ഇതാണോ പ്രണയം

ഇതാണോ പ്രണയം
Ethano Pranayam Author : Anamika Anu

കണ്ണുകൾ തുറക്കാൻ ഗൗതം നന്നേ പാട്പെടുന്നുണ്ടായിരുന്നു. എങ്കിലും പതിയെ തുറന്നു. ചുറ്റും കണ്ട കാഴ്ചകളിൽ നിന്നും മനസിലായി ഹോസ്പിറ്റലിൽ ആണെന്ന്. കൈ ഉയർത്താൻ ശ്രമിച്ചപ്പോഴാണ് എന്റെ കയ്യിൽ തല ചേർത്തു ഉറങ്ങുന്ന ഒരു പെൺകുട്ടിയെ കണ്ടത്.

തനിക്കു ചുറ്റും എന്താ നടക്കുന്നെന്ന് ഗൗതമിനു ഒന്നും മനസിലായില്ല. ശരീരം ആകെ ഒരു വേദന പോലെ. കൈ പതിയെ പുറകിലേക്ക് എടുക്കാൻ ശ്രമിക്കവേ ആ കുട്ടി ഞെട്ടി എഴുന്നേറ്റു.

അപ്പോഴാണ് ഗൗതം ആ മുഖം കണ്ടത്. കണ്ണുകൾ വീങ്ങിയിരിക്കുന്നു. ഉറക്കമൊഴിച്ച നല്ല ലക്ഷണം. എങ്കിലും ആ കണ്ണുകൾ ഗൗതമിന്റെ നെഞ്ചിൽ തറച്ച പോലെ അവനു തോന്നി.

എങ്കിലും ഒരു പരിചയം ഇല്ലാത്ത എനിക്ക് വേണ്ടി ഉറക്കം ഒഴിയാൻ ഇവൾ ആരാ? ഞാൻ എങ്ങനാ ഇവിടെ എത്തിയത്?
ഗൗതം ഒന്നും മനസിലാകാതെ ആ കുട്ടിയുടെ കണ്ണിലേക്കു തന്നെ നോക്കി. വാലിട്ടെഴുതിയ കണ്ണുകളിൽ നിന്നും കരി ഒലിച്ചിറങ്ങിയിരിക്കുന്നു. തുടുത്ത കവിളുകൾ. ചുവന്ന ചുണ്ടുകൾക്ക് മുകളിൽ വിയർപ്പു കണങ്ങൾ ആശുപത്രിയിലെ ലൈറ്റിൽ തിളങ്ങുന്നുണ്ടായിരുന്നു. കുട്ടീടെ കയ്യിലേക്ക് നോക്കിയപ്പോൾ ചുവന്ന കട്ടിയുള്ള ചരടിന് മുകളിൽ അത്ര തന്നെ വലുപ്പത്തിൽ ചുവന്ന വിരൽ പാടുകൾ.

തലേന്ന് നടന്നത് ഓർക്കാൻ ശ്രമിക്കവേ അവന്റെ തലയ്ക്കു ഒരു തരിപ്പ് പോലെ. വേദനിച്ചു അവൻ തലയിൽ കൈ വച്ചു വിളിക്കാൻ തുടങ്ങി.

പെട്ടന്ന് തണുത്ത വിരലുകൾ അവന്റെ നെറ്റിയിൽ പതിഞ്ഞത് അവൻ അറിഞ്ഞു. വേദന എങ്ങോട്ടാ പോയതെന്ന് പോലും അവൻ പിന്നെ അറിഞ്ഞില്ല.

അപ്പോഴാ കഞ്ഞിയിൽ പാറ്റ ഇട്ടുകൊണ്ട് എന്റെ പുന്നാര ചങ്ക് രാഹുൽ ഒരു ഫ്ലാസ്കും ആയി വന്നത്. അവൾ കൈ എടുത്തു.

“ആ നീ എണീറ്റോ? ഇപ്പോൾ എങ്ങാനുണ്ടെടാ? സുഖം ഉണ്ടോ? ചായ തരട്ടെ? കഞ്ഞി കുടിക്കുന്നോ? “

എന്റെ കഞ്ഞിയിൽ പാറ്റ ഇട്ടിട്ടു കഞ്ഞി വേണോന്നു ചോദിക്കുന്നു ദുഷ്ടൻ. പണ്ടേ ഇവന്റെ ടൈമിംഗ് ശെരിയല്ല. ഗൗതം മനസ്സിലോർത്തു.

