രക്തരക്ഷസ്സ് 26

കൈയ്യിൽ നിന്നും കൂജ തെന്നി താഴെ വീണു ചിതറി.അതിൽ നിന്നും രക്തമൊഴുകി പടർന്നു.ഭയം അയാളുടെ മനസ്സിൽ സംഹാര താണ്ഡവമാടി.

പുറത്താരോ ഉറക്കെ വിളിക്കുന്ന ശബ്ദം.ഉണ്ണി..ഉണ്ണി വിളിക്കുന്നു.

മേനോൻ ഞെട്ടി കണ്ണ് തുറന്നു. അൽപ്പ സമയത്തേക്ക് അയാൾക്ക്‌ ഒന്നും വ്യക്തമായില്ല.

കൈയ്യെത്തിച്ച് ലൈറ്റിട്ടു.മുറിയിൽ മങ്ങിയ പ്രകാശം പരന്നു.അയാൾ വിയർത്ത് കുളിച്ചിരുന്നു.എന്താ സംഭവിച്ചത്.ഉണ്ണി,ശ്രീപാർവ്വതി, മൂങ്ങ,രക്തം.

മേനോൻ ഭയപ്പാടോടെ ചുറ്റും നോക്കി.ഇല്ലാ ഒന്നിനും മാറ്റമില്ല. ജലം നിറച്ച മൺകൂജ മേശയിൽ ഇരിക്കുന്നു.വാതിൽ അടഞ്ഞു കിടക്കുന്നു.

താനൊരു ദു:സ്വപ്നം കണ്ടതാണെന്ന് അപ്പോൾ മാത്രമാണ് അയാൾക്ക്‌ ബോധ്യമായത്.

മുണ്ട് മുറുക്കിയുടുത്ത് ദേഹത്തെ വിയർപ്പ് തുടച്ചു കൊണ്ട് മേനോൻ കട്ടിലിൽ നിന്നുമിറങ്ങി.

കൂജയെടുത്ത് വായിലേക്ക് കമഴ്ത്തി.ഒറ്റ വീർപ്പിന്‌ അതിലെ ജലം മുഴുവൻ കുടിച്ചു.

“മേനോനെ.ഇനിയുള്ള രാത്രികളിൽ മരണ ഭയം തന്നെ വേട്ടയാടും. ഊണും ഉറക്കവും നഷ്ട്ടമാകും.”

ക്ഷേത്ര മണ്ണിൽ നിന്നും മടങ്ങുമ്പോൾ വാഴൂർ വസുദേവൻ ഭട്ടതിരി പറഞ്ഞ വാക്കുകൾ സത്യമായിരിക്കുന്നു.

മേശവലിപ്പിൽ നിന്നും രാഘവൻ സമ്മാനിച്ച റഷ്യൻ ചുരുട്ടെടുത്ത് അയാൾ തീയെരിച്ചു.

മുറിയിലെ മങ്ങിയ പ്രകാശത്തിനും മീതെ ആ വിദേശിയുടെ തല ജ്വലിച്ചു നിന്നു.

ചുരുട്ട് ആഞ്ഞു വലിച്ച് പുക പുറത്തേക്ക് തള്ളുമ്പോൾ പാട വരമ്പിൽ കണ്ട പ്രാകൃത മനുഷ്യന്റെ വാക്കുകൾ മേനോൻ ഒരിക്കൽ കൂടി ഓർത്തെടുത്തു.

താൻ പോലുമറിയാതെ തനിക്കൊപ്പമുള്ള മരണം. ആരാണത്.

സ്വപ്നത്തിൽ ശ്രീപാർവ്വതി ഉണ്ണിയുടെ രൂപത്തിൽ വന്നത് എന്ത് കൊണ്ടാവും.ഇനിയിപ്പോൾ ക്ഷേത്രം വിട്ട ആ ദുരാത്മാവ് അവനിൽ കുടിയേറിയോ?

