അറിയാൻ വൈകിയത് 2

ഗീതു… മോളേ…’

അമ്മയുടെ വിളി കേട്ടാണ് ഗീതു ഉണർന്നത്.

‘മോളേ… എന്തേ വയ്യേ? തലവേദന മാറിയോ?’

അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി, കട്ടിലിൽ ആണ് താൻ കിടക്കുന്നത്, അരികിൽ അമ്മ ഇരിക്കുന്നുണ്ട്.
എന്താണ് ഇന്നലെ സംഭവിച്ചത്? എല്ലാം സ്വപ്നമായിരുന്നോ? ഈശ്വരാ എല്ലാം എന്റെ തോന്നൽ മാത്രമായിരിക്കണേ…

‘ഗീതൂട്ടി, എന്ത് പറ്റിയത്? ഒട്ടും വയ്യേ മോൾക്ക്? മുഖം ആകെ തളർന്നിരിക്കുന്നു. ആശുപത്രിയിൽ പോണോ?’

‘വേണ്ട അമ്മേ. അനിയേട്ടൻ?’

‘അവൻ കടയിലേക്ക് പോയി. നിനക്ക് വയ്യ തലവേദന ആണ്, കുറച്ച് കഴിഞ്ഞ് വിളിച്ചാൽ മതി എന്ന് അവനാ പറഞ്ഞത്’

‘അമ്മേ സമയം എന്തായി?’

‘ഒമ്പത് കഴിഞ്ഞിട്ടുണ്ടാകും. എന്തേ, ആശുപത്രിയിൽ പോണോ?’

‘വേണ്ട അമ്മേ, ഇപ്പൊ കുഴപ്പല്ല്യ’

‘എന്നാ കുട്ടി കുറച്ച് നേരം കൂടി കിടന്നോ. അമ്മ പശുവിനെ ഒന്ന് അഴിച്ച് കെട്ടിയിട്ട് വരാം’

അമ്മ പോയിക്കഴിഞ്ഞപ്പോൾ ഗീതു കട്ടിലിൽ ഇരുന്ന് രാത്രിയിലെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

-ഈ കല്യാണത്തിൽ നിനക്ക് സമ്മതമുണ്ടായിരുന്നോ?
ഒരു ഭാര്യയായി നിന്നെ അനുഭവിക്കാൻ പറ്റിയിട്ടില്ല.
എന്നെ വെറുമൊരു കാമപ്രാന്തനായിട്ടാണല്ലേ നീ കാണുന്നത്?-

അനി പറഞ്ഞ വാക്കുകൾ തിരമാലകൾ കണക്കെ അവളുടെയുള്ളിൽ ആഞ്ഞടിച്ചു.
ശരിയാണ് അനിയേട്ടൻ ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് പോലും നുണ അല്ല. പക്ഷേ, ഇതെല്ലം അനിയേട്ടന്റെയുള്ളിൽ ഒരു കനലായി അവശേഷിക്കുന്നുണ്ടായിരുന്നോ? ഇന്നലെ അവസാനമായി ഏട്ടൻ പറഞ്ഞതിന്റെ അർത്ഥം ഒരു വേർപിരിയൽ അല്ലേ, ഈശ്വരാ ഒരിക്കലും മനസ്സ് കൊണ്ട് അങ്ങനെയൊരു കാര്യം ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് അതിന് കഴിയുകയുമില്ല.
തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, ചിലതെല്ലാം മനഃപൂർവമായിരുന്നു, പക്ഷെ അതിന് ഇങ്ങനെയൊരു അവസാനം….

ഗീതുവിന്റെ മനസ്സിലേക്ക് തന്റെ ഭൂതകാലത്തിന്റെ ഓർമ്മകൾ തെളിഞ്ഞ് വന്നു.

