കഷണ്ടിയുടെ വില

വെള്ളിയാഴ്ച്ചയായതിനാലാണെന്ന് ദുബായ് സോനാപൂർ ലേബർ ക്യാമ്പിലെ നാനാജാതിമത ദേശക്കാരായ തൊഴിലാളി സുഹൃത്തുക്കളിൽ ചിലർ പതിവ് പരിപാടികളായ ഫോൺ ഇൻ പ്രോഗ്രാമും പ്രഭാതഭക്ഷണ പാചകവും ശീതീകരണിയുടെ തണലിലായി കമ്പിളിപ്പുതപ്പിൽ സാൻഡ്‌വിച്ച് പേപ്പറിൽ ചുരുട്ടിയപോലെയുള്ള രീതിയിൽ എല്ലാം മറന്ന് നിദ്രയിലും കഴിച്ചുകൂട്ടുന്നൂ അതിൽ നിന്നും വ്യത്യസ്തരായി ജോലിക്കു പോകുന്നവരും ഒത്തിരികാണും ഇവിടെ.

ഞാനും അവരിലൊരാളായി ബര്ദുബായിലേക്ക് പോകാനായി ഞങ്ങളുടെ ക്യാമ്പിന് സമീപത്തുള്ള ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നൂ . അപ്പോഴും ചിന്ത നാട്ടിലെ ഇടതടവില്ലാത്ത കനത്ത മഴയെക്കുറിച്ചു് മാത്രമായിരുന്നൂ . നമ്മൾ പ്രവാസ സമൂഹത്തിന് എന്നും നാട്ടിൽ എന്ത് സംഭവം നടന്നാലും അതിനെ വലിയ ആശങ്കയോടെ തന്നെയാണ് വീക്ഷിക്കുന്നത് .

അതിനിടയിൽ ബസ്സ് സ്റ്റോപ്പിനടുത്ത് എത്തിയത് പോലും ഞാനറിഞ്ഞില്ല. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് വെയിലിന്റെ ചൂട് നന്നേ കൂടിയിരിക്കുന്നൂ. എന്നാലും എന്റെ ശരീര ത്തിന്റെ നിറത്തിന് ആദ്യമേ ഞാൻ ദൈവത്തിനോട് മനസ്സിൽ നന്ദി പറഞ്ഞു . കഠിനമായ വെയില് കൊണ്ട് കറുത്തുപോയല്ലോ എന്ന് ഒരാളും പറയാതിരിക്കാനാണെന്ന് തോന്നുന്നൂ. അത് തമ്പ്രാൻ നേരത്തെ മനസ്സിലാക്കി വെയിലിന് പറ്റിയ നല്ല നിറവും നൽകി അനുഗ്രഹിച്ചു വിട്ടു . പണ്ട് സ്കൂൾ പഠനകാലത്ത് തൊലി കറുത്തു പോയതിന് കൂട്ടുകാരുടെ കുത്തു വാക്കുകൾ കേട്ട് ഒത്തിരി വിഷമിച്ചിട്ടുണ്ടെങ്കിലും ഈ അടുത്താണ് ആ സത്യം എനിക്കും ബോധ്യപ്പെട്ടത്. പണ്ട് ആരോ പറഞ്ഞു കേട്ട പോലെ “നീ ആരാവും എന്ന് പണ്ടേ ഒടേതമ്പ്രാൻ നിശ്ചയിച്ചിട്ടുണ്ട്” എന്ന് . പണ്ട് കാലത്ത് പട്ടാളത്തിലോ പോലീസിലോ ചേരാൻ വേണ്ടി നടന്ന സമയത്ത് എയർ ഫോഴ്സ് ടെസ്റ്റ് കഴിഞ്ഞു റിസൾട്ട് കാത്തിരുന്ന എന്നെ തേടി നോട്ട് എലിജിബിൾ എന്ന കത്ത് വന്നപ്പോൾ എല്ലാം അവസാനിച്ചു എന്ന് അറിയാതെ ചിന്തിച്ചു പോയി. പിന്നെ നാട്ടിലെ വഴിയിലൂടെ അത്തറും പൂശി നടക്കുന്ന വരെപ്പോലെ ആവാൻ വേണ്ടി അങ്ങനെ ഗൾഫിലേക്ക് വിമാനം കയറിയിട്ട് ഇന്നേക്ക് ഇരുപത്തിമൂന്ന് വർഷമായി എന്നോര്ത്ത് ഇരുന്നപ്പോഴാണ് ബസ്സ് സ്റ്റോപ്പിൽ വന്നു നിന്നത് .

