നിശാഗാന്ധി പൂക്കുമ്പോള്‍

ഒരാഴിച്ചത്തെ ടൂറും കഴിഞ്ഞ് അതിന്‍റെ ക്ഷീണത്തില്‍ വന്ന് കിടക്കുമ്പോള്‍ നേരം പുലര്‍ന്നു തുടങ്ങിയിരുന്നു. ഉറക്കം പിടിച്ചു വരുമ്പോഴാണ് മുറ്റത്തുനിന്നും അമ്മയുടെ ശബ്ദം ചെവിയില്‍ വീണത്.

“ഹാ.. ബേട്ടീ.. ബോലോ…”

എന്റെ ശിവനേ ഹിന്ദിയോ..!

കട്ടിലിൽനിന്ന് ചാടിയെണീറ്റ് അഴിഞ്ഞുപോയ കാവിമുണ്ട് മുറുക്കിയുടുത്ത് മുറ്റത്തേക്ക് നടക്കുന്നതിനിടെ ഞാനോർത്തു.

“ഈ അമ്മയാരോടാ കൊച്ചുവെളുപ്പാങ്കാലത്ത് ഹിന്ദീല് ബോലാൻ പറയുന്നേ..!”

ഉമ്മറത്തെ തൂണിന്റെ മറവിൽ നിന്ന് ഞാൻ അമ്മയെ സൂക്ഷമായി നിരീക്ഷിക്കുന്നതൊന്നും പുള്ളിക്കാരി അറിയുന്നുണ്ടായിരുന്നില്ല.

“ഹാ… ബേട്ടീ… ഞാനിവിടെ ഠീക്ക് ഹൈ.. നീയെവിടെ കൈസാ ഹോ..? “

ങേ…ഹിതെന്ത് ഹിന്ദി..!!

ടീവീലെ ഹിന്ദി സീരിയൽ ഒരെണ്ണം പോലും വിടാതെ ഇരുന്ന് കാണുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ മനസിലായത്.

അമ്മയുടെ ശബ്ദം കേട്ടിട്ടാവും പിറകിലെ തൊഴുത്തില്‍ നിന്നും അമ്മിണി കിടാവ് ഓടിവന്നു. ഫോണ്‍ സംഭാഷണം തുടരുന്നതിനിടെ അവളെയും പിടിച്ച് അമ്മ പിന്നാമ്പുറത്തേക്ക് പോയി.

ഒരാഴ്ചത്തെ ഓട്ടത്തിന്റ ബാക്കി മുറ്റത്ത് കിടന്ന കാറിന്റെമേല്‍ കാണാനുണ്ടായിരുന്നു മൊത്തം ചളിയും പൊടിയും.

പ്രത്യേകിച്ച് വേറേ ജോലിയൊന്നുമില്ലാത്തതുകൊണ്ട് ഒരു മൂളിപ്പാട്ടും പാടി തൊടിയിലെ മന്ദാരത്തിനും നിശാഗന്ധിക്കും കുറച്ച് വെള്ളമൊഴിച്ച് അതിന്‍റെ ചുവട്ടില്‍ വളര്‍ന്ന കള പറിച്ചു മാറ്റി കുറച്ചു ചാണകം രണ്ട് ചെടിയുടെയും ചുവട്ടിലിട്ടു.

വെള്ളവും വളവും ദിവസവും കൊടുക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും അത് രണ്ടും പൂത്തുകണ്ടിട്ടില്ല വര്‍ഷം രണ്ടുകഴിഞ്ഞു അതവിടെ കുഴിച്ചിട്ടിട്ട്.

ഓരോന്നും ഓര്‍ത്ത്‌കൊണ്ട് കാറും കഴുകിയിരിക്കുമ്പോൾ അമ്മ പിന്നിൽ വന്ന് മുരടനക്കി.

” ഉം.. എന്തേയ്…” ?

“എന്താ പരിപാടി…” ?

കഴുകൽ നിർത്തി ഞാൻ അമ്മയെ ഒന്ന് സൂക്ഷിച്ച് നോക്കി.

“അല്ല രാവിലെത്തന്നെ ങ്ങളാരോടാ കത്തിവെച്ചത്..” ?

” ആ… ഇയ്യ്‌ കേട്ടോ.. എങ്ങനെണ്ടായിനു ന്റെ ഹിന്ദി..” ?