ഒരു ദരിദ്ര കർഷക കുടുംബമായിരുന്നു, അച്ഛൻ , അമ്മ, ചേച്ചി , അനിയൻ.
കുഞ്ഞുനാൾ മുതലേ പണത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഞങ്ങൾ മക്കളെ പട്ടിണിക്കിടാതിരിക്കാൻ മാത്രമായിരുന്നു അച്ഛന്റെ ശ്രമം. അന്നത്തെ കൂലി കൊണ്ട് അന്നത്തെ നിത്യച്ചിലവുകൾ നടത്തിയിരുന്ന അച്ഛന് അതിനുമപ്പുറം ഒന്നും പറ്റില്ലായിരുന്നു. ഗവണ്മെന്റ് സ്‌കൂളിൽ പഠിക്കാൻ ചിലവില്ലാതിരുന്നത് കൊണ്ട് പഠിപ്പിന് മാത്രം മുടക്കം വന്നില്ല. മറ്റുള്ള കുട്ടികൾ ബ്രൗൺ പേപ്പർ കൊണ്ട് പുസ്തകം കൊണ്ട് പൊതിഞ്ഞപ്പോൾ ഞങ്ങൾ അത് ന്യൂസ് പേപ്പർ കൊണ്ടായിരുന്നു. എല്ലാവരും ബുധനാഴ്ച്ച നല്ല കളർ ഡ്രസ്സ് ഇടുമ്പോൾ ഞങ്ങൾ അന്നും യൂണിഫോം ആയിരുന്നു. സ്‌കൂളിൽ നിന്ന് വീഗാലാന്റിലേക്ക് ടൂർ പോയപ്പോൾ എന്റെ ക്ലാസിൽ നിന്നും പോകാഞ്ഞത് ഞാൻ മാത്രമായിരുന്നു. ടൂർ പോയി വന്ന കൂട്ടുകാർ അവിടുത്തെ റൈഡുകളെ പറ്റി പറയുമ്പോൾ എല്ലാം ആകാംഷയോടെ കേട്ടിരുന്നു എങ്കിലും വീട്ടിലെ തലയിണ മാത്രമേ എന്റെ സങ്കടം കണ്ടുള്ളു. മറ്റുള്ളവരെ പോലെ ഒരു ജീവിതം ഞാനും ആഗ്രഹിച്ചു എങ്കിലും എനിക്ക് അത് അപ്രാപ്യമായിരുന്നു. സ്വപ്നം കാണുന്നത് പോലെയുള്ള ഒരു ജീവിതം കിട്ടില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പാഠപുസ്തകത്തെ മാത്രം കൂട്ടുകാരാക്കി.

ചേച്ചി പഠിത്തത്തിൽ കുറച്ച് പിന്നിലായിരുന്നു, ചേച്ചിക്ക് അമ്മയും അടുക്കളയുമായിരുന്നു ഇഷ്ടം. പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ തന്നെ ചേച്ചിയെ കെട്ടിച്ച് വിട്ടു, അതിനായി വീടിന്റെ ആധാരം സഹകരണ ബാങ്കിൽ പണയം വച്ചു.
ആ ആധാരം തന്നെയാണ് എന്റെ കല്യാണം നടത്താനും ഉള്ളത് എന്ന് മനസ്സിലായി, അത് കടം തീർത്ത് എടുക്കാൻ കൊല്ലങ്ങൾ വേണ്ടിവരും അത് വരെ എന്തായാലും എന്റെ കല്യാണം നടക്കില്ല. അപ്പൊ ഇനി പഠിത്തം മാത്രേ മുന്നിലുള്ളൂ. നല്ല മാർക്കോടെയാണ് പ്ലസ് ടു പാസായത്, സ്‌കൂളിലെത്തന്നെ ഉയർന്ന മാർക്ക്. അത്കൊണ്ട് ഗവണ്മെന്റ് കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി. വീട്ടിൽ എപ്പോഴും ഇല്ലായ്മയുടെ കണക്ക് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു, അത് കേൾക്കാതിരിക്കാൻ വേണ്ടിയാണ് ഹോസ്റ്റലിലേക്ക് താമസം മാറിയത്. അവിടെ കൂട്ടുകാർക്കിടയിൽ ലയിച്ച് ചേരുമ്പോൾ ചിലതൊക്കെ മനപ്പൂർവം മറക്കും. പണം അവിടെയും ചിലപ്പോഴെങ്കിലും വില്ലനായി വന്നെങ്കിലും എന്നെ സ്നേഹിക്കുന്ന കുറച്ച് കൂട്ടുകാർ ഉണ്ടായിരുന്നു.
അനിയൻ പ്ലസ് ടു കഴിഞ്ഞ് പണിക്ക് ഇറങ്ങിയപ്പോൾ വീട്ടിലെ കാര്യങ്ങൾ കുറച്ച് മെച്ചപ്പെട്ടു.

