അളകനന്ദ [Kalyani Navaneeth]

അളകനന്ദ
Alakananda Author : Kalyani Navaneeth

നന്ദേ തനിക്ക് ഇനി പഠിക്കണം എന്നുണ്ടോ … വൈശാഖ് സാറിന്റെ ചോദ്യം കേട്ടപ്പോൾ നന്ദയ്ക്ക് നെഞ്ചിലൂടെ മിന്നൽപിണർ പാഞ്ഞു പോകുന്ന പോലെ തോന്നി ….
ഇനിയും പഠിക്കാനോ …?എന്റെ മഹാദേവാ ഇതെന്തു പരീക്ഷണം ആണ് …
.ഈ മനുഷ്യനോടുള്ള പ്രണയഭ്രാന്ത് കൊണ്ട് പത്തിൽ എൺപത്തിമൂന്നു ശതമാനം മാർക്ക് കിട്ടിയ ഞാൻ പ്ലസ് ടു നല്ല വെടിപ്പായി തോറ്റു….
പതിനെട്ടു തികഞ്ഞാൽ കെട്ടിക്കുമെന്നു അച്ഛൻ ഉറപ്പു പറഞ്ഞതോടെ തോറ്റത് വീണ്ടും വാശിയോടെ എഴുതി എടുത്തു .. പിന്നീട് അങ്ങോട്ട് പഠിപ്പിസ്റ്റിന്റെ കുപ്പായം എടുത്തിട്ടത്…. പഠിച്ചു വലിയ ആളാകാൻ ഉള്ള സ്വപ്നം ഒന്നും ഉണ്ടായിട്ടല്ല ….
ഈ താലി കഴുത്തിലണിയാൻ മാത്രം ആയിരുന്നു ….

ദേ വീണ്ടും ചോദിക്കുന്നു പഠിക്കണോ ന്നു …. ഹും എനിക്കിവിടെ സർ ന്റെ ഭാര്യയായി കുഞ്ഞുങ്ങളുടെ അമ്മയായി ജീവിക്കണം ന്നു പറയാനാണ് തോന്നിയതെങ്കിലും ഒന്നും മിണ്ടാതെ ആ മുഖത്തേക്ക് നോക്കി മിഴുങ്ങസ്യാ ന്നു നിൽക്കാനേ തനിക്ക്‌ കഴുഞ്ഞുള്ളൂ …

സർ അത് പ്രതീക്ഷിച്ചു കാണും …..ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ തനിക്ക് ആളോട് ഉള്ള അസ്ഥിക്ക് പിടിച്ച പ്രണയം ……

ബി.എഡ് നു അഡ്‌മിഷൻ കിട്ടുമോന്നു നോക്കാം … എസ് .എൻ കോളേജിലെ പ്രിൻസിപ്പൽ എന്നെ പഠിപ്പിച്ചതാ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു വച്ചിട്ടുണ്ട് …
യൂണിവേഴ്‌സിറ്റിയിൽ ഒന്ന് വിളിച്ചു നോക്കണം …പി .ജി സർട്ടിഫിക്കറ്റ് വന്നെങ്കിൽ പെട്ടെന്ന് തന്നെ പോയി വാങ്ങണം …… നന്ദ അപ്പോഴും ആ മീശയിലും കണ്ണിലും ഒക്കെ നോക്കി നോക്കി നിന്നു…….. .

നന്ദേ … ഞാൻ പറഞ്ഞു കൊണ്ടിരിക്കയാണ് … താൻ വല്ലതും കേൾക്കുന്നുണ്ടോ…?പെട്ടെന്ന് നന്ദ നോട്ടം പിൻവലിച്ചു താഴെ നോക്കി കൊണ്ട് പറഞ്ഞു സോറി സാർ … ഞാൻ പെട്ടെന്ന് എന്തോ ഓർത്തു പോയി ….
ഇയാൾ പണ്ടും ഇങ്ങനെ തന്നെ ആയിരുന്നല്ലോ …
പഠിപ്പിക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ വല്ല ലോകത്തും ഇരിക്കും, ചോദിക്കുമ്പോൾ ഇതുപോലെ സോറി പറയും … അവസാനം എന്തായി പ്ലസ് ടു നു താൻ മാത്രേ തോറ്റുള്ളൂ …. താൻ എങ്ങനെയാടോ പി ജി വരെ എത്തിയത് …
അപ്പോഴേക്കും നന്ദയുടെ കണ്ണ് നിറഞ്ഞു തുടങ്ങി ….

അത് കണ്ടിട്ടാവണം …”സാരല്യ ഇനി അതോർത്തു വിഷമിക്കണ്ട ഇയാൾ കിടന്നോളൂ ” മുഖത്തു നോക്കാതെ പറഞ്ഞു കൊണ്ട് വൈശാഖ് കയ്യിൽ ഇരുന്ന ബുക്കിലേക്ക് ശ്രദ്ധ തിരിച്ചു …….

നന്ദയുടെ കണ്ണിൽ മിഴിനീരിനിടയിലും ഒരു പുഞ്ചിരി തെളിഞ്ഞു …. തന്റെ കണ്ണൊന്നു നിറയുമ്പോൾ ആൾടെ നെഞ്ചൊന്നു പിടഞ്ഞുവോ ന്നു ഒരു ഡൌട്ട് … ചിലപ്പോൾ തോന്നൽ ആയിരിക്കാം ….