“അതിന് ഹിന്ദിന്നല്ലാ പറയാ.. രാവിലെത്തന്നെ മനുഷ്യന്റെ ഒറക്കോം കളഞ്ഞ്…”

പിറുപിറുത്തുകൊണ്ട് കാറിന്റെ മുകളിലേക്ക് പൈപ്പിലൂടെ വെള്ളം ചീറ്റുന്നതിനിടെ ഡോർ വലിച്ചുതുറന്ന് അമ്മ അതിനകത്ത് കയറിയിരുന്നു…

“ഹെ.. ഇങ്ങള് രാവിലെത്തന്നെ തമാശ കളിക്കല്ലേ ങ്ങോട്ടെറങ്ങീന്ന്. ഞാനിത് കഴ്ക്ന്നത് കണ്ടീലെ…”

“ഇയ്യ്‌ അതൊക്കെ ആടെട്ടിട്ട് വ്ടെവന്നിരിക്ക് എന്നോടൊര് കാര്യം പറയാന്ണ്ട്…”

പൈപ് താഴെയിട്ട് ബാക്സീറ്റിലേക്ക് കയറിയിരുന്നുകൊണ്ട് ഞാൻ അമ്മയെ നോക്കി.

“വെല്യമ്മാമനാ നേരത്തേ വിളിച്ചത് ഡെല്‍ഹിന്ന് ദേവൂന്റേം ആമീന്റേം പഠിത്തം ഒക്കെ കഴിഞ്ഞു…”

“അതിന്..” ?

“ഓരൊക്കെ ആടെന്നിങ്ങോട്ട് പോരുവാണെന്ന്. വ്ടെഎവെടെങ്കിലും വീടും സ്ഥലോം വാങ്ങണംന്ന് പറഞ്ഞു…”

“ഉം…”

“പിന്നെ വേറൊരു കാര്യം കൂടെ പറഞ്ഞു…”

“എന്ത്…” ?

“ആമീന്റേം ദേവൂന്റേം കല്ല്യാണം. ആമിക്ക് ഒരാലോചന വന്നിട്ടുണ്ട്പോലും അവക്കും താല്പര്യക്കൊറവൊന്നുല്ല. അവര് ഇരട്ടകളല്ലേ രണ്ടുപേരുടെയും ഒപ്പരം നടത്തണംന്നാ വെല്യമ്മാമൻ പറയുന്നേ..”

“നടത്തിക്കോട്ടെ രണ്ടിനും പത്തിരുപത്തൊന്ന് വയസ്സായിലേ… അല്ല ഇതൊക്കെ ന്നോടെന്തിനാ പറയുന്നേ..” ?

“അതാണെടാ ഞാൻ പറഞ്ഞുവരുന്നേ.. വെല്യമ്മാമന് ദേവൂനെ മ്മക്ക് തരാനാ ആഗ്രഹം…”

“നമ്മക്ക് തരാനോ…” ?

നെറ്റിചുളിച്ചു അമ്മയെ നോക്കിക്കൊണ്ട് ചോദിച്ചപ്പോ ഒരു ചിരിയോടെയായിടുന്നു മറുപടി വന്നത്.

“ദേവൂനെ നെനക്ക് ആലോചിച്ചാലോന്ന് ചോദിച്ച് വെല്ല്യമ്മാമൻ… നമ്മടെ കുട്ടിയാ ദേവു. ഈ മുറ്റത്തുകൂടെ ഓടിനടന്നാ ഓള് കളിച്ചതും വളർന്നതുമൊക്കെ. ആമിയെപ്പോലെയല്ല അടക്കോം ഒതുക്കോം ഒക്കെള്ള കുട്ട്യാ…”

അമ്മ വലിയ സന്തോഷത്തിലായിരുന്നു.

“കല്ല്യാണം കഴിക്കാനോ ഇപ്പോളോ…”

“വെര്ന്ന മീനത്തില് അനക്ക് ഇരുപത്താറ് തെകയും മൂക്കില് പല്ല് വന്ന്ട്ടാണോ പെണ്ണ്കെട്ടണത്. നെന്റെ കൂടെ കളിച്ച് നടന്നോരൊക്കെ പെണ്ണുംകെട്ടി മക്കളുമായി. നെനക്കറിയോ നെന്റെ അച്ഛന് ഇരുപത്താറ് വയസ്സാവുമ്പോ നെനക്ക് നാല് വയസ്സാ..”

“ഹും ഇരുപത്തിരണ്ടാമത്തെ വയസില്‍ അച്ഛനെ ങ്ങള് പ്രേമിച്ച് കല്ല്യാണം കഴിച്ചിട്ടല്ലേ…”

“മക്കള് രണ്ടും ഇന്ന് ആടെന്ന് വണ്ടികേറും മറ്റന്നാള്‍ ഇവിടെത്തും പോയി കൂട്ടിക്കൊണ്ട്പോരണം മറക്കണ്ടാ…”

കാറില്‍നിന്നിറങ്ങി അകത്തേക്ക് നടക്കുന്നതിനിടെ അമ്മ പറഞ്ഞു.