രാഹുൽ :”കുട്ടി പൊയ്ക്കോളൂ. താങ്ക്സ്. ചായ കുടിക്കുന്നോ? “

ഇല്ല എന്നാ അർത്ഥത്തിൽ അവൾ തല ചെറുതായി അനക്കി.
ഒന്നും മിണ്ടാതെ അവൾ നടന്നു. അവൾ പോകുന്നതും നോക്കി ഗൗതം കിടന്നു.

രാഹുൽ :” ഇന്നലെ എന്തൊക്കെയാ കാട്ടിയെന്ന് വല്ലതും ബോധം ഉണ്ടോടാ നിനക്ക്. പനി തുടങ്ങിയപ്പോഴേ നിന്നോട് ഹോസ്പിറ്റലിൽ പോകാന്നു ഞാൻ പറഞ്ഞതല്ലേ. എന്നിട്ട് അതൊന്നും കേൾക്കാതെ അവിടെ കിടന്നേക്കുന്നു. രാത്രിയിൽ പനി കൂടി നിന്നെ ഇവിടെ കൊണ്ട് വന്നപ്പോൾ നിനക്ക് ഒട്ടും ബോധം ഇല്ലാരുന്നു. ഇപ്പോഴാണ് എനിക്ക് സമാധാനം ആയതു. “

ട്രെയിൻ പോലെയുള്ള അവന്റെ പ്രസംഗംകേൾക്കുമ്പോഴും ഗൗതം കാതോർതത്ത അഞ്ജന മിഴികളുടെ ഉടമയെ കുറിച്ച് കേൾക്കാനായിരുന്നു. കാട് കേറി എന്തൊക്കെയോ രാഹുൽ പറഞ്ഞു. അല്ലേലും ഇവൻ ആവശ്യം ഉള്ളത് പറയില്ലാന്നു ഓർത്തുകൊണ്ട് ഗൗതം ക്ഷമ നശിച്ചു ചോദിച്ചു

“ഏതാടാ ആ കുട്ടി? “

രാഹുൽ :” ഓ അതോ നീ ഇന്നലെ ഇവിടെ എത്തിയപ്പോൾ ഭയങ്കര ബഹളം ആയിരുന്നു. കയ്യും കാലും ഇട്ടടിച്ചു പിച്ചും പെയ്യും പറഞ്ഞു. ഞാൻ ആകെ പേടിച്ചു പോയി.

ആ കുട്ടി ഷിഫ്റ്റ്‌ കഴിഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു നിന്റെ ബഹളം. ട്രിപ്പ് ഇടാൻ ഡോക്ടറെ സഹായിക്കാൻ ആ കുട്ടി വന്നു. ഡോക്ടർ തല കുത്തി നിന്നിട്ടും നിന്റെ ബഹളം കാരണം പറ്റുന്നുണ്ടായിരുന്നില്ല. നിന്റെ കൈ പിടിച്ചു വയ്ക്കാൻ നോക്കിയപ്പോൾ നീ ആ കുട്ടിയുടെ കയ്യിൽ മുറുകെ പിടിച്ചു. അപ്പോഴാ അവർ ട്രിപ്പ്‌ ഇട്ടത്. എന്നിട്ടും നീ അവളുടെ കൈ വിട്ടില്ല. എന്ത് പിടിയാടാ പിടിച്ചേ? “

ഗൗതം അത് കേട്ടു ഒന്ന് ചിരിച്ചു പോയി.

“ചെങ്കൊടി ആണെന്ന് കരുതി കാണുമെടാ”

ഗൗതമിന്റെ മറുപടി കേട്ടു രാഹുൽ പറഞ്ഞു

“മണ്ണാങ്കട്ട . ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോയി ഉറങ്ങാൻ പോയ കൊച്ചിനെയാ നീ കയ്യിൽ പിടിച്ചു ഇവിടെ ഇരുത്തിയിരുന്നത്. പാവം കുറച്ചു മുന്നെയാ ആ സൈഡിൽ ഒന്ന് തല ചായ്ച്ചത്. അതിനു വേണ്ടി ചായ മേടിക്കാൻ പോയതാ ഞാൻ. അപ്പോഴേക്കും നീ ഉണർന്നു “

ഗൗതമിന്റെ മനസ്സിൽ അപ്പോഴും ആ ക്ഷീണിച്ച കരിമഷി കണ്ണുകൾ ആയിരുന്നു.

