സംഹാരരുദ്ര

സംഹാരരുദ്ര
Story Name : SamharaRudhra Author : രോഹിത

ഓരോ തവണ ഗംഗയെന്ന ഈ മഹാനദിയിൽ, ഈ പാപനാശിനിയിൽ മുങ്ങി നിവരുമ്പോഴും അറിയപ്പെടാത്ത വശ്യമായ ഒരനുഭൂതി എന്നിൽ നിറഞ്ഞു കവിയും.. അതൊരിക്കലും പാപം കഴുകി കളഞ്ഞതിനാലല്ല, ഈ പുണ്യ നദിയിൽ മറ്റൊരു പുണ്യകർമം അനുഷ്ടിച്ചെത്തിയതിന്റെ പരിണിതഫലമായുണ്ടായ ഗൂഢ മന്ദസ്മിതം… അതെ !!!മറ്റൊരു നീചജന്മത്തെ കൂടി ഈ ഭൂമിയിൽ നിന്നും അവസാനിപ്പിച്ചതിന്റെ അവസാന തെളിവും കൂടി ഈ ഗംഗയിൽ ഒഴുക്കി കളഞ്ഞു.. പാപത്തിന്റെ ചോരക്കറ ഈ പുണ്യനദിയിലൂടെ ഒഴുക്കി കളഞ്ഞു കൊണ്ട് ഞാൻ വീണ്ടും പുണ്യം ചെയ്തവളായി….

ഗംഗ!!!! മനുഷ്യന്റെ സകല പാപങ്ങളും സ്വയം ഏറ്റെടുത്തു കൊണ്ട് അവനു പുനർജ്ജന്മം നല്കുന്നവൾ… അവളോടെന്നും എനിക്ക് പ്രിയമായിരുന്നു… തന്റെ മടിത്തട്ടിലേക്ക് ഓരോ മനുഷ്യനേയും
അവന്റെ പാപങ്ങളെയും ആവാഹിക്കുന്നവൾ…. അവളുടെ ആഴങ്ങളിലേക്ക് ആണ്ടിറങ്ങുമ്പോൾ ഞാനെന്നെ തന്നെ മറന്നു പോകും….. അവളോട് ചേർന്നിരിക്കുന്ന കാശി വിശ്വനാഥൻ… ഞാനിവിടെ ഓരോ തവണയും വരുന്നത് മോക്ഷ പ്രാപ്തിക്കായിരുന്നില്ല… ഭൂമിയിലെ അസുരന്മാർ വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കുമ്പോൾ അത് തിരുത്തിയെടുക്കുന്ന പ്രതികാരരുദ്രയായി , അസുരനിഗ്രഹം നടത്തി കൊണ്ട് വിശ്വനാഥന്റെ അരികിലേക്ക് ആ അസുരഗണങ്ങളുടെ ചുടുരക്തം പേറിയ ഉടവാളുമായി വരുന്ന സംഹാര രുദ്ര!!!…… അതെ!!!! സംഹാരരുദ്രയാണ് ഞാൻ….

മണികർണ ഘട്ടിലെ അവസാന ശവസംസ്കാരവും കഴിഞ്ഞെന്നു തോന്നുന്നു… ആരതി തുടങ്ങി കഴിഞ്ഞു….. ദീപങ്ങൾ തെളിഞ്ഞു കത്തുന്നു….. എന്റെ തെളിഞ്ഞ മനസ്സ് പോലെ…

“ദുർഗ….. നീ ഇവിടെ ഇടക്കിടക്ക് വരാറുണ്ടോ??”…….

ആരതിയിൽ കണ്ണ് നട്ടു നിന്നിരുന്ന എന്റെ പിറകിൽ നിന്നും അപ്രതീക്ഷിതമായി ഒരു ചോദ്യം കേട്ടു… ആരതിയുടെ ദീപപ്രഭയിൽ ആ മുഖം വ്യക്തമായി കണ്ടു.. ഡോക്ടർ ആദിത്യനാഥ്‌… എന്റെ സഹപ്രവർത്തകൻ… എന്റെ കൂടെ ജോലി ചെയ്യുന്ന ഒരേയൊരു മലയാളി… ഇവിടെ എത്തിയിട്ട് വെറും മാസങ്ങൾ മാത്രം…

“വല്ലപ്പോഴും….. “

“തെറ്റ് ചെയ്തതിനുള്ള പ്രായശ്ചിത്തം ചെയ്യാൻ വന്നതായിരിക്കും അല്ലെ??…. ആർ യു റിയലി എ ഡോക്ടർ? ഡൂ യു നോ എ ഡോക്ടർസ് എത്തിക്സ്”???…..

ആദിയുടെ മുഖത്ത് നോക്കാതെ ആരതിയിൽ കണ്ണുനട്ടു കൊണ്ട് തന്നെ ഞാൻ പറഞ്ഞു….

“ആദിക്ക് ഈ ദീപങ്ങൾ ഇഷ്ടമായോ?? നാം എന്തിനാണ് ദീപങ്ങൾ തെളിക്കുന്നത്… ഈ ലോകത്തെ ഇരുട്ടിൽ നിന്നും കര കയറ്റാൻ… തിന്മയിൽ നിന്നും മുക്തമാക്കാൻ…. ഞാനും അതെ ചെയ്യുന്നുള്ളൂ??”…..

