ട രാത്രികള്‍.

ഞാനൊരു മദ്യപാനിയുടെ ഭാര്യയാണ്.. അയാള്‍ ഓഫീസ്സില്‍ നിന്നു എറെ വൈകി ലഹരി മൂത്ത് വീട്ടില്‍ എത്തുപ്പോള്‍ അയാള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി അയാള്‍ക്ക് കിടക്ക വിരിച്ച് വിയര്‍പ്പൊലിച്ച അയാളുടെ ദുര്‍ഗന്ധം പടര്‍ന്ന ശരീരത്തോടൊത്തു ശയിക്കാന്‍ വിധിക്കപ്പെട്ടവള്‍.

ഒരു താലിയുടെ ബന്ധനത്തില്‍ അയാളുടെ നഗ്നമായ മാറിടത്തോട് എന്നെ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നീട്ടുണ്ട് ..അയാളെന്‍റെ മേനിയില്‍ ചുംബിക്കാനൊരുങ്ങുന്നു, എന്‍റെ മാറിടത്തില്‍ തല ചായ്ച്ച് കാമം പൂണ്ടയാള്‍ അട്ടഹസിക്കുന്നു.എനിക്കയാളോട് അറപ്പും വെറുപ്പുമാണെന്ന് ഞാനെങ്ങനെ അയാളോട് പറയും . കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അയാളില്‍ നിന്നും ഞാനേറ്റു വാങ്ങിയ മുഷിഞ്ഞ സെന്‍റിന്‍റെ മണം എന്നെയൊരു കത്തിയെരിഞ്ഞ ജീവനറ്റ ശശീരം പോലെയാക്കി എന്ന് ഞാനെങ്ങനെ അയാളോടു പറയും. എനിക്കുറക്കെ മടുത്തെന്ന് പറയണമെന്നുണ്ട്. എപ്പോഴോ എന്‍റെ വികാരങ്ങള്‍ അയാളില്‍ അടിമപ്പെട്ടപ്പോള്‍ ഞാന്‍ നല്‍‌കിയ ചുംബനങ്ങള്‍ എന്നില്‍ നിന്നുമടര്‍ന്നുവീണ പഴയ പ്രണയത്തിന്‍റെ അവശേഷിപ്പുകള്‍ മാത്രമാണെന്ന് ഞാനെങ്ങനെ അയാളെ ബോദ്ധിപ്പിക്കും. ശ്വാസം നിലച്ച ശരീരമാണു ഞാന്‍ എന്നു തോന്നും ചിലപ്പോ ശരിക്കും ശവമായി തീര്‍ന്നവള്‍ അയാള്‍ എന്നരികില്‍ വന്നു നിന്ന രാത്രിയാവാം എന്നിലെ അവസാന ശ്വാസവും നിലച്ചത്.

മദ്യലഹരിയില്‍ അയാള്‍ മയങ്ങി വീഴുമ്പോള്‍ ഞാനാ മുഖത്തേക്ക് ഏറെ നേരം നോക്കി നിന്നിട്ടുണ്ട്… വെറുതെ എന്തു കൊണ്ടെനിക്ക് അയാളെ പ്രണയിച്ചു കൂടാ എന്നു ചിന്തിച്ചിട്ടുണ്ട്..അയാളുടെ മാറിടത്തിലെ നനുത്ത രോമങ്ങളില്‍ വിരലോടിച്ച് കളിച്ചിട്ടുണ്ട്.. തുറന്നു കിടക്കുന്ന വായില്‍ നിന്നും ഒലിച്ചിറങ്ങുന്ന ദുര്‍ഗന്ധം പരത്തുന്ന ഉമിനീര്‍ എന്റെ സാരി തുമ്പു കൊണ്ട് തുടച്ചു കൊടുത്തിട്ടുണ്ട്.. അയാളുടെ നെറ്റിയില്‍ രാവിലെ തൊട്ട ചന്ദന കുറിയുടെ പകുതി ഭാഗം മറ്റൊരുവളുടെ മുഖത്ത് പതിഞ്ഞിട്ടുണ്ടാവരുതേ എന്നു പ്രാര്‍ത്ഥിച്ചിട്ടുണ്ട്.. കൊഴിഞ്ഞു തുടങ്ങിയ അയാളുടെ തലമുടികോതി നിറുകയില്‍ ചുബിച്ചിട്ടുണ്ട്… അയാളുടെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും ലഭിച്ച ബാറിലെ ബില്ലു നോക്കി അയാളെനിക്കു അവസാനമായി വാങ്ങി തന്ന മുഷിഞ്ഞ തുടങ്ങിയ സാരി നോക്കി ദുഖിച്ചിട്ടുണ്ട്… ഒട്ടിയ എന്‍റെ പൊക്കിള്‍ കൊടിക്കുള്ളില്‍ തുടിക്കുന്ന ഒരു ബീജം പേറാല്‍ കഴിയാത്തതില്‍ നിശംബ്ദമായി തേങ്ങിയിട്ടുണ്ട്… എന്നിട്ടും എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നില്ല…

ഇതെന്‍റെ അവസ്സാന രാത്രിയായിരിക്കും………. നാളെ അയാള്‍ എഴുന്നേല്‍ക്കില്ല… മരവിച്ച ശരിരമാണത്…. നേരം അതിക്രമിച്ചു, എനിക്കിന്ന് ഒന്നുറങ്ങണം… എന്‍റെ കൈയില്‍ അയാളുടെ രക്തം പുരട്ടിരിക്കുന്നു… അയാളുടെ മരവിച്ച ശരിരത്തില്‍ നിന്നും മദ്യത്തിന്‍റെ മണം പുറത്തേക്ക് ഒഴുകുന്നു … ഒട്ടിയ എന്‍റെ പെക്കിള്‍ കൊടിക്കരിക്കിലേക്ക് ഞാനയാളുടെ രക്തം പറ്റിയ കത്തി ആഴ്ത്തി ഇറക്കുന്നു.. ഇതെന്‍റെ അവസാന രാത്രിയാണ്………. അയാളുടെയും