ചുരുട്ടിനേക്കാൾ വേഗത്തിൽ അയാളുടെ ചിന്തകൾ എരിഞ്ഞു തുടങ്ങി.

മേനോൻ ജാലകവാതിൽ മലർക്കെ തുറന്ന് പുറത്തേക്ക് നോക്കി. പുഞ്ചിരിച്ചു നിൽക്കുന്ന തിങ്കൾക്കല.

മരങ്ങളുടെ ഇലച്ചാർത്തുകളിൽ പതിഞ്ഞ മഴത്തുള്ളികൾ നിലാവെളിച്ചം തട്ടി വജ്ജ്ര ശോഭയോടെ വിളങ്ങുന്നു.

ചുരുട്ടിൽ നിന്നും പുറംന്തള്ളപ്പെട്ട കനത്ത പുക ഉരുണ്ട് കൂടി അയാളുടെ കാഴ്ച്ച മറച്ചു.

ശാന്തമായ പ്രകൃതിയുടെ മാസ്മരികതയിൽ തനിക്ക് മേൽ മരണം കരിമ്പടം പുതച്ച് കാത്തിരിക്കുന്നത് അയാളറിഞ്ഞില്ല.

ക്ലോക്കിലെ സൂചികൾ ഇഴഞ്ഞു നീങ്ങി.ബ്രഹ്മയാമത്തിന്റെ ഉണർവറിയിച്ചു കൊണ്ട് ഒരു മയൂരം ഉറക്കെ കരഞ്ഞു.

വള്ളക്കടത്ത് ദേവീ ക്ഷേത്ര മണ്ണിൽ നടന്ന നിഗൂഢ പൂജകൾ അവസാന ഘട്ടത്തിൽ എത്തിയിരുന്നു.

“ഓം സർവ്വ ബാധ ദോഷ നാശയ നാശയ ഹും ഫട് സ്വാഹ.”
മന്ത്ര ധ്വനികളോടെ കറുക, കർപ്പൂരം,കുറും പാലക്കമ്പ് എന്നിവ ഹോമകുണ്ഡത്തിലേക്ക് അർപ്പിച്ചു കൊണ്ട് ശങ്കര നാരായണ തന്ത്രികൾ കണ്ണടച്ച് പ്രാർത്ഥിച്ചു.

പന്തിയൂർ ഇല്ലത്തെ വാമദേവൻ തന്ത്രി രാശിപ്പലകയിൽ കവുടി നിരത്തി.

കൂട്ടിയും കിഴിച്ചും രാശികളിൽ നിന്നും രാശികളിലേക്ക് മാറിയ ലക്ഷണം ഒടുവിൽ ചിങ്ങം രാശിയിൽ ഉറച്ചു.

ചിങ്ങം.ഉത്തമം.പക്ഷേ അവിടെയും ചെറിയൊരു തടസ്സം കാണുന്നല്ലോ. ദേവീ പ്രസാദം കുറവ്.പുന:പ്രതിഷ്ഠ വേണമെന്ന് ലക്ഷണം.

ശങ്കര നാരായണ തന്ത്രിയുടെ നെറ്റി ചുളിഞ്ഞു.പുന:പ്രതിഷ്ഠ നടത്തണമെങ്കിൽ…ഇല്ല്യാ സമയം കുറവ്.ഇനിയും മാസങ്ങൾ കാത്തിരിക്കുക എന്നത് അസാധ്യം.

ശങ്കര നാരായണ തന്ത്രിയുടെ മുഖത്ത് നിരാശ പടർന്ന് കഴിഞ്ഞിരുന്നു.

പുലർ കാലത്ത് ധ്യാനം പൂർത്തിയാക്കി സിദ്ധികൾ വീണ്ടെടുത്ത് രുദ്ര ശങ്കരൻ അറയിൽ നിന്നും പുറത്തിറങ്ങും. ഞാൻ എന്താ ന്റെ ഉണ്ണിയോട് പറയുക.അമ്മേ ദേവീ പരീക്ഷിക്കരുതേ.