” കിടന്നു സ്വപ്നം കാണുന്നോ. വാ പതിയെ എണീറ്റു ഈ ചായ കുടിക്കു. “

ഗൗതം :” എന്ത് കണ്ണുകളാടാ അത്? ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല. എന്തോ ഒരു പ്രത്യേകത “

രാഹുൽ :” ആരുടെ കണ്ണ്?? ദൈവമേ ഇവൻ വീണ്ടും പിച്ചും പെയ്യും പറയുന്നോ? “

ഗൗതം :”പോടാ. ഞാൻ ആ നഴ്സിന്റെ കാര്യമാണ് പറഞ്ഞത്. ആരാന്നു പോലും അറിയാത്ത ഒരാൾക്ക് വേണ്ടി ഉറക്കം കളഞ്ഞ ആ കണ്ണുകൾ ഇന്ന് എന്റെ മനസ്സും കൊണ്ടാണല്ലോ പോയത്. ഇതാണോടാ പ്രണയം. “

രാഹുൽ :” കുന്തം. കാണാൻ കൊള്ളാവുന്നൊരെ കാണുമ്പോൾ എല്ലാ മനസുകൾക്കും ഇങ്ങനെ തോന്നും. മിണ്ടാതെ ചായ കുടികെടാ. “

ഗൗതം :” ഇന്നോളം എന്റെ മനസ്സ് കവർന്നത് ചെങ്കൊടി ആയിരുന്നില്ലെടാ. പക്ഷെ ഇപ്പോൾ എനിക്കറിയില്ല. ആ കണ്ണുകൾ….. എനിക്ക് അവളെ കാണണം. ടാ പ്ലീസ്… “

കയ്യിലിട്ടിരുന്ന ട്രിപ്പ്‌ ഊരി കളഞ്ഞു ചാടി എണീറ്റ ഗൗതമിനെ തടഞ്ഞുകൊണ്ട് രാഹുൽ പറഞ്ഞു

“നിനക്ക് എന്താടാ ഭ്രാന്തായോ? നീ അവിടെ അടങ്ങി കിടന്നേ. അവൾ വീട്ടിൽ പോയി. നിനക്ക് എന്താ വേണ്ടേ? കാണണം അത്ര അല്ലെ ഒള്ളു. അവൾ നാളെ വരുമായിരിക്കും. “

രാഹുൽ അവനെ ബലമായി പിടിച്ചു കട്ടിലിൽ ഇരുത്തി.

“ടാ അവളുടെ പേര് എന്തായിരിക്കും? എവിടെ ഉള്ളതായിരിക്കും. നാളെ വരുമായിരിക്കും അല്ലെ? “

രാഹുൽ :”നീ ഇത് കുടിക് ഞാൻ ഇപ്പോൾ വരാം “

കുറച്ചു കഴിഞ്ഞു രാഹുൽ ഓടി വന്നു ഗൗതമിന്റെ അടുത്ത ഇരുന്നു.

“കിട്ടിയെടാ. അവളുടെ പേര് നയന “

ആദ്യമായി ഇവനെ കൊണ്ട് ഒരു ഉപയോഗം ഉണ്ടായല്ലോ ദൈവമേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഗൗതം പതിയെ പറഞ്ഞു

“നയന.. നയന ഗൗതം “

രാഹുൽ :” അവൾ ഇവിടെ ട്രെയിനി ആയി കേറിയിട്ടു രണ്ടു മാസം ആകുന്നേയുള്ളു. ഇവിടെ അടുത്താ വീട്.

പക്ഷെ….. “

“പക്ഷെ എന്താടാ “

ഗൗതം ചോദിച്ചു

“നാളെ ആ കുട്ടി വരില്ലടാ. നിന്നെകാരണം ഷിഫ്റ്റ്‌ ആകെ ചേഞ്ച്‌ ആയി. അതോണ്ട് മറ്റന്നാൾ നെറ്റിനെ വരു. “

ഗൗതം :”മറ്റന്നാൾ വരുമല്ലോ. ഞാൻ ഇവിടെ ഉണ്ടെല്ലോടാ. എനിക്ക് ഒന്ന് കാണണം. “

രാഹുൽ : ” അല്ല അളിയാ. വരുന്ന വഴി ഡോക്ടറെ കണ്ടിരുന്നു. നിന്നെ ഇന്ന് ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു.മരുന്ന് ഫർമസിയിൽ നിന്നും വാങ്ങിയാൽ മതിയെന്ന് പറഞ്ഞു. കൂടുവാനെങ്കിൽ വന്നാൽ മതിയെന്നും. “

ഗൗതമിന്റെ മുഖം വാടി. അത് കണ്ടു രാഹുൽ പറഞ്ഞു.

