രക്തരക്ഷസ്സ് 8
Raktharakshassu Part 8 bY അഖിലേഷ് പരമേശ്വർ
previous Parts
നിമിഷ നേരം കൊണ്ട് അവർ ഭയത്തിന്റെ കൈകളിൽ അകപ്പെട്ടു. ആർത്തലയ്ക്കുന്ന മഴയിലും ദേവകിയമ്മയെ വിയർത്തൊഴുകി.
പൊടുന്നനെ കിഴക്കൻ കാറ്റ് ആഞ്ഞു വീശി, മുറ്റത്ത് നിന്ന മൂവാണ്ടൻ മാവിന്റെ കനത്ത ശിഖരങ്ങളിലൊന്ന് ദേവകിയമ്മയുടെ മുന്നിലേക്ക് ഒടിഞ്ഞു വീണു.
അവർ പേടിച്ച് നിലവിളിച്ചു കൊണ്ട് പിന്നിലേക്ക് ഒരടി വച്ചു. എന്നാൽ ആരോ പിടിച്ചു നിർത്തിയ പോലെ അവരവിടെ നിന്നു പോയി.
തനിക്ക് പിന്നിൽ ആരോ നിൽക്കുന്നത് പോലെ ദേവകിയമ്മയ്ക്ക് തോന്നി, എന്നാൽ തിരിഞ്ഞു നോക്കാൻ ഉള്ള ശക്തി അവർക്കില്ലായിരുന്നു.
വല്ല്യമ്പ്രാട്ടി പേടിച്ചോ? പിന്നിൽ നിന്നും ഉയർന്ന ചോദ്യം കേട്ട് ദേവകിയമ്മ ഞെട്ടിത്തിരിഞ്ഞു.
ചുറ്റും പ്രകാശം പരത്തിക്കൊണ്ട് ചിതറി വീണ കൊള്ളിയാൻ വെട്ടത്തിൽ പിന്നിൽ നിന്ന ആളെക്കണ്ട ദേവകിയമ്മയുടെ തൊണ്ട വറ്റി. ഉറക്കെ കരയാൻ അവർ ശ്രമിച്ചു, പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല.
ശ്രീപാർവ്വതി, അവ്യക്തമായ ശബ്ദത്തിൽ അവർ പറഞ്ഞു. അപ്പോൾ വല്ല്യമ്പ്രാട്ടി എന്നെ മറന്നിട്ടില്ല്യ ല്ലേ? ശ്രീപാർവ്വതി ഒന്നുറക്കെ ചിരിച്ചു.
അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ തിളക്കം ദേവകിയമ്മ കണ്ടു.
ന്നെ ഒന്നും ചെയ്യല്ലേ. ന്നോട് പൊറുക്കണം. ന്റെ മോളെ ഈ വയസ്സിയേ വെറുതെ വിടണം. അവർ കൈ തൊഴുതു അപേക്ഷിച്ചു.
ഒന്നും ചെയ്യല്ലേ ന്ന്. വെറുതെ വിടണം ല്ല്യെ. ഞാനും കരഞ്ഞില്ല്യെ വല്ല്യമ്പ്രാട്ടി,തൊഴുത് കരഞ്ഞില്ല്യെ. ന്നെ കൊല്ലല്ലേന്ന് കാല് പിടിച്ചു കരഞ്ഞില്ല്യേ,ന്നിട്ട് കേട്ടോ? ഇല്ല്യാ.
ശ്രീപാർവ്വതിയുടെ കണ്ണുകളിൽ നിന്നും രക്തം ഒഴുകിയിറങ്ങി. ശക്തമായ കാറ്റിൽ അവളുടെ നീണ്ട മുടി പനങ്കുല പോലെ പാറി.
അമ്മേ ദേവീ, മഹാമായേ രക്ഷിക്കണേ. ദേവകിയമ്മ അവസാന ആശ്രയമായി പ്രാർത്ഥിച്ചു. അത് കേട്ട ശ്രീപാർവ്വതി ഉറക്കെ ചിരിച്ചു. അവളുടെ ചിരിക്ക് അകമ്പടിയെന്ന പോലെ നായ്ക്കൾ ഉച്ചത്തിൽ ഓരിയിട്ട് തുടങ്ങി.
വല്ല്യമ്പ്രാട്ടി എന്നോടും എന്റെ അച്ഛനോടും ചെയ്ത ദ്രോഹത്തിന്റെ ഫലം അത് അനുഭവിക്കുക തന്നെ വേണം.
വർഷങ്ങളോളം ബന്ധനത്തിൽ കഴിഞ്ഞ ഞാൻ ഇനി എന്നേം എന്റെ കുടുംബത്തെയും ഇല്ലാതാക്കിയവരുടെ സർവ്വനാശം കണ്ടേ അടങ്ങൂ.
പ്രതികാര ദാഹത്തോടെ ശ്രീപാർവ്വതി ദേവകിയമ്മയുടെ കഴുത്തിൽ പിടിമുറുക്കി.
തന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് അവർ അറിഞ്ഞു. കൊല്ലല്ലേ….. അവസാനമായി ഒരിക്കൽ കൂടി അവർ അപേക്ഷിച്ചുവെങ്കിലും ആ ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു.
ശ്രീപാർവ്വതിയുടെ കൈയ്യിലെ കൂർത്ത നഖങ്ങൾ അവരുടെ കഴുത്തിൽ ആഴ്ന്നിറങ്ങി.
കർണ്ണ ഞരമ്പുകൾ വലിഞ്ഞു പൊട്ടി. കണ്ണുകൾ പുറത്തേക്ക് തള്ളി. ശ്രീപാർവ്വതിയുടെ കൈകളിൽ കിടന്നവർ പിടഞ്ഞു. പിന്നെ പതിയെ ആ പിടച്ചിൽ നിന്നു.
കഴുത്തിലെ മുറിവിലൂടെ ചോര വാർന്ന്, തുറിച്ച കണ്ണുകളും പുറത്തേക്ക് തള്ളിയ നാവുമായി ദേവകിയമ്മയുടെ ശരീരം ശ്രീപാർവ്വതിയുടെ കൈയ്യിൽ കിടന്നു.
നിശ്ചലമായ ആ ശരീരത്തെ നോക്കി അവൾ പൊട്ടിച്ചിരിച്ചു, പിന്നെ മുരണ്ടുകൊണ്ട് ആ ശരീരം തൊടിയിലേക്ക് വലിച്ചറിഞ്ഞു.
ഒരു പഴന്തുണിക്കെട്ട് പോലെ ദേവകിയമ്മയുടെ മൃതദേഹം തൊടിയിലെ കരിക്കിലകളിൽക്കൂടി നിരങ്ങി നീങ്ങി.