ചെയ്ത കർമ്മങ്ങൾ ഫലമില്ലാതെ പോകുമോ എന്ന് ആ വയോവൃദ്ധൻ ആകുലപ്പെട്ടു.

മറ്റൊരു വഴി കാണാതിരിക്കില്ല ഒരിക്കൽ കൂടി നോക്കൂ.വാഴൂർ വസുദേവൻ ഭട്ടതിരി പ്രതീക്ഷ കൈവിട്ടില്ല.

മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് കവുടിയുരുട്ടി ഒരു പിടിയെടുത്ത് നെഞ്ചോട് ചേർത്ത് ധ്യാനിച്ചു വാമദേവൻ തന്ത്രി.

ചിങ്ങം രാശിയിൽ തന്നെ വീണ്ടുമെത്തിയതോടെ വസുദേവൻ ഭട്ടതിരിയുടെ മുഖത്തും നിരാശയുടെ കാർമേഘം തിങ്ങി.

എന്നാൽ വാമദേവൻ തന്ത്രിയുടെ മുഖത്ത് അല്പം ആശ്വാസം തെളിഞ്ഞു.ഒരു വഴി തെളിയുന്നു. പുന:പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം ഈ മണ്ണിൽ തന്നെയുണ്ട് എന്ന് സൂചന.

എവിടെ ശങ്കര നാരായണ തന്ത്രികൾ ആകാംക്ഷയോടെ ഇരുന്നിടത്ത് നിന്നും ചാടിയേറ്റു.

പക്ഷേ.സൂചന മാത്രമേ ഉള്ളൂ.എവിടെയാണ് എന്നത് തെളിയുന്നില്ല്യ.ആരൂഢം തടയുന്നു.

സാരല്ല്യ.അങ്ങനെ ഒന്നുണ്ട് എന്ന് വ്യക്തമായല്ലോ.ഏത് വിധേനയും നമ്മളത് കണ്ടെത്തും.

ഒരു പക്ഷേ നമ്മുടെ ദൃഷ്ടിയിൽ തെളിയാത്ത ആ വിഗ്രഹം മറ്റൊരു കണ്ണിൽ തെളിയും.പ്രതീക്ഷ കൊണ്ട് ശങ്കര നാരായണ തന്ത്രിയുടെ മുഖം പൂർണ്ണ ചന്ദ്രനെപ്പോലെ തിളങ്ങി.

കിഴക്കൻ മലനിരകൾ പൊന്നിൻ പ്രഭയിൽ മുങ്ങിക്കുളിച്ച് ആദിത്യന്റെ വരവറിയിച്ചു.

മംഗലത്ത് കൃഷ്ണ മേനോന്റെ മനസ്സിലും പ്രതീക്ഷയുടെ സൂര്യൻ തെളിഞ്ഞു.

ഈ ഒരു ദിവസം കൂടി കഴിഞ്ഞു കിട്ടിയാൽ ശ്രീപാർവ്വതി എന്ന രക്ഷസ്സിൽ നിന്നും താൻ രക്ഷ നേടും.എന്നിട്ട് വേണം മറഞ്ഞിരിക്കുന്ന ശത്രുവിനെ കണ്ടെത്താൻ.

വല്ല്യച്ഛൻ ന്താ ആലോചിക്കുന്നേ. പിന്നിൽ നിന്നുമുയർന്ന അഭിയുടെ ചോദ്യം മേനോനെ ചിന്തയിൽ നിന്നുമുണർത്തി.

ഹേ.ഒന്നുല്ല്യ.രാഘവനും കുമാരനും എന്തെ വൈകുന്നു എന്ന് ആലോചിക്കുവായിരുന്നു.അയാൾ അഭിയെ തന്നെ ശ്രദ്ധിച്ചു കൊണ്ട് മറുപടി പറഞ്ഞു.

