ശ്രീക്കുട്ടി

“പന്ത്രണ്ട്…പതിമൂന്ന്…പതിനാല്…പതിനഞ്ച്..”

“മോളെ ശ്രീക്കുട്ടീ ഈ ചായ ഒന്ന് കുടിക്ക് നീ.. എത്രനേരായി നിന്നോട് ഞാൻ പറയുന്നു.. എഴുന്നേറ്റു ഈ ഇരുത്തം ഇരിക്കാൻ തുടങ്ങീട്ട് എത്ര നേരായി.. ഇങ്ങുവാ.. എന്നിട്ട് തലയിൽ എണ്ണയിട്ടു തരാം ഞാൻ”

“ശ്ശെ.. ഇതെന്തൊരു കഷ്ട്ടാ ഇത്.. എന്റെ എണ്ണക്കo തെറ്റിച്ചു. മര്യാദക്ക് പൊക്കോ അവിടുന്ന്. അല്ലേൽ ചായ എടുത്ത് മുഖത്തേക്കൊഴിക്കും”

ഇന്നലെ രാത്രി പെയ്തൊഴിഞ്ഞ മഴവെള്ളത്തിന്റെ ബാക്കി ഓടിലൂടെ ഇറ്റി വീഴുന്നത് എണ്ണികൊണ്ടിരിക്കുകയായിരുന്നു ശ്രീക്കുട്ടി. സദാനന്ദന്റെയും ശാരദയമ്മയുടെയും ആകെയുള്ള പുന്നാരമോൾ. ഇരുപത്തൊന്നു വയസ്സിൽ തന്നെ മാനസികമായി തകർന്നുപോയ മനസ്സിന്റെയും ശരീരത്തിന്റെയും ഉടമ.

സ്വന്തം മകളുടെ പ്രതികരണത്തിൽ ആ അമ്മക്ക് കണ്ണുനീർ ഒഴുക്കാനേ കഴിഞ്ഞുള്ളു. തന്റെ വാക്കു കേൾക്കാത്ത മകളുടെ മുന്നിൽ നിന്ന് വിഷമത്തോടെ ‘അമ്മ പതിയെ തിരിഞ്ഞു നടന്നു. ശ്രീക്കുട്ടി വീണ്ടും മഴത്തുള്ളികളെ എണ്ണിക്കൊണ്ടിരുന്നു.

മുറ്റത്തൊരു കാറ് വന്നുനിന്ന ശബ്ദം കേട്ട് ശാരദ ഉമ്മറത്തോട്ട് നടന്നു. ഡോർ തുറന്നു ഒരു സ്ത്രീ ഇറങ്ങി വരുന്നു. എവിടെയോ കണ്ടുമറന്ന മുഖം. ഓർത്തെടുക്കാൻ പറ്റുന്നില്ല. ശാരദ ഇറങ്ങിച്ചെന്നു ആ സ്ത്രീയുടെ മുഖത്തോട്ടുനോക്കി.

“കിഴക്കേപുരയ്ക്കൽ സദാനന്ദന്റെ വീടല്ലേ?”

“അതെ.. ആരാ മനസ്സിലായില്ലല്ലോ”

“നീയെന്നെ മറന്നോടി പിറുക്കി”

പിറുക്കി എന്നുള്ള പേരുകേട്ടപ്പോൾ തന്നെ ശാരദക്കു വേറെ അധികം ഓർത്തെടുക്കേണ്ടിവന്നില്ല. സ്‌കൂളിൽ ശാരദയുടെ വിളിപ്പേരായിരുന്നു പിറുക്കി.

“മാധവി കുട്ടി.. എന്റെ മാധവിക്കുട്ടി,”
പിന്നൊരു കെട്ടിപിടുത്തവും കണ്ണീരൊഴുക്കലുമായിരുന്നു. അല്ലെങ്കിലും ഇങ്ങനുള്ള സാഹചര്യങ്ങളിൽ കണ്ണുനീർ വരാൻ കാത്തുനിൽക്കുവല്ലേ.

