തേപ്പിന്റെ മറുപുറം

മനുവിന് കിടന്നിട്ടുറക്കം വന്നില്ല.അവന്റെ മനസ്സ് തിരക്ക് കൂട്ടികൊണ്ടേയിരുന്നു.നാളെയാണ് ആ ദിവസം..ഇത്രയും നാൾ മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് നാളെ ചിറകു വിരിക്കുന്നു.. അവൾ രാവിലെ 10 മണിക്ക് മെസ്സഞ്ചറിൽ വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അവൻ രേണുനെ നോക്കി… അവൾ നേരത്തെ ഉറങ്ങിയാരുന്നു.അവനെണീറ്റ് ബാൽക്കണിയിൽ പോയിരുന്നു… മനസ്സിൽ അവൾ മാത്രമേ ഉള്ളൂ… റോസി

ഒരു റോസാപ്പൂവിന്റെ പ്രൊഫൈൽ പിക്ചർ ഉള്ള അവൾ എന്തായാലും ഒരു റോസാപ്പൂ തന്നെയാണെന്നവന്റെ മനസ്സ് പറഞ്ഞു.എഴുതാൻ തുടങ്ങിയ കാലം തൊട്ട് ഒരുപാട് പെൺകുട്ടികളുമായി സംസാരിച്ചിട്ടുണ്ട്.. എല്ലാരുടെയും ഒരേ സ്വഭാവം… മിണ്ടി രണ്ടാം നാൾ ഫോട്ടോയോ വിഡിയോകോളോ… പക്ഷെ റോസി… കുറച്ച് ദിവസങ്ങളായി അവളാണ് തന്റെ ജീവതാളം നിയന്ത്രിക്കുന്നത്.. അവളോട്‌ മിണ്ടാൻ വേണ്ടി മാത്രമാണ് മെസഞ്ചറിൽ കേറുന്നത്.അവളെ കാണാൻ മനസ്സ്‌ തുടിക്കുന്നു… അവൾ പക്ഷെ പിടി തന്നിരുന്നില്ല..

ഒരു പാടുതവണ ഒരു ഫോട്ടോ ആവശ്യപ്പെട്ടിട്ടും അവൾ ഒഴിഞ്ഞു മാറുകയായിരുന്നു. ഇന്നലെ അവളാണ് പറഞ്ഞത് വീഡിയോ കോളിൽ വരാമെന്ന്. കേട്ട മാത്രയിൽ ബ്യൂട്ടി പാർലറിൽ പോയി ഒരു ബ്ലീച്ചും ഫേഷ്യലും ചെയ്തു. മുടിയും മീശയും വൃത്തിയാക്കി കൃതാവ് അറ്റം കൂർപ്പിച്ചു മിനുക്കി… കണ്ണാടിയിൽ കണ്ടപ്പോൾ വിശ്വാസം വന്നില്ല ഒരു 10 വയസ്സ് കുറഞ്ഞതുപോലെ.

വീട്ടിലെത്തിയപ്പോൾ രേണു സൂക്ഷിച്ചു നോക്കി അവളിൽ നിന്നും ഒളിക്കാൻ പാടുപെട്ടു..നീണ്ടു വൃത്തികേടായി കിടക്കുന്ന തലമുടി വെട്ടിയൊതുക്കാൻ പലപ്പോഴും നിർബന്ധിച്ചിട്ടും ചെയ്യാത്ത ഞാനാണിങ്ങിനെ സുന്ദരനായി മുമ്പിൽ നിൽക്കുന്നത്..അവളോട്‌ പറയാൻ കള്ളം കരുതിയിരുന്നു. സുഹൃത്തിന്റെ പെങ്ങളുടെ കല്യാണമാണ് നാളെ…. അവൻ നിർബന്ധിച്ചു ചെയ്യിപ്പിച്ചതാണെന്നെല്ലാം. പക്ഷെ രേണു ഒന്നും ചോദിച്ചില്ല. അവളിൽ നിന്നും പരമാവധി അകലം സൂക്ഷിക്കാൻ ശ്രമിച്ചു.

രാത്രിയിൽ ഒന്നും കഴിക്കാൻ തോന്നിയില്ല,എന്തൊക്കെയോ തിന്നെന്ന് വരുത്തി മെസ്സഞ്ചറിൽ വന്നിരുന്നു..

ഇല്ല.. റോസി ഓഫ്‌ലൈൻ ആണ്.കഴിഞ്ഞ കുറെ പകലുകളിൽ അവൾ ഇല്ലാതെ കടന്നു പോയിട്ടില്ല.. മാനേജർ ശർമ്മ ഇടയ്ക്കു ശകാരിക്കുക കൂടി ചെയ്തു. പക്ഷെ എന്തുകൊണ്ടോ… റോസി.. അവൾ മനസ്സിൽ നിന്നും പോകുന്നില്ല..

