രക്തരക്ഷസ്സ് 9
Raktharakshassu Part 9 bY അഖിലേഷ് പരമേശ്വർ
previous Parts
ആകത്തേക്ക് കാൽ നീട്ടിയ അഭിമന്യു തീയിൽ ചവിട്ടിയ പോലെ കാൽ പിൻവലിച്ചു. കണ്ണ് ചിമ്മി ഒരിക്കൽ കൂടി അയാൾ അകത്തേക്ക് നോക്കി,പിന്നെ ബോധം നശിച്ച് പിന്നിലേക്ക് മറിഞ്ഞു.
ഉണ്ണീ,കൃഷ്ണ മേനോൻ ഉറക്കെ വിളിച്ചു കൊണ്ട് കാറിൽ നിന്നുമിറങ്ങി.കുമാരൻ അപ്പോഴേക്കും ഓടിയെത്തി അഭിമന്യുവിനെ എടുത്ത് പൊക്കി പടിപ്പുരയുടെ അരികിൽ ചാരിയിരുത്തി.
കുമാരാ അല്പം ജലം എടുക്കൂ, കൃഷ്ണ മേനോന്റെ വാക്ക് കേട്ട പാതി കേൾക്കാത്ത പാതി അയാൾ വണ്ടിയിൽ നിന്നും വെള്ളമെടുത്ത് അഭിയുടെ മുഖത്ത് തളിച്ചു.
ഉണ്ണീ, ഉണ്ണീ, കൃഷ്ണ മേനോൻ അയാളുടെ മുഖത്ത് തട്ടി വിളിച്ചു. ഒരു ഉറക്കത്തിൽ നിന്നെന്നവണ്ണം അഭിമന്യു കണ്ണ് തുറന്ന് ചുറ്റും നോക്കി.
തല പെരുക്കും പോലെ, എന്താണ് താൻ കണ്ടത്. വല്ലാത്തൊരു കാഴ്ച്ച.എന്താ ഉണ്ണ്യേ എന്താ പറ്റിയെ. കൃഷ്ണ മേനോന്റെ ചോദ്യത്തിന് ഉത്തരം പറയാൻ അഭിമന്യു വാ തുറക്കും മുൻപേ കുമാരന്റെ ആർത്തനാദം അയാളുടെ കാത് തുളച്ചു.
ന്റെ ദേവീ,ചതിച്ചോ, ന്റെ മോളെ, അയ്യോ വല്ല്യമ്പ്രാ.ന്റെ മോള്, ന്റെ ലക്ഷ്മി,കുമാരൻ അകത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് ആർത്തലച്ചു കരഞ്ഞു.
കൃഷ്ണ മേനോൻ ചാടിയേറ്റ് അകത്തേക്ക് നോക്കി. ഹേ, കൈകൾ കൊണ്ട് കണ്ണ് പൊത്തിയ അയാൾ വിശ്വാസം വരാതെ ഒരിക്കൽ കൂടി നോക്കി.
അകത്ത് മഴവെള്ളത്തിൽ തളം കെട്ടിക്കിടക്കുന്ന രക്തം,അതിൽ മുങ്ങി കാര്യസ്ഥന്റെ മകൾ ലക്ഷ്മി.
കൃഷ്ണ മേനോന് തന്റെ കാലുകൾക്ക് ബലം നഷ്ടമാവുന്നത് പോലെ തോന്നി,വാക്കുകൾ പുറത്തേക്ക് വരുന്നില്ല,തൊണ്ട വറ്റുന്നത് അയാൾ അറിഞ്ഞു.
അയാൾ അഭിമന്യുവിനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥമറിഞ്ഞിട്ടെന്നോണം അഭി ഉള്ളിൽ കടന്ന് രക്തത്തിൽ കുളിച്ചു കിടന്ന ലക്ഷ്മിയെ എടുത്തുയർത്തി.
കുമാരൻ പൊട്ടിക്കരഞ്ഞു കൊണ്ട് അയാളെ സഹായിക്കാൻ മുൻപോട്ട് വന്നു.
എല്ലാം എന്റെ തെറ്റാ ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷയാ,അയാൾ ഒരു ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു.
മൂവരും ലക്ഷ്മിയെ താങ്ങിയെടുത്ത് മംഗലത്ത് തറവാടിന്റെ പൂമുഖത്ത് കിടത്തി.
