പടിപ്പുരയോട് ചേർന്നുള്ള കാർ ഷെഡിൽ കിടന്ന കാർ കണ്ടപ്പോൾ തന്നെ ആരോ അഥിതിയുണ്ടെന്ന് അഭിമന്യുവിന് മനസ്സിലായി.
തറവാട്ടിലേക്ക് എത്തിയതും മേനോൻ ചോദ്യശരമെത്തി. എവിടെ പോയിരുന്നു.
ഞാൻ വെറുതെ പുറത്ത്.അഭി പതറി. കാളകെട്ടിയിൽ പോയതും അറിഞ്ഞതുമായ കാര്യങ്ങൾ അയാൾ മനപ്പൂർവം മറച്ചു.
മ്മ്മ്.ഇത് എന്റെ കൊച്ചു മകൻ അഭിമന്യു.മേനോൻ അഭിയെ രാഘവന് പരിചയപ്പെടുത്തി.
ഉണ്ണി.ഇത് രാഘവൻ.എന്റെ ബാല്യകാല സുഹൃത്തുക്കളിൽ ഒരാൾ.
മേനോന്റെ വാക്കുകൾ അഭിയുടെ ചെവിയിൽ തുളഞ്ഞിറങ്ങി. രാഘവൻ. ശ്രീപാർവ്വതിയുടെ മരണത്തിന് കാരണക്കാരിൽ ഒരുവൻ.
അഭി അയാളെ തുറിച്ചു നോക്കി.ഹലോ.രാഘവൻ അഭിയെ നോക്കി ചിരിച്ചു.
തിരിച്ചു ചിരിച്ചെന്നു അഭി വേഗത്തിൽ അകത്തേക്ക് പോയി.രാഘവൻ എന്ന പേര് അയാളുടെ മനസ്സിൽ കല്ലിച്ചു കിടന്നു.
ശങ്കര നാരായണ തന്ത്രികൾ മടങ്ങി വന്നാൽ ഉടനെ ബാക്കി കാര്യങ്ങൾ അറിയണം.അഭി മനസ്സിൽ ഉറപ്പിച്ചു.
അഭി മടങ്ങിയ പിന്നാലെ രുദ്ര ശങ്കരൻ ഇല്ലത്ത് നിന്നുമിറങ്ങിയിരുന്നു.
അയാൾ നേരെ പോയത് വള്ളക്കടത്ത് ഗ്രാമത്തിലെ ദേവീ ക്ഷേത്രത്തിലേക്കാണ്.
ക്ഷേത്രം കാട് മൂടിയിരിക്കുന്നു.
ചെറിയൊരു കാറ്റ് പോലും വീശുന്നില്ല.
ഒരു കാലത്ത് വള്ളക്കടത്ത് ഗ്രാമത്തിന്റെ സർവ്വ ഐശ്വര്യങ്ങൾക്കും ആധാരമായ മഹാ ക്ഷേത്രം കനത്ത ഇരുട്ടിൽ പ്രേത മാളിക പോലെ ഉയർന്ന് നിന്നു.
രുദ്രൻ അൽപ്പ സമയം ആ ശാപമണ്ണിലേക്ക് നോക്കി നിന്നു.എത്രയോ പടയോട്ടങ്ങളെ അതിജീവിച്ച ക്ഷേത്രം.
ടിപ്പുവിന്റെ പട തോറ്റോടിയ മണ്ണ്.ഒരു ദേശത്തിന്റെ മുഴുവൻ ആശ്രയമായിരുന്ന ആദിപരാശക്തിയുടെ മണ്ണ്.
വൻ മരങ്ങളിലും അവയിൽ പടർന്ന് കയറിയ വള്ളിപ്പടർപ്പുകളിലും അത്യുഗ്ര വിഷ സർപ്പങ്ങൾ ചുറ്റിക്കിടക്കുന്നു.
പായൽ മൂടിയ കുളപ്പടവുകളിൽ കരിനാഗങ്ങൾ ചുറ്റി മറിഞ്ഞു ഇണ ചേരുന്നു.അവയുടെ ശീൽക്കാരങ്ങൾ ഒരു പ്രത്യേക
താളത്തിൽ അവിടെ മുഴങ്ങി നിന്നു.