” ഒരു പാവം മനുഷ്യന്റെ കണ്ണും നാക്കും കയ്യും കാലും മുറിച്ചെടുത്ത് ആ മനുഷ്യനെ ജീവച്ചവമാക്കി മാറ്റിയതാണോ നീ പറഞ്ഞ നന്മ?? നിന്റെ ഭാഗത്തു നിന്ന് ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല ദുർഗ…. സംസാരിക്കുന്നതിൽ പോലും എത്ര മിതത്വം പാലിക്കുന്നവളാണ് നീ??… ആ നീ ഒരു മനുഷ്യജന്മത്തെ ഇല്ലാതാക്കി എന്നാലോചിക്കാൻ തന്നെ എനിക്ക് സാധിക്കുന്നില്ല… ഇതിലും ഭേദം യു ജസ്റ്റ് കിൽ ഹിം!!! എന്തിനയാളെ ജീവിക്കാൻ വിടുന്നു….. ആർ യു മാഡ്??…….
ഹൌ കുഡ് യു ഡൂ ദാറ്റ്??”….

ആരതിയുടെ മന്ത്രങ്ങളുടെ ഉച്ചസ്ഥായിയിലും അവളുടെ അട്ടഹാസം ആദിക്കു കേൾക്കാമായിരുന്നു… ദീപപ്രഭയിൽ അവളുടെ മുഖം രക്തവർണ്ണമായി തോന്നി അവന്… അവളുടെ അഴിഞ്ഞുലഞ്ഞ കാർക്കൂന്തൽ ഗംഗയിലെ മന്ദ മാരുതനാൽ തഴുകപ്പെട്ടു കൊണ്ടേയിരുന്നു…. തന്റെ മുന്നിൽ നിൽക്കുന്നത് ഡോക്ടർ ദുർഗ്ഗ തന്നെയല്ലേ എന്നവൻ സംശയിച്ചു.. കാരണം അവളുടെ കണ്ണുകളിൽ അപ്പോൾ കോപാഗ്നി കത്തി ജ്വലിക്കുകയായിരുന്നു….

” അതെ,എനിക്ക് ഭ്രാന്താണ് ആദി……. “

“നീ എന്ത് പറഞ്ഞു പാവം മനുഷ്യൻ അല്ലെ??” അവൾ വീണ്ടും പൊട്ടി പൊട്ടി ചിരിച്ചു….

” അവിടെ കിടക്കുന്നവൻ മനുഷ്യനല്ല അസുരനാണ്…. മനുഷ്യജന്മം പൂണ്ട അസുരൻ… സ്വന്തം മകളെ ഭോഗിക്കുന്നവനെ നീ മനുഷ്യൻ എന്ന് വിളിക്കുമോ?? ഇല്ല, അവൻ അസുരനാണ്… അവന്റെ കാമം തീർത്ത് ആ കുഞ്ഞിനെ മറ്റാർക്കൊക്കെയോ കാഴ്ച വെക്കുക കൂടി ചെയ്താൽ??….. അവനെ നീ മനുഷ്യൻ എന്നാണോ വിളിക്കുക……

“നീ കണ്ടിട്ടുണ്ടോ പതിമൂന്ന് വയസ്സുള്ള ആ കുഞ്ഞിനെ?? അതിന്റെ പേടിച്ചരണ്ട മുഖം നിനക്ക് സങ്കല്പിക്കാമോ?? ചെറുപ്രായത്തിലേ കരിഞ്ഞു പോയ ഒരു കുഞ്ഞു പൂവാണവൾ….. അവളുടെ തകർന്നടിഞ്ഞ സ്വപ്നങ്ങൾ, അവളുടെ അമ്മയുടെ കണ്ണുനീര്, ഈ ലോകത്തോടുള്ള അവളുടെ ഭീതി,അതിനൊക്കെയുള്ള എന്റെ മറുപടിയാണ് ഇന്നാ നൂറ്റിയൊന്നാം നമ്പർ മുറിയിൽ കിടക്കുന്ന ആ നീചജന്മം….”

” മനുഷ്യന് പുനർജ്ജന്മം നല്കുന്നവരാണ് ഓരോ ഡോക്ടറും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ… എന്തിന്റെ പേരിലാണെങ്കിലും നീ ചെയ്തത് തെറ്റാണ്.. ഇവിടെ നിയമങ്ങളുണ്ട്.. നീ അറിവുള്ളവളല്ലെ?? എന്ത് കൊണ്ട് പോലീസിനെ സമീപിച്ചു കൂടായിരുന്നു?? ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ടാണോ തിരുത്തേണ്ടത്?? നിന്റെ ദൈവികമായ ഡോക്ടർ എന്ന പദവിയെ കൂടി നീ കളങ്കപ്പെടുത്തിയിരിക്കുന്നു ദുർഗ… ഞാനിതിനു കൂട്ട് നിക്കില്ല.. ഞാൻ ഇത് പോലീസിൽ അറിയിക്കും……”