പെങ്ങളൂട്ടി

“അതുവരെ എനിക്ക് സ്വന്തം ആയിരുന്ന വീട്ടിലെ ചെറിയ കുട്ടിയെന്ന പദവി ഒരു വാക്ക് പറയാതെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ടായിരുന്നു അവളുടെ പിറവി..

” തറവാട്ട് വീട്ടിലെ എല്ലാവരുടെയും സ്നേഹവും ലാളനയും കൊഞ്ചിക്കലും ഞാൻ മാത്രം ഇങ്ങനെ ആസ്വദിച്ചു പോന്നിരുന്നതിനടയിലേക്കാണ് അതിൽ പകുതിയും പിടിച്ചു വാങ്ങിക്കൊണ്ട് അവൾ കടന്നു വന്നത്…

“അതിലും സങ്കടം ആയത് അവൾ ഇച്ചിരി കൂടി വലുതായതോടെ നിക്ക് മാത്രം കിട്ടിയിരുന്ന പൂവാലി പശുവിന്റെ പാലിലും കറുമ്പി കോഴിയുടെ മുട്ടയിലും അവൾക്കും പാതി കൊടുക്കേണ്ടി വന്നപ്പോൾ ആണ്…

“ടീ അമ്മൂ ഒന്നു വേഗം നടക്കാൻ നോക്ക് ,നിന്നെ വീട്ടിൽ ആക്കിയിട്ട് വേണം കളിക്കാൻ പോവാൻ…

“നിക്ക് വയ്യ വേഗം നടക്കാൻ ന്റെ കാല് വേദനിക്കുന്നു..

അവളുടെ ബാഗും ബുക്കും വാട്ടർ ബോട്ടിലും അടക്കം എല്ലാം എന്റെ കയ്യിൽ പിടിച്ചു നടന്നാലും പെണ്ണ് ഒന്നു വേഗം നടക്കില്ല,ഇവളെ വീട്ടിൽ ആക്കിയിട്ട് വേണം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോവാൻ..

അത് എങ്ങനാ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വീട്ടിൽ എത്തിയാലും ഞങ്ങൾ എത്തി കാണില്ല,വഴിയിലെ കാറ്റിനോടും മരങ്ങളോടും കിളികളോടും കാണുന്നതിനോട് ഒക്കെ കൂട്ടുകൂടി ഇവളുടെ ഈ നടത്തവും വെച്ചു എത്തുമ്പോൾ ഞാൻ മിക്കവാറും കളിയിൽ കോമൻ ആയി നിക്കേണ്ടി വന്നിരുന്നു .അങ്ങനെ ആയാൽ ബോളിങ് ഇല്ല രണ്ടു ടീമിലും ബാറ്റ് ഉണ്ടാവും അത് കിട്ടിയാൽ കിട്ടി.

ഇതും അവൾ തന്നിരുന്ന സമ്മാനം ആയിരുന്നു.. എന്തു ചെയ്യാം പെങ്ങളൂട്ടി ആയി പോയില്ലേ…

ഇതൊക്കെ പോട്ടെ സ്വന്തം മോനായ എനിക്ക് തരേണ്ട സ്നേഹം കൂടെ ന്റെ അമ്മേം അച്ചനും കൂടെ അവൾക്ക് കൊടുക്കുന്നത് കാണുമ്പോ നിക്ക് ചോദിക്കാൻ തോന്നും ,ദേഷ്യവും സങ്കടവും കൊണ്ട്…

“ഞാൻ ആണോ അവൾ ആണോ ഇങ്ങടെ രണ്ടിന്റെയും സ്വന്തം കുട്ടിയെന്ന്,,,

ഇഷ്ടപ്പെട്ടത് എന്തേലും വാങ്ങിയാലോ അത് അവൾക്ക് വേണ്ടി വരും ….

ഇല്ലേൽ വാശി,കരച്ചിൽ സങ്കടം പറച്ചിൽ ഒടുവിൽ കേസ് അച്ഛന്റെ പരാതി പെട്ടിയിൽ കൊണ്ടേ ഇടും…

പിന്നെ അച്ഛന്റെ വക ചീത്തയും തല്ലും ശിക്ഷ കരയിപ്പിച്ചതിന്..

എന്നിട്ടോ അവസാനം സാധനം അവൾക്ക് കൊടുക്കാൻ ഉത്തരവും.

ഇതൊക്കെ സഹിക്കാം ,എല്ലാം കഴിഞ്ഞു കിട്ടേണ്ടത് കിട്ടി കഴിയുമ്പോൾ ആവും എന്നെ കളിയാക്കികൊണ്ടുള്ള അവളുടെ ചിരി,

അപ്പോഴാണ് ദേഷ്യം വരികയും ആരും കാണാതെ നോവിക്കുകയും ചെയ്യുക..അതിന് അച്ഛന്റെ വക പിന്നെയും കിട്ടും വേറെ..