“സാരമില്ലെടാ നമുക്ക് രാത്രി വരാമെന്നേ “

“ചങ്കേ… ”
ഗൗതം ഉറക്കെ വിളിച്ചു പോയി. എന്നിട്ട് അവനെ കെട്ടി പിടിച്ചു.

“അല്ലടാ നിനക്ക് ഈ വിവരങ്ങൾ എവിടുന്ന് കിട്ടി? “

“റിസപ്ഷനിൽ നിൽക്കുന്ന കുട്ടിയെ എനിക്ക് പരിചയം ഉണ്ട്. അവളാ പറഞ്ഞെ. അവളെ കുറിച്ച് കൂടുതൽ ചോദിക്കാമെന്ന് വച്ചതാ. ഇത്രേം പറഞ്ഞത് തന്നെ അവൾ എന്നെ തറപ്പിച്ചു നോക്കികൊണ്ടാ. ഇപ്പോൾ തന്നെ അവൾ മീനുവിനെ വിളിച്ചു പറഞ്ഞു കാണും. അവളുടെ കൂട്ടുകാരിയാ “

പറഞ്ഞു തീർന്നതും രാഹുലിന്റെ ഫോൺ റിങ് ചെയ്തു

“നശിച്ചവൾ പറഞ്ഞെടാ. ഇന്ന് ഇവിടെ കൊലപാതകം നടക്കും. “

ഗൗതം പൊട്ടി ചിരിച്ചു. എന്നിട്ട് രാഹുലിന്റെ ഫോൺ വാങ്ങി സ്‌പീക്കറിൽ ഇട്ടു.

മറുതലയ്ക്കൽ നിന്നും

“മനുഷ്യാ നിങ്ങൾ ഏത് പെണ്ണിനെ തിരക്കി നടക്കുവാ.എന്നെ ചതിച്ചാൽ കൊല്ലും ഞാൻ. ചേട്ടൻ നിങ്ങടെ കാലും കയ്യും ഓടിക്കും പറഞ്ഞേക്കാം. “

“നിന്റെ ചേട്ടന് വേണ്ടിയാണ് അന്വേഷിച്ചത് മഹാറാണി. “

“ഏഹ്ഹ് ചേട്ടന് വേണ്ടിയോ? “

രാഹുൽ മീനുവിനോട് കഥ എല്ലാം പറഞ്ഞു. അത് കേട്ടു മീനു പറഞ്ഞു.

“ടാ കള്ള ചേട്ടാ. പെണ്ണും പിടക്കോഴിയും വേണ്ട പ്രണയം ചെങ്കൊടിയോടാണ് എന്ന് പറഞ്ഞിട്ട് പൂമരത്തിലേക് ചാഞ്ഞു അല്ലെ? മം കൊള്ളാം. ഒരാഴ്ച കൂടിയേ ഒള്ളു കോഴ്സ് കഴിയാൻ. വന്നിട്ട് ഏട്ടത്തിയെ ഒന്ന് കാണണം “

“അയ്യോടി അങ്ങ് തീരുമാനിച്ചോ. ആദ്യം ഞങ്ങൾ പോയി സംസാരിക്കട്ടെ. “രാഹുൽ അവളെ കളിയാക്കി പറഞ്ഞു.

“എന്റെ ഏട്ടാ ഈ സാധനത്തെയും കൊണ്ട് പോയാൽ ഏട്ടന് ഈ ജന്മം ആരെയും കിട്ടില്ല “

മീനു ഫോൺ വച്ചു.
രാഹുൽ :”നിന്റെ അനിയത്തി ആയോണ്ട് പറയുവല്ല അവൾ എന്നെ കൊല്ലാൻ ഉണ്ടായതാണ്. “

അവർ രണ്ടാളും ചിരിച്ചു.

ഗൗതം ചോദിച്ചു :”അല്ലേടാ അവളുടെ കൂട്ടുകാരികളെയൊക്കെ നിനക്ക് എങ്ങനെ അറിയാം. “

രാഹുൽ ചെറുതായൊന്ന് ചിരിച്ചു.

