എന്റെ മഞ്ചാടി

തുണിയും വെള്ളവും ചൂലുമൊക്കെയായി മുകളിലേക്കുള്ള കോണിപ്പടി കയറുമ്പോൾ പെട്ടെന്ന് അമ്മ പുറകിൽ വന്നു ചോദിച്ചു.

“ഇതെങ്ങോട്ടേക്കാ, ചൂലുമൊക്കെയായിട്ട് ”

“മുകളിലത്തെ മുറിയൊക്കെ ഒന്നു വൃത്തിയാക്കണം അമ്മേ, കുറെ സാധനങ്ങൾ ഉണ്ട്, എന്റെ കുറച്ചു പുസ്തകങ്ങൾ ഉണ്ട് എല്ലാം ഒന്നു അടുക്കി വെയ്ക്കണം”

അതും പറഞ്ഞ് ഞാൻ മുകളിലേക്ക് കയറി. ചുറ്റുമൊന്നു കണ്ണോടിച്ചു. ഒരു മുറി മാത്രം വൃത്തിയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് അത് ചേച്ചിയൊക്കെ വന്നാൽ ഞാൻ അല്ലെങ്കിൽ അച്ഛൻ, ആരെങ്കിലും അവിടെ കിടക്കും ഇല്ലെങ്കിൽ അടച്ചിടും.പിന്നെ ഒരു മുറി അമ്മ എന്തൊക്കെയോ സാധനങ്ങൾ വെച്ചിരിക്കുന്ന മുറിയാണ്. വടക്ക് ഭാഗത്ത് ഒരു വലിയ മുറിയുണ്ട്, ഞാൻ അവിടേക്ക് നടന്നു. അതിനു മുന്നിൽ നിന്ന് അകലേക്ക് നോക്കിയാൽ റോഡും വയലും കാണാം, അത് കഴിഞ്ഞു നിശ്ചലമായി ഒഴുകുന്ന പുഴ കാണാം.

ഞാൻ വാതിൽ തുറന്നു. ഇപ്പോൾ ഏറെ നാളായി ആരെങ്കിലും കയറിയിട്ട്.ഞാൻ നാട്ടിൽ വന്നാൽ തുറക്കാറുണ്ട് എന്നും. മാറാല കെട്ടി പൊടിപിടിച്ചിരിക്കുന്നു തൂത്തു തുടച്ചു വൃത്തിയാക്കിയിട്ട് കുറെ നാളായിരിക്കുന്നു. ഒന്നു രണ്ടു തവണ തുമ്മിയപ്പോൾ ഞാൻ ചുവരിൽ നോക്കി. അവളുടെ ഫോട്ടോ കണ്ടു റിൻഷയുടെ. ഞങ്ങളെ വിട്ട് എവിടേയ്ക്കോ പറന്നു പോയ എന്റെ ഇരട്ട സഹോദരി. ആ മുഖത്തേക്ക് ഞാൻ നോക്കി അവളുടെ മുഖത്തെ പൊടി തുടച്ചു. ആ നുണക്കുഴിയും, പുഞ്ചിരിയും, കുറുമ്പുമൊക്കെയുള്ള അവളുടെ മുഖത്തെ ശോഭയ്ക്ക് അഞ്ച് വർഷം കഴിഞ്ഞിട്ടും ഒരു പോറലു പോലും ഏറ്റിട്ടില്ല. ഇന്നും 21 വയസ്സിൽ സുന്ദരിയായി നില്ക്കുന്നു അവൾ.

”എടാ., നിന്നോടാരാ ഇതൊക്കെ ചെയ്യാൻ പറഞ്ഞേ, അല്ലെങ്കിൽ തന്നെ അവനു പൊടി അലർജിയാ, നീ തുമ്മാതെ മുറിയിൽ നിന്നു ഇറങ്ങി പോയേ ഇതൊക്കെ ഞാൻ ചെയ്തോളാം.” കണ്ണ് തിരുമ്മിയപ്പോൾ അവൾ അങ്ങനെ പറയുന്നതായിട്ട് എനിക്ക് തോന്നി.

പെട്ടെന്ന് അമ്മ വിളിച്ചു ഉമ്മറത്ത് മുറ്റത്ത് നിന്നാണ് കൂടെ അയൽപക്കത്തെ ശാരദേച്ചിയുടെ മകൾ പ്രിൻസിയും ഉണ്ടായിരുന്നു. ഞാൻ മുറിക്ക് പുറത്ത് കടന്നു മുകളിൽ നിന്ന് താഴെ നോക്കി..

