മുന്നേ പറക്കുന്ന പക്ഷികള്‍

മുന്നേ പറക്കുന്ന പക്ഷികള്‍ | Munne Parakkunna pakshikal

Author: വിശ്വനാഥൻ ഷൊർണ്ണൂർ

വെളിച്ചം കടന്നു ചെല്ലാൻ മടിക്കുന്ന ചാന്ദിനി ചൗക്കിലെ പഴക്കം ചെന്ന ലോഡ്ജിന്റെ ഒറ്റമുറിയിൽ പുറത്ത് വെയില്‍ മൂക്കുന്നതും പോലും അറിയാതെ തലേന്ന് കഴിച്ച വോഡ്കയുടെ വിട്ടുമാറാത്ത ലഹരിയില്‍ ഗൗതം അഗാതമായ നിദ്രയിലായിരുന്നു. തുടരേയുള്ള ഫോണിന്റെ മണിനാഥം കേട്ടാണ് ഉറക്കിൽ നിന്നുണർന്നത്.
ഉറക്കച്ചടവോടെ തന്നെ ഫോണ്‍ ചെവിയോട് ചേര്‍ത്ത് ” ഹലോ , കോനേ”.
“മലയാളത്തില്‍ ചോദിച്ചാല്‍ മതി”
“”ഞാന്‍ അലീന , ഗൗതം നിന്നെ ഒന്ന് കാണണമല്ലോ ”
“ഏത് അലീന?”
“മറാത്ത ടൈംസിന്റെ ന്യൂസ് ഡെസ്ക്കിൽ ഉണ്ടായിരുന്ന”
“”ഓകെ “ഞാന്‍ നിന്നെ തിരിച്ചു വിളിക്കാം ”
ഫോണ്‍ വെച്ചതിന് ശേഷം ഗൗതം എഴുന്നേറ്റ് മേശക്ക് മുകളില്‍ ഉണ്ടായിരുന്ന വോഡ്കയുടെ കുപ്പിയിലെ ശേഷിച്ച മദ്യവും വായിലേക്ക് കമിഴ്ത്തി.
ഗൗതം അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകനും നോവലിസ്റ്റുമായിരുന്നു. വാർത്തകൾ വിശകലനം ചെയ്യാന്‍ അവനേ പോലെ നൈപുണ്ണ്യമുള്ള പത്രക്കാരൻ വേറെ ഇല്ല എന്നു തന്നെ പറയാം.
രണ്ട് ദിവസത്തിന് ശേഷം വീണ്ടും അവള്‍ വിളിച്ചു . പുരാന ഡൽഹിയിലെ കോഫി ഷോപ്പില്‍ കാണാം എന്ന് വാക്ക് പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു.
അവന്‍ പറഞ്ഞ ദിവസം അലീന കോഫി ഷോപ്പില്‍ അവനേയും കാത്തിരുന്നു . അവളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഗൗതം അവള്‍ക്കടുത്തേക്ക് നടന്നടുത്തു. ഒരു നിമിഷം അവള്‍ക്ക് അവളുടെ കണ്ണുകളെ പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല .
നീട്ടിവളർത്തിയ താടിയും മുടിയും മുശിഞ്ഞു തുടങ്ങിയ ഒരു മെറൂൺ കളർ കുർത്ത ചുമലിൽ ഒരു സഞ്ചിയും . ചുവന്ന കണ്ണുകള്‍ക്ക് മീതേ വീർത്ത കൺ പോളകൾ ആകെ ഒരു വികൃത രൂപം .
അവന്‍ അവള്‍ക്ക് മുന്നിലുള്ള കസേരയില്‍ ഇരിക്കുന്നതിനിടയിൽ ചോദിച്ചു .
“എന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത്”.
അവള്‍ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു.
“എന്ത് കോലമാണ് ഗൗതം ഇത്”
ഒരു പൊട്ടിച്ചിരിയായിരുന്നു അവന്റെ ഉത്തരം .
“നീ എന്താ പത്രം വിട്ടത്??
“നിഴൽ യുദ്ധം ചെയ്തു മടുത്തു “അത്കൊണ്ട് വിട്ടു”.
“എന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത് ??
