അളകനന്ദ 2
Alakananda Part 2 | Author : Kalyani Navaneeth | Previous Part
ക്ലാസ്സിലെ മറ്റു കുട്ടികളൊക്കെ തനിക്ക് എന്തുപറ്റിയെന്നറിയാതെ പരസ്പരം നോക്കി …. ഒരു അഞ്ചു മിനിട്ടു പോലും വേണ്ടി വന്നില്ല സാർ ഒരു ഓട്ടോ വിളിച്ചു , സംഗീതയോടും തന്റെ കൂടെ വരാൻ പറഞ്ഞു ….
അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടോളു എന്ന് പറഞ്ഞു, ഓട്ടോയിലേക്കു കയറുമ്പോൾ സാറിന് ഒരു പുതിയ ഉത്തരവാദിത്വം വന്നപോലെ തോന്നി ….
പോകുന്ന വഴിയിൽ ഓട്ടോ ഗട്ടറിൽ വീഴുമ്പോൾ ഒക്കെ , പതിയെ പോയാൽ മതി, അധികം അനക്കം തട്ടണ്ട ന്നു സാർ പറയുംമ്പോൾ ,.. ഈ ഒരു കരുതൽ തനിക്ക് കിട്ടാൻ ദേഹം മുഴുവൻ പൊള്ളിയാലും സാരമില്ല ന്നു തോന്നിപോയി ….
വീണ്ടും വീണ്ടും ഓട്ടോക്കാരനോട് പതിയെ പോകാൻ പറഞ്ഞപ്പോൾ …
.” സാറെ ആ കൊച്ചിന്റെ കാലിൽ അല്ലെ മുറിവ് പറ്റിയത് , അതിനു കുറച്ചു സ്പീഡിൽ പോയാൽ കുഴപ്പം ഒന്നും വരില്ല …. ഗർഭിണികളെ കൊണ്ട് പോകും പോലെ കൊണ്ട് പോകേണ്ട ആവശ്യം ഒന്നും ഇല്ല …. എനിക്ക് പതിനൊന്നരയ്ക്ക് വേറെ ഓട്ടം ഉള്ളതാണെ……”
അയാളുടെ ആ വർത്തമാനം വേദനയുടെ ഇടയിലും എനിക്ക് ചിരി വന്നു ……
പിന്നെ ഹോസ്പിറ്റലിൽ ആ മുറിവ് ഡ്രസ്സ് ചെയ്തോണ്ടിരുന്നപ്പോൾ , വേദന സഹിക്കാൻ ആവാതെ ,… ഈ കാലൊന്നു മുറിച്ചു കളഞ്ഞു തരുമോ സിസ്റ്ററെ,……ഞാൻ ചത്തു പോകുമെന്ന് തോന്നുന്നു എന്ന് പറഞ്ഞു കൊണ്ട് നോക്കിയത് സാറിന്റെ മുഖത്തേക്കാണ് ………..
താൻ അനുഭവിക്കുന്നതിന്റെ നൂറിരട്ടി വേദന … സാറിന്റെ ഉള്ളിലുണ്ടെന്നു ആ മുഖം പറയുന്നുണ്ടായിരുന്നു …..
അന്ന് വൈകിട്ട് അച്ഛൻ പുറത്തു പോയിരിക്കുകയായിരുന്നു ….. സാറിന്റെ അച്ഛനും അമ്മയും എന്നെ കാണാൻ വന്നു ….. എന്റെ അമ്മയ്ക്ക് അവരോടു എന്ത് പറയണം എന്ന് അറിയില്ലായിരുന്നു …..
എന്റെ കവിളുകളിലും , കയ്യിലെ നീലിച്ച പാടുകളിലും നോക്കവേ … സാറിന്റെ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു …..ആരും പരസ്പരം ഒന്നും മിണ്ടാതെ കുറച്ചു സമയം കടന്നു പോയി ………
ഇറങ്ങാൻ നേരം ‘അമ്മ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു ,…
.” പഠിപ്പിക്കുന്ന മാഷുമ്മാർക്ക് ദൈവത്തിന്റെ സ്ഥാനം ആയിരിക്കണം ….. എങ്കിലേ അവർ പഠിപ്പിക്കുന്നത് ഒക്കെ മനസ്സിൽ കയറൂ …. വേറെ ഒന്നും തോന്നാൻ പാടില്ല ട്ടോ ….”