അവനിൽ പ്രത്യേകിച്ചുള്ള മാറ്റങ്ങളൊന്നും അയാൾക്ക്‌ തോന്നിയില്ല.

കുമാരൻ നൽകിയ രക്ഷ കൂടി അഭിയുടെ കഴുത്തിൽ കണ്ടപ്പോൾ മേനോന്റെ സംശയം പാടെ മാറി.

എന്നാൽ ശ്രീപാർവ്വതി അവിടെ തന്നെ മറ്റൊരാളിൽ ആവേശിച്ചിരിക്കുന്നത് അയാളറിഞ്ഞില്ല.

തലേ രാത്രിയിലെ തനിക്കുണ്ടായ അനുഭവം അഭിയോട് പറയണോ വേണ്ടയോ എന്ന ചിന്ത ഒരിക്കൽ കൂടി അയാളുടെ തലയ്ക്ക് ചൂട് പിടിപ്പിച്ചു.

മേനോനിൽ കടന്ന് കൂടിയ മരണ ഭയം കണ്ട് അകത്തളത്തിൽ നിന്ന് ശ്രീപാർവ്വതി നിശബ്ദമായി ചിരിച്ചു.

നീ എന്താ ഇങ്ങനെ ചിരിക്കുന്നെ. പോയി ഒരു കാപ്പി കൊണ്ട് വാ. എന്തോ ആലോചനയിൽ മുഴുകി ചിരിച്ചു കൊണ്ടിരുന്ന ലക്ഷ്മിയെ മേശയിൽ തട്ടി അഭി ഉണർത്തി.

രസച്ചരട് പൊട്ടിയതിനെ ദേഷ്യത്തിൽ അവന് നേരെ തുറിച്ചു നോക്കിക്കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.

ഇവൾക്കിത് എന്ത് പറ്റി.മ്.അറിഞ്ഞിട്ട് തന്നെ കാര്യം.അവൻ ചെറിയൊരു ചിരിയോടെ അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽ അമ്മാളു രാവിലത്തെ കാപ്പിക്കുള്ള ഇഡ്ഡലി പാകമാക്കുന്ന തിരക്കിലാണ്.

ലക്ഷ്മിയെ അവിടെയെങ്ങും കാണാത്തതിൽ അഭിയിൽ നിരാശയും ആകാംഷയും ഒരുപോലെ ഉദിച്ചു.

ലച്ചു എവിടെ.അവൻ അമ്മാളുവിനെ നോക്കി.ഞാനൊരു കാപ്പി ആക്കാൻ പറഞ്ഞിട്ട് അവളിത് എങ്ങോട്ട് പോയി.

അഭിയുടെ കപട ദേഷ്യം കണ്ട് അമ്മാളുവിന് ചിരി വന്നു. കൊച്ചമ്പ്രാന് കാപ്പി ആണോ വേണ്ടത് അതോ ലക്ഷ്മിയെ കാണണോ.അവൾ ചെറു ചിരിയോടെ അഭിയെ ഇടം കണ്ണിട്ട് നോക്കി.

അഭിക്ക് ചെറിയ ജാള്യത തോന്നാതിരുന്നില്ല.അല്ല,അത് അവളോട്‌ കാപ്പി ഇടാൻ പറഞ്ഞപ്പോ.ഞാൻ വെറുതെ. അവൻ വാക്കുകൾ കിട്ടാതെ പരുങ്ങി.

മ്മ്മ്.മം.കാപ്പി മതിയെങ്കിൽ ഞാൻ ഇട്ട് തരാട്ടോ.ലക്ഷ്മി ഇട്ടാലെ കുടിക്കൂ എന്നാണെങ്കിൽ ഇനിയിപ്പോ ഒരു ഏഴ് ദിവസം കഴിയണം.അവൾ പുറത്ത് ചാടി.