“എനിക്ക് നിന്റെ ഒരു കഥ വേണം , അടുത്ത മാസം ഇറങ്ങുന്ന ഞങ്ങളുടെ വാർഷിക പതിപ്പിലേക്ക്”
പിന്നേയും അവനൊന്ന് പൊട്ടിച്ചിരിച്ചു .
“ലഹരികൾ തിന്നു തുടങ്ങിയ ഈ ചിന്തയില്‍ കഥകള്‍ ജനിക്കില്ല അലീന”
“ഗൗതം ,അങ്ങനെ പറയരുത് നിനക്ക് കഴിയും “. “എനിക്ക് വേണ്ടി നീ ഒരിക്കല്‍ കൂടി എഴുതണം ”
അലക്ഷ്യമായ മുടി മാടിയൊതുക്കി അവന്‍ ഒന്ന് നിശബ്ദനായി .
“ശരി നിനക്ക് വേണ്ടി ഞാന്‍ എഴുതാം
പക്ഷേ ഇടക്ക് എന്നെ വിളിച്ച് ശല്യപ്പെടുത്തരുത് ”
“ഇല്ല! എഴുതി തീർന്നാൽ നീ എന്നെ വിളിച്ചാല്‍ മതി ഞാന്‍ വന്ന് വാങ്ങിച്ചോളാം ”
തലകുലുക്കി സമ്മതിച്ച് അവന്‍ യാത്ര പറഞ്ഞ് ആൾകൂട്ടത്തിൽ അലിഞ്ഞു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ ഫോണിലേക്ക് അവന്റെ വിളി വന്നു
നാളെ വൈകീട്ട് ചാന്ദിനി ചൗക്കിലെ പഴയ ലോഡ്ജില്‍ എത്താന്‍ പറഞ്ഞ് അവന്‍ ഫോണ്‍ വെച്ചു .
പിറ്റേന്ന് അവള്‍ അവന്‍ പറഞ്ഞ ലോഡ്ജ് തിരഞ്ഞ് ചാന്ദിനി ചൗക്കിലെത്തി കുറച്ച് ഉള്ളിലേക്കായി ഉള്ള ലോഡജ് കണ്ടുപിടിക്കാന്‍ അവള്‍ നന്നേ ബുദ്ധിമുട്ടി .
അവള്‍ ആ ലോഡ്ജിലേക്ക് കയറിയപ്പോള്‍ റിസപ്ഷനിൽ ഉണ്ടായിരുന്ന പയ്യൻ അവളോട് ചോദിച്ചു
“അലീന മാഡം അല്ലേ ?”
“അതേ !!!!
മേശ വലിപ്പ് തുറന്ന് ഒരു കവർ അവള്‍ക്ക് നേരെ നീട്ടി പയ്യൻ പറഞ്ഞു .
“ഗൗതം സാബ് ഇത് നിങ്ങളെ ഏൽപ്പിക്കാൻ പറഞ്ഞു ”
“ഗൗതം ?
“സാബ് ഇന്നലെ റൂം ഒഴിവാക്കി പോയി ”
അവൾ അവന്റെ ഫോണിലേക്ക് വിളിച്ചു നോക്കി സ്വിച്ചോഫ് ആയിരുന്നു അവന്റെ ഫോണ്‍ .
അന്ന് രാത്രി മുഴുവന്‍ അവളുടെ ചിന്ത അവനെ പറ്റിയായിരുന്നു .
പിറ്റേന്ന് കാലത്ത് എഴുന്നേറ്റ് അവള്‍ ഒരു കപ്പ് ചായയുമായി പത്രം വായിക്കാന്‍ എടുത്തു . ഒരു കവിൾ ചായ കുടിച്ച് പത്രത്തിന്റെ ആദ്യ പേജ് നോക്കിയതും അവള്‍ ഒന്ന് ഞെട്ടി .
“നോവലിസ്റ്റും പത്രപ്രവർത്തകനുമായി കെ ആർ ഗൗതം കുഴഞ്ഞു വീണു മരിച്ചു ”
ബാക്കി വാര്‍ത്ത വായിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല .അവള്‍ അകത്തേക്ക് ഓടി അവൾക്ക് നൽകിയ കവർ പൊട്ടിച്ചു
അതിലിങ്ങനെ എഴുതിയിരുന്നു .
“പ്രിയ അലീനക്ക് ,നിനക്ക് തന്ന വാക്ക് ഞാന്‍ പാലിച്ചിരിക്കുന്നു. ഞാന്‍ ഒരു യാത്ര പോകുകയാണ് ഇനി ഒരിക്കലും എന്നെ തേടി എത്താന്‍ കഴിയാത്തിടത്തേക്ക് “.
പിന്നെ ഉള്ള പേപ്പറുകളിൽ അവന്‍ അവൾക്ക് വേണ്ടി എഴുതിയ കഥയായിരുന്നു . അതിന്റെ പുറത്ത് “മുന്നേ പറക്കുന്ന പക്ഷികള്‍ ” കെ ആർ ഗൗതം എന്ന് വൃത്തിയായി എഴുതിയിരുന്നു …!