രക്തരക്ഷസ്സ് 10

രക്തരക്ഷസ്സ് 10
Raktharakshassu Part 10 bY അഖിലേഷ് പരമേശ്വർ
previous Parts

എന്റെ ലക്ഷ്യത്തിന് തടസ്സം നിന്നാൽ അവരുടെയൊക്കെ സർവ്വനാശമാവും ഫലം.

അവൾ പറഞ്ഞു തീർന്നതും വട്ടളത്തിലെ ജലം അതി ശക്തമായി കറങ്ങാൻ തുടങ്ങി.

ശങ്കര നാരായണ തന്ത്രികൾ കണ്ണടച്ചു ധ്യാനത്തിൽ മുഴുകി.

പൊടുന്നനെ ജലം നിശ്ചലമായി.ശ്രീപാർവ്വതി പോയ്ക്കഴിഞ്ഞുവെന്ന് അദ്ദേഹത്തിന് മനസ്സിലായി.

മൂന്നാം യാമത്തിന്റെ തുടക്കം അറിയിച്ചു കൊണ്ട് എവിടെയോ ഒരു പാതിരാക്കോഴി കൂവി.

തന്ത്രിയുടെ മാന്ത്രികപ്പുരയിൽ മന്ത്രോച്ചാരണങ്ങൾ ഉയർന്നു.
എല്ലാത്തിനും സാക്ഷിയായി ദേവദത്തനും പ്രകൃതിയും മാത്രം.

മഹാകാളിക്കുള്ള ഗുരുതിയും മറ്റ് കർമ്മങ്ങളും കഴിച്ച് കഴിഞ്ഞപ്പോൾ സമയം ബ്രഹ്മയാമമായി.

ശങ്കര നാരായണ തന്ത്രികൾ വിയർപ്പിൽ മുങ്ങിക്കുളിച്ചു.അമ്മേ ആദിപരാശക്തി കാത്ത് രക്ഷിക്കണേ.

അദ്ദേഹം ദേവീ വിഗ്രഹത്തിന് മുൻപിൽ സാഷ്ടാഗം പ്രണമിച്ചു.

ദേവാ മടങ്ങാം,ബ്രഹ്മയാമം ആരംഭിച്ചിരിക്കുന്നു.ശിരസ്സ് കുലുക്കിക്കൊണ്ട് ആജ്ഞാനുവർത്തിയായ ദേവദത്തൻ കുത്ത് വിളക്കെടുത്ത് വഴി കാട്ടി.

മാന്ത്രികപ്പുരയ്ക്ക് പുറത്ത് കടന്നതും തന്ത്രിയുടെ മേൽമുണ്ട് ആരോ തള്ളി ഇട്ടത് പോലെ താഴേക്ക് വീണു.

ദേവദത്തൻ മേൽമുണ്ടെടുക്കാൻ കുഞ്ഞിഞ്ഞതും തന്ത്രികൾ അയാളെ പിന്നോട്ട് വലിച്ചു.

അരുത് കുട്ടീ,അതിൽ തൊടരുത്. ദേവദത്തന് ഒന്നും വ്യക്തമായില്ല. അതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കുക.അദ്ദേഹം ദേവനോട് നിർദ്ദേശിച്ചു.

അയാൾ സൂക്ഷിച്ചു നോക്കിയതും മേൽമുണ്ട് ഒരു വലിയ കരിനാഗമായി മാറി.ഞെട്ടി പിന്നോട്ട് മാറി ദേവദത്തൻ.

അയാൾ ആശ്ചര്യത്തോടെ അതിലുപരി ഭയത്തോടെ താന്ത്രികളെ നോക്കി.

കരിനാഗം തലയുയർത്തി പത്തി വിരിച്ചുകൊണ്ട് എഴുന്നേറ്റു.അതിന്റെ ശീല്ക്കാരം രാത്രിയുടെ നിശബ്ദതയെ തുളച്ചിറങ്ങി.

ഒന്നും മിണ്ടാതെ ചെറിയൊരു ചിരിയോടെ ചുറ്റും കണ്ണോടിച്ചു മഹാമാന്ത്രികനായ ശങ്കര നാരായണ തന്ത്രികൾ.

ഇല്ലത്തിന്റെ പടുകൂറ്റൻ മതിലിന് മുകളിൽക്കൂടി ഒരു കടവാവൽ ചാഞ്ഞു പറന്നു.

അടുത്ത് നിന്ന വലിയ അരയാലിന്റെ മുകളിരുന്ന രാത്രിയുടെ കാവൽക്കാരായി മൂങ്ങകൾ ഒരു പ്രത്യേക ശബ്ദത്തിൽ മൂളാൻ തുടങ്ങി.

അവ തല തോളിന് മുകളിലൂടെ തിരിച്ച് താഴെ നടക്കുന്ന സംഭവങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്നു.

വന്നു ല്ല്യേ. കളിച്ചു കളിച്ചു എന്നോട് ആയി കളി.മ്മ്മ് നടക്കട്ടെ.ദേവാ പകൽ ഭക്ഷണത്തിന് ഒരില അധികം ആവാം.

അഥിതി അല്ല എന്നുള്ളത് പ്രത്യേകം ഓർക്കുക.അയാൾ സഹായിയെ നോക്കി.

കാര്യമൊന്നും തിരിയാതെ കണ്ണ് മിഴിച്ചു നിന്നു ദേവൻ.അയാളുടെ കണ്ണും ചിന്തയും കരി നാഗത്തിലായിരുന്നു.

കൊടിയ മാന്ത്രികന്മാരായ കാളകെട്ടി ഇല്ലക്കാരോട് ആരാണ് എതിര് നിൽക്കാൻ.അയാളുടെ മനസ്സ് അസ്വസ്ഥമായി.

ആരുടെ കാര്യമാണ് തിരുമേനി പറഞ്ഞത്,എനിക്കങ്ങോട്ട് അയാൾ താന്ത്രികളെ നോക്കി.

വഴിയേ മനസ്സിലാവും.അദ്ദേഹം അത്രയും പറഞ്ഞു കൊണ്ട് വീണ്ടും നാഗത്തിന് നേരെ തിരിഞ്ഞു.