അപ്പോഴൊക്കെ വരുന്ന കള്ള കണ്ണീരും ശബ്ദവും എവിടെ നിന്ന് കിട്ടുന്നുവെന്ന് ഞാൻ കുറെ ആലോചിച്ചിട്ടുണ്ട്.

കാലങ്ങൾക്ക് ഒപ്പം ഞങ്ങളും വളർന്നു ,ചങ്കും കരളും ആയി..

ഏട്ടനും അനിയത്തിയും ആണെങ്കിലും ഞങ്ങൾ അതിനേക്കാൾ നല്ല കൂട്ടുകാർ ആയി മാറി..

എന്നിൽ പ്രണയം പൂവിട്ട നാളുകളിൽ എന്റെ പ്രണയിനിക്ക് സമ്മാനിച്ച മിക്ക ലേഖനങ്ങളിലും പതിഞ്ഞ കൈ അക്ഷരങ്ങൾ അവളുടേത് ആയിരുന്നു…

കാരണം അത്രത്തോളം മികച്ചത് ആയിരുന്നേ എന്റെ കൈ അക്ഷരങ്ങൾ ,ഞാൻ എഴുതികൊടുത്താൽ വായിച്ചു കൊടുക്കാനും പറയും ചിലപ്പോ..

ഇത്രത്തോളം പ്രേമിക്കാൻ ഒരു ഏട്ടൻ ചെക്കന് സപ്പോർട്ട് തന്ന അനിയത്തിയെ കിട്ടിയതിൽ ഞാൻ നല്ലോണം അഹങ്കരിച്ചു..

പക്ഷേ കോളേജ് ജീവിതം കഴിഞ്ഞു അവളും ഒരാളെ തെരെഞ്ഞെടുത്തപ്പോൾ.
കുടുംബത്തിൽ എല്ലാവരും എതിർത്തു ഞാനും..

അവൾക്ക് അതു മതിയെങ്കിൽ അനുഭവിക്കട്ടെ ,കൂടുതലോ കുറവോ ഉണ്ടെങ്കിൽ സഹിച്ചോട്ടെ എന്ന് പറയാൻ മാത്രമേ പറ്റിയോള്ളൂ..

പക്ഷെ പിന്നീട് നടന്ന പല തീരുമാനങ്ങളിലും ഞാൻ വെറും കാഴ്ചക്കാരൻ ആയി മാറി..ഒരു വാക്കോ അഭിപ്രായമോ എനിക്ക് മുന്നിൽ ആരും ചോദിച്ചില്ല ,പ്രായവും പക്വതയും ഉള്ളവൻ ആയി ആരും അന്ന് കാണാത്തത് കൊണ്ട് ആവാം..

ഒരുദിവസം ആരും കാണാതെ അവൾ ഇഷ്ടപ്പെട്ട ആളുടെ കൂടെ ഇറങ്ങി പോയപ്പോഴും ,എന്തായാലും ചീത്തപേര് വന്നു കല്യാണം നടത്തി കൊടുക്കുവാൻ കഴിയുമോ എന്ന ചോദ്യത്തിന്…

പുച്ഛത്തോടെ അങ്ങനെ നടന്നാൽ ഈ വീടിന്റെ പടി കയറില്ലെന്ന് പറഞ്ഞു കുടുംബത്തിൽ വേണ്ടപ്പെട്ട പലരും തള്ളി കളഞ്ഞു..

ഒടുവിൽ വിവാഹിതരായ ശേഷം പോലീസ് സ്റ്റേഷനിൽ വെച്ച് ,അവളെ ഞങ്ങൾക്ക് വേണ്ട ,ഇനി
ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞു ,തിരിഞ്ഞു നടക്കുമ്പോഴും ഉള്ളിൽ ഉണ്ടായിരുന്നു എന്നും അവൾക്ക് നല്ലത് മാത്രം വരാൻ പ്രാർത്ഥന..

അതിനൊക്കെ മേലേ ആയിരുന്നു നാട്ടിൽ നിന്നും കിട്ടിയ കളിയാക്കലും കുത്തുവാക്കുകളും…

സ്വന്തം ഏട്ടൻ സ്നേഹിച്ച പെൺ കുട്ടിയുടെ കൈ പിടിച്ചു ഇറക്കി കൊണ്ടു വന്നു വിവാഹം ചെയ്തിട്ട് മാസങ്ങൾക്കുള്ളിൽ ആയിരുന്നു ഇതും നടന്നത്..

