ഒരൊന്നൊന്നര കെട്ട്

“ഈ കാശുള്ള വീട്ടില് ജനിച്ചത് എന്റെ കുറ്റാണോ സാറേ??? “….

പോലീസ് സ്റ്റേഷനിൽ വെച്ച് എസ് ഐ യോട് കയർത്തു പറയുമ്പോഴാണ് അവളാദ്യമായി എന്റെ മുന്നിലേക്ക് വരുന്നത്…..

“അത് തന്റെ കുറ്റമല്ലെടോ…. തന്നെയൊക്കെ ജനിപ്പിച്ച് , തീറ്റ തന്നു പോറ്റുന്ന ആൾക്കാരില്ലേ അവരുടെ കരണത്തിനിട്ട് കൊടുക്കണം …… ”

നൈസ് ആയിട്ട് തന്തക്ക് വിളിച്ചത് ആരാണെന്നു നോക്കിയപ്പോ അസ്സലൊരു പൈങ്കിളി!!! കറുത്ത കോട്ടുമിട്ടൊരു വെള്ളപൈങ്കിളി!!!! ഒറ്റ നോട്ടത്തിൽ തന്നെ എന്റെ കിളി പോയിന്ന് പറഞ്ഞാ മതിലോ…. അല്ലെങ്കിലെ ഈ കിളികള് പണ്ടേ എന്റെയൊരു വീക്നെസ് ആണ്….

“ടോ!!! ഈ പേപ്പറിൽ ഒന്ന് സൈൻ ചെയ്തിട്ട് ഇറങ്ങി പൊക്കോ!!…. രാഘവേട്ടാ…. ഇതാ ജാമ്യത്തിനുള്ള അപേക്ഷ!!!…. “….

ഏ!! അപ്പൊ എന്നെ എറക്കാൻ വന്ന വക്കീലാണല്ലേ….. അപ്പൊ സ്ഥിരം വരാറുള്ള സ്വാമി ചേട്ടനെന്തു പറ്റി?? ഇവളിതിപ്പൊ ഏതാ??

എന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ കണ്ടിട്ടാണെന്നു തോന്നുന്നു, എന്റെ മനസ്സിലുള്ളത് മാനത്തു കണ്ടിട്ടെന്ന പോലെ അവള് പറഞ്ഞു “സ്വാമി സാറിന്റെ ജൂനിയർ ആണ് മാഷെ… പിന്നെ, തന്നെ പോലെ സ്ഥിരം കേസ് ഉണ്ടാക്കുന്ന ഒരു കക്ഷിയെ കിട്ടിയാ ഏത് വക്കീലിനാ വിട്ടു കളയാൻ തോന്നാ…. ഇത്രേം നല്ലൊരു കച്ചറ പാർട്ടി ഈ നാട്ടില് വേറെ ആരാ ഉള്ളെ??സ്വാമി സാറ് തന്നെ ഏറ്റെടുക്കോ ന്ന് ചോച്ചപ്പോ ഒറ്റശ്വാസത്തില് ഓക്കേ ന്ന് പറഞ്ഞു…..പൈസക്ക് നല്ല അത്യാവശ്യണ്ട് മാഷെ… അപ്പൊ ഫീസ് എങ്ങിനാ? നിങ്ങടെ അച്ഛന്റെന്നു മേടിക്കണോ, അതോ ഇയാള് തരുന്നോ??”….

മ്മടെ സൂപ്പർസ്റ്റാർ രജനിസാറിനെ പോലും തോൽപ്പിക്കുന്ന ഡയലോഗ് പെണ്ണുങ്ങളോട് കാച്ചി വിടുന്ന ഞാൻ, അന്നാദ്യമായി എന്റെ തൊണ്ടയിലെ വെള്ളം വരളുന്നത് അറിഞ്ഞു….

“ഞാൻ തന്നോളം… നാളെ ഓഫീസിലോട്ട് വരാം”… ന്ന് ഏതാണ്ടൊക്കെ പറഞ്ഞൊപ്പിച്ചു ഞാൻ സ്റ്റേഷനിൽ നിന്നും പുറത്തു ചാടി… കാറിനടുത്തു നിന്ന് അവളെ മൊത്തത്തിലൊന്നു സ്കാൻ ചെയ്തു….. ആളൊരു കൊച്ചു സുന്ദരി തന്നെ… ഒരു

ചായകൂട്ടുമില്ലാതെ തന്നെ മുഖത്തിന് എന്താ ഭംഗി…. കണ്ണെടുക്കാൻ തോന്നില്ല… നാട്ടിലുള്ള പെൺപിള്ളേരെ മുഴോനും വളക്കാൻ ശ്രമിച്ചിട്ടും , എന്റെ ഈ വളക്കൽ കയ്യിലിരുപ്പിന്റെ ഗുണം കാരണം ഒരൊറ്റ പെണ്ണ് പോലും തിരിഞ്ഞു നോക്കിയില്ല…..

ആ എന്റെ നെഞ്ചിലൊരു ലഡു പൊട്ടാൻ താമസം വല്ലോം ണ്ടോ!!! ഒരഞ്ചാറെണ്ണം ഒരുമിച്ചു പൊട്ടി… ഇവളെ വളച്ചിട്ടു തന്നെ കാര്യം… ഭാര്യയായി ഒരു വക്കീലുണ്ടെങ്കി പിന്നെ എന്ത് കേസ് വന്നാലെന്താ… പേടിക്കണ്ടല്ലോ!!!!!