വർഷങ്ങൾക് മുൻപ് നീല പാവാടയും വെള്ള ജമ്പറും ഇട്ടു തന്റെ കയ്യും പിടിച്ചു സ്‌കൂളിൽ പോയിരുന്ന തന്റെ പ്രിയപ്പെട്ട

കൂട്ടുകാരി മല്ലിക. മല്ലിക നന്നായി എഴുതുന്ന ആളുംകൂടിയാണ്. അതുകൊണ്ടുതന്നെ അവൾക്കു സ്‌കൂളിൽ ഉള്ളവർ മാധവികുട്ടി എന്നും ചെല്ലപേരിട്ടു. ഇപ്പോൾ അവളെ ആ മാധവികുട്ടി എന്നുള്ള പേരിലെ സ്വന്തം വീട്ടുകാർ പോലും അറിയൂ.

കല്യാണം കഴിഞ്ഞതിൽ പിന്നെ അവളെ കണ്ടിട്ടില്ല. ഒരു പട്ടാളക്കാരൻ ആണ് അവളെ കെട്ടികൊണ്ടുപോയതെന്നറിയാം. അല്ലാതെ അവളെക്കുറിച്ചു ഒന്നും അറിഞ്ഞിരുന്നില്ല. 28 വർഷത്തെ ഇടവേളക്കുശേഷം ഇന്ന് കണ്ടുമുട്ടി. അവളാകെ മാറിയിരിക്കുന്നു. തടിച്ചു വീർത്തിരിക്കുന്നു.

“എന്നാലും എന്റെ മാധവികുട്ട്യേ നിന്റെ വീട്ടിൽ വന്നിട്ട് നിന്റെ കെട്ട്യോന്റെ അഡ്രെസ്സ് വാങ്ങിച്ചിട്ടാ നിനക്കു ഞാനെന്റെ കല്യാണക്കുറി അയച്ചത്. എന്നിട്ടും നീ എന്റെ കല്ല്യാണത്തിന് വന്നില്ലല്ലോ. പിന്നെന്തിനാപ്പൊ ഒരു മുന്നറിയിപ്പ് പോലുമില്ലാതെ ഈ വഴിക്കു വന്നത്”

“ശാരദേ.. ഞാനും ചേട്ടനും അന്നൊന്നും നാട്ടിൽ ഉണ്ടായിരുന്നില്ല. ചേട്ടൻ പട്ടാളത്തിലല്ലേ. എന്നെ അങ്ങോട്ട് കൊണ്ടുപോയി. അവിടെ കോർട്ടേഴ്സിൽ ആയിരുന്നു താമസം. പിന്നെ നാട്ടിൽ കത്തയക്കുമ്പോൾ ‘അമ്മ പറഞ്ഞു എന്റെ പിറുക്കിയുടെ കല്യാണം കഴിഞ്ഞെന്നു.”

“എന്നിട്ട് നിന്റെ ആളെന്ത്യേ? കൂടെ വന്നില്ലേ?”

മല്ലികയുടെ മുഖം വാടി.

“എന്റെ ആള് എന്റെ അടുത്തുനിന്നും പോയിട്ട് എട്ട് വർഷമായി ശാരദേ.. അദ്ദേഹത്തിന്റെ ജോലിയും അതല്ലേ.. ജനങ്ങളുടെ ജീവൻ കാക്കുന്ന ആളായിരുന്നില്ലേ. അതിലെനിക്ക് സങ്കടമില്ല. അഭിമാനമേയുള്ളൂ,.
അതൊക്കെ പോട്ടെ നിന്റെ വിശേഷങ്ങൾ പറ. എന്ത്യേ നിന്റെ കെട്ട്യോനും കുട്ടികളും”

“ചേട്ടൻ ജോലിക്കുപോയി.. കുട്ടികളായിട്ട് ഒരു മോളേയുള്ളു മല്ലികേ, അവളാണേൽ.,”

ശാരദ കരഞ്ഞുതുടങ്ങി.