“മോനേ ഞാൻ ദേവകിയേടത്തിയുടെ വീട്ടിൽ പോയിട്ട് വരാം ”

” ശരി, അമ്മേ.കുടയെടുത്തിട്ട് പോക്കോളു അമ്മ…, നല്ല മഴക്കോളുണ്ട്. ”

” കുട എന്റെ കൈയ്യിൽ ഉണ്ട് റെനീഷേട്ടാ, അതെയ് എന്താ മുകളിൽ പരിപാടി ” പ്രിൻസി ചോദിച്ചു.

“ഒന്നൂല്ല പൊടിപിടിച്ചിരിക്കുന്നു മുറിയൊക്കെ. ശരി”

അത് പറഞ്ഞു അകത്ത് കയറി മുറിയിൽ എന്റെയും അവളുടെ ഫോട്ടോകളൊക്കെ പൊടിപിടിച്ചിരിക്കുന്നു. പുസ്തകങ്ങളൊക്കെ അടുക്കി വെച്ചു.ബാലരമ വാങ്ങിക്കാറുണ്ടായിരുന്നു അന്ന്. ഞാനും അവളും വായിക്കും. ഒരു വലിയ പെട്ടി ഉണ്ട് അതിലാണു അവളുടെ സമ്പാദ്യം മുഴുവൻ ഉള്ളത്. ഞാൻ അത് തുറന്നു. എത്രയോ കാലമായി പെട്ടി തുറന്നിട്ട്. മുകളിൽ തന്നെ അവളുടെ ഒരു സോഡാ കുപ്പി കണ്ണട. ആ കണ്ണടയിൽ ഒരു കഥയുണ്ട്.

ഒരു ദിവസം ഞാൻ വൈകിട്ട് വീട്ടിൽ വന്നപ്പോൾ അവൾ അകത്ത് ഇരുന്നു എന്തോ കാര്യമായിട്ട് എഴുതുന്നു.പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഒരു വലിയ കണ്ണടയൊക്കെ വെച്ചിട്ട്.

” എന്തോന്നാടി ഇത് ?” ഞാൻ ചോദിച്ചു.

” എങ്ങനെയുണ്ട് കൊള്ളാമോ?”

” ആ റൂട്ടിലോടുന്ന സിന്ധു ബസ്സിന്റെ മുൻ വശം പോലുണ്ട്. എന്തിനാ ഈ വലിയ കണ്ണടയൊക്കെ?”

” എല്ലാരും പറയുന്നു എനിക്ക് മെച്ചൂരിറ്റി ഇല്ല.20 വയസ്സായിട്ടും കൊച്ചു കുട്ടികളെ പോലെ തുള്ളിച്ചാടി നടക്കുന്നു എന്നൊക്കെ.ഇതിട്ടാൽ ഒരു മാധവിക്കുട്ടിയെ പോലെ ഇല്ലേ?”

ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും ചിരിയാണു മെച്ചൂരിറ്റി തോന്നിക്കാൻ വാങ്ങിച്ച കണ്ണട., പിന്നെ ഫാൻസി വളകൾ ,കമ്മൽ, കുപ്പിവളപ്പൊട്ടുകൾ, മഞ്ചാടിക്കുരു.പിന്നെ ഞാൻ വാങ്ങിച്ചു കൊടുത്ത ആദ്യത്തെ വാച്ച്, മയിൽപ്പീലി, ചോക്ലേറ്റ് കവർ തുടങ്ങിയവ.

കുപ്പിവളയൊക്കെ ഞാൻ വാങ്ങിച്ചു കൊടുത്തതാണ് വലിയ ഇഷ്ടമായിരുന്നു അതൊക്കെ, ഓരോ ഡ്രസ്സിനും ഓരോ കളർ.എല്ലാം ചിലപ്പോൾ രണ്ടാളും തല്ലുകൂടി പൊട്ടിക്കും. പൊട്ടിയതൊക്കെ അവൾ പെട്ടിയിലിടും. വീണ്ടും ഞാൻ വാങ്ങിച്ചു കൊണ്ടുവരും നമ്മൾ തല്ലുകൂടി പൊട്ടിക്കും.മഞ്ചാടിക്കുരു എടുത്തപ്പോൾ ഞാൻ ഓർത്തു.
****************
“എടാ 1438 മഞ്ചാടിക്കുരു ഉണ്ട് .എത്ര 1438. ഒരെണ്ണം കളയാതെ സൂക്ഷിക്കണം കേട്ടോ.”

അവൾ പറഞ്ഞത് ഓർത്തു ഞാൻ.