പെട്ടെന്ന് ലക്ഷ്മിയുടെ ശരീരം ഒന്ന് വിറച്ചു. കുമാരന്റെ മുഖത്ത് പ്രത്യാശ പ്രകടമായി, മോളെ അയാൾ അവളുടെ കവിളിൽ തട്ടി ഉണർത്താൻ ശ്രെമിച്ചു.
മ്മ്മ്, അവ്യക്തമായ ഒരു ഞരക്കം അവളിൽ നിന്നും ഉയർന്നു. പിന്നെ പതിയെ കണ്ണ് തുറന്ന് മൂവരെയും നോക്കി.
ന്റെ ദേവീ കാത്തുലോ നീ,കുമാരൻ നെഞ്ചിൽ കൈവച്ചു. എന്താണ് സംഭവിച്ചത് എന്ന് അവൾക്ക് ഓർമ്മയില്ല എന്ന് അഭിക്ക് അവളുടെ മുഖഭാവത്തിൽ നിന്നും വ്യക്തമായി.
എന്താ ന്റെ കുട്ടിക്ക് പറ്റിയെ. കുമാരൻ ചോദിച്ചു. നിക്കൊന്നും ഓർമ്മയില്ല്യ അച്ഛ. വല്യമ്പ്രാട്ടി പടിപ്പുര അടയ്ക്കാൻ പറഞ്ഞു വിട്ടു.ഞാൻ അടച്ചിട്ട് തിരിച്ചു നടന്നു അത്രേ ഓർമ്മയുള്ളൂ. പിന്നെ എന്താ പറ്റിയെ അറിയില്ല്യ.
അവളുടെ കണ്ണുകൾ പിന്നെയും പിന്നോട്ട് മറിഞ്ഞു ബോധം നഷ്ട്ടമായി.
ഇത്ര നേരം വെള്ളത്തിൽ കിടന്നത് അല്ലേ അതിന്റെയാവും. അഭി പറഞ്ഞു. പക്ഷേ ദേഹത്ത് മുറിവൊന്നുമില്ല, പിന്നെ ആ രക്തം, അതെങ്ങനെ വന്നു.
അഭിയുടെ ചോദ്യം കൃഷ്ണ മേനോനിൽ ഒരു നടുക്കമുണർത്തി. ദേവകീ കൃഷ്ണ മേനോൻ ഉറക്കെ വിളിച്ചു.
അഭിയും കുമാരനും പോലും അപ്പോൾ മാത്രമാണ് അത് ഓർത്തത്. ദേവകിയമ്മയെ കാണാനില്ല.ഇവിടെ ഇത്രയൊക്കെ സംഭവിച്ചിട്ട് അവർ എവിടെ.
കാളകെട്ടിയിൽ കണ്ട ലക്ഷണങ്ങളും തിരുമേനിയുടെ വാക്കുകളുമെല്ലാം ഒന്നൊന്നായി മൂവരുടെയും മനസ്സിൽ ആരോ മന്ത്രിച്ചു കൊണ്ടിരുന്നു.
കുമാരനെ ലക്ഷ്മിയുടെ അടുത്താക്കി അഭിയും കൃഷ്ണ മേനോനും ദേവകിയമ്മയെ അന്വേഷിച്ചു തുടങ്ങി.
തറവാടിന്റെ ഓരോ മുക്കും മൂലയും അവർ അരിച്ചു പിറക്കി. കൃഷ്ണ മേനോൻ ഒരു ഭ്രാന്തനെപ്പോലെ മുടി വലിച്ചു പറിച്ചു. ദേവകീ അയാൾ അലറിവിളിച്ചു കൊണ്ടിരുന്നു.
അകത്തെ തിരച്ചിൽ മതിയാക്കിയ അഭിമന്യു പുറത്തേക്കിറങ്ങി. ചുറ്റും ഇരുട്ട് പരന്നിരിക്കുന്നു.
നറുനിലാവിന്റെ വെട്ടത്തിൽ വല്ല്യമ്മേ എന്ന വിളിയോടെ അയാൾ പറമ്പിലൂടെ നടന്നു.
അൽപ്പം അകലെ ആരോ കിടക്കുന്നത് പോലെ തോന്നിയ അഭിമന്യു അങ്ങോട്ടേക്ക് ഓടിച്ചെന്നു.