കുഞ്ഞുന്നാളിലേ വെല്യമ്മാമനും അച്ഛനും പറഞ്ഞുവെച്ചതാണ് ദേവു എനിക്കുള്ളതാണെന്ന്.കുഞ്ഞുനാളിൽ ദേവുമായിട്ട് നല്ല കൂട്ടായിരുന്നു.

ഉണ്ണുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും അവളെന്റെ നിഴലായ് കൂടെറ്റുണ്ടാവുമായിരുന്നു.

റെയിൽവേ ഉദ്യോഗസ്ഥനായ വെല്ല്യമ്മാമൻ സ്റ്റേഷൻമാസ്റ്ററായി സ്ഥാനക്കയറ്റം കിട്ടി ഉത്തരേന്ത്യയിലേക്ക് പോവുമ്പോൾ അവൾക്ക് എട്ട് വയസായിരുന്നു പ്രായം എനിക്ക് പതിമൂന്നും.

ഒരു കളിക്കൂട്ടുകാരി എന്നല്ലാതെ അതിനപുറത്തേക്ക് ചിന്തിക്കാനുള്ള പ്രായമോ പക്ക്വതയോ ഇല്ലാത്ത സമയം. വെല്ല്യമ്മാമന്റെ കയ്യും പിടിച്ചു അവൾ ഈ പടിപ്പുര കടന്നുപോയിട്ട് പന്ത്രണ്ട് വർഷം കഴിഞ്ഞു.

ആദ്യമൊക്കെ എന്തെന്നറിയാത്ത ഒരു ഒറ്റപ്പെടൽ തോന്നിയിരുന്നു. അവളുടെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും കെട്ടിപ്പിടിച്ച് ദേവൂനെ കാണണം എന്ന് പറഞ് ഒരുപാട് കരഞ്ഞിട്ടുണ്ടായിരുന്നു അന്ന്.

അതിനുശേഷം അച്ഛൻ മരിച്ചപ്പോൾ വെല്ല്യമ്മാമൻ വന്നതൊഴിച്ചാൽ പിന്നെ അവരാരുംതന്നെ ഇങ്ങോട്ട് വന്നിട്ടില്ല മാസം കൂടുമ്പോൾ അമ്മക്ക് ഒരു കത്ത് വരും അത് മാത്രമായിരുന്നു ആകെയുള്ളൊരു ബന്ധം.

പിന്നീട് മൊബൈൽ ഫോണുകൾ വന്നതിനുശേഷം മാസത്തിലൊരിക്കൽ എനിക്കും അമ്മയ്ക്കും ഓരോ വിളിവന്നുകൊണ്ടിരുന്നു. പക്ഷേ ഒരിക്കൽ പോലും ദേവൂന്റെ വിവരമോ അവളുടെ ശബ്ദമോ എന്നെത്തേടി വന്നില്ല.

കൊല്ലങ്ങൾക്കിപ്പുറം ഇന്നും കൂടുതൽ മിഴിവോടെ ആ എട്ടുവയസുകാരിയുടെ മുഖം മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

************

“ഡാ.. നീയിവിടെന്താക്കാ… മക്കള് രണ്ടും ഇപ്പൊ വിളിച്ചു അവര് കോഴിക്കോടെത്താറായി നീയാ കാറും എടുത്തോണ്ട്പോയിട്ട് ഓരെ കൂട്ടിവാ വേഗം.. എപ്പോനോക്കിയാലും ആ ലാപ്ടോപ്പിലേക്ക് തലേം വെച്ച് കെടന്നോളണം ഒര് ദെവസം ഞാനത് വെട്ടിപ്പൊളിച്ച് അടുപ്പില് വെക്കും നോക്കിക്കോ…”

എന്നെ തുറിച്ച്നോക്കികൊണ്ട് മരത്തിന്റെ ഗോവണി ചവിട്ടി മെതിച്ച് അമ്മ താഴേക്കിറങ്ങിപ്പോയി.
ഫേസ്ബുക്ക് ലോഗൗട്ട് ചെയ്ത് കാറിന്റെ ചാവിയെടുത്ത് ഞാനും പുറത്തിറങ്ങി.

⁠⁠⁠റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോ ട്രെയിൻ അനൗൺസ് ചെയ്യുന്നുണ്ടായിരുന്നു. അടുത്ത്കണ്ട സീറ്റിലിരുന്ന് ആമിയെയും ദേവൂനെയും എങ്ങനെ തിരിച്ചറിയും എന്നാലോചിച്ചിരിക്കുമ്പോൾ പാന്റിന്റെ പോക്കറ്റില്‍ നിന്ന് മൊബൈൽ വിറച്ചത് പരിചയമില്ലാത്ത ഒരു നമ്പർ..