മനുഷ്യ മണമടിച്ച നാഗങ്ങൾ ഫണമുയർത്തി ചീറ്റി.
രുദ്രൻ കണ്ണടച്ച് ദുർഗ്ഗാ ഗായത്രി ചൊല്ലി.
മുന്നിൽ വന്നത് നിസ്സാരനല്ല എന്ന് മനസ്സിലാക്കിയ നാഗങ്ങൾ പത്തി താഴ്ത്തി കാട്ടിലേക്ക് ഓടി മറഞ്ഞു.
ഒരു ചെറു ചിരിയോടെ രുദ്രൻ കണ്ണ് തുറന്നു.ശ്രീപാർവ്വതി.. അയാൾ ഉറക്കെ വിളിച്ചു.
എനിക്കറിയാം നീ ഇവിടെയുണ്ടെന്ന്.
മുന്നിൽ വാ.മതി നിന്റെ ഒളിച്ചു കളി.
ഉള്ളിൽ എവിടെയോ ഒരു പാവം പെണ്ണിന്റെ തേങ്ങിക്കരച്ചിൽ ഉയർന്ന പോലെ രുദ്രന് തോന്നി.
പിന്നെ അതൊരു ചിരിയായി,പതിയെ പതിയെ പൊട്ടിച്ചിരിയായി.
ദേഷ്യം കൊണ്ട് രുദ്രന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി.
അയാൾ കൈയ്യിൽ കരുതിയ ചെറിയ സഞ്ചിയിൽ നിന്നും ഒരു പിടി ഭസ്മമെടുത്ത് മന്ത്രം ചൊല്ലി.
ഇരുൾ മൂടി നിന്ന വനത്തിലേക്ക് അയാൾ കൈയ്യിലെ ഭസ്മം എറിഞ്ഞു.
ഭസ്മം അന്തരീക്ഷത്തിൽ കലർന്നതും അവിടെയാകെ ഒരു പ്രകാശം നിറഞ്ഞു.
നിമിഷങ്ങൾക്കുള്ളിൽ അതിനുള്ളിൽ ശ്രീപാർവ്വതിയുടെ രൂപം പ്രത്യക്ഷമായി.
സൗന്ദര്യത്തിന്റെ അഭൗമ ഭാവത്തോടെ അവൾ അന്തരീക്ഷത്തിൽ ഉയർന്ന് നിന്നു.
വശ്യമായ അവളുടെ ചിരിയിൽ ദേവ യക്ഷ,കിങ്കരന്മാർ പോലും മയങ്ങിപ്പോകുമെന്ന് രുദ്രന് തോന്നി.
പൊടുന്നനെ അവളുടെ വശ്യഭാവം മാറി.നെറ്റി പൊട്ടി രക്തം ധാരയായി ഒഴുകിയിറങ്ങാൻ തുടങ്ങി.കൂർത്ത ദംഷ്ട്രകൾ അടിച്ചുണ്ട് തുളച്ചിറങ്ങി.
കൈകളിലെ നഖങ്ങൾ നീണ്ട് വളഞ്ഞു.മുഖത്തിന്റെ ഒരു വശം ചതഞ്ഞു തൂങ്ങി.കണ്ണുകളിൽ നിന്നും രക്തമൊഴുകി.
കാറ്റ് പോലും ആ രംഗം കണ്ട് വഴി മാറി.നാഗങ്ങൾ പുറ്റിനിടയിൽ പതുങ്ങിയിരുന്നു.
ഇണചേരലിന്റെ അഭൗമ ലോകത്തിൽ ചുറ്റി മറിഞ്ഞ കരിനാഗങ്ങൾ കുളത്തിലെ ഇരുണ്ട ജലത്തിലേക്ക് അന്തർദ്ധാനം ചെയ്തു.
വിശ്വരൂപം കൈക്കൊണ്ട ശ്രീപാർവ്വതി രുദ്രനെ നോക്കി ആർത്തട്ടഹസിച്ചു.