നാളെ,,,നാളെയാണാ ദിവസം

പിന്നെയും ഉറങ്ങാൻ നോക്കി..തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല.. രേണു രണ്ടു പ്രാവശ്യം ഉണർന്നു… എന്ത്‌ പറ്റി ഏട്ടാന്ന് ചോദിച്ചോണ്ട് നെറ്റിയിൽ തൊട്ടുനോക്കി..കുഴപ്പമില്ല തലവേദനയാണെന്നു അവളെ പറഞ്ഞു ധരിപ്പിച്ചു.. തിരിഞ്ഞു കിടന്നുറങ്ങുന്ന രേണൂനെ അയാൾ നോക്കി.

തന്നെ നന്നായി സ്നേഹിക്കുന്നുണ്ടവൾ.. അറിയാം.. എന്നാലും ഇഷ്ടമായിരുന്നു പുതിയ ബന്ധങ്ങൾ . മെസ്സഞ്ചറിലെ ദിനരാത്രങ്ങളുടെ തന്റെ ചിലവിടലിനെ രേണു പലപ്പോഴും എതിർത്തു…അവളെ സ്നേഹിക്കുന്നില്ലെന്നും പരിഗണിക്കുന്നില്ലെന്നും എപ്പോഴും പരാതി പറയുമായിരുന്നു.

ഈയിടെയായി ഒന്നും ഇല്ല ഒരു യന്ത്രം പോലെ രണ്ടാളും ഇങ്ങിനെ കഴിയുന്നു.. രാവിലെ അവൾ ഓഫീസിൽ പോയാൽ വൈകീട്ട് 7 മണിക്ക് തിരിച്ചെത്തുന്നു,,, അടുക്കളയും അവളുടെ ലോകവും മാത്രമായി ഇപ്പോൾ, ആദ്യമെല്ലാം അവളോടൊരു കരുതലും സ്നേഹവും ഉണ്ടായിരുന്നു..

പക്ഷെ ഇപ്പോൾ റോസി വന്നതിനു ശേഷം രേണുവിനെ പൂർണമായും മറന്നിരിക്കുന്നു, അവളും തന്നെ കാര്യമായി ശ്രദിക്കുന്നില്ല എന്നും തോന്നിയിട്ടുണ്ട്..ഓരോന്നാലോചിച്ച് മനു എപ്പോഴോ ഉറങ്ങി..

പിറ്റേന്ന് പ്രഭാതം..

മനു,, രേണു ഓഫീസിൽ പോവുന്നത് കാത്തുനിന്നു..തലവേദന കൂടിയതിനാൽ താൻ ഇന്ന് ലീവ് ആണെന്ന് പറഞ്ഞു..രേണു ഇറങ്ങിയ ഉടനെ അവൻ പുതിയ ഷർട്ടിട്ട് കണ്ണാടിയിൽ നോക്കി.. ഉറക്കച്ചടവുള്ള മുഖത്തും കൺപോളകളിലും ക്രീം തേച്ചു ചെറുതായി മസ്സാജ് ചെയ്തു . സുന്ദരനായെന്നു സ്വയം ഉറപ്പു വരുത്തി, ലാപ്‌ടോപ്പ് ഓൺ ചെയ്തു… വാച്ചിൽ നോക്കി

കുറച്ചു സമയം കൂടി ഉണ്ട്,, ഹൃദയത്തിന്റെ മിടിപ്പ് കൂടിവന്നു. അസാദാരണമായ ആകാംഷയോടൊപ്പം നേരിയ ഭയവും ഒപ്പം കൂടി,,,,

മെസഞ്ചറിൽ റോസി ഇപ്പോഴും ഓഫ്‌ലൈൻ ആണ് കാണിക്കുന്നത്… പത്താകാൻ അൽപ്പം മുമ്പ് റോസി ഓൺലൈനിൽ വന്നു..

ഇപ്പൊ വിളിക്കാട്ടോ എന്ന മെസ്സേജും വന്നു…
ഉം… എന്ന മറുപടി കൊടുക്കുമ്പോൾ ഹൃദയമിടിപ്പ് നന്നായി കൂടി..ഒരു കാത്തിരിപ്പിനു സമാപനം കുറിക്കാൻ പോകുന്നു. മനു എന്തൊക്കെയോ വികാരത്തിലേക്കു വീണു..

അല്പസമയത്തിനകം വീഡിയോകോൾ വന്നു.. റിസീവ് ബട്ടൺ അമർത്തി ആകാംഷയോടെ തെളിഞ്ഞു വരുന്ന വീഡിയോയിലേക്കു ഒന്നേ നോക്കിയുള്ളൂ.. തലക്കകത്തു ഒരു മിന്നൽ പാഞ്ഞു…
നാണക്കേടിന്റെ..അപമാനത്തിന്റെ ഭാരം പേറാനാവാതെ….
വീഴാതിരിക്കാൻ മുറുകെ പിടിച്ചു മനു കാൾ കട്ടുചെയ്തു.

കഥ തീരുന്നു….
ശേഷം, മനസ്സിന് സഹനം ഉള്ളവർക്ക്.. എല്ലാം ക്ഷമിച് മനുവും രേണുവും വീണ്ടും ഒന്നിച്ചുജീവിക്കുന്നതായി കരുതാം,..

അല്ലെങ്കിൽ എല്ലാ ബന്ധവും ഉപേക്ഷിച്ചു രേണു അവളുടെ വീട്ടിലേക്കു തിരിക്കുന്നതായും.