“എന്തുപറ്റി ശാരദേ.. മോൾക്കെന്തേ”

ശാരദ മല്ലികയെയുംകൊണ്ട് ശ്രീക്കുട്ടി ഇരിക്കുന്ന റൂമിലേക്ക് നടന്നു. മഴത്തുള്ളികളെ എണ്ണിക്കൊണ്ടിരിക്കുന്ന ശ്രീകുട്ടിയെ കണ്ട് മല്ലിക ശാരദയെ സഹതാപത്തോടെ നോക്കി.

“ഇതെന്താ പറ്റ്യേ മോൾക്ക്”

ശാരദ വിങ്ങിപൊട്ടാൻ തുടങ്ങി.

“ആണായിട്ടും പെണ്ണായിട്ടും ദൈവം ഞങ്ങൾക്കൊന്നിനെ മാത്രേ തന്നുള്ളൂ. അതിനുള്ള സ്നേഹവും ലാളനയും വേണ്ടുവോളം ഞങ്ങളും കൊടുത്തു. പന്ത്രണ്ട് കഴിഞ്ഞപ്പോൾ ഇനിയും പഠിക്കണമെന്ന് പറഞ്ഞു എന്തോ വലിയ പഠിത്തത്തിന്റെ പേര് പറഞ്ഞു കോയമ്പത്തൂർ പോയി പഠിച്ചിരുന്നു. എനിക്കും അദ്ദേഹത്തിനും ഒട്ടും താല്പര്യമില്ലായിരുന്നു. ആകെയുള്ള ഒന്നല്ലേ. കൂടെനിന്നു. ഞങ്ങളുടെ കണ്ണിനു അകലെ ആയപ്പോൾ അവൾ വഴിമാറിപോയി മല്ലികേ.”

“ശാരദേ.. കരയാതെ എന്താ സംഭവിച്ചത്”

“ഏതോ ഒരു പയ്യനുമായി അവൾ അടുപ്പത്തിലായി. ഞങ്ങൾ അതറിഞ്ഞപ്പോൾ അവളോട് പറഞ്ഞു അതൊന്നും വേണ്ട പഠിക്കാൻ പോയാൽ പഠിച്ചാൽ മതി. ഇല്ലേൽ അത് നിർത്തി വീട്ടിൽ ഇരുത്തുമെന്നു. അവൾ അതൊക്കെ വിട്ടു എന്നൊക്കെ പറഞ്ഞു. പക്ഷെ ആ ബന്ധം വീണ്ടും ദൃഢമായി കൊണ്ടിരുന്നു. അവസാനം ആ പയ്യൻ അവന്റെ കൂട്ടുകാർക്കുമുന്നിൽ എന്റെ ശ്രീക്കുട്ടിയെ കാഴ്ചവെക്കാൻ കൊണ്ടുപോയി. അവരിൽ നിന്നും രക്ഷപ്പെട്ടോടിയ എന്റെ മോളെ പിന്നെ ഇങ്ങനെയാണ് എനിക്ക് കിട്ടയത് ”

ശാരദ കരഞ്ഞുകൊണ്ട് മല്ലികയുടെ തോളത്തു തല വെച്ചു. മല്ലിക ശാരദയെ സമാധാനിപ്പിക്കുകയും കരയുകയും ചെയ്തു.

“ഡോക്ടറെ കാണിക്കുന്നില്ലേ ശാരദേ?”