ഉം എന്നൊരു മൂളൽ മാത്രേ എന്നിൽ നിന്ന് അപ്പൊ പുറത്തേക്കു വന്നുള്ളൂ എങ്കിലും …….
. ” എന്റെ ദൈവം തന്നെയാണ് , എന്റെ മാത്രം ദൈവം …. ഈ ജന്മം എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും എന്റെ ദൈവത്തെ ഞാൻ സ്വന്തമാക്കിക്കിയിരിക്കും ” എന്നൊരു ദൃഢ പ്രതിജ്ഞ എടുക്കുകയായിരുന്നു മനസ്സ് അപ്പോൾ …..
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ക്ലാസ്സിൽ തന്നോട് ചോദ്യം ചോദിക്കുന്ന പരിപാടി സാർ നിർത്തി ….
ആ മുഖത്തേക്ക് നോക്കുമ്പോൾ എല്ലാം …. സ്നേഹമോ , കുറ്റബോധമോ , സഹതാപമോ , തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തൊക്കെയോ നിഴലിച്ചിരുന്നു ………
മുറിവുകൾ ഒക്കെ ഉണങ്ങി തുടങ്ങിയ ഒരു ദിവസം ഉച്ചയ്ക്ക് , താൻ സ്കൂളിലെ വരാന്തയിൽ പുറത്തേക്കു നോക്കി നിൽക്കുബോൾ ….
“എന്തെ ഇയാൾ കഴിക്കുന്നില്ലേ…?” എന്ന് ചോദിച്ച സാറിനോട്, ഞാൻ കൊണ്ട് വന്നില്ല എന്ന് പറയുമ്പോൾ സാറിന്റെ മുഖം ഇരുളുന്നത് കാണാതെ ഞാൻ വേറെ എവിടെയോ നോക്കി ….
പിന്നീട് ചിന്തിച്ചപ്പോൾ തനിക്ക്
വെറുതെ തോന്നിയതാവും ന്നു വിശ്വസിച്ചു …………
അന്ന് ലാസ്റ് പിരീഡിൽ കെമിസ്ട്രി ലാബിൽ ,… ” സർ ഇന്ന് ലഞ്ച് കഴിച്ചില്ലേ….. സാറിന്റെ ടിഫ്ഫിൻ ബോക്സ് അവിടെ തന്നെ ഉണ്ടല്ലോ ” എന്ന് ദീപ ടീച്ചർ പറയുമ്പോൾ …. സാർ അത് ശ്രദ്ധിക്കാത്തതു പോലെ, ടീച്ചറിനോട് ലാസ്റ് റോയിലെ കുട്ടികളെ ഒന്ന് ഹെൽപ് ചെയ്യാൻ ആണ് പറഞ്ഞത് …..
എന്റെ നെഞ്ചിൽ അപ്പോൾ തൃശൂർ പൂരത്തിലെ പൂത്തിരികൾ എല്ലാം ഒരുമിച്ചു കത്തിയ പ്രകാശം ആയിരുന്നു …..
താൻ ഭക്ഷണം കഴിച്ചില്ലാന്നു അറിഞ്ഞത് കൊണ്ട് മാത്രമാണ് സാർ കഴിക്കാതെയിരുന്നത് എന്ന് മനസ്സിലാക്കാൻ , എനിക്കപ്പോൾ സാറിന്റെ മുഖത്തെ ഭാവങ്ങൾ കാണേണ്ട ആവശ്യം ഉണ്ടായില്ല …..
ദിവസങ്ങൾ കടന്നു പോയി , പ്ലസ് ടു ഫൈനൽ എക്സാം അടുത്ത് വന്നു …..
താൻ പഠിക്കാതെ വരുന്ന ദിവസങ്ങളിൽ , സാറിന്റെ മുഖത്തെ വിഷാദം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി …..
