നഗരത്തിലെ ഒരു പ്രൈവറ്റ് സ്കൂൾ ടീച്ചറാണ് ഗൗരി .സ്കൂൾ വിട്ട് വീട്ടിലേക്കുള്ള യാത്രയിലാണ് അവൾ അത് ശ്രദ്ധിച്ചത് , ലോക കായിക മാമാങ്കമായ ലോകകപ്പ് ആരവങ്ങൾ ഫ്ളെക്സ് കളായും തോരണങ്ങളായും നഗര വീഥിയിൽ ഉയർന്നിരിക്കുന്നു . അവ ഓരോന്നും കാണുമ്പോഴും ഹൃദയം പൊട്ടുന്ന വേദനയായിരുന്നു അവൾക്ക് .കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി , കഴിഞ്ഞ ലോകകപ്പ് സമയത്താ വിധി എന്റെ ഭാഗ്യത്തെ തട്ടിയെടുത്തത് . ജീവിതയാത്രയിൽ ഒറ്റക്ക് തുഴയാൻ തുടങ്ങിയിട്ട് നാലു വർഷം പിന്നിട്ടിരിക്കുന്നു .എല്ലാം ഇന്നലെ എന്നപോലെ കൺ മുന്നിൽ തെളിഞ്ഞു വരുന്നു . ബ്രസീലിൽ അരങ്ങേറിയ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ മെസ്സി യുടെ ഹൃദയം തകർത്ത് ജർമനിയുടെ മാരിയോ ഗോഡ്സെ ഗോൾ അടിച്ചു 1. 0 ഇഷ്ട്ട ടീമായ ജർമ്മനി ലോകകപ്പിൽ മുത്തമിട്ടപ്പോൾ കൂട്ടുകാർക്ക് ഒപ്പം വിജയം ആഘോഷിച്ചതാ… പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആർത്തു വിളിച്ചും ആഘോഷം പൊടിപൊടിച്ചു കൂട്ടുകാർക്ക് ഒപ്പം ബൈക്കിൽ ചീറി പാഞ്ഞപ്പോൾ പിന്നിൽ പതിയിരുന്ന അപകടം വിഷ്ണു അറിഞ്ഞില്ല, അറിഞ്ഞില്ല. ലോറിയിൽ ഇടിച്ച ബൈക്കിൽ നിന്നും തെറിച്ചു വീണ എന്റെ വിഷ്ണു വിനെ ഞാൻ കാണുമ്പോഴേക്കും അവൻ ഈ ലോകത്ത് നിന്നും യാത്രയായിരുന്നു.
എന്റെ വയറ്റിൽ തുടിക്കുന്ന അവന്റെ രക്തത്തെ കാണാൻ കഴിയാതെ ഞങ്ങളെ തനിച്ചാക്കി പോയി… സ്വബോധം തിരിച്ചു കിട്ടി ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഒരുപാട് നാൾ എടുത്തു . വിഷ്ണുവിന്റെ അമ്മയ്ക്ക് ഒപ്പം അവന്റെ ഓർമ്മകളുമായി കഴിച്ചു കൂട്ടി.. അച്ഛൻറെ തനി പകർപ്പായി അപ്പു വന്നതോടു കൂടിയാ വീണ്ടും ജീവിക്കാൻ തോന്നിത്തുടങ്ങിയത്… അപ്പുവിനെ അച്ഛമ്മന്റെ അടുത്താക്കി സ്കൂളിൽ പോവാൻ തുടങ്ങിയിട്ട് ഇപ്പൊ മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു… വർഷങ്ങൾ എത്ര വേഗമാ പോയി മറയുന്നത്… വീണ്ടും ഒരു ലോക മാമാങ്കം അരങ്ങേറാൻ പോവുന്നു… വിഷ്ണു വിന്റെ ഓർമ്മകൾ അവളെ വേട്ടയാടിക്കൊണ്ടിരുന്നു…
” ടീച്ചർ ഇറങ്ങുന്നില്ലേ.. ”
” ആ. ”
ഓരോന്ന് ഓർത്തു സ്റ്റോപ്പ് എത്തിയത് അറിഞ്ഞില്ല. ബസ്സിൽ നിന്ന് ഇറങ്ങി തൊട്ട് അടുത്തുള്ള കടയിൽ കയറി വീട്ടിലേക്കുള്ള അത്യാവശ്യം സാദനങ്ങൾ വാങ്ങി കൂട്ടത്തിൽ അപ്പുവിന് ഒരു പന്തും വാങ്ങി.. തട്ടി കളിക്കാൻ തുടങ്ങിയിട്ടേ ഉള്ളു അവൻ എന്നാലും അച്ഛനെ പോലെ തന്നെ ആണെന്ന് തോന്നുന്നു പന്ത് അവനും ഒത്തിരി ഇഷ്ട്ടാ…