അങ്ങനെ ഞാനും ബസ്സിലേക്ക് കയറി കാർഡ് പഞ്ചു ചെയ്ത് അടുത്തുകണ്ട സീറ്റിൽ ഇരുന്നൂ . സോനാപൂരിലെ ജനത്തിരക്കിൽ നിന്നും ബസ്സ് നഗരമധ്യത്തിലേക്ക് കടന്നൂ . അതുവരെ കണ്ട് മടുത്ത കാഴ്‌ചയിൽ നിന്നും അല്പസമയത്തേക്കെങ്കിലും മനസ്സിന് ആനന്ദവും നയനങ്ങൾക്ക് കുളിരണിയിക്കുന്ന നഗര കാഴ്ചകളും കണ്ട് ഇരുന്നപ്പോൾ നേരം പോയത് അറിഞ്ഞില്ല. ബസ്സ് ബർദുബായ് ബസ്സ് സ്റ്റേഷനിൽ ചെന്ന് നിന്നപ്പോൾ മറ്റുള്ള യാത്രക്കാരെപ്പോലെ കാർഡ് പഞ്ച് ചെയ്ത് ഞാനും ഇറങ്ങി.

എങ്ങോട്ടേക്ക് എന്ന് ചി ന്തിച്ചപ്പോഴാണ് അമ്പലത്തിൽ നിന്ന് തുടങ്ങാം എന്ന് മനസ്സ് മന്ത്രിച്ചത്‌ . അങ്ങനെ ക്രീക്കിന് സമീപത്തുള്ള അമ്പലത്തിലേക്ക് നടന്നൂ . വഴിയരികിലെ പല കാഴ്ചകളും പലകുറി കണ്ടതാണെങ്കിലും എന്റെ കൗതുകത്തിന് ഒരു കുറവും വന്നിട്ടില്ല. അതിലൂടെ നടന്നുനീങ്ങിയ ചില സുന്ദരിമാരിലേക്കും എന്റെ അറിയാതെ ശ്രദ്ധ തിരിഞ്ഞോ എന്ന് തോന്നി ക്രീക്കിലെ കടൽകാക്ക കളുടെ യും വാഹനങ്ങളുടെയും തിരിക്കിൽനിന്നും അകന്ന് മുന്നോട്ടു നീങ്ങിയപ്പോഴാണ് വലിയ ക്യുവിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത് . ഇത് എല്ലാ വെള്ളിയാഴ്ചകളിലും ഉള്ള കാഴ്ചയായതിനാൽ തന്നെ ഞാനും മടിച്ചു നിൽക്കാതെ വരിയിൽ നിന്ന് ദർശനവും നടത്തി പുറത്തിറങ്ങി റോഡിലൂടെ നടക്കുമ്പോഴാണ് ഒരാൾ എന്റെ അരികിലേക്ക് നടന്നടുക്കുന്നത് ഞാൻ ശ്രദ്ധിച്ചത് . കാഴ്ച്ചയിൽ തന്നെ അദ്ദേഹം ഒരു സര്ദാര്ജിയാണ് എന്ന് എനിക്ക് മനസ്സിലായി പോരാത്തതിന് നീല നിറത്തിലുള്ള സ്വീട്ടും പാന്റും ആകെ ഒരു മാന്യനാണ് എന്ന് തോന്നി. പിന്നെ അയാൾ ഹിന്ദിയിൽ എന്റെ തലയിലെ കഷണ്ടിയെക്കുറിച്ചും അത് തീർത്തും നിർമ്മാർജനം ചെയ്യാനുള്ള വഴികളെക്കുറിച്ചും വലിയ വായിൽ സംസാരിച്ചപ്പോൾപോലും എനിക്ക് അതിലെ തട്ടിപ്പിന്റെ സൂചനപോലും ലഭിച്ചില്ല . പിന്നീട് അദ്ദേഹം എന്നെ പരിസരത്ത് തന്നെയുള്ള കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി . എന്തൊക്കയോ കുറെ സാധനങ്ങൾ കടയിൽ നിന്നും വാങ്ങി സഞ്ചിയിൽ നിറക്കുന്നത്ക കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി . അവസാനം അദ്ദേഹത്തിന്റെ സേവനത്തിനും സാധനത്തിന്റെയും തുകയായി 900 ദിർഹംസ് ചോദിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി. കൃത്യമായി എന്റെ കൈവശം അത്രയും തുക ഉണ്ട് എന്ന കാര്യം എങ്ങനെ അദ്ദേഹത്തിന് മനസ്സിലായി എന്നായി എന്റെ ചിന്ത . ഇങ്ങനെയും പാവങ്ങളായ എന്നെപ്പോലുള്ള തൊഴിലാളികളെ വഞ്ചിക്കാൻ ചിലർ നാട്ടിലെപ്പോലെ ഈ നഗരത്തിലും ഉണ്ട് എന്ന് അറിഞ്ഞു ഞാൻ വളരെ വേദനിച്ചു . ഇനി കയ്യിലെ ബസ്സിന്റെ കാർഡ് മാത്രം ബാക്കി . എങ്ങനെ ഈ മാസം തള്ളി നീക്കും എന്നോർത്ത് എനിക്ക് ഒരെത്തും പിടിയും കിട്ടിയതും ഇല്ല . ഇത് ഒരു അറിയിപ്പാണ് ഇങ്ങനെയുള്ള തട്ടിപ്പുകാരെ ക്കുറിച്ച് ഒരു സൂചന നൽകുക മാത്രമേ ഞാൻ ഇവിടെ ചെയ്യുന്നുള്ളൂ . വഞ്ചിതരാകാതെ സ്വയം സംരക്ഷിക്കുക .