എങ്ങനെയെങ്കിലും പഠിച്ചു ജയിക്കാൻ തീരുമാനിച്ചപ്പോഴാണ് , ഒത്തിരി വൈകി എന്ന് തോന്നിയത് ……
ഇത്രനാളും പഠിക്കാതെ ഇരുന്നത് എല്ലാം കുറച്ചു ദിവസങ്ങൾക്കുള്ളിൽ പഠിച്ചെടുക്കാൻ പെട്ട പാട് എനിക്കേ അറിയൂ ….
സ്റ്റഡി ലീവിൽ, സമയം കിട്ടുമ്പോൾ ഒക്കെ വിദ്യേച്ചിയും , വീണേച്ചിയും എന്നെ കാണാൻ വരും …
കുറച്ചു നേരം സംസാരിച്ചിരിക്കും ,…. സാറിന്റെ ‘അമ്മ ഉണ്ടാക്കുന്ന സ്പെഷ്യൽ വിഭവങ്ങൾ എല്ലാം ആരും കാണാതെ എനിക്ക് കൊണ്ട് തരുമായിരുന്നു അവർ …..
എന്നെ ഒരു നാത്തൂനായി അവർ അംഗീകരിച്ചു ന്നു തോന്നാറുണ്ടായിരുന്നു അപ്പോഴൊക്കെ ……
. ഒരിക്കൽ കളിയായി ഞാൻ അത് ചോദിക്കുകയും ചെയ്തു ….. ഞങളുടെ ഏട്ടന്റെ ഭാര്യയെ ഏട്ടത്തി ന്നു വിളിക്കാനായിരുന്നു ഞങ്ങൾക്ക് ഇഷ്ടം … ഇതിപ്പോ നീ ഞങളെ ഏട്ടത്തിയെന്നു വിളിക്കുമല്ലോ എന്ന് പറഞ്ഞു കൊണ്ടവർ ചിരിച്ചു ……
അവരുടെ വരവ് അച്ഛന് തീരെ ഇഷ്ടം ആയിരുന്നില്ല ….
വളർത്തു ദോഷം ഉള്ള പെണ്ണിന്റെ കൂടെ കൂടിയാൽ ചലപ്പോൾ നിങ്ങളും മോശമായി പോകുമെന്ന് ഒരിക്കൽ അവരോട് അച്ഛൻ പറഞ്ഞു …..
പിന്നീട് അച്ഛൻ ഇല്ലാത്ത നേരങ്ങളിൽ മാത്രം അവർ വന്നു പെട്ടെന്ന് തന്നെ പോകുമായിരുന്നു …..
പരീക്ഷയ്ക്ക് തൊട്ടു മുന്നേയുള്ള ദിവസങ്ങളിൽ ഒന്നിൽ , വളരെ പ്രധാനപ്പെട്ട ക്വസ്റ്റിൻസ് മാത്രം എഴുതി വിദ്യേച്ചിയുടെ കയ്യിൽ കൊടുത്തു അയച്ചു സാർ …
ചോദ്യോത്തരങ്ങളുടെ താഴെയായി ” സ്വപ്നം കാണാതെ ഇരുന്നു പഠിക്കൂ ട്ടോ ” എന്നെഴുതിയിരുന്നു ………
സ്വർഗം കിട്ടിയ സന്തോഷമാണ് തനിക്കപ്പോൾ തോന്നിയത് ……
ആൾക്ക് അപ്പോൾ , തന്നോടുള്ള കരുതൽ കാണുമ്പോൾ ,….. വീണ്ടും വീണ്ടും ഒരു പെണ്ണും ഒരാണിനെയും സ്നേഹിക്കാത്ത അത്രയും ആഴത്തിൽ സ്നേഹിക്കാനാണ് എനിക്ക് തോന്നിയത് ……
എക്സാം കഴിഞ്ഞു ,… റിസൾട്ട് വന്നപ്പോൾ കെമിസ്ട്രിക്ക് മാത്രം താൻ തോറ്റുള്ളൂ എന്നത് ഒരു ആശ്വാസമായാണ് തോന്നിയത് ………
സേ എക്സാം എഴുതാൻ അപ്ലൈ ചെയ്യും മുന്നേ അച്ഛൻ പറഞ്ഞു ഈ ഒരു ചാൻസ് കൂടിയേ ഉള്ളു ……
തോറ്റാൽ ഉറപ്പായും കെട്ടിച്ചു വിടും , …. പതിനെട്ടു ഒന്ന് തികഞ്ഞോട്ടെ ,…..