പുറത്ത് ചാടിയോ?ആരുടെ പുറത്ത്. അഭി ആകാംക്ഷ മറച്ചു വച്ചില്ല.പറ അമ്മാളു ന്താ സംഭവം.

യ്യോ.ന്റെ കൊച്ചമ്പ്രാ ആരുടേയും പുറത്ത് ചാടിയെ ഒന്നുമല്ല.ഇനി ഒരു ഏഴ് ദിവസത്തേക്ക് മാറിയിരിക്കണം.അത്രേ ഒള്ളൂ.അതിന് ഞങ്ങള് പെണ്ണുങ്ങൾ ഇങ്ങനെ ഓരോ വാക്കുകൾ പറയും.അത്രന്നെ.

ഓ.ശരി ശരി.കാര്യം മനസ്സിലായ മട്ടിൽ അഭി തല കുലുക്കിക്കൊണ്ട് അമ്മാളു നൽകിയ കാപ്പിയുമായി അടുക്കള വിട്ടു.
**********************************
കാളകെട്ടിയിലെ അറയിൽ ബ്രഹ്മമുഹൂർത്തത്തിൽ തന്നെ രുദ്ര ശങ്കരൻ ഉറക്കം വിട്ടെഴുന്നേറ്റിരുന്നു.

അറയിൽ കൂടി പണി കഴിപ്പിച്ചിരിക്കുന്ന തുരങ്കത്തിലൂടെ ഇല്ലത്തിന്റെ കിഴക്ക് വശത്തുള്ള കുളത്തിൽ നിന്നും ജലം കടന്ന് വരും.

കഴിഞ്ഞ ആറു ദിനവും അവിടെയാണ് രുദ്രൻ കുളിയും മറ്റും കഴിക്കുന്നത്.

തുരങ്കത്തിന്റെ പകുതിയോളം മാത്രമേ ജലമെത്തുകയുള്ളൂ. കുളത്തിൽ ജലനിരപ്പുയർന്നാലും തുരങ്കത്തിൽ ജലത്തിന്റെ അളവ് കൂടില്ല.

തച്ചന്മാരുടെ കുലഗുരുവായ പെരുംന്തച്ഛൻ തച്ചു ശാസ്ത്രം പിഴയ്ക്കാത്ത കണക്കിൽ തീർത്ത മറ്റൊരു വിസ്മയം.

കുളി കഴിച്ചു കയറുമ്പോൾ തനിക്ക് പുത്തൻ ഉന്മേഷം ലഭ്യമായത് പോലെ രുദ്രന് അനുഭവപ്പെട്ടു.

അറയിലേ ദേവീ വിഗ്രഹത്തിന് മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് പത്മമിട്ട് വിളക്ക് തെളിക്കുമ്പോൾ അടുത്ത ദിനത്തിൽ ശ്രീപാർവ്വതിയെ ആവാഹിക്കേണ്ട കർമ്മങ്ങൾ കണക്ക് കൂട്ടിത്തുടങ്ങി ആ മഹാ മാന്ത്രികൻ.

പീഢത്തിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ നിർമ്മിത സ്ത്രീ രൂപത്തിലേക്ക് രുദ്രൻ സൂക്ഷിച്ചു നോക്കി.

ശ്രീപാർവ്വതി.എന്നെപ്പോലും ചതിച്ച നിന്നെ ഇനിയും അഴിഞ്ഞാടാൻ വിടില്ല്യ.

ഇനിയൊരു മടക്കമില്ലാതെ ആവാഹിക്കും നിന്നെ ഞാൻ.രുദ്രൻ തന്റെ കടപ്പല്ല് ഞെരിച്ചു.

സമയം അതിക്രമിക്കുന്നതിന്റെ സൂചനയെന്നോണം സുവർണ്ണ നാഗം രുദ്രന്റെ കാലുകളിൽ തന്റെ മുഖമുരസി.