“ഹെലോ…
ഇത് ആമിയാണ് ഞങ്ങള്‍ കോഴിക്കോടെത്താറായി വിനു അവിടുണ്ടോ…” ?

“ആ… ഞാനിവ്ടെ സ്റേഷന്‍ല്ണ്ട് എത്തിയിട്ട് വിളിച്ചാ മതി…”

ആ ഒരൊറ്റ ഫോണ്‍ വിളിയിലൂടെത്തന്നെ ആമിയെക്കുറിച്ച് എനിക്കേകദേശം മനസിലായി. ഒന്നുമില്ലെങ്കിലും അഞ്ചുവയസിന്‍റെ മൂപ്പിനെയെങ്കിലും അവള് മാനിക്കണ്ടേ…

ഇവളിങ്ങനെയാണെങ്കില്‍ മറ്റവള് എങ്ങനെയായിരിക്കും… അങ്ങനെയോരോന്നും ചിന്തിച്ചുകൂട്ടി അരമണിക്കൂറോളം അവിടെ കുത്തിയിരുന്നു.

അല്‍പ്പസമയത്തിനുള്ളില്‍ ട്രെയിന്‍ വന്നു റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍നിന്നും തലേയെക്കാള്‍ വലിയൊരു ഹെഡ്സെറ്റും തലയില്‍ വെച്ച് ഒരു പെണ്ണിറങ്ങി.

അവള്‍ ഉടുത്തിരിക്കുന്ന വേഷം കണ്ടാല്‍ നാട്ടുകാര് ഓടിച്ചിട്ട് തല്ലും. അവിടേം ഇവിടേം കീറിയൊരു നരച്ച് ഇറുകിപ്പിടിച്ച ജീന്‍സും അത്രത്തോളം ഇറുക്കമുള്ള ടീഷര്‍ട്ടും. അതവളുടെ ശരീരത്തിന്‍റെ മുഴുപ്പുകള്‍ എല്ലാം എടുത്തുകാണിക്കുന്നുണ്ടായിരുന്നു.

കയ്യിലും ചെവിയിലും കഴുത്തിലും വലിയ ഓരോ മാലയും വളയും കമ്മലും. മുഖത്ത് പുട്ടിയടിച്ചതുപോലെ എന്തൊക്കെയോ വാരിത്തേച്ച് വെച്ചിരിക്കുന്നു.

ചുണ്ടിന്‍റെ കാര്യമാണേല്‍ പറയേം വേണ്ടാ തത്തമ്മയുടെ ചുണ്ടിന് ഇത്രേം നിറo ഉണ്ടാവില്ല. ആകെക്കൂടെ കാണാന്‍ ഒരു കോലംകെട്ട കോലം.

നാലുപാടും നോക്കിക്കൊണ്ടവള്‍ ജീന്‍സിന്‍റെ പോക്കറ്റില്‍നിന്നും മൊബൈല്‍ വലിച്ചെടുത്ത് ആരെയോ വിളിച്ചു. അതേ സമയം എന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ വിറകൊണ്ടു നേരത്തെ വന്ന അതെ നമ്പർ.

“ഹലോ… വിനു എവിടെ ഞങ്ങൾ എത്തി…”

എന്റെ കൊട്ടിയൂരപ്പാ ഇവളാണോ ആമി..!!

തലയിൽ തേങ്ങയും ഓലയും പിന്നൊരു മോച്ചിങ്ങയും വീണ അവസ്ഥയായി എന്റെത്

“ഹെലോ.. വിനൂ താനെവിടെയാ ഞങ്ങൾ എത്തി..”

“ഹ്.. ഹാ.. ഹ്യലോ അല്ല ഹാലോ.. ഞാൻ നിങ്ങളെ കണ്ടു…”

അത്രേം പറഞ്ഞൊപ്പിച്ചു ഞാൻ ഫോൺ പോക്കറ്റിലിട്ട് അവളുടെ അടുത്തേക്ക് നടന്നു.

ആമിയെ കണ്ട് പകച്ചുപോവാൻ ഇനിയെന്റെ ജീവിതത്തിൽ ഒന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ല.

അവളുടെ മുന്നിൽ ചെന്നുനിന്ന് ഞാനാ വിനൂന്ന് പറഞ്ഞതും ലഗേജ് അകത്തുണ്ട് എടുക്കണം എന്നും പറഞ്ഞു
കമ്പാര്‍ട്ട്മെന്റില്‍ കയറി അവൾ ലഗേജ് കാണിച്ചു തരുന്നതിനിടെ ബർത്തിൽ കിടന്നുറങ്ങുന്ന പെൺകുട്ടിയെ തോണ്ടി വിളിച്ചു.

