സ്റ്റേഷനില്‍ പുതുതായി ചാര്‍ജ്ജെടുത്ത രമേശന്‍ എന്ന യുവാവായ പോലീസുകാരന്‍ വെപ്രാളത്തോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങുന്നത് കണ്ട് മുതിര്‍ന്ന പോലീസുകാരനായ ജബ്ബാര്‍ അയാളെ അരികിലേക്ക് വിളിപ്പിച്ചു.
“എന്താടാ രമേശാ ഒരു പന്തികേട്? സി ഐ തെറി വിളിച്ചോ?”
“ഇല്ല സാറേ..പക്ഷെ എനിക്കൊന്നും മനസിലാകുന്നില്ല” രമേശന്‍ വെപ്രാളവും ദൈന്യതയും കലര്‍ന്ന ഭാവത്തില്‍ അയാളെ നോക്കി പറഞ്ഞു.
“ങാ..എന്നാ പറ്റി?”
“സി ഐ സാറ് എന്നോട് പറഞ്ഞു ശാപ്പാട് വാങ്ങി കൊണ്ട് കൊടുക്കാന്‍. ഞാന്‍ വാങ്ങിക്കൊണ്ടു കൊടുത്തു. അപ്പോള്‍ എന്നോട് പറേന്നു അത് ഞാന്‍ തിന്നോളാന്‍. രാവിലെ കാപ്പി കുടിക്കാണ്ട വന്നോണ്ട് ഞാനത് കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പം ദേണ്ട് പിന്നേം പറേന്നു വാങ്ങിക്കൊണ്ടു കൊടുക്കാന്‍. അതും എന്നോട് തിന്നാന്‍ പറെമോ എന്ന പേടീലാ ഞാന്‍”
രമേശന്‍ പറഞ്ഞത് കേട്ടപ്പോള്‍ ജബ്ബാര്‍ ചിരിച്ചു. പിന്നെ ഇങ്ങനെ ചോദിച്ചു:
“നീ എന്താ അങ്ങേര്‍ക്ക് വാങ്ങിച്ചു കൊണ്ട് കൊടുത്തത്?”
“മൂന്നു പൊറോട്ട, ഒരു ഇറച്ചി, ഒരു ചായ”
ജബ്ബാര്‍ ചിരിച്ചു. പിന്നെ സഹതാപത്തോടെ അവനെ നോക്കി.
“സി ഐ സാറിന്റെ പേര് നിനക്കറിയാമോ?”
“അറിയാം. തോമസ് മുളങ്കാടന്‍”
“അത് പേര്..ഇരട്ടപ്പേര് അറിയാമോന്നാ ചോദിച്ചത്? പുതിയ ആളല്ലേ അറിയാന്‍ വഴിയില്ല. അങ്ങേരെ എല്ലാരും വിളിക്കുന്നത് തിമ്മന്‍ തൊമ്മി എന്നാ..ങാ നീയൊരു കാര്യം ചെയ്യ്. ആ ചായക്കടക്കാരനോട് പറ സി ഐ സാറിനു വേണ്ട ശാപ്പാട് തരാന്‍. അയാള്‍ക്കറിയാം”
രമേശന്‍ തലയാട്ടിയ ശേഷം വേഗം ഹോട്ടലിലേക്ക് വച്ചുപിടിച്ചു.
“എന്താ സാറെ?” വീണ്ടും രമേശനെ കണ്ട ഹോട്ടലുടമ ആരാഞ്ഞു.
“അതേയ്..സി ഐ സാറിന് പ്രാതല്‍ പാഴ്സലായി എടുക്ക്..”
ഹോട്ടലുടമ തലയാട്ടിയ ശേഷം ഉള്ളിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു:
“എട്ട് പൊറോട്ട, മൂന്ന്‍ ഇറച്ചി, നാല് ചായ പാഴ്സല്‍..വേഗം”
രമേശന്‍ കണ്ണ് തള്ളിപ്പോയി അത് കേട്ടപ്പോള്‍.