കോളേജും കൂട്ടുകാരുമായുള്ള ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് ഞങ്ങളുടെ കൂട്ടത്തിൽ ഓരോരുത്തരായി കുറഞ്ഞ് പോയത്. കല്യാണം, കൂട്ടത്തിലെ ഒരാളുടെ കല്യാണം ആണെന്ന് പറയുമ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷമായിരുന്നു. ഒരുപാട് കളിയാക്കിയും ആഘോഷമാക്കിയും അവളെ പറഞ്ഞ് വിടുമ്പോൾ അറിഞ്ഞിരുന്നില്ല ഒരാൾ ഉണ്ടാക്കുന്ന വിടവ് എത്രയാണെന്ന്. ആ വിടവിന്റെ ആഴം മനസിലായത് എന്റെ ശക്തിയായി നിന്നിരുന്ന റെജിയും ലതികയും എന്നെ തനിച്ചാക്കി പോയപ്പോഴാണ്. രണ്ടാളുടെയും കല്യാണം അടുത്തടുത്തായിരുന്നു. അവർക്ക് ചേർന്ന ചെറുപ്പക്കാരൻ ചെക്കന്മാർ. ഒരാൾ ഐ.ടി പ്രൊഫഷണൽ ഒരാൾ പ്രവാസി. അവരുടെ കല്യാണപ്പന്തലിൽ നിന്നിറങ്ങുമ്പോൾ എന്റെയുള്ളിൽ സ്വപ്നങ്ങളുടെ മണ്ഡപം ഉയരുകയായിരുന്നു. സ്വപ്നങ്ങളിൽ മുഖം വ്യക്തമല്ലാത്ത നായകന്മാർ വന്നു. സുമുഖന്മാരും ജോലിയുള്ളവരും റൊമാന്റിക്കും ആയ ഭർത്താക്കന്മാരെ സ്വപ്നം കാണാൻ തുടങ്ങി. കോളേജിലെ പലരെയും തന്റെ സങ്കൽപ്പങ്ങൾക്കനുസരിച്ചുള്ള ആളാണോ എന്ന് നോക്കിയിട്ടുണ്ട്, ആരെയും കിട്ടിയില്ല. ഒടുവിൽ പഠിപ്പിക്കുന്ന സാർമാരെ നോക്കി, ഒന്നിലും ഒരു തൃപ്തി വന്നില്ല.
അങ്ങനെ അവസാന സെമസ്റ്ററും പൂർത്തിയാക്കി വീട്ടിലെത്തി. അപ്പോഴേക്കും ദാരിദ്ര്യത്തിൽ നിന്നും കര കയറാൻ തുടങ്ങിരുന്നു എന്റെ വീട്. പഴയതെങ്കിലും ഒരു ടി.വി വാങ്ങി. അടുക്കളയിലും പുതിയ ഉപകരണങ്ങൾ സ്ഥാനം പിടിച്ചു.

രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ അത് പറഞ്ഞത്,
‘നാളെ നിന്നെക്കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്. ശങ്കുണ്ണി പറഞ്ഞതാ. അവനാവുമ്പോ നമുക്ക് പറ്റിയത് തന്നെ കൊണ്ട് വരുമല്ലോ’

അന്നത്തെ രാത്രി ഉറങ്ങാൻ പറ്റിയില്ല, എന്റെ സ്വപ്‌നങ്ങൾ, അവയ്ക്ക് ചിറക് മുളയ്ക്കാൻ പോകുന്നു. ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ് ആണ്, ടെൻഷൻ ഉണ്ട്. എന്നാലും വല്ലാത്തൊരു ആകാംഷ, സന്തോഷം.
ഈശ്വരാ , ഞാൻ ആഗ്രഹിക്കുന്ന പോലുള്ള ഒരാളെ എനിക്ക് തരണേ. ജീവിതത്തിൽ ഇന്ന് വരെ സുഖം എന്തെന്ന് അറിഞ്ഞിട്ടില്ല. വിവാഹത്തോടെ വേണം പുതിയൊരു ജീവിതം തുടങ്ങാൻ. ഉള്ളത്കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനാണ് അമ്മ പറഞ്ഞിട്ടുള്ളത് , ഇതുവരെയും അങ്ങനെയാണ് ജീവിച്ചത്. ഇനി പറ്റില്ല, ഇനിയെങ്കിലും ജീവിതമെന്തെന്ന് അനുഭവിക്കണം,
ആസ്വദിക്കണം.

രാവിലെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് വന്നു, നന്നായി ഒന്ന് ഒരുങ്ങി. ജനലിലൂടെ പുറത്തേക്ക് നോക്കി എന്റെ ചെക്കനെ കാത്തിരുന്നു.