ഉറക്കച്ചടവിൽ കണ്ണുതിരുമ്മി അവൾ നോക്കിയത് എന്റെ മുഖത്തേക്ക്.
ഉറക്കച്ചടവിലും തിളങ്ങുന്ന അവളുടെ ഇളം തവിട്ടുനിറമുള്ള കണ്ണുകളിലേക്ക് നോക്കിനിൽക്കുമ്പോൾ ആമി അവളെ കുലുക്കി വിളിക്കുന്നുണ്ടായിരുന്നു.

“ദേവൂ… വാ എണീക്ക് സ്ഥലം എത്തി ഇറങ്ങണം…”

ഈശ്വരാ… ഇതാണോ ദേവു..!!

ഞെട്ടിപ്പിടഞ്ഞ് അവൾ എണീറ്റതും താഴെ വെച്ചിരുന്ന ബാഗിൽ കാല്തട്ടി എന്റെ നെഞ്ചിലേക്കവൾ തല്ലിയലച്ചുവീണു.
അവളേം കൊണ്ട് ഞാൻ എതിരേയിരുന്ന ആളുകളുടെ മേലേക്കും…

എന്താണ് ചെയ്യേണ്ടതെന്നറിയാതെ കിടക്കുമ്പോള്‍ എന്‍റെ മുഖത്തും കഴുത്തിലുമായി വീണ് ചിതറിക്കിടന്ന അവളുടെ മൃദുലമായ തലമുടി ദേവു കൈ കൊണ്ട് മാടിയൊതുക്കി.

കണ്ണുകള്‍ ഉയര്‍ത്തി അവള്‍ എന്നെയൊന്ന് നോക്കി. കണ്ണുകളിലൂടെ തുളഞ്ഞിറങ്ങിയ ആ നോട്ടം ചെന്നവസാനിച്ചത് അതിവേഗം മിടിച്ചുകൊണ്ടിരുന്ന എന്‍റെ ഹൃദയത്തിലായിരുന്നു.

അവളുടെ നോട്ടത്തേ നേരിടാനാവാതെ ഞാൻ കണ്ണുകള്‍ ഇറുക്കിയടച്ചു. സ്വയമറിയാതെ വലംകൈയാല്‍ അവളെ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചപ്പോള്‍ താമരപ്പൂവിന്റെ ഗന്ധം എന്‍റെ നാസികയില്‍ നിറഞ്ഞു..

എന്റെ ദേഹത്തുനിന്നും ആമി അവളെ പിടിച്ച് എഴുന്നേല്പിച്ചപ്പോൾ കൈകുത്തി എഴുന്നേറ്റ് ഞാന്‍ അവളേത്തന്നെ നോക്കിനിന്നുപോയി..

പതിമൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്‌ച ദേവൂനെ കുറിച്ചുള്ള എന്റെ എല്ലാ ധാരണകളും തകിടം മറിഞ്ഞിരിക്കുന്നു.
ആമിയെപോലെ ഒരു മോഡേൺ പെൺകുട്ടിയെ ദേവുവിൽ പ്രതീക്ഷിച്ച എനിക്ക് കാണാൻ കഴിഞ്ഞത് ഒരു തനി നാടൻ പെൺകുട്ടിയെയാണ്.

വിളഞ്ഞുപഴുത്ത ഗോതമ്പിന്റെ നിറമുള്ള അവളുടെ ശരീരത്തിന് ആകാശനീല നിറത്തിലുള്ള ചുരിദാർ വളരെ നന്നായിട്ട് ഇണങ്ങുന്നുണ്ടായിരുന്നു..

മുഖത്ത് ചമയങ്ങൾ ഒന്നുംതന്നെയില്ലാഞ്ഞിട്ടും വല്ലാത്തൊരു ഭംഗി..
ചെവിയിൽ ചെറിയ രണ്ട് കമ്മലും കൈയിൽ കുറച്ചു കുപ്പിവളകളും കഴുത്തിൽ നൂലുപോലൊരു സ്വർണമാലയിലുമൊതുങ്ങി അവളുടെ അലങ്കാരങ്ങൾ.