പാഴ്സല്‍ വാങ്ങി സി ഐയുടെ മുറിയിലെ മേശപ്പുറത്ത് അയാളത് വച്ചിട്ട് മാറി നിന്നു. ആറടി ഉയരവും ഒരു ആനയുടെ വലിപ്പവുമുള്ള തോമസ് പൊതി അഴിച്ചു നോക്കി ഉള്ളടക്കം കണ്ടു തൃപ്തിപ്പെട്ട് രമേശനെ നോക്കി തലയാട്ടി.
“മിടുക്കന്‍..പണി പഠിച്ചു..പണി പഠിച്ചു..”
എന്നിട്ട് ഒരു പൊറോട്ട അതേപടി എടുത്ത് ചുരുട്ടി ആന മടല്‍ ഒടിച്ചു വായിലേക്ക് വയ്ക്കുന്ന ലാഘവത്തോടെ അണയിലേക്ക് തിരുകി. രമേശന്‍ അന്തം വിടല്‍ പരസ്യമായി കാണിക്കാതെ വീര്‍പ്പുമുട്ടലോടെ ഉള്ളിലൊതുക്കി സല്യൂട്ട് നല്‍കിയിട്ട് പുറത്തേക്ക് പോയി.
തൊമ്മി എട്ടാമത്തെ പൊറോട്ടയും തിന്ന് പശു കാടി കുടിക്കുന്നത് പോലെ വലിയ പാത്രത്തില്‍ നിറച്ചിരുന്ന ചായ ആശ്വാസത്തോടെ കുടിക്കുന്ന സമയത്താണ് ഒരു പോലീസുകാരന്‍ ഉള്ളിലേക്കെത്തി സല്യൂട്ട് നല്‍കിയത്.
“എന്താടോ?” തൊമ്മി തിരക്കി.
“സാറെ ഒരു മോഷണക്കേസ്..പരാതിക്കാരന്‍ വന്നിട്ടുണ്ട്”
“ഞാന്‍ കൈ ഒന്ന് കഴുകിക്കോട്ടേ..താന്‍ അയാളെ പറഞ്ഞു വിട്ടോ”
തൊമ്മി കൈയും വായും കഴുകി ജനലിലൂടെ പുറത്തേക്ക് തുപ്പിയ ശേഷം ടര്‍ക്കി ടൌവലില്‍ കൈയും മുഖവും തുടച്ചിട്ട് വീണ്ടും കസേരയില്‍ ഇരുന്നു. അപ്പോള്‍ നാല്‍പ്പത് വയസിനുമേല്‍ പ്രായം മതിക്കുന്ന സുമുഖനായ ഒരു മനുഷ്യന്‍ ആശങ്ക നിഴലിക്കുന്ന മുഖത്തോടെ ഉള്ളിലേക്കെത്തി കൈകൂപ്പി.
“ഇരി..” തൊമ്മി ബാക്കി ഉണ്ടായിരുന്ന ചായ കുടിക്കാന്‍ എടുത്തുകൊണ്ട് പറഞ്ഞു.
അയാള്‍ കസേരയുടെ അറ്റത്തായി ഇരുന്നിട്ട് സി ഐയെ നോക്കി.
“പറെടോ..എന്നതാ പ്രശ്നം?”
“സാറേ എന്റെ പേര് അനില്‍..ഇന്നലെ രാത്രി എന്റെ വീട്ടില്‍ മോഷണം നടന്നു. ഭാര്യയുടെ സ്വര്‍ണ്ണവും ഏതാണ്ട് ഇരുപതിനായിരം രൂപയും മോഷണം പോയി..സാറ് ദയവായി വേഗം ഒന്നന്വേഷിച്ചു കള്ളനെ കണ്ടുപിടിക്കണം..പ്ലീസ് സര്‍” അയാള്‍ കരച്ചിലിന്റെ വക്കത്ത് എത്തിയതുപോലെ പറഞ്ഞിട്ട് കൈകള്‍ കൂപ്പി.
“ഇയാള് പറേന്ന ഒടനെ പിടിക്കാന്‍ കള്ളന്‍ എന്നോട് പറഞ്ഞിട്ടാണോ മോട്ടിക്കാന്‍ വന്നത്..ങാ..എങ്ങനാ അവന്‍ ഉള്ളില്‍ കേറിയത്..കതക് വല്ലതും കുത്തിപ്പൊളിച്ചോ”
“ഇല്ല സാറേ..രാവിലെ പിന്നിലെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അവന്‍ ഉള്ളില്‍ കയറിയത് എങ്ങനെയാണ് എന്നൊരു പിടിയുമില്ല”
“ഓഹോ..രാത്രി നിങ്ങള്‍ വാതിലുകള്‍ എല്ലാം അടച്ചിട്ടല്ലേ കിടന്നത്?”