ഗൗതം :” വെറുതെ അല്ല അവൾ നിന്നെ ഇപ്പോൾ തന്നെ വിളിച്ചത്. “

ഡിസ്ചാർജ് ആയി സമയം തള്ളി നീക്കാൻ ഗൗതം പാട് പെടുന്നുണ്ടായിരുന്നു. കണ്ണുകൾ കാണാതെ ഇരിക്കാൻ ഗൗതമിനു ആവുന്നില്ല.

എന്താ എനിക്ക്. അവളെ കുറിച്ച് അറിയാൻ ശ്രമിക്കുന്നത് എന്തിനാ? അവളുടെ കണ്ണുകൾ ഇപ്പോഴും മനസ്സിൽ നില്കുന്നത് എന്തുകൊണ്ട് ആണ്? എത്രയോ കണ്ണുകൾ കണ്ടിരിക്കുന്നു. ഉടക്കിയത് അവളുടെ കണ്ണുകളിൽ. ഇതാണോ പ്രണയം ?

ഒന്ന് രാത്രി 8 മണി ആകാൻ ഗൗതം കാത്തിരുന്നു .
8 അടിക്കേണ്ട താമസം അവൻ ഹോസ്പിറ്റലിൽ എത്തി. അവളെ അവിടെ എല്ലാം തിരഞ്ഞു. കണ്ടില്ല. കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നി. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ദേ വരുന്നു. ഓടി പിടച്ചു. മൈൻഡ് പോലും ചെയ്യാതെ പോയപ്പോൾ ഗൗതമിനു വിഷമം ആയി. കുറച്ചു നേരം വെയിറ്റ് ചെയ്തു അവൻ. അവിടെ ഇരുന്നു എപ്പോഴോ ഉറങ്ങി.

കയ്യിൽ തട്ടി ആരോ വിളിക്കുന്ന കേട്ട ഗൗതം ചാടി എണീറ്റു. ദേ നിക്കുന്ന മൈൻഡ് ചെയ്യാത പോയ അഹങ്കാരി.

“എന്താ മാഷേ ഇവിടെ ഇരുന്നു ഉറങ്ങുന്നേ. ഡിസ്ചാർജ് ആയതല്ലരുന്നോ? വീണ്ടും എന്റെ ഷിഫ്റ്റ്‌ ചേഞ്ച്‌ ചെയ്യാൻ വന്നതാണോ? “

അവളുടെ ചോദ്യം കേട്ടു ഗൗതം ഒരു ചമ്മിയ ചിരി അങ്ങു പാസ്സ് ആക്കി. എന്നിട്ട് ചോദിച്ചു

“മറന്നില്ല അല്ലെ? “

” ഒരു ദിവസത്തെ ഉറക്കം കളഞ്ഞ ആളെ അങ്ങനെ മറക്കാൻ പറ്റോ? “

ഗൗതം :”എനിക്ക് വേണ്ടി ഇനിയും ഉറക്കം കളയാൻ പറ്റുമോ എന്ന് ചോദിക്കാനാ ഞാൻ വന്നത്. “

നയന മനസിലാകാത്ത പോലെ നോക്കി.
ഗൗതം ഒന്നുകൂടി അടുത്തേക് നിന്നു. “ചെങ്കൊടിയോട് തോന്നിയ അതെ പ്രണയം ആണ് എനിക്ക് നിന്നോട്. “

“നിർത്തു… താൻ ആരാ എന്നെ കുറിച്ച് എന്ത് അറിയാം? ഇതാണോ പ്രണയം? “

ഗൗതം :” ഇപ്പോൾ എനിക്ക് ഒന്നും ariyilla. പക്ഷെ ഇനിയും അറിയണം എന്നുണ്ട്. “

“എങ്കിൽ താൻ കേട്ടോ എന്റെ വിവാഹം ഉറപ്പിച്ചതാ. ഒരു ദിവസം മുന്നേ പാഞ്ഞു വന്ന ബൈക്കിനു മുന്നിൽ തീര്ന്നു അയാൾ. ജാതകദോഷമെന്നും മരണം സംഭവിക്കാമെന്നും പറഞ്ഞു പിന്നെ വന്ന എല്ലാ വിവാഹാലോചനകളും മുടങ്ങി. ഇനിയും കോമാളി വേഷം കെട്ടാൻ ഞാനില്ല. “