“അല്ല മാഷേ… ഇവളെയിങ്ങനെ നോക്കിനിന്നാൽ മതിയോ പോവണ്ടേ… അച്ഛൻ ഇവളെ നിങ്ങൾക്ക്തന്നേ തരൂ അതോണ്ട് ധൈര്യമായിട്ട് ലഗ്ഗേജ് എടുത്തിട്ട് പോര് എന്നിട്ട് ബാക്കി വീട്ടിൽ പോയിട്ട് എത്രവേണേലും നോക്കിയിരുന്നോ…”

അവളുടെ കണ്ണുകളിലേക്ക് നോക്കി മതിമറന്നു നില്‍ക്കുമ്പോള്‍ ആമി എന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞിട്ട് ലഗ്ഗേജ് വലിച്ച് പ്ലാറ്റഫോമിലേക്കിട്ടു. അത്കേട്ട് ദേവൂന്റെ മുഖം ഒന്ന് ചുവന്നോ…

ആമിയും ദേവൂം കാഴ്ചയിൽ പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രൂപസാദൃശ്യം ഉണ്ടെങ്കിലും മറ്റെല്ലാ കാര്യത്തിലും അവർ രണ്ടുപേരും രണ്ട് ധ്രുവങ്ങളിലായിരുന്നു.

ആമി മോഡേൺ വസ്ത്രത്തെയും ദില്ലിയിലെ നഗരജീവിതത്തെയും സ്നേഹിച്ചപ്പോൾ ദേവു ഇഷ്ടപ്പെട്ടത് കേരളത്തനിമയെയും ഗ്രാമത്തിന്‍റെ നന്മയെയും നിഷ്കളങ്കതയുമായിരുന്നെന്ന് തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ എനിക്ക് മനസിലായ്.

കാറിൽ കയറിയസമയം തൊട്ട് മൊബൈലിൽ കലപില സംസാരിച്ചു കൊണ്ട് ആമിയിരുന്നപ്പോൾ ദേവൂന്റെ കണ്ണുകൾ പച്ചപ്പ് നിറഞ്ഞ പാടങ്ങളെ തഴുകി കാറിന്‍റെ സെന്‍റര്‍ മിററിൽ തെളിഞ്ഞ എന്റെ മുഖത്തിന് നേരേ വന്നുകൊണ്ടിരുന്നു.

⁠⁠⁠കാർ വീട്ടുവളപ്പിലേക്ക് കടന്നതും വഴിക്കണ്ണുമായി കാത്തിരുന്ന അമ്മ മുറ്റത്തേക്കിറങ്ങിവന്ന് കാറിൽനിന്നിറങ്ങിയ ആമിയെയും ദേവുവിനെയും ചേർത്ത്പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി.

അകത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞുനിന്ന് ‘പെട്ടിയൊക്കെ എടുത്തോണ്ട് വാടാ’ എന്നൊരു കൽപ്പനയും.
മരുമക്കള് വന്നപ്പോ മോനെ വേണ്ടാതായോ എന്ന് പിറുപിറുത്തുകൊണ്ട് പെട്ടിയുംതൂക്കി ഞാനും അകത്തേക്ക് കയറി..

പിറ്റേന്ന് രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റ എന്നെയും കാത്ത് ആവി പറക്കുന്ന പാലൊഴിച്ച ഒരു ഗ്ലാസ് ചായ മേശപ്പുറത്തുണ്ടായിരുന്നു. അമ്മയ്ക്ക് ഇങ്ങനൊരു പതിവില്ലാത്തതാണ് സാധാരണ ഒരു ചായ ചോദിച്ച് അടുക്കളയിലേക്ക് ചെല്ലാറാണു പതിവ്..

ഇതാര് കൊണ്ടുവെച്ചെന്ന് ചിന്തിച്ചുകൊണ്ട് ഗ്ലാസെടുത്ത് ചുണ്ടോടടുപ്പിക്കവേ ഏലക്കയുടെ നേർത്ത മണം വന്നു. ഒരിറക്ക് കുടിച്ചപ്പോൾ പറഞ്ഞരിക്കാൻ പറ്റാത്ത ഒരു വ്യത്യസ്തമായ രുചിയും..

പുറത്തേക്ക് തുറന്ന ജനലിലൂടെ പാടത്തുനിന്നും വന്ന ഒരു തണുത്ത കാറ്റ് എന്നെ പുണർന്നു. ഒരു കവിൾ ചായ കുടിച്ചിറക്കി പുറത്തേക്ക് നീണ്ട എന്റെ നോട്ടം ചെന്നവസാനിച്ചത് പറമ്പില്‍ ഞാൻ നട്ട മന്ദാരത്തിനോട് എന്തോ സ്വകാര്യം പറയുന്ന ദേവൂന്റെ ദേഹത്തായിരുന്നു.