അതുവരെ തല്ലുകൂടാനും പിണങ്ങാനും ഇണങ്ങാനും കൂടെ ഉണ്ടായിരുന്നവൾ വീട്ടിൽ ഇല്ല ,ചെറിയച്ഛന്റെ മകൾ എങ്കിലും അവൾ എനിക്ക് കൂടെ പിറപ്പ് തന്നെയാണ്…

ഒരു അമ്മയുടെ വയറ്റിൽ ജനിക്കുകയോ ഒരു അച്ഛന്റെ തണലിൽ വളരുകയോ വേണ്ടല്ലോ അങ്ങനെ അവാൻ….

അതൊരു വലിയ ശൂന്യത തന്നെ ആയിരുന്നു..പൊട്ടിച്ചിരികളും ശബ്ദങ്ങളും അലയടിച്ചിരുന്ന തറവാട്ട് വീട്ടിൽ എല്ലാവരിലും സങ്കടം മാത്രം.

കാലങ്ങളോളം നീണ്ട അകൽച്ച..വിവാഹം കഴിഞ്ഞു പോയ വീട് അധികം ദൂരത്ത്‌ അല്ലെങ്കിലും അവളെ നേരിൽ കാണാതെ ഒഴിഞ്ഞു മാറി ..

എങ്കിലും അറിയാതെ കാണാൻ കൊതിച്ചിട്ടുണ്ട്.പോയ വീട്ടിൽ നല്ലത് മാത്രം വരണം എന്നും..

അതിനാൽ ആവാം അവൾ അറിയാതെ അവളുടെ വിശേഷങ്ങൾ കൂട്ടുകാരൻ വഴി ഓരോന്നും അറിഞ്ഞു കൊണ്ടിരുന്നതും..

കാലങ്ങൾക്ക് ശേഷം രണ്ടു വീട്ടുകാരും ഒന്നായി ,പിണക്കങ്ങൾ എല്ലാം മറന്ന് ബന്ധങ്ങൾ ആയി കൈകോർത്തു..

ഒടുവിൽ ബന്ധങ്ങൾ എല്ലാം നേരെ ആയി എങ്കിലും പലരും എതിർത്തു പലരും അനുകൂലിച്ചു, അവളോട് ഞാൻ മിണ്ടുന്നതും വിളിക്കുന്നതും എതിർത്തവരോട് എനിക്ക് ഒന്നേ പറയാൻ ഉണ്ടായിരുന്നുള്ളു..

“എന്റെ ഏട്ടൻ ചെയ്ത തെറ്റ് മാത്രമേ അവളും ചെയ്തോള്ളൂ.,ഏടത്തി അമ്മയെ അംഗീകരിച്ചുവെങ്കിൽ അവളെയും അംഗീകരിക്കാം”

ഇഷ്ടപ്രകരം തിരെഞ്ഞെടുത്ത ജീവിതം ആയതു കൊണ്ടാവാം ആ മുഖത്ത് എന്നും സന്തോഷം കാണാൻ കഴിയുന്നു.

സ്വയം തിരെഞ്ഞെടുത്ത തീരുമാനത്തോട് നമുക്ക് എന്നും എങ്ങനെയും പൊരുത്തപെട്ടു പോവാം എന്നുള്ള തെളിവുകൾ ആണ് എനിക്ക് രണ്ട് സഹോദരങ്ങളും പകർന്ന് തന്നത് ..

ഇല്ലായ്മയിലും വല്ലായ്മയിലും കൂടെ നിൽക്കുന്നതും സ്വാന്തനിപ്പിക്കുന്നതും കാണാം അവർ എപ്പോഴും..

ഈ ഏട്ടന്റെയും അനിയത്തിയുടെയും ബന്ധങ്ങൾ ഒന്നുചേരാൻ നിമിത്തം ആയത് മ്മ്‌ടെ ഏട്ടന്റെ മോൻ അജുട്ടന്റെ ജനനം കൂടി ആണ് ട്ടൊ.അവനാണ് ബന്ധങ്ങൾ ഒന്നിപ്പിച്ചതും…

പറയാൻ മറന്നു.വൈകാതെ എന്റെ അനിയത്തി കുട്ടി അമ്മു അങ്ങനെ അമ്മ ആവാൻ പോവുകയാണ് ,അജുട്ടൻ ഏട്ടനും ഞാൻ മാമനും
എല്ലാവരുടെയും പ്രാർത്ഥന വേണം ട്ടാ കൂടെ ….

അമ്മൂസ് എന്ന എന്റെ അനിയത്തി പെണ്ണിനും അജുട്ടൻ രാജാവേ എന്ന് വിളിക്കുന്ന രാജീവ് അളിയൻ ചെക്കനും വേണ്ടി…