രേഷ്മേച്ചിയും രെഖിലേച്ചിയും വിവാഹം കഴിഞ്ഞു ഒരു ദിവസം വീട്ടിൽ ഉണ്ടായിരുന്നു. അച്ഛൻ, അമ്മ രേഷ്മ, രെഖില, റിൻഷ, പിന്നെ ഏറ്റവും ഇളയത് വർഷയും. എന്തോ വഴക്ക് കേട്ടത് പോലെ വീട്ടിലേയ്ക്ക് കയറി ചെല്ലുമ്പോൾ ഞാൻ കേട്ടു.

” എന്തോന്നാടി ഇതൊക്കെ നിങ്ങൾ 4 പെണ്ണുങ്ങൾ ഇവിടെ ഉള്ളത് നാട്ടരെ അറിയിക്കണോ? എന്താ റിൻഷ പ്രശ്നം.”
ഞാൻ ചോദിച്ചു.

രെഖില ചേച്ചിയുടെ കുഞ്ഞ് മഞ്ചാടിക്ക് ചോദിച്ചിട്ട് റിൻഷ കൊടുത്തില്ല അതിനു ചേച്ചിയും അവളും വഴക്ക്.

” നീ കൊച്ചു കുട്ടിയാണോടി മഞ്ചാടി എടുത്ത് വെയ്ക്കാൻ എന്റെ കുഞ്ഞിനു കൊടുക്ക്.”

ചേച്ചി പറഞ്ഞു പ്രശ്നം രൂക്ഷമാവും എന്നറിഞ്ഞപ്പോൾ ഞാൻ ഇടപ്പെട്ട് കുറച്ച് മഞ്ചാടി കുഞ്ഞിനു കൊടുത്തു. രാത്രിയായപ്പോൾ കൊച്ച് മഞ്ചാടി കുറെ കളഞ്ഞു. അപ്പോൾ റിൻഷ എല്ലാരോടും പറഞ്ഞു.

” എട്ടാ, ഇനി 1438മഞ്ചാടിക്കുരു ഉണ്ട്.ഇത് ഇനി നീ മധ്യസ്ഥതം പറഞ്ഞ് ആർക്കേലും കൊടുത്താൽ നിന്നെ ഞാൻ ഓടിച്ചിട്ട് അടിക്കും.ഈ സാധനങ്ങളൊക്കെ നാളെ ഞാൻ ഒരു വിവാഹം കഴിച്ചു എനിക്കുണ്ടാവുന്ന കുഞ്ഞുവാവയ്ക്ക് കളിക്കാനുള്ളതാണ്. എന്റെ കുഞ്ഞ് കളിച്ചില്ലെങ്കിൽ നീ കല്യാണം കഴിച്ചാൽ നിന്റെ കുഞ്ഞിനു കളിക്കാൻ കൊടുക്ക്. അപ്പോഴേ അത് എടുക്കാവു കേട്ടോടാ ഏട്ടാ…. ”
***************
പുറത്ത് നല്ല മഴ ഞാൻ, ഞാൻ പെട്ടിയടച്ചു, അവളുടെ ഫോട്ടോയുടെ അരികിൽ ചെന്നു നിന്നു.ആ സൂക്ഷിച്ചു വെച്ച മഞ്ചാടിക്കുരു പിന്നെ കൈ കൊണ്ടു എടുത്ത് നോക്കുക കൂടെ ചെയ്യാതെ എന്റെ മഞ്ചാടി പോയി. ഒരു ജീവിതം പോലും ആരംഭിക്കാതെ വിടർന്നു നിന്ന നിമിഷത്തിൽ തന്നെ കൊഴിഞ്ഞു വീണു പോയി എന്റെ റിൻഷ, നമ്മളെ വിട്ടു പോയി എന്റെ ഇരട്ട സഹോദരി..

” എന്തിനാടി എന്നെ ഒറ്റയ്ക്കിട്ടു പോയത് നീ”

” തുടങ്ങി അവൻ കരയാൻ’ ,നീ ഇനി ഈ മുറി തുറക്കരുത് കേട്ടോ, വർഷം എത്ര കഴിഞ്ഞു ഇപ്പോഴും കരയും. ഞാൻ നിന്റെ കൂടെ തന്നെയുണ്ട്. നീ മുറി അടച്ചിട്ട് പുറത്ത് പോയേ, പിന്നെ ഇതൊന്നും ആർക്കും കാണിച്ചു കൊടുക്കരുത് കേട്ടോ..”

അവളുടെ ഫോട്ടോയിൽ ഏറെ നേരം നോക്കി മുറിയടച്ചു ഞാൻ പുറത്തിറങ്ങി.