“ഉണ്ട്.. മാസത്തിൽ ഒരുതവണ ആശുപത്രിയിൽ കൊണ്ടുപോവണം. പതിയെ മാറി മാറി ശരിയാകുമെന്നാണ് ഡോക്ടർ പറഞ്ഞത്. അവർ പറഞ്ഞതല്ലേ നമുക്കു വിശ്വസിക്കാൻ പറ്റൂ. എന്തായാലും ന്റെ മോൾടെ മാനം പോയില്ലല്ലോ. ഇങ്ങനെ കിട്ടിയല്ലോ അതുമതി”

ശാരദ വീണ്ടും കരച്ചിൽ തുടങ്ങി. മല്ലിക കുറച്ചുനേരം ശ്രീക്കുട്ടിയെ നോക്കി നിന്നു. ശാരദയെപോലെ സുന്ദരിയാണവൾ.. ഒരുപാട് മുടിയും അതിനൊത്ത സൗന്ദര്യവും ദൈവം അവൾക്കു കോരി ചൊരിഞ്ഞു കൊടുത്തിരിക്കുന്നു. എന്നിട്ടുമെന്തേ ആ കുട്ടിക്ക് ഇങ്ങനൊരു വിധി കൊടുത്തത്.

“ഞാൻ ഇറങ്ങട്ടെ ശാരദേ.. എന്റെ മോനും കൂടെ വന്നിട്ടുണ്ട്. ഞങ്ങൾ അടുത്ത ആഴ്ച തിരിച്ചു പോകും. അവനിപ്പോൾ അച്ഛൻ ചെയ്തിരുന്ന ജോലി തന്നെ ചെയ്യുന്നു. എന്റെ വീട്ടുകാരൊന്നും സമ്മതിച്ചില്ല. അച്ഛന്റെ ഗതി വരുമോ എന്നുള്ള പേടി.

പക്ഷെ ഞാൻ നിർബന്ധിച്ചു അവനെ. ആ ജോലി തന്നെ ചെയ്യാൻ. അതിനൊരു അഭിമാനമുണ്ട്. അതുമതി എനിക്ക്. എന്തായാലും ഞാൻ പോകുമ്പോൾ മോനെയും കൊണ്ട് ഇവിടെ വന്നിട്ടേ പോകൂ. ശ്രീക്കുട്ടിയെ ശ്രദ്ധിക്കണം”

മല്ലിക യാത്ര പറഞ്ഞിറങ്ങി. കാറിനടുത്ത് എത്തിയപ്പോൾ തന്റെ പഴയ കൂട്ടുകാരിയെ നോക്കി കണ്ണുനീർ പൊഴിക്കാൻ മല്ലിക മറന്നില്ല. മല്ലിക യാത്രയായി.

ഒരാഴ്ച കഴിഞ്ഞു വീണ്ടും വീടിന്റെ മുന്നിൽ മല്ലികയുടെ കാർ വന്നുനിന്നു. അന്ന് വണ്ടിയിൽ മല്ലികയുടെ മകനും ഉണ്ടായിരുന്നു. നിരഞ്ജൻ.. ഒരു പട്ടാളക്കാരന്റെ ഉശിരും തന്റേടവും ഉള്ള പയ്യൻ. ചെറിയൊരു പുഞ്ചിരിയോടെ നിരഞ്ജൻ ശാരദയെ നോക്കി. ശാരദ നിരഞ്ജനെ കണ്ണ് വെട്ടാതെ നോക്കി നിന്നു. കൂട്ടുകാരിയുടെ മകൻ ഇത്രയും വളർന്നോ എന്നുള്ള ഭാവത്താൽ.

ശാരദ രണ്ടുപേരെയും അകത്തേക്ക് കൂട്ടികൊണ്ടുപോയി. ചായകുടിയും വർത്തമാനവും പറഞ്ഞു എഴുന്നേൽക്കാൻ നേരം നിരഞ്ജൻ ശാരദയോടായി ചോദിച്ചു.

“ശ്രീക്കുട്ടി എന്ത്യേ അമ്മേ”

ശാരദ മല്ലികയെ നോക്കി. മല്ലിക പറഞ്ഞു.