“അത് സാറേ..ഇന്നലെ എന്റെ മോന്റെ പിറന്നാള്‍ ആയിരുന്നു. അതിന് അടുത്ത ചില ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു ഡിന്നര്‍ പാര്‍ട്ടി കൊടുത്തിരുന്നു. വീടിനു വെളിയിലാണ് ഞങ്ങള്‍ പാര്‍ട്ടി അറേഞ്ച് ചെയ്തിരുന്നത്..അവരെല്ലാം പിരിഞ്ഞു പോയപ്പോള്‍ സമയം പതിനൊന്നായി. ഞാന്‍ ലേശം മദ്യപിക്കുകയും ചെയ്തിരുന്നു..കതക് അടച്ചിരുന്നോ എന്നൊരു സംശയം എനിക്കും ഭാര്യയ്ക്കും ഉണ്ട്..അവള്‍ രാവിലെ മുതല്‍ ജോലി ചെയ്ത് നല്ല ക്ഷീണത്തിലും ആയിരുന്നു”
സി ഐ ആലോചനയോടെ പിന്നിലേക്ക് ചാരി.
“ആ വന്നവരില്‍ ആരെ എങ്കിലും നിങ്ങള്‍ക്ക് സംശയമുണ്ടോ?” അല്പം കഴിഞ്ഞു സി ഐ ചോദിച്ചു.
“എല്ലാവരെയും എനിക്കറിയാവുന്നതാണ് സര്‍; അവരാരും മോഷ്ടിക്കില്ല. തന്നെയുമല്ല, അവര്‍ എല്ലാവരെയും ഞാന്‍ തന്നെയാണ് യാത്രയാക്കിയതും”
“വീട്ടില്‍ ആരൊക്കെയുണ്ട്?”
“ഞാന്‍, ഭാര്യ, മൂത്തമകള്‍, പിന്നെ മകന്‍”
“മക്കളുടെ പ്രായം?”
“മോള്‍ പതിനാറ്..മോന്‍ പതിനൊന്ന്”
“പിന്നിലെ കതക് അടച്ചതായി കുട്ടികള്‍ക്ക് അറിവുണ്ടോ? നിങ്ങള്‍ അവരോട് ചോദിച്ചിരുന്നോ?”
“സാധാരണ ഭാര്യയാണ് അടയ്ക്കുന്നത്. അതുകൊണ്ട് അവരത് ശ്രദ്ധിച്ചിരുന്നില്ല..”
“നിങ്ങള്‍ പുറത്ത് പാര്‍ട്ടി നടത്തുന്ന സമയത്ത് കള്ളന്‍ ഉള്ളില്‍ കയറിക്കാണും. എന്നിട്ട് രാത്രി നിങ്ങളെല്ലാം ഉറക്കമായ സമയത്ത് മോഷണം നടത്തിയിട്ട് സ്ഥലം വിട്ടു. ഇതാകാം സംഭവിച്ചത്” സി ഐ തന്റെ പ്രാഥമിക നിഗമനം പുറത്തുവിട്ടു.
“ആയിരിക്കാം സര്‍. എങ്ങനെയെങ്കിലും അവനെ കണ്ടെത്തണം സര്‍..പ്ലീസ്”
“എനിക്ക് നിങ്ങളുടെ വീട് ഒന്ന് കാണണം. എന്നിട്ടാകാം ബാക്കി എന്താ?”