നയനയുടെ കണ്ണുകൾ നിറയുന്നത് ഗൗതം കണ്ടു. അവൻ പറഞ്ഞു

“ഇത് ഇത്ര വലിയ കാര്യമാണോ? നിന്റെ തെറ്റ് കൊണ്ടല്ലല്ലോ മരിച്ചത് പിന്നെ എന്താ?? “

“ഗൗതം എത്രയൊക്കെ സാക്ഷരത നേടി എന്ന് പറഞ്ഞാലും നമ്മൾ ജീവിക്കുന്നത് കേരളത്തിലാണ്. ഒരു വിവാഹാലോചന മുടങ്ങിയാൽ അതിൽ പെണ്ണിന്റെ ജാതകദോഷമോ സ്വഭാവ ദൂഷ്യമോ കൊണ്ടാണ് എന്ന് മാത്രം പറയുന്ന നാട്ടിലാണ് നമ്മൾ. എന്തിനു നാട്ടുകാരെ പറയുന്നു കുടുംബക്കാരുടെ അടക്കം പറച്ചിലുകൾ സഹിക്കാൻ വിധിക്കപെട്ടവൾ ആണ് ഒരു പെണ്ണ്. എന്താ ഇനി നിനക്കും മരിക്കണോ? “

“ഹ ഹ… ചെങ്കൊടി പിടിച്ചു നിൽകുമ്പോൾ പോലും ഞാൻ വിറച്ചിട്ടില്ല പിന്നല്ലേ നിന്റെ ഒരു ജാതകം. ടീ പെണ്ണെ നിനക്ക് അത്ര നിർബന്ധം ആണേൽ കിഴക്ക് ഭാഗത്തായി ഒരു പൂജാമുറി ഒരുക്കി തരാം. എന്റെ ജീവന് വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കാൻ. “

അവളുടെ കരിമിഴികളിൽ നിന്നൊലിച്ചിറങ്ങിയ കണ്ണുനീർത്തുള്ളികൾ തുടച്ചു കൊണ്ട് ഗൗതം മുന്നോട്ടു നടന്നു. ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞു

“പിന്നെ ഈ നൈറ്റ്‌ ഷിഫ്റ്റ്‌ ഒന്ന് മാറ്റുന്നതല്ലേ നല്ലത് നമുക്ക് രണ്ടാൾക്കും? “

പിന്നെ പ്രണയിക്കാനൊന്നും നേരം കിട്ടിയില്ല. ഡയറക്റ്റ് കല്യാണം ആയിരുന്നു. സന്തോഷത്തോടെയുള്ള ഒരു സുപ്രഭാതത്തിൽ പുറത്തേ ചാറ്റൽ മഴ നോക്കികൊണ്ട് നയന ഓർത്തു

എല്ലാ പെൺകുട്ടികളുടെയും ജീവിതത്തിൽ ഒരു കറുത്ത അദ്ധ്യായം ഉണ്ടായിരിക്കാം. പക്ഷെ അത് മനസിലാക്കി അതിനെ ഉൾക്കൊണ്ട്‌ അവൾക്കു വേണ്ടി ജീവിക്കാൻ ആരെങ്കിലുംഒരാൾ ഉണ്ടാകും.
അവരെ കാണുമ്പോൾ തന്നെ ഉള്ളിലെ എല്ലാ പ്രശ്നങ്ങളും മാഞ്ഞു പോകുന്ന പോലെ തോന്നും. അങ്ങനെ തോന്നിയാൽ അതാണ്‌ പ്രണയം.

ഗൗതം അവളെ പിന്നിലൂടെ ചേർത്ത് പിടിച്ചു ചെവിയോട് ചുണ്ട ചേർത്ത് ചോദിച്ചു

“നമുക്കൊന്ന് നനഞ്ഞാലോ “

ഓരോ മഴത്തുള്ളികളും നയനയിൽ നിന്നും ഓരോ കറുത്ത അധ്യായങ്ങളെ നീക്കി കൊണ്ടേ ഇരുന്നു. പിന്നീട് ആ മഴത്തുള്ളികൾക്കു പറയാനുണ്ടായിരുന്നത് നയനയുടെയും ഗൗതമിന്റെയും പ്രണയം മാത്രം ആയിരുന്നു.

ശുഭം.