“ഞാൻ അന്ന് ഇവിടെ വന്നു പോയനാൾ ഇവനോട് എല്ലാം പറഞ്ഞു. അന്ന് ഇവന് ശ്രീക്കുട്ടിയെ കാണാൻ ആഗ്രഹം പറഞ്ഞതാ. അതുകൊണ്ടാകും ചോദിച്ചത്”.

ശാരദ ശ്രീക്കുട്ടിയുടെ മുറിയുടെ മുന്നിലേക്കായ് നടന്നു. കൂടെ നിരഞ്ജനും മല്ലികയും. ശാരദ വാതിൽ തുറന്നു. അപ്പോഴും ജനലഴിയിലൂടെ അകാലങ്ങളിക്ക് നോക്കി ഇരിക്കുന്ന ശ്രീകുട്ടിയെ ആണ് കണ്ടത്. അഴിച്ചിട്ട മുടി അവളുടെ പിൻഭാഗത്തെ മറച്ചിരിക്കുന്നു. നിരഞ്ജൻ മുഖം കാണുവാനായി ഒന്ന് ചുമച്ചു. ചുമ കേട്ടപ്പോൾ ശ്രീക്കുട്ടി പെട്ടെന്ന് തിരിഞ്ഞുനോക്കി. നിരഞ്ജന്റെ മുഖത്തോട്ട്. കണ്ണിമ വെട്ടാതെ നിരഞ്ജനെ ശ്രീക്കുട്ടി നോക്കി ഇരുന്നു. പെട്ടെന്ന് അവളിൽ ഭാവവ്യത്യാസം വന്നു.

കരഞ്ഞുകൊണ്ട് നിരഞ്ജന്റെ അടുത്തേക്ക് ഓടി വന്ന് ഷർട്ടിൽ പിടിച്ചു നിരഞ്ജന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“എന്തിനാ വന്നേ.. എന്നെ ഇട്ടേച്ചു പോയിട്ടിപ്പോ എന്തിനാ വന്നേ.. എന്നെ ഈ ഇരുട്ടറയിൽ ആക്കിയിട്ടെന്തിനാ വന്നത്..”

ശ്രീക്കുട്ടി കരഞ്ഞുകൊണ്ട് നിരഞ്ജന്റെ നെഞ്ചിൽ തലവെച്ചു. നിരഞ്ജൻ എന്ത് ചെയ്യണം എന്നറിയാതെ അമ്മയെയെയും ശാരദയെയും മാറി മാറി നോക്കി. ശാരദ വേഗം ശ്രീക്കുട്ടിയെ പിടിച്ചുമാറ്റി കട്ടിലിൽ ഇരുത്തി.

“മോൻ ക്ഷമിക്കണം. ന്റെ മോൾ അറിയാതെ ചെയ്തതാ.. അവൾക്കിപ്പോൾ എന്നെപോലും തിരിച്ചറിയാൻ പറ്റുന്നില്ല. മോൻ ക്ഷമിക്കണം.”

ശാരദ ശ്രീക്കുട്ടി പിടിച്ചു കരഞ്ഞു. നിറകണ്ണോടെ മല്ലികയും വിഷമത്തോടെ നിരഞ്ജനും ആ മുറി വിട്ടു. വീടിന്റെ ഉമ്മറക്കോലായിൽ പോയി നിന്ന അവരുടെ അടുത്തേക്ക് ശാരദ വന്നു.

“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ശാരദേ.. ട്രെയിന് സമയമായിവരുന്നു. ഇനി എന്നെങ്കിലും കാണാം. വേറൊന്നും നിന്നോട് പറയാൻ കിട്ടുന്നില്ല.”