” എന്താ മോളെ മുഖം വല്ലാണ്ടിരിക്കുന്നു … സ്കൂളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ”
” ഇല്ല അമ്മേ… കവലയിൽ മുഴുവൻ ലോകകപ്പിന്റെ ഫ്ലെക്സ് വെച്ചിരിക്കുന്നു… വിഷ്ണു ഏട്ടൻ ഉണ്ടെങ്കിൽ അതിന്റെ ആവേശത്തിൽ ആയിരുന്നു ഇപ്പൊ… ”
” നാടും കൂട്ടുകാരും ഒക്കെ കണ്ണീരിലാണ്ട മരണം അല്ലായിരുന്നോ എന്റെ മോന്റെത്… ഇത്ര പെട്ടെന്ന് മറന്നോ അവർ അതൊക്കെ… ”
” മറന്നത് ഒന്നും ആവില്ല… കൂട്ടുകാർ അല്ലെ അത്ര പെട്ടെന്ന് മറക്കാൻ ഒക്കോ അവർക്ക്… എത്ര ആഘോഷിച്ചാലും വിഷ്ണേട്ടന്റെ ഓർമ്മകൾ ഉണ്ടാവും അവരുടെ കൂടെ… ”
” നഷ്ടം നമുക്ക് അല്ലേ മോളെ സംഭവിച്ചത്… പ്രിയപ്പെട്ടവർക്കേ നഷ്ടങ്ങളുടെ വില മനസ്സിലാവൂ… ”
” ഏട്ടന്റെ വിധി അതാവും … ”
” അമ്മാ…. അപ്പു കുട്ടന് പന്ത് വാങ്ങിയോ… ”
” അമ്മന്റെ പൊന്നു മോൻ പറഞ്ഞാൽ അമ്മ കൊണ്ടൊരുലെ… ”
“മോളെ…. പന്ത് കളിച്ചു ഹരം കൂടി അതിനു വേണ്ടി നടന്നാ എന്റെ മോൻ പോയത്… ഇനി അപ്പുനെയും കളിക്കാൻ നീ വളം വച്ചു കൊടുക്കാണോ… ”
” കളിച്ചത് കൊണ്ട് ഒന്നും സംഭവിക്കൂല അമ്മേ…. കളിയും കൂട്ടുകാരും ഒക്കെ വേണം.. എല്ലാം ആവശ്യത്തിന് എന്ന് മാത്രം… എല്ലാം അതിരു കടക്കുമ്പോഴാ പ്രശ്നം ആകുന്നത്…. ”
” കളിയുടെ പേരും പറഞ്ഞു പന്തയം വെച്ച് എന്തെല്ലാം പോല്ലാപ്പാ കുട്ടികൾ ഉണ്ടാക്കുന്നത്… ”
” കളിയെ കളിയായി തന്നെ കാണാൻ ശ്രമിച്ചാൽ ഈ വക പ്രശ്നം ഒന്നും ഉണ്ടാവില്ല… ഇഷ്ട്ട ടീം ജയിച്ചത് കൊണ്ട് ആഘോഷങ്ങളിൽ മതിമറക്കാനോ പരാജയം കൊണ്ട് ജീവൻ ഒടുക്കാനോ പോകുന്നവർ ചിന്തിക്കാത്തത് കൊണ്ടാണ് അത്തരം ആപത്തുകൾ സംഭവിക്കുന്നത്…. ”
” എന്ത് പറഞ്ഞിട്ട് എന്താ നമുക്ക് നഷ്ടപ്പെടാൻ ഉള്ളത് നഷ്ടപ്പെട്ടു… ”
” അമ്മാ…. അപ്പുന്റെ കൂടെ പന്ത് കളിക്കാൻ വരുന്നോ… ”
” അമ്മ കുളിച്ചു ഡ്രസ്സ് മാറി ഭക്ഷണം ഒക്കെ കഴിച്ചിട്ട് വരാം ട്ടോ… ”
” അമ്മൂമ്മ ഗോളി നിക്കോ… അപ്പു പന്ത് അടിക്കാം… “
അമ്മയുടെ കൂടെ കളിക്കുന്ന അപ്പുവിനെ കണ്ടപ്പോൾ വിഷ്ണുവിന്റെ വാക്കാ ഓർമയിൽ എത്തിയത്
” നീ നോക്കിക്കോ ഗൗരി… നമ്മുടെ മോൻ നല്ല ഒരു കളിക്കാരൻ ആവും… എനിക്ക് എത്തിപെടാൻ കഴിയാത്തിടങ്ങളിൽ അവൻ എത്തി പെടും നീ നോക്കിക്കോ…. ”
” മോനോ…. അപ്പൊ മോനാണ് എന്ന് ഏട്ടൻ ഉറപ്പിച്ചോ…. ”
വഷ്ണുവിൻറെ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി കേട്ടു .
വിഷ്ണുവിന്റെ ആഗ്രഹം പോലെ അവളും കാത്തിരിക്കുകയാണ് അപ്പുവിന്റെ കാലിൽ വിരിയുന്ന മാന്ത്രിക കാഴ്ചകൾ കാണാൻ……