ഒരു ലൈബ്രറി പ്രണയം – 1

എടാ ഹരി നിന്നെ നോക്കി ഇതാ അപ്പുറത്തെ ഗീതേടെത്തിടെ മോൾ വന്നിരിക്കുന്നു, നീ ഒന്നു അങ്ങോട്ട്‌ ചെല്ല്
ഉറക്ക ക്ഷീണം മാറാതെ ഞാൻ പുതപ്പ് ഒന്നു കൂടി വലിച്ചിട്ടു കിടന്നു,പെട്ടെന്നാണ് അമ്മ പറഞ്ഞത് ഓർത്തത്, ഞാൻ ഒന്നു ഞെട്ടി…
ഈശ്വര എന്തിനാണാവോ കഴിഞ്ഞ ദിവസം അവളെ കണ്ടപ്പോൾ കമന്റ്‌ അടിച്ചതിനു ചീത്ത പറയാൻ ആയിരിക്കുമോ, വേറെ ഒന്നിനും വരാനുള്ള വഴിയില്ല…..

മോൾ മുറ്റത്തു നില്കാതെ കോലായിൽ കയറി ഇരിക്കു ന്ന് അമ്മ പറയുന്നത് കേട്ടു..

ദൈവമേ അമ്മ ആണെങ്കിൽ അവളുടെ അടുത്ത് ന്ന് മാറുന്നില്ല.. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഞാൻ മുഖത്തു കുറച്ചു ഗൗരവം വരുത്തി കോലായിൽ പോയി…

മോളെ ഇവൻ നീ വന്നത് കൊണ്ട് എണീറ്റതാ, അവനു ഈ നേരം ഒന്നും കാണാറില്ല..
അതു കേട്ടവൾ ചിരിച്ചു, ഞാൻ അമ്മയെ ഒന്നു നോക്കുകയും ചെയ്തു.

ഉള്ളിൽ ഉള്ള ഭയം പുറത്തു കാണിക്കാതെ ഞാൻ അവളോട്‌ ചോദിച്ചു, എന്താ വന്നത്..
ഏട്ടൻ ആ കടവിന്റെ അടുത്തുള്ള ലൈബ്രറിയിൽ മെമ്പർ അല്ലെ????
അതു കേട്ടപ്പോൾ കുറച്ചു ധൈര്യമായി
അതെ, എന്തെ…
എനിക്ക് കുറച്ചു ബുക്സ് എടുക്കണം, പക്ഷെ മെമ്പർഷിപ്പ് ഒന്നും ഇല്ല, എന്നോട് അനുവാ പറഞ്ഞത് ഏട്ടൻ മെമ്പർ ആണെന്നു… നിങ്ങളുടെ മെമ്പർഷിപ്പിൽ എനിക്ക് ഒരു ബുക്ക്‌ എടുത്തു തരുമോ??
ഓ തരാം, ഏതാ വേണ്ടത് ചോദിച്ചപ്പോഴേക്കും അവൾ ലിസ്റ്റ് എഴുതിയ ഒരു പേപ്പർ തന്നു
നാളെ വൈകീട്ട് ആ കടവിന്റെ അടുത്തു നിന്നോളൂ ഞാൻ തന്നേക്കാം
അവൾ പോയപ്പോൾ ഞാൻ ഓർത്തു ദൈവമേ ഇതൊക്കെ ഏതു ബുക്ക്‌ ആണ്, അവളുടെ വിചാരം ഞാൻ വല്യ വായനക്കാരൻ ആണെന്ന… എനിക്ക് അല്ലേ അറിയു എന്റെ സ്ഥിതി…

ഞാൻ അപ്പോൾ തന്നെ ശ്യാമിനെ വിളിച്ചു…
എടാ, എനിക്ക് നമ്മുടെ ലൈബ്രറിയിൽ നിന്നു കുറച്ചു ബുക്ക്‌ എടുക്കാനുണ്ട്, ഞാൻ ലിസ്റ്റ് അയക്കാം നീ അതൊന്നു എടുത്തു വെച്ചേക്കു…
എടാ നിനക്ക് എന്തു പറ്റി, പത്രം പോലും വായിക്കാത്താ നീ ഇനി എന്തുണ്ടാക്കാനാ…
നീ പറഞ്ഞത് ചെയ് ബാക്കി കാണുമ്പോൾ പറയാം

പിറ്റേന്ന് രാവിലെ തന്നെ പതിവില്ലാതെ ഞാൻ ഉണർന്നു ചിന്തിച്ചു തുടങ്ങി, അവളെ കാണുമ്പോൾ എന്താ പറഞ്ഞു തുടങ്ങുക… കുളി കഴ്ഞ്ഞു ഭക്ഷണത്തിനു ഇരുന്നപ്പോൾ അമ്മ ചോദിക്കാ, വൈകുന്നേരം കൊടുക്കാനുള്ള ബുക്കിനു നീ എന്തിനാടാ പതിവില്ലാത്ത പണിക്കു നിന്നത്, വല്ലപ്പോഴും ഉള്ള നനയും കുളിയും അല്ലേ, പനി വരണ്ട… ഞാൻ ആകെ ചമ്മി പോയി… ഒന്നു പ്പോ അമ്മേ അതൊന്നുമല്ല എനിക്ക് ശ്യാമിന്റെ കൂടെ ഒരു സ്ഥലം വരെ പോകാനുണ്ട്…
അമ്മ എന്നെ ആക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി

ചെ നാണക്കേട്, ഞാൻ വേഗം കഴിച്ചു, ബൈക്ക് എടുത്തു ശ്യാമിന്റെ വീട്ടിലെക്കു,….