“ആയിക്കോട്ടെ സര്‍”
“നിങ്ങള്‍ എങ്ങനാ വന്നത്? സ്വന്തം വണ്ടിയില്‍ ആണോ”
“ആണേ”
“എന്നാല്‍ വഴി കാണിച്ച് മുന്‍പേ പൊക്കോ..ഞാന്‍ പോലീസുകാരുമായി വരാം”
“ശരി സര്‍”
മുറ്റത്ത് പോലീസ് വാഹനം വന്നു നിന്നപ്പോള്‍ അനിലിന്റെ ഭാര്യയും മക്കളും വെളിയിലെത്തി ആശങ്കയോടെ നോക്കി. തൊമ്മി തന്റെ വലിയ ശരീരം വണ്ടിയില്‍ നിന്നും ഇറക്കിയിട്ട് ഒരു പോലീസുകാരനെ അരികിലേക്ക് വിളിച്ചു.
“സര്‍”
“എടൊ..ഇവിടുന്ന് കുറച്ചു മുന്‍പോട്ടു പോയാ ഒരു പിള്ളേച്ചന്റെ ചായക്കട ഉണ്ട്. നല്ല ഒന്നാന്തരം പഴംപൊരി ആണ് അങ്ങേര്‍ ഉണ്ടാക്കുന്നത്. താന്‍ പോയി ഒരു പത്ത് പഴംപൊരി വാങ്ങിച്ചോണ്ട് വാ..ഡ്രൈവറെ കൂട്ടിക്കോ”
“സര്‍”
തൊമ്മി രണ്ടു പോലീസുകാരുമായി വീടിന്റെ ഉള്ളിലേക്ക് കയറിയപ്പോള്‍ അയാള്‍ പിന്നില്‍ നിന്ന് ഗോഷ്ടി കാണിച്ചിട്ട് ഡ്രൈവറെ വിളിച്ചു വണ്ടി വെളിയിലേക്ക് ഇറക്കി പിള്ളേച്ചന്റെ കട ലക്ഷ്യമാക്കി നീങ്ങി.
വീടിന്റെ ഉള്ളില്‍ കയറിയ തൊമ്മി ആദ്യം മോഷണം നടന്ന മുറിയില്‍ എത്തി.
“ഈ അലമാരയുടെ അടിയിലെ തട്ടിന്റെ ഉള്ളിലുള്ള അറയില്‍ ആയിരുന്നു സാറേ സ്വര്‍ണ്ണം.” അനില്‍ വിശദീകരിച്ചു.
“നിങ്ങള്‍ രണ്ടുപേരും ഇവിടെയാണോ ഉറങ്ങുന്നത്?” സി ഐ ചോദിച്ചു.
“അതെ”
“അലമാര തുറക്കുന്ന ശബ്ദം നിങ്ങള്‍ രണ്ടുപേരും കേട്ടില്ലേ?”
“നല്ല ക്ഷീണം ഉണ്ടായിരുന്നു സാറേ..മാത്രമല്ല ഈ ഫാന്‍ കറങ്ങുമ്പോള്‍ വല്ലാത്ത ഒരു ശബ്ദം ഉണ്ട്..ഇതിന്റെ ബെയറിംഗ് കേടായത് കാരണം ഫുള്‍ സ്പീഡില്‍ കറങ്ങിയാല്‍ മറ്റു ശബ്ദങ്ങള്‍ കേള്‍ക്കാന്‍ പാടാണ്”
“അലമാര താക്കോല്‍ ഉപയോഗിച്ചാണ് തുറന്നിരിക്കുന്നത്” അലമാര പരിശോധിച്ചിട്ട് സി ഐ സ്വയമെന്നപോലെ പറഞ്ഞിട്ട് അവരെ നോക്കി: “താക്കോല്‍ നിങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരുന്നത്?”
“ഇന്നലെ അലമാരയില്‍ തന്നെ വച്ചിരുന്നു സര്‍. എന്തിനോ വേണ്ടി തുറന്നിട്ട് ലോക്ക് ചെയ്യാന്‍ മറന്നു പോയതാണ്. തന്നെയുമല്ല സ്വര്‍ണ്ണം അറയുടെ ഉള്ളില്‍ ആയതിനാല്‍ അത്ര വലിയ കരുതലും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല..ആദ്യമായിട്ടാണ് ഇവിടെ ഒരു മോഷണം..”
“രാവിലെ താക്കോല്‍ നിങ്ങള്‍ ആരെങ്കിലും എടുക്കുകയോ പിടിക്കുകയോ ചെയ്തോ?”