സർപ്പ ശ്രേഷ്ഠന്റെ കൃത്യതയ്ക്ക് മനസ്സ് നിറഞ്ഞൊരു ചിരിയോടെ രുദ്രൻ തന്റെ കർമ്മങ്ങൾ ആരംഭിച്ചു.

അതി ശക്തമായ ദുർഗ്ഗാ മന്ത്രങ്ങൾ ആ മാന്ത്രികന്റെ നാവിൽ നിന്നുതിർന്ന് വീണു.

കുരുക്ഷേത്ര യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന്‍ ശ്രീ കൃഷ്ണന്‍ അർജുനന് ഉപദേശിച്ച അതേ മന്ത്രം.

ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുക വഴി ശത്രു ജയം നിശ്ചയം.

ഇരുപത്തിയൊന്നാം ഉരു പൂർത്തിയായതും രുദ്രന്റെ കർണ്ണങ്ങളെ ഒരു മധുര സ്വരം തഴുകി.

രുദ്രാ മിഴി തുറക്കൂ.നിന്നിൽ ഞാൻ സംപ്രീതനാണ്.മിഴി തുറക്കൂ.

അതി ലോലവും എന്നാൽ ആജ്ഞാ ശക്തിയുള്ളതുമായ ആ സ്വരം കാതുകളിൽ പതിഞ്ഞതും രുദ്ര ശങ്കരൻ പതിയെ മിഴികൾ ചിമ്മിത്തുറന്നു.

തന്റെ മുൻപിലെ ദുർഗ്ഗാ ദേവിയുടെ പൂർണ്ണകായ വിഗ്രഹത്തിന് ചുറ്റും അഭൗമമായ ഒരു പ്രകാശം തെളിഞ്ഞത് കണ്ട് രുദ്രൻ കൈകൾ കൂപ്പി.

രുദ്രാ നിനക്ക് നഷ്ട്ടമായ സിദ്ധികൾ വീണ്ടും ലഭ്യമാകാൻ പോകുന്നു. ഒപ്പം ഈ ഇല്ലത്തെ മുൻതലമുറയിലെ ഏഴാം കണ്ണിയായാ ദേവ നാരായണ തന്ത്രികൾ മാത്രം ദർശിച്ച എന്റെ വിശ്വരൂപവും നീ ദർശിക്കും.

നിനക്ക് മുൻപിലെ പീഢത്തിലിരിക്കുന്ന താളിയോല ഗ്രന്ധം കൈക്കൊള്ളുക.ഇനിയുള്ള കർമ്മങ്ങളിൽ നിനക്കവ ഉപകരിക്കും.

രുദ്രൻ മുൻപിലെ പീഢത്തിലേക്ക് കണ്ണോടിച്ചു.അവിടെ കുങ്കുമത്തിൽ അഭിഷേകം ചെയ്തിരിക്കുന്ന ചുവന്ന പട്ടിന്റെ പൊതി.

സംശയിച്ചിരിക്കാതെ എടുത്തുകൊള്ളൂ.വീണ്ടുമാ മഹാമായയുടെ ആജ്ഞാ സ്വരം കേട്ടതും രുദ്ര ശങ്കരൻ പൊതി തൊട്ട് തൊഴുത് കൈയ്യിലെടുത്തു.

അടുത്ത നിമിഷം ദേവിയുടെ കണ്ണുകളിൽ നിന്നും അതി ശക്തമായ പ്രകാശ രശ്മികൾ രുദ്രന്റെ തിരുനെറ്റിയിൽ പതിച്ചു.

ആ ഊർജ്ജത്തിന്റെ പ്രഭാവത്തിൽ ആ ശരീരം വിറ കൊണ്ടു.
നഷ്ട്ടമായ സിദ്ധികളുടെ പുന:രാഗിരണം താങ്ങാൻ സാധിക്കാതെ തന്റെ ബോധമണ്ഡലം മറയുന്നത് അവനറിഞ്ഞു.