അച്ഛന്റെ ജാരസന്തതി

വിഷ്ണു ഓഫീസിൽ തിരക്കിട്ട് ജോലി ചെയ്യുമ്പോളാണ് പ്യൂൺ ഒരു കത്തുമായി അങ്ങോട്ട് വന്നത്. കൈ അക്ഷരം കണ്ടിട്ട് ആരാണ് എഴുതിയതെന്ന് ഒരു പിടിയും കിട്ടുന്നില്ല.

അയാൾ കത്ത് പൊട്ടിച്ചു മോനേ, ഞാൻ മോന്റെ അച്ഛനാ. എന്റെ മോന് സുഖമല്ലേ? എനിക്ക് തീര വയ്യ. മോൻ ഒന്നു വരുമോ? എനിക്ക് എല്ലാവരേയും കാണാൻ ഒത്തിരി കൊതിയുണ്ട്. നടക്കില്ലാന്ന് അറിയാം. എന്നാലും വെറുതേ ചോദിച്ചതാ.മോനോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. വീട്ടിൽ മുത്തശ്ശിക്കും അമ്മക്കും മോന്റെ അനിയന്മാർക്കും സുഖമല്ലേ? മോന്റെ കല്യാണം കഴിഞ്ഞു എന്ന് അറിയാൻ പറ്റി. നല്ല കുട്ടിയാണോ അവൾ? പറ്റുമെങ്കിൽ അവളേം കൊണ്ടു വരിക.
എന്ന് സ്വന്തം അച്ഛൻ.
ഒപ്പ് മാത്രം അച്ഛന്റേത്. അതിനു താഴെ അച്ഛന്റെ ഇപ്പോളത്തേ അഡ്രസ്സും. ബാക്കി എല്ലാം ആരേകൊണ്ടോ പറഞ്ഞെഴിതിച്ചത് പോലെയുണ്ട്.

അന്ന് രാത്രി വിഷ്ണു അളകയോട് പറഞ്ഞു അമ്മൂ നാളെ ഞാൻ അച്ഛന്റെ അടുത്ത് വരേ പോകുവാ. ആരോടും പറയണ്ട ഞാൻ പോകുന്ന കാര്യം.നിന്നെ ഒന്ന് കാണണമെന്നുണ്ട് അച്ഛന്.

ഏട്ടൻ പോയി വാ. അടുത്ത തവണ വീട്ടിൽ പോകുവാണെന്ന് പറഞ്ഞ് നമുക്ക് ഒന്നിച്ച് അച്ഛനേ കാണാൻ പോകാം. അയാൾ അവളോ ഒന്ന് നോക്കി. തന്റെ ആഗ്രഹത്തിൽ കവിഞ്ഞ് ഒന്നും ആശിക്കാത്തവൾ. തന്റെ പുണ്യം.

പിറ്റേന്ന് രാവിലെ അയാൾ പുറപെട്ടു. കേരളം വിട്ട് തമിഴ്‌നാടിന്റെ ഏതോ ഒരു ഗ്രാമപ്രദേശത്തിന്റെ പേരാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.

ബസ് മുന്നോട്ട് പറയുമ്പോൾ അതിനേക്കാൾ വേഗത്തിൽ അയാളുടെ ഒർമ്മകൾ പിന്നോട്ട് പാഞ്ഞു.

മുത്തശ്ശിയും അച്ഛനും അമ്മയും ഇളയ രണ്ട് സഹോദരങ്ങളും അടങ്ങിയ തന്റെ കുടുംബം. അച്ഛന് തമിഴ്നാട്ടിലേ ഏതോ ഒരു തെയില എസ്റ്റേറ്റിലാണ് ജോലി. അവിടുത്തേ മാനേജരാണ് അച്ഛൻ. സന്തോഷകരമായ ജീവിതം. മാസത്തിൽ ഒരിക്കൽ അച്ഛൻ വീട്ടിൽ വരും അന്ന് വീട്ടിൽ ഉൽസവമാണ്. എല്ലാം പെട്ടാന്നാണ് കലങ്ങി മറിഞ്ഞത്.

താൻ പത്തിലും ഇളയതുങ്ങൾ ആറിലും പഠിക്കുമ്പോളാണ് അച്ഛൻ ഒരിക്കൽ ഒരു ചെറിയ പെൺകുട്ടിയുമായി വീട്ടിൽ വന്ന് കയറിയത്. പാറി പറക്കുന്ന ചെമ്പൻ മുടി.മെലിഞ്ഞ ശരീര പ്രകൃതി. പരിചയമില്ലാത്തിടത്ത് വന്നതിന്റെ അമ്പരപ്പ് അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.