അവൾ പറയുന്നത് കേൾക്കാണെന്നവണ്ണം കുറുമ്പി അമ്മിണി കിടാവും അവളെ മുട്ടിയുരുമ്മി നിൽക്കുന്നു.
ചുവന്ന ദാവണിയണിഞ്ഞു അരക്കെട്ടോളം വളർന്ന സമൃദ്ധമായ തലമുടി വിടർത്തിയിട്ട അവളെ നോക്കിൽക്കുമ്പോൾ അവൾ തിരിഞ് എന്റെ മുറിക്കുനേരെ നോക്കി.

⁠⁠⁠കണ്ണുകൾ തമ്മിലിടഞ്ഞു നാണത്താൽ ചുവന്ന മുഖം കുനിച്ച് അവൾ ഓടി മറയുമ്പോൾ ആ കൊലുസുകളുടെ കിലുക്കം എന്റെ ഹൃദയമിടിപ്പിനോട് ചേർന്നലിയുന്നത് ഞാനറിഞ്ഞു..

ഒരാഴ്ച കഴിഞ്ഞിട്ടും പുതിയ അന്തരീക്ഷവുമായ് പൊരുത്തപ്പെടാന്‍ ആമിക്ക് കഴിഞ്ഞില്ല. എങ്കിലും അവള്‍ എന്നോട് നന്നായിട്ട് അടുത്തിരുന്നു..

ഏതുസമയത്തും ലാപ്ടോപ്പിന്റെ മുന്നിലോ.. അല്ലെങ്കില്‍ മൊബൈല്‍ ഫോണിലോ അവള്‍ സമയം തള്ളിനീക്കി.
ദേവുവാണെങ്കില്‍ വന്ന അന്നുതൊട്ട് അമ്മയോട് കൂട്ടുകൂടി വീട്ടുകാര്യങ്ങളില്‍ അമ്മയേ സഹായിച്ചും കുറുമ്പ്കാണിച്ചും അയല്‍വീട്ടിലെ കൊച്ചുകുട്ടികളുടെ ഓടിക്കളിച്ചും നടന്നു..

പക്ഷേ എന്റെ മുന്നിൽ പെടുമ്പോഴെല്ലാം ചുവന്ന് തുടുത്ത മുഖം താഴ്ത്തി ഒതുങ്ങി നിൽക്കും. വീടിന്റെ ഓരോ കോണിലും അവളുടെ കൊലുസിന്റെ കൊഞ്ചൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ദില്ലിയിൽ നിന്നും വെല്യമ്മാമനും വെല്യമ്മായും എത്തിച്ചേർന്നു. വീട്ടിൽനിന്നും കുറച്ചകലെയായി ഒരു വീട് വാങ്ങി എല്ലാവരും അങ്ങോട്ട് മാറി.

ദേവു ഉറങ്ങുന്നത് അവിടെയാണെങ്കിലും ഉണരുന്നത് എന്റെ വീട്ടിലാണോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. കാരണം എന്നും കാലത്ത് എഴുന്നേൽക്കുമ്പോൾ ഏലക്കാമണമുള്ള പാലൊഴിച്ച ആ ചായ എന്നെക്കാത്ത് മേശപ്പുറത്തുണ്ടാവുമായിരുന്നു.

പയ്യേ എന്നോടുള്ള അവളുടെ സമീപനത്തിന് മാറ്റം വന്നുതുടങ്ങി. ഒരു ദിവസം മുറിയിലെ കട്ടിലിൽ കിടന്ന് എന്തൊക്കെയോ ആലോചിച്ചു കൂട്ടുമ്പോൾ ആരോ ഗോവണി കയറി വരുന്ന ശബ്ദം കേട്ടു.

കൂടെ താളത്തിൽ കിലുങ്ങുന്ന കൊലുസിന്റെ ശബ്ദവും രണ്ടാമതൊന്നു ചിന്തിക്കാതെ അത് ദേവു ആണെന്ന് മനസിലായി..
അമ്മയും ആമിയും ആണെങ്കിൽ ചടപടാ ശബ്ദത്തോടെ ധൃതി പിടിച്ചാണ് വരിക.

പാതിചാരിയ വാതിൽ മെല്ലെ തുറന്ന് അവൾ അകത്തേക്ക് കടന്നപ്പോൾ വാസനസോപ്പിന്റെ മനം മയക്കുന്ന സുഗന്ധം മുറിയിലാകെ നിറഞ്ഞു.

” വിനൂട്ടാ.. ഞാനൊരു കൂട്ടം കാണിച്ചുതരാ വേഗം വാ..”

മറുപടിക്ക് കാക്കാതെ എന്റെ കൈ പിടിച്ച് വലിച്ചു കൊണ്ടവൾ താഴേക്ക് നടന്നു.
തൊടിയിലലേക്ക് നടക്കുമ്പോൾ അവൾ എന്റെ കണ്ണ് പൊത്തി പിടിച്ചു.