“എടുത്ത് സാറേ..ഞങ്ങള്‍ അലമാര മൊത്തം പലതവണ പരിശോധിച്ചു..”
“അപ്പോള്‍ ഫിംഗര്‍ പ്രിന്റ് കിട്ടില്ല..” സി ഐ സ്വയം അങ്ങനെ പറഞ്ഞിട്ട് പിന്നിലെ വാതിലിന്റെ അരികിലെത്തി വെളിയിലേക്ക് ഇറങ്ങി ചുറ്റും നിരീക്ഷിച്ച ശേഷം ഉള്ളില്‍ കയറി.
“പുറത്തൊക്കെ ഒന്ന് പരിശോധിക്ക്..വല്ല തുമ്പും കിട്ടുമോന്നു നോക്കിയിട്ട് വാ” ഒപ്പമുണ്ടായിരുന്ന പോലീസുകാരെ പുറത്തേക്ക് അയച്ച ശേഷം സി ഐ തൊപ്പി ഊരിയിട്ട് സോഫയിലേക്ക് സ്വന്തം ശരീരം നിക്ഷേപിച്ചു. വീട്ടുകാര്‍ ആശങ്കയോടെ അദ്ദേഹത്തെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു.
“നിങ്ങള്‍ രണ്ടാളും ഇങ്ങുവന്നെ” സി ഐ കുട്ടികളെ അരികിലേക്ക് വിളിപ്പിച്ചു. രണ്ടുപേരും ഭയത്തോടെ അയാളുടെ മുന്‍പിലേക്ക് നീങ്ങി നിന്നു.
“ഇന്നലെ രാത്രി..ഉറങ്ങുന്നതിനു മുന്‍പ് പിന്നിലെ വാതില്‍ അടച്ചിരുന്നതായി നിങ്ങളില്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?” രണ്ടുപേരെയും മാറിമാറി നോക്കിക്കൊണ്ട് സി ഐ ചോദിച്ചു. കുട്ടികള്‍ പരസ്പരം നോക്കിയിട്ട് അമ്മയെയും അച്ഛനെയും നോക്കി.
“മിസ്സിസ് അനിലിന് ഓര്‍ക്കാന്‍ പറ്റുന്നുണ്ടോ?” സി ഐ ചോദിച്ചു.
“ഞാന്‍ എല്ലാ ദിവസവും കതകുകള്‍ അടച്ചിട്ടാണ് കിടക്കുക. അത് ഒരു പതിവായതിനാല്‍ പ്രത്യേകിച്ച് ഓര്‍ത്തിരിക്കേണ്ട കാര്യമല്ലല്ലോ സര്‍..അടച്ചു എന്നുതന്നെയാണ് എന്റെ വിശ്വാസം…സ്ഥിരം ശീലമുള്ള കാര്യമാണ്” അവര്‍ പറഞ്ഞു.
സി ഐ ആലോചനയോടെ തലയാട്ടി.
“രാത്രി വീടിനുള്ളില്‍ വേറെ ആരെങ്കിലും ഉള്ളതായി നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയിരുന്നോ?”
നാല് മുഖങ്ങളിലും മാറിമാറി നോക്കിക്കൊണ്ട് സി ഐ ചോദിച്ചു. ആരും മറുപടി നല്‍കിയില്ല.
“വീടിന്റെ മുന്‍പില്‍ പാര്‍ട്ടി നടക്കുന്ന സമയത്ത്, മുന്‍വാതില്‍ ന്യായമായും തുറന്നാകും കിടക്കുക. പക്ഷെ പിന്നിലെ വാതില്‍ തുറന്നിടണ്ട കാര്യമില്ലല്ലോ..അത് ആ സമയത്ത് അടഞ്ഞു തന്നെയാണോ കിടന്നിരുന്നത്?” സി ഐ അടുത്ത ചോദ്യം ഉന്നയിച്ചു.
“പിന്‍വാതില്‍ അടച്ചിരുന്നു സര്‍. പക്ഷെ ഗസ്റ്റുകള്‍ ഉള്ളില്‍ കയറി ആരെങ്കിലും തുറന്നുകാണുമോ എന്നറിയില്ല. പത്തുപന്ത്രണ്ടു പേരോളം ഉണ്ടായിരുന്നതല്ലേ” അനിലാണ് അത് പറഞ്ഞത്.