ആ ഇതാരാ ഹരിയോ, അവൻ എണീറ്റില്ല മോനെ
അതു സാരമില്ല ഞാൻ നോക്കിക്കോളാം നു പറഞ്ഞു മുകളിലെക്കു പോയി….
എടാ എണീക്കു,ഞാൻ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞതല്ലേ അവൾ കാത്തു നിൽക്കും…
അതിനു നീ എന്തിനാ രാവിലെ കെട്ടി ഒരുങ്ങിയത്, വൈകിട്ട് അല്ലേ… മിണ്ടാതെ അവിടെ എങ്ങാനും കിടന്നോ അല്ലേൽ നല്ല പച്ചക്കു കേൾക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ ഞാൻ അവന്റെ അടുത്ത് കിടന്നു…
ശീലമില്ലാത്തത് കൊണ്ട് ഞാനും കിടന്നു ഉറങ്ങി പോയി….
ഉണർന്നപ്പോൾ ഉച്ചയായി, പിന്നെ ശ്യാമിന്റെ അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ നല്ല മീൻ കറിയും കൂട്ടി നല്ല തട്ടൽ ആയിരുന്നു…

പിന്നെ ഞാൻ വേഗം മുടി ഒക്കെ ഒന്നു സ്റ്റൈൽ ആക്കി, പെർഫ്യൂം ഒന്നു കൂടെ പൂശി,നല്ല സുന്ദരൻ ആയി….
ഞങ്ങൾ ചെല്ലുമ്പോൾ അവൾ അവിടെ നിൽക്കുന്നു,കൂടെ ആ അനുവും ഉണ്ട്…

ആദ്യത്തെ ഗൗരവം ഒക്കെ ഉള്ളിൽ ഒതുക്കി ഞാൻ ചോദിച്ചു കുറേ നേരം ആയോ വന്നിട്ട്…
ഇല്ല, ബുക്ക്‌ എല്ലാം കിട്ടിയോ…
എല്ലാം ഇല്ല, ഉള്ളത് കൊണ്ട് വന്നിട്ടുണ്ട്, ബാക്കി ഞാൻ ഒന്നു നോക്കട്ടെ…
അവൾ നന്നായി ഒന്നു ചിരിച്ചു…
ബാക്കി കിട്ടിയാൽ പറയാമെന്നു ഞാനും…

പിന്നെ എല്ലാ ദിവസവും ഞാൻ വൈകീട്ട് അവളെ കാണാൻ ആയി കടവിന്റെ അടുത്ത് നില്കാൻ തുടങ്ങി,ഞാൻ അവളെ നോക്കുന്നുണ്ടെന്ന് അവൾക്കു മനസിലായി…
അവൾ ചിരിച്ചു
അതു കണ്ടപ്പോൾ ഓഹ് മനസ്സിൽ ഒരു കുളിരു….
ചോദിക്കാൻ മറന്നു, പേരെന്താണ്??
ചെറിയൊരു ചിരിയിൽ അവൾ പറഞ്ഞു “ശ്രീദേവി “….
ശെരിക്കും ഒരു ദേവി തന്നെയാ ട്ടോ ന്ന് ഞാനും, അവളൊന്നു ചിരിച്ചു… അങ്ങനെ ദിവസങ്ങളോരോന്നായി പോയി….
ഫോൺ ബെൽ അടിഞ്ഞു നോക്കിയപ്പോൾ ശ്യാം ആണ്….
എന്താടാ…
നിന്നെ ശ്രീദേവി ചോദിച്ചു ഇന്നു, നിന്നെ കാണാനില്ല ന്ന് പരാതി പറഞ്ഞു….
ഞാൻ കേട്ടത് വിശ്വസിക്കാൻ ആകാതെ.. ടാ ഒന്നുടെ പറ ഞാൻ കേട്ടില്ല….
അയ്യടാ അവന്റെ ഒരു നാണം… നീ അങ്ങനെ ഇപ്പോൾ ഒന്നുടെ കേൾക്കണ്ട… നാളെ ഹാജർ ആയിക്കോ,അവളൊന്നു കണ്ടോട്ടെ നിന്നെ കൺ നിറയെ……
ഓഹ് അവൻ ആദ്യമായിട്ടാ എന്നോട് ഇത്രയും സ്നേഹത്തിൽ സംസാരിക്കുന്നത്….
എന്നാലും എന്തിനാ അവൾ എന്നെ കാണുന്നത് ന്ന് ആലോചിച്ചു ഞാൻ കിടന്നു ഉറങ്ങിപ്പോയി…….