അല്ലെങ്കിലും മാഷിനെ പ്രേമിക്കാൻ മിടുക്കു കാട്ടിയവൾ …എന്തായാലും മലമറിക്കാൻ ഒന്നും പോകുന്നില്ലല്ലോ…!
എന്നൊരു പരിഹാസവും കൂടി കേട്ടതോടെ കുത്തിയിരുന്ന് പഠിക്കാൻ തീരുമാനിച്ചു ……..
പിന്നീടുള്ള ഓരോ ദിവസങ്ങളിലും, ഓരോ ചാപ്റ്റർ എക്സ് പ്ലെയിൻ ചെയ്തു ഒരു യു എസ് ബി യിൽ ആക്കി
വിദ്യേച്ചിയുടെയോ വീണേച്ചിയുടെയോ കയ്യിൽ കൊടുത്തയച്ചിരുന്നു സർ …..
സേ എക്സാം റിസൾട്ട് വന്നപ്പോൾ അറുപത്തിയെട്ടു ശതമാനം മാർക്കു ഉണ്ടായിരുന്നു …
ഒരു പ്രൈവറ്റ് കോളേജിൽ ഡിഗ്രിക്ക് ചേർന്നു….. വേറെ ഒരിടത്തും രണ്ടു മാർക്ക് ലിസ്റ്റ് ഉള്ളയാൾക്ക് അഡ്മിഷൻ കിട്ടില്ലെന്ന് അറിഞ്ഞത് കൊണ്ട് തന്നെ അപ്ലൈ ചെയ്തില്ല ………
കെമിസ്ട്രിയും ഫിസിക്സ് ഉം , പഠിച്ചവൾക്ക് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയത് , ബി എ ഹിസ്റ്ററി ക്ക് ആയിരുന്നു എന്നത് ഓർത്തു സ്വയം ചിരിക്കാനേ കഴിഞ്ഞുള്ളു …..
വെറുതെ വായിച്ചു നോക്കിയാൽ തന്നെ മനസ്സിലാകും എന്നുള്ളത് കൊണ്ടും , പഠിച്ചില്ലെങ്കിൽ കെട്ടിച്ചു വിട്ടാലോ എന്ന പേടി ഉള്ളതും കൊണ്ടും , ചോള രാജവംശവും , ചേര രാജ വംശവും , മുഗൾ ചക്രവർത്തിമാരും ഒക്കെ എളുപ്പത്തിൽ മനസ്സിൽ കയറി….
പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ മാസങ്ങൾ കടന്നു പോയി …. തന്റെ പ്രണയം താൻ മറന്നു എന്ന് അച്ഛനും അമ്മയും സാറിന്റെ വീട്ടുകാരും ഒക്കെ കരുതി എന്ന് തോന്നി …..
ദിവസവും ഒരു നേരം എങ്കിലും സാറിനെ കാണാൻ പറ്റുന്നത് കൊണ്ട് മാത്രം താൻ പിടിച്ചു നിൽക്കുന്നു എന്ന് അവരാരും അറിഞ്ഞില്ല …….
അങ്ങനെയിരിക്കെ വിദ്യേച്ചിയുടെ കല്യാണം ആയി … രണ്ടു മാസത്തിനുള്ളിൽ തന്നെ വീണേച്ചിയുടെയും കല്യാണം നല്ല രീതിയിൽ നടന്നു ….. അവർ പോയതോടെ സാറിന്റെ വിശേഷങ്ങൾ ഒന്നും അറിയാൻ കഴിയാതെയായി ,……