അവളേ കണ്ടപ്പോൾ അമ്മയും മുത്തശ്ശിയും ചോദിച്ചു ഈ കുട്ടി ഏതാണെന്ന്. അച്ഛൻ അതിന് കൃത്യമായ മറുപടി നൽകിയില്ല. ഇവൾ എനിക്ക് മോളേ പോലെയാണെന്ന് മാത്രം പറഞ്ഞു. അതോടെ വീട്ടിലേ അന്തരീക്ഷം ആകേ മാറി. അമ്മ കരച്ചിലായി. ബഹളമായി. അമ്മാവന്മാരേയും എല്ലാ ബന്ധുക്കളേയും വിളിച്ചു വരുത്തി. എല്ലാവരും വന്ന് ചോദിച്ചപ്പോളും അച്ഛൻ അത് തന്നെ പറഞ്ഞു. ബാക്കി ഒന്നും പറയാൻ അച്ഛൻ നിന്നില്ല. അവളേ പറഞ്ഞു വിടാതെ ഇവിടെ നിൽക്കാൻ പറ്റില്ലാ എന്ന് പറഞ്ഞപ്പോൾ എനിക്ക് ഇവളേ ഉപേക്ഷിക്കാൻ വയ്യ. ഞാനും ഇറങ്ങുവാണെന്ന് പറഞ്ഞ് അച്ഛനും അവളും പടി ഇറങ്ങി.

പിന്നീട് ഒരിക്കലും അച്ഛനോ അവളോ ആ വഴിക്ക് വന്നിട്ടില്ല. അയാൾ ഓർമ്മയിൽ നിന്ന് എണീറ്റപ്പോൾ ഇറങ്ങാനുള്ള സ്ഥലം എത്തി.

അയാൾ അവിടെ ഇറങ്ങി. ചുറ്റും നോക്കി ആൾ താമസം ഉള്ള സ്ഥലം പോലെ തോന്നിയില്ല. വരണ്ടുകിടക്കുന്ന പ്രദേശം.നിറയേ കുറ്റികാടുകൾ. അയാൾ കുറച്ച് മുന്നോട്ട് നടന്നു. കുറേ ദൂരയായി ഒരു നാൽ കവല കാണാം. അയാൾ അങ്ങോട്ട് നടന്നു. അവിടെ ചെറിയ ഒരു അങ്ങാടി ഉണ്ട്. അയാൾ നേരേ അങ്ങോട്ട് നടന്നു.

അടുത്തു കണ്ട കടയിൽ അയാൾ ആ അഡ്രസ് കാണിച്ചു. അയാൾ കടയിൽ നിന്ന പയ്യനേ കൂടെ പറഞ്ഞു വിട്ടു. കുറച്ചു ദൂരം നടക്കാനുണ്ട്. വണ്ടി കൊണ്ടു വരാത്തതിൽ അയാൾക്ക് ശരിക്കും വിഷമം തോന്നി.

ഒരു അരമണിക്കൂർ നടന്നു കാണും. ഒരു ഓടിട്ട് ചെറിയ ഒരു വീട് കണ്ടു. അതിന്റെ മുൻപിൽ എത്തി ആ പൈയ്യൻ അകത്തേക്ക് നോക്കി അയ്യാ എന്ന് വിളിച്ചപ്പോൾ അകത്ത് നിന്ന് കൂടിപോയാൽ പതിനെട്ട് വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി ഇറങ്ങി വന്നു. തന്നെ കണ്ടപ്പോൾ അവളുടെ കണ്ണിൽ പരിചയ ഭാവം. അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു അപ്പാ വിഷ്ണുഅണ്ണൻ. അതിൻ നിന്ന് അവൾക്ക് തന്നെ നല്ല പരിയമാണെന്ന് മനസിലായി. വാ അണ്ണാ അവൾ അകത്തേക്ക് വിളിച്ചു.

തീരേ ചെറിയ വീട്. ഒരു വരാന്ത ഒരു മുറി ഒരു അടുക്കള. അത്രയേ ഉള്ളു. ടോയിലറ്റും കുളിമുറിയും പുറത്ത് മറച്ചു കെട്ടിയിരുന്നു. എങ്കിലും നല്ല വൃത്തി.