അളകനന്ദ 4 [Kalyani Navaneeth]

അളകനന്ദ 4
Alakananda Part 4 | Author : Kalyani Navaneeth | Previous Part

താൻ വീണ്ടും തല കുനിച്ചു നിൽക്കുന്നത് കണ്ടു , ” നന്ദ പറയില്ലെന്ന് തീരുമാനിച്ചോ “

എന്ന സാറിന്റെ ചോദ്യത്തിന് രണ്ടു കൈ കൊണ്ടും മുഖം പൊത്തിനെഞ്ച് പൊട്ടിയുള്ള കരച്ചിലായിരുന്നു എന്റെ മറുപടി ……..

തിരിച്ചു ഞാൻ ആ പായയിലേക്കു, ഒന്നു പറയാതെ വന്നു കിടക്കുമ്പോൾ,… ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ കൊതിച്ച പോലെ സാർ എന്നെ നോക്കുന്നുണ്ടായിരുന്നു ………

ഒത്തിരി കരഞ്ഞു ഉറങ്ങിയത് കൊണ്ടാവാം ….. രാവിലെ എഴുന്നേറ്റപ്പോൾ എന്റെ മനസ്സിലെ ഭാരം എല്ലാം കുറഞ്ഞിരുന്നു …
അസ്വാഭികമായി ഒന്നു സംഭവിച്ചിട്ടില്ലാത്ത പോലെ ഞാൻ അടുക്കളയിൽ അമ്മയോടൊപ്പം കളിച്ചും ചിരിച്ചും കൂടി …..

എത്ര ആഴത്തിൽ ഉള്ളത് ആണെങ്കിലും എന്റെ നെഞ്ചിലെ മുറിവുകളൊക്കെ എത്ര പെട്ടെന്നാണ് ഉണങ്ങുന്നത് എന്നെനിക്കു തോന്നി ……….

എന്റെ കണ്ണുനീർ സാറിന്റെ ഉള്ളിൽ വീണു പൊള്ളിയിരുന്നു എന്ന് സാറിന്റെ മുഖത്ത് നിഴലിച്ചിരുന്ന വിഷാദം , പറയാതെ പറയുന്നുണ്ടായിരുന്നു …..

അധികം വൈകാതെ തന്നെ എന്റെ ബി .എഡിനുള്ള അഡ്മിഷൻ ശരിയായി …. കോളേജിൽ പോകുന്നതിനു തലേദിവസമാണ് സാർ പറഞ്ഞത് , ക്ലാസ്സിൽ പോകുമ്പോൾ സിന്ദൂരവും താലിമാലയതും ഒന്നും അണിയണ്ടാന്നു ….
വല്ലാത്തൊരു ഷോക്കോടെ ഞാൻ സാറിനെ നോക്കി .

” വേറെ ഒന്നും കൊണ്ടല്ല, കല്യാണം കഴിഞ്ഞ കുട്ടികളെ കൂടെ ഉള്ളവർ ഒരു ചേച്ചിയായിട്ടേ കാണുള്ളൂ … മാത്രമല്ല, കുടുംബവും പ്രാരാബ്ധവും അതിനിടയിൽ പഠിക്കാൻ വരികയാണെന്ന് ചില ടീച്ചർമാർക്കെങ്കിലും തോന്നും , അതിനൊന്നും ഒരു ചാൻസ് കൊടുക്കണ്ട , നന്നായി പഠിക്കണം……..” സാർ അത് പറയുമ്പോൾ തിരിച്ചൊന്നും പറയാനാവാതെ ഞാൻ നിന്നു…..

പക്ഷെ അന്ന് രാത്രി, ‘അമ്മ പാത്രങ്ങൾ ഒക്കെ കഴുകുമ്പോൾ , പിറകിൽ ചെന്ന് കെട്ടിപിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു …. എനിക്ക് പഠിക്കണ്ടമ്മേ…. ‘അമ്മ സാറിനോട് ഒന്ന് പറയൂ ….

. മാത്രമല്ല താലി അഴിച്ചു വച്ച് ക്ലാസ്സിൽ പോകാനാണ് പറയുന്നത് …. താലി അഴിച്ചു വയ്ക്കാൻ എനിക്ക് പറ്റില്ലമ്മേ …. എത്ര പ്രാർത്ഥിച്ചിട്ടാണെന്നു അറിയോ ,,? ഇത് കഴുത്തിൽ വീണത് ….

മോളെ നിന്നെ പഠിപ്പിക്കുന്ന കാര്യത്തിൽ എനിക്ക് ഒന്നും പറയാൻ പറ്റില്ല …..അത് അവന്റെ ഇഷ്ടമാണ് , എത്രയോ പെൺകുട്ടികൾ കല്യാണം കഴിഞ്ഞിട്ട് , പഠിക്കാൻ ആഗ്രഹിച്ചിട്ടും , നടക്കാതെ പോകുന്നു …..

ഇതൊരു ഭാഗ്യമായി കരുതിയാൽ മതി …. പക്ഷെ താലിയൊന്നും അഴിച്ചു വയ്‌ക്കേണ്ട ആവശ്യം ഇല്ല ….അത് സാരിയുടെ പുറത്തു , കാണുന്ന വിധത്തിൽ ഇടാതെ ഇരുന്നാൽ മതിയല്ലോ … അത് ഞാനവനോട് പറയാം ….