അതിനിടെ പുറത്ത് പരിശോധന നടത്തിയ പോലീസുകാര്‍ ഉള്ളിലെത്തി.
“തുമ്പു വല്ലതും കിട്ടിയോടോ?”
സി ഐ ചോദിച്ചു. പഴംപൊരി വാങ്ങാന്‍ പോയ വണ്ടിയും അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. സി ഐ തല നീട്ടി വെളിയിലേക്ക് നോക്കിയിട്ട് മറ്റേ പോലീസുകാരെ നോക്കി.
“പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല..പക്ഷെ ഒരു സൈക്കിള്‍ വടക്കേ ഭാഗത്ത് ചാരി വച്ചിട്ട് അത് പോയതിന്റെ പാട് കാണുന്നുണ്ട്” ഒരാള്‍ പറഞ്ഞു.
സി ഐയുടെ കണ്ണുകള്‍ തിളങ്ങി.
“സര്‍ പഴംപൊരി”
വാഴയിലയില്‍ പൊതിഞ്ഞ പഴംപൊരി സി ഐക്ക് നീട്ടിക്കൊണ്ട് അത് വാങ്ങാന്‍ പോയിരുന്ന പോലീസുകാരന്‍ പറഞ്ഞു. സി ഐ ആര്‍ത്തിയോടെ അത് തുറന്ന് ഒരു പഴംപൊരി എടുത്ത് വായിലേക്ക് തിരുകി.
“നിങ്ങക്കൊക്കെ ചായ വേണ്ടേ..ഓരോ ചായ ആയിക്കോ” അടുത്ത പഴംപൊരി എടുക്കുന്നതിനിടെ അനിലിന്റെ ഭാര്യയെ നോക്കി സി ഐ പറഞ്ഞു.
“ചെല്ലടി..എല്ലാവര്‍ക്കും ചായ ഇട്”
“കുറച്ചു വെള്ളം കൂടുതല്‍ വച്ചോ..അളവ് കുറയ്ക്കണ്ട” മൂന്നാമത്തെ പഴംപൊരി തിന്നുന്നതിനിടെ സി ഐ പറഞ്ഞു.
“ഇങ്ങേരു ചായ കുടിച്ചു പഴംപൊരീം തിന്നിട്ടു പോകാനാണോ ഇങ്ങോട്ട് വന്നത്” എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ട് അനിലിന്റെ ഭാര്യ ഉള്ളിലേക്ക് പോയി.
“ഇന്നാ..ഇത് വണ്ടിയിലോട്ടു വയ്ക്ക്…” സി ഐ നാലാമത്തെ പഴംപൊരി എടുത്ത് വായില്‍ തിരുകിയ ശേഷം പൊതി നല്‍കിക്കൊണ്ട് പറഞ്ഞു. പിന്നെ അനിലിനെ നോക്കി.
“ഇവിടെ സൈക്കിള്‍ ഉണ്ടോ?”
“ഉണ്ട്..മോള്‍ക്കും മോനും സൈക്കിള്‍ ഉണ്ട്”
“അത് എവിടെയാണ് വയ്ക്കുന്നത്”
“വീടിന്റെ പിന്നില്‍ ഷെഡ് ഉണ്ട്..അതില്‍”
“ഇന്നലെ വൈകിട്ട് ഇവര്‍ സൈക്കിള്‍ വീടിന്റെ വടക്കുവശത്ത് കൊണ്ടുപോയതായി ഓര്‍മ്മയുണ്ടോ?”
“ഇന്നലെ സൈക്കിള്‍ എടുത്തിട്ടേയില്ല സര്‍.” അനില്‍ കുട്ടികളെ നോക്കിയ ശേഷമാണ് അത് പറഞ്ഞത്.
“അതിഥികളില്‍ ആരെങ്കിലും സൈക്കിളില്‍ വന്നിരുന്നോ?”