മല്ലിക സാരിത്തുമ്പുകൊണ്ട് കണ്ണുതുടച്ചു പടിയിറങ്ങി. കൂടെ യാത്ര പറഞ്ഞു നിരഞ്ജനും. കാറിൽ കേറി മല്ലിക ശാരദയെ നോക്കി. തൂണിൽ ചാരി നിൽക്കുന്ന ശാരദയുടെ മുഖത്തെ വിഷമം കണ്ട് നിരഞ്ജൻ മല്ലികയോട് പറഞ്ഞു.

“അമ്മേ.. നമുക്ക് ശ്രീകുട്ടിയെ കൊണ്ടുപോയാലോ.. അമ്മക്കൊരു കൂട്ടായിട്ട്.. ഒരു മരുമകളായിട്ട്. അമ്മക്ക് സമ്മതമാണെങ്കിൽ മാത്രം”

“മോനെ.. ഞാൻ നിന്നോട് ഇതെങ്ങനെ പറയും എന്നോർത്താണ് പറയാതെ വീർപ്പ് മുട്ടികൊണ്ടിരുന്നത്. അതൊരു പുണ്ണ്യമാകും. നമുക്കു ചികിൽസിച്ചു മാറ്റാം അവളുടെ അസുഖത്തെ. പോയി വിളിച്ചോണ്ട് വാടാ.”

കേൾക്കേണ്ട താമസം നിരഞ്ജൻ കാറിൽ നിന്നിറങ്ങി. ശാരദയുടെ മുന്നിൽ ചെന്ന് കാര്യം പറഞ്ഞു. ശാരദ ഒന്നും മിണ്ടാതെ നിരഞ്ജനെ ഒരു ആദരവോടെ നോക്കി ശ്രീക്കുട്ടിയുടെ മുറിയിലേക്ക് കൈ കാണിച്ചു. പോയി വിളിച്ചോളൂ എന്ന് പറഞ്ഞു.

ശ്രീകുട്ടിയെ വിളിക്കാൻ ചെന്ന നിരഞ്ജന്റെ കൂടെ അവൾ വരുമോ എന്നുള്ള ഭയമായിരുന്നു മല്ലികക്കും ശാരദക്കും. കുറച്ചു നേരം കഴിഞ്ഞു നിരഞ്ജൻ വന്നു. വലതു കയ്യിൽ ശ്രീകുട്ടിയുടെ ഇടതു കൈ പിടിച്ചുകൊണ്ടു. ഒരു നാലുവയസ്സുകാരിയെപോലെ

അനുസരണയോടെബി അവൾ നിരഞ്ജന്റെ കൂടെ ഇറങ്ങി വന്നു.

“അമ്മേ.. ഞാൻ ഇവളെ കൊണ്ടുപോവുകയാണ്. എന്റെ അമ്മേടെ മരുമകളായിട്ട്. ഇനി ഇവളെ ‘അമ്മ കാണുമ്പോൾ അമ്മേടെ പഴയ ശ്രീക്കുട്ടി ആകും ഇവൾ. അത് ഞാൻ ഉറപ്പു തരാം.”

നിരഞ്ജൻ ശ്രീക്കുട്ടിയെ കാറിൽ കയറ്റി. കാറിൽ ഇരിക്കുന്ന ശ്രീകുട്ടിയെ നോക്കി ശാരദ ഉമ്മറത്തുനിന്നു. ഒരുനോട്ടം മാത്രം ശ്രീക്കുട്ടി അമ്മയെനോക്കി. പിന്നീട് പുറത്തേക്കു കണ്ണ് നട്ടിരുന്നു.

തന്റെ ആ പഴയ ശ്രീകുട്ടിക്കുവേണ്ടി കുറുമ്പ് കാണിച്ചു വഴക്കിടുന്ന തന്റെ ശ്രീകുട്ടിക്കു വേണ്ടി ആ ‘അമ്മ പിന്നീടുള്ള ദിനങ്ങൾ എണ്ണിക്കൊണ്ടിരുന്നു. ആ കാർ പടി കേറി വരുന്നതും നോക്കി.