അനിയത്തിക്കുട്ടി

പലതരം ചിന്തകളുടെ നിഴലാട്ടമായിരുന്നൂ… കഴിഞ്ഞ കാലങ്ങളോരോന്നായി പെയ്തൊഴിഞ്ഞു… പെരുമഴയെന്ന പോലെ…

വികൃതിചെക്കനെന്ന പേര് ഓര്‍മവെച്ച നാള്‍ മുതല്‍ കൂടെയുള്ളതാണ്.. ഉണ്ണീ ന്നാണ് ചെല്ലപ്പേരെങ്കിലും വീട്ടിലും നാട്ടിലും ഉണ്ണിചെക്കന്‍ ന്ന് പറഞ്ഞാലേ അറിയൂ..

ആകെ ഒരാളെ ഉണ്ണ്യേട്ടാ ന്ന് വിളിച്ചിരുന്നുള്ളൂ… വാലിട്ടുക്കണ്ണുകളെഴുതിയിരുന്ന ചിണുങ്ങിക്കരയുന്നൊരു സുന്ദരിപെണ്ണ്..

നാലാം വയസില്‍ രാജാധികാരം പിടിച്ചെടുക്കാനായി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവള്‍…. ന്‍റെ അനിയത്തി കുട്ടി !!

കാണാതിരുന്നാ അടേം ചക്കരേം.. കണ്ടാലോ സാക്ഷാല്‍ കീരീം പാമ്പും അപ്പുറത്ത് മാറി നില്‍ക്കും.. എത്ര തല്ലുകൂടിയിട്ടുണ്ട്.. അച്ഛനെ കൊണ്ട് എത്രവട്ടം എന്നെ തല്ലിച്ചിട്ട്ണ്ട്..

അന്നേരമൊക്കെയുള്ള അവളിലെ ആ കള്ളച്ചിരിയ്ക്ക് എന്തഴകാ.. വെണ്ണിലാവുദിച്ചപോലെ…

ഹൈസ്കൂളിലേക്ക് ജയിച്ചപ്പോളച്ഛന്‍ വാങ്ങിച്ചു തന്ന സൈക്കിളില്‍ അവളെയും കൊണ്ട് സവാരി ചെയ്തതും..

വീണതും… മുട്ടുപ്പൊട്ടി ധാരപോലൊഴുകിയ ചോരയിലേക്ക് നോക്കി ഏങ്ങി ഏങ്ങി കരഞ്ഞ അവളുടെ മുഖവും..

പകരമായി തെക്കേ തൊടിയിലെ പുളിയില്‍നിന്നൊടിചെടുത്ത കമ്പുകൊണ്ടച്ഛനെന്നെ തല്ലുമ്പോഴും കണ്ണീരില്‍ മുങ്ങിയ ചുണ്ടുകളിലെ കള്ളച്ചിരിയും..

എല്ലാവരും പോയി കഴിയുമ്പോ “വേദനണ്ടോ ഉണ്ണ്യേട്ടാ” ന്ന്ള്ള ആക്കിയ ചോദ്യവുമെല്ലാം ഇപ്പോഴും മായാതെ കിടപ്പുണ്ട് മനസ്സില്‍…

ആകാശം കാണിക്കാതെ മയില്‍‌പ്പീലി സൂക്ഷിച്ചാലതൊരു കുഞ്ഞു മയില്‍പ്പീലിയെ പ്രസവിക്കുമെന്നു പറഞ്ഞെന്‍റെ പ്രണയിനി തന്ന മയില്‍‌പ്പീലിതുണ്ട് ആരും കാണാതെ ഡയറിയില്‍ ഒളിപ്പിച്ചുവെച്ചതവള്‍ കൃത്യമായി കണ്ടുപ്പിടിച്ചതും…

അതവള്‍ക്ക് നല്‍കിയില്ലെങ്കില്‍ എല്ലാരോടും പറഞ്ഞു കൊടുക്കുമെന്ന ഭീഷണിയ്ക്കു മുന്‍പില്‍ ഗതികേടുകൊണ്ട് കൊടുക്കേണ്ടി വന്നതും…

പിന്നീട് മറ്റെന്തിന്റെയോ പ്രതികാരമായി അച്ഛനോട് ചെന്ന് പറഞ്ഞതും.. തെളിവിനായി കിടയ്ക്കക്കടിയില്‍ ആരും കാണാതെ സൂക്ഷിച്ച പ്രണയലേഖനങ്ങള്‍ കാണിച്ചുകൊടുത്തതും…

എന്റെ പ്രണയമായ ചെമ്പനീര്‍ പൂവ് വിടരും മുന്‍പേ കൊഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്ന് ഞാന്‍ വായിചെടുത്ത അര്‍ത്ഥം “അച്ഛന്റെ കയ്യീന്ന് ഇത്തിരി കൂടെ കിട്ടണം..” എന്നായിരുന്നു.

പോയ്മറഞ്ഞ ഏതോ ഒരു ധനുമാസത്തിലെ ബുധനാഴ്ച .. ബാത്ത്‌റൂമില്‍ നിന്നവളുടെ നിലവിളി കേട്ടോടിയെത്തിയ അമ്മ ആദ്യം പേടിച്ചതും പിന്നീട് നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചപ്പോഴും….

നിലത്ത് വിരിച്ച പനയോലപ്പായയിലവളെയിരുത്തി നെല്ലും തുളസിയുംകൊണ്ടതിര് വരച്ചപ്പോഴും മനസിലായില്ല…