“ഇല്ല..കാറിലും സ്കൂട്ടറിലും ഒക്കെയാണ് അവര്‍ വന്നിരുന്നത്”
“അച്ഛാ ഒന്നിങ്ങു വന്നെ” മകള്‍ അച്ഛനെ അടുത്തേക്ക് വിളിച്ചു. അയാള്‍ ചെന്നപ്പോള്‍ അവള്‍ കാതില്‍ എന്തോ മന്ത്രിച്ചു.
“സാറേ ഇവള്‍ ഇന്നലെ സൈക്കിള്‍ എടുത്തിരുന്നു..വീടിനു ചുറ്റും ചുമ്മാ കുറേനേരം ചവിട്ടിയത്രേ..” അയാള്‍ അവള്‍ പറഞ്ഞത് സി ഐയെ ധരിപ്പിച്ചു.
“സാരമില്ല. മോള്‍ സൈക്കിള്‍ എടുത്ത് വടക്ക് വശത്തേക്ക് വന്നെ”
അങ്ങനെ പറഞ്ഞിട്ട് സി ഐ വെളിയിലേക്ക് ഇറങ്ങി; ഒപ്പം പോലീസുകാരും മറ്റുള്ളവരും. സി ഐ സൈക്കിളിന്റെ ടയറിന്റെ പാടുകള്‍ കണ്ടു. അതിനിടെ അനിലിന്റെ മകള്‍ സൈക്കിള്‍ അവിടെ എത്തിച്ചു. സി ഐ അവളുടെ ടയറിന്റെ പാടും മറ്റേ പാടും പരിശോധിച്ചു.
“ഇത് മോള്‍ടെ സൈക്കിളിന്റെ പാടല്ല..പൊക്കോ”
അയാള്‍ അവളോട് പറഞ്ഞു. പെണ്‍കുട്ടി സൈക്കിളുമായി പോയപ്പോള്‍ സി ഐ പോലീസുകാരോട് പറഞ്ഞ് സംശകരമായി കണ്ട പാടിന്റെ അളവും ഫോട്ടോയും എടുത്തു. പിന്നെ വീണ്ടും ഉള്ളിലേക്ക് കയറി.
“കള്ളന്‍ സൈക്കിളില്‍ ആണ് വന്നത്. അവന്റെ ടയറിന്റെ പാട് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. അതൊരു തുമ്പാണ്. പേടിക്കണ്ട മിസ്റ്റര്‍ അനില്‍..അവനെ ഏറെ വൈകാതെ ഞങ്ങള്‍ പൊക്കും….”
അനിലിന്റെയും മക്കളുടെയും മുഖങ്ങളില്‍ നോക്കി സി ഐ അങ്ങനെ പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ ചായകളുമായി എത്തി.
“സര്‍..എനിക്കപ്പോള്‍ ഓര്‍മ്മവരുന്നു..ഇന്നലെ കതക് അടച്ചിട്ടാണ് ഞാന്‍ ഉറങ്ങാന്‍ പോയത്..ചായ ഉണ്ടാക്കുന്ന സമയത്ത് ഞാനത് തന്നെ ആലോചിക്കുകയായിരുന്നു..” സി ഐയ്ക്ക് ചായ നല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു.
“അത് കഴിഞ്ഞു ഞാന്‍ എന്റെ ഷൂസ് എടുക്കാന്‍ കതക് തുറന്നാരുന്നു അമ്മെ” മകന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവര്‍ അതെപ്പറ്റി ഓര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ അല്‍പനേരം നിന്നു.
“ചേച്ചി സാറിനു ഗ്ലാസില്‍ ചായ കൊടുക്കണ്ട..മൊന്ത ഇല്ലേ?” അതിനിടെ ഒരു പോലീസുകാരന്‍ പറഞ്ഞു. സി ഐ അയാളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അനിലിന്റെ ഭാര്യയെയും നോക്കി ഇങ്ങനെ പറഞ്ഞു:
“എന്നാപ്പിന്നെ മൊന്തേല്‍ എടുത്തോ…” തുടര്‍ന്ന് അദ്ദേഹം പയ്യനെ നോക്കി “നീ കതക് തുറന്നിട്ട് അടച്ചില്ലേ?”
“അടച്ചു..പക്ഷെ മോളിലെ കൊളുത്ത് മാത്രമേ ഇട്ടുള്ളൂ..”
“അവന്‍ കതക് തുറന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?”