അല്ലേലും സ്വന്തം സുഹൃത്തിനു വേണ്ടി ഒരു വീട്ടിൽ നിന്നും പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വരുന്നതൊക്കെ അത്ര വലിയ കേസ് ആണോ?? കല്യാണ പന്തലിൽ നിന്നാണെന്ന് മാത്രം… അതൊക്കെ ഒരു സുഹൃത്തിന്റെ കടമയല്ലേ?? ഇതൊക്കെ ഇത്ര വലിയ കേസ് ആക്കാനുണ്ടോ??

അല്ലേലും എന്റെ പേരിലുള്ള കേസുകളൊക്കെ ഇത്രക്കും സിംപിൾ ആണെന്നെ!!! കൂട്ടുകാർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുത്തും കൂടെ നിക്കും… അതൊരു തെറ്റാണോ?? അച്ഛനപ്പൂപ്പന്മാരായി നല്ല പോലെ സമ്പാദിച്ചു വെച്ച ഒരു തറവാട്ടിലെ സന്തതിയായി പിറന്നത് എന്റെ തെറ്റാണോ?? പൈസയുള്ളത് കൊണ്ട് അഹങ്കാരമൊന്നും കാണിക്കുന്നില്ലല്ലൊ!!!. ഇടക്കോരോ തല്ലു കേസ്…. അതും കൂട്ടുകാർക്ക് വേണ്ടി… കഴിഞ്ഞാഴ്ച ,എന്റെ കൂടെ എന്നും വാല് പോലെ നടക്കുന്നവന്റെ പെങ്ങളുടെ കൈയിൽ കേറി ഒരുത്തൻ പിടിച്ചു, അത് ചോദിക്കാൻ ചെന്നപ്പോ ഉന്തായി തള്ളായി, അവന്മാരൊന്നു തന്നു, ഞാൻ രണ്ടെണ്ണം തിരിച്ചു കൊടുത്തു… അടിയായി പിടിയായി… അവസാനം അതും കേസ് ആയി… ഇതൊക്കെ പിന്നെ ആൺ പിള്ളേർക്ക് പറഞ്ഞതല്ലേ!!! ഞാനെന്തു ചെയ്താലും കാശുള്ളേന്റെ അഹങ്കാരം ന്നും പറയും…. ശെടാ!! കാശുണ്ടായി പോയത് ന്റെ തെറ്റാണോ!!! അങ്ങിനെ വീട്ടിലും നാട്ടിലും മൊത്തത്തിൽ ഞാനൊരു കച്ചറയായാണ് അറിയപ്പെടുന്നത്….

ഏതായാലും എന്റെ ഭൂമിശാസ്ത്രോം ചരിത്രോം സാമ്പത്തിക ശാസ്ത്രോം ഒക്കെ അറിയാവുന്നവളല്ലേ… ഒന്ന് മുട്ടി നോക്കുക തന്നെ… അല്ല പിന്നെ!! മുട്ടി മുട്ടി ഒരുപാട് ശീലമുള്ളത് കൊണ്ട് ഒരുളുപ്പുമില്ലാതെ കാര്യം അവതരിപ്പിക്കാനും പറ്റും…

മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ!!!… പോയാലൊരു വാക്ക്… കിട്ടിയാൽ ഒരു ബംബർ …. അങ്ങിനെ അവളേം കാത്ത് ഞാൻ സ്റ്റേഷന്റെ പുറത്തു പൊരി വെയിലത്ത് നിന്നു… അല്ലേലും ഈ ശുഭകാര്യങ്ങൾ ഒന്നും പിന്നേക്ക് മാറ്റി വെച്ചേക്കരുതെന്നു എന്റെ മലയാളം സാർ പഠിപ്പിച്ചത് എന്റെ ഓർമയിലുണ്ട്… ഞാൻ ഒടുക്കത്തെ ഗുരു ഭക്തിയുള്ളവനാന്നെ!!! അല്ലാണ്ട് നിങ്ങള് വിചാരിക്കുന്ന പോലെ ഒരു കോഴിയായിട്ടൊന്നും അല്ല ട്ടോ!!!

അവള് എന്റെ കേസ് ഒക്കെ സെറ്റിലാക്കി തിരിച്ചിറങ്ങിയപ്പോ ഞാൻ വിനയകുനയാന്വിതനായി( ഇനീപ്പോ അതെന്താന്നു ചോദിക്കണ്ട!!! അടക്കത്തോട് കൂടി ന്നെ ള്ളു?) കാല് കൊണ്ട് ചിത്രം വരച്ചു അവളോട് ചോദിച്ചു …

“കുട്ടി, കുട്ടിക്കാണെങ്കി കാശിന് നല്ല ആവശ്യമുണ്ട്…. എന്റെ കയ്യിലാണെങ്കി അത് അവശ്യത്തിലധികമുണ്ട്…. തനിക്ക് സമ്മതാണെങ്കി എന്റെ പേരിലുള്ളതൊക്കെ തനിക്ക് വേണ്ടി തരാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല…. എന്താന്നറിയില്ല… തന്നെ കണ്ടപ്പോ തന്നെ ഒരു മുൻജന്മ ബന്ധം പോലെ… തനിക്ക് സമ്മതാച്ച തന്നെ ഞാൻ കെട്ടിക്കോളാം ടോ!!!!!”…. പതിവ് ഡയലോഗ് തന്നെ കാച്ചി വിട്ടു….

സ്ഥിരം കിട്ടാറുള്ളത് പോലെ തന്നെ ഒരടിയാണ് പ്രതീക്ഷിച്ചത്….

“വണ്ടിയിലെങ്ങനാ, ഫുൾ ടാങ്ക് ആണോ??”

“എന്ത്??….”