കൈ വായുവിൽ പരത്തി തത്തി തത്തി നടന്ന് ഒടുവിൽ ഒരിടത്ത് നിന്ന് അവൾ കണ്ണുപൊത്തിയ കൈകൾ മാറ്റി.
കണ്ണുതിരുമ്മി ചോദ്യഭാവത്തോടെ അവളെ നോക്കിയപ്പോൾ കണ്ണുകൊണ്ട് അവൾ കാണിച്ച ഭാഗത്തേക്ക് നോക്കിയ ഞാൻ കണ്ടത് നിറയെ പൂത്ത വെള്ള മന്ദാരത്തെയും അതുപോലെ നിറയെ മൊട്ടിട്ട നിശാഗന്ധിയെയുമാണ്.

⁠⁠⁠നിറഞ്ഞ ചിരിയുമായി എന്റെ ചാരത്ത് നിന്ന ദേവൂനെ ഞാൻ എന്നോട് ചേർത്തുപിടിച്ചു കൊണ്ട് പിടച്ചു കൊണ്ടിരിക്കുന്ന അവളുടെ കണ്ണുകളിൽ എന്റെ കണ്ണുകളാഴ്ത്തി
നിൽക്കുമ്പോൾ ആമിയുടെ ശബ്‍ദം കേട്ടു.

അവൾ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് മുറ്റത്തുകൂടെ ഉലാത്തുന്നുണ്ടായിരുന്നു .

“വിനൂട്ടന് ഒരു കാര്യവറിയോ…”

എന്റെ നെഞ്ചിൽ മുഖം ചേർത്തുവെച്ച് അവൾ ചോദിച്ചു

“ഉം… എന്താ.”

“അവൾക്ക് വന്ന ആലോചനയില്ലേ..”

“ഉം..”

“അനിരുദ്ധ് ചേട്ടനുമായ് മൂന്ന് കൊല്ലമായിട്ട് അവള് ഇഷ്ടത്തിലാ അച്ഛനറിയില്ല..”

ചുറ്റുപാടും നോക്കിക്കൊണ്ട് ശബ്ദം താഴ്ത്തിയിട്ട് അവൾ പറഞ്ഞു.

“നിനക്കും ആരെയങ്കിലും പ്രേമിച്ചൂടായിരുന്നോ നീയവള്‍ടെ മൂത്തതല്ലേ..”

പെട്ടന്ന് അവളുടെ മുഖം ചുവന്നു. കണ്ണുനിറഞ്ഞു.. സകല ശക്തിയുമെടുത്ത് അവൾ എന്റെ നെഞ്ചിൽ ആഞ്ഞു കടിച്ചു.

“അമ്മേ… വിട്.. വിട്.. മതി… മതി… അയ്യോ… ദേവൂട്ടാ നോവുന്നു വിട്…”

മുഖം ഉയർത്തി നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു

“ഇനി അങ്ങനെ പറയോ ങേ.. ? പറയുവോന്ന്. ഓർമവെച്ച കാലംതൊട്ടേ കേട്ടുവളർന്നതാ ഞാൻ ദേവു വിനൂട്ടനുള്ളതാന്നു. പതിമൂന്നുകൊല്ലം ദേവു ഹൃദയത്തിൽ ആ പന്ത്രണ്ട് വയസുകാരന്റെ മുഖം കൊണ്ടുനടന്നത് വിനൂട്ടൻ ദേവൂന്റേം ദേവു വിനൂട്ടന്റേം ആണെന്ന് ഉറച്ചു വിശ്വസിച്ചിട്ടാ… അല്ലാതെ വല്ല കോന്തന്മാരേം പിന്നാലെ പോവാനല്ല. വിനൂട്ടറിയോ ഞാൻ എങ്ങനാ ഇത്രേം കൊല്ലം ജീവിച്ചേന്ന്..”

കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ടവൾ എന്നെ നോക്കി

“എനിക്കൊരു സംശയം തോന്നിയാ ഞാൻ മനസ്സിൽ വിനൂട്ടനോട് ചോദിക്കും ഇതിങ്ങനെയല്ലേ വിനൂട്ടാന്ന്. എങ്ങോട്ടെങ്കിലും പോവാൻ ഡ്രെസ് മാറുമ്പോ ഞാൻ ചോദിക്കും ഇതിൽ ഏതാ വിനൂട്ടാ എനിക്ക് ചേരാന്ന് ഉത്തരം ഞാൻ തന്നെ കണ്ടുപിടിക്കുമായിരിക്കും എന്നാലും അത് വിനൂട്ടൻ പറഞ്ഞുതന്നതാണെന്ന് ഞാൻ കരുതും. ദില്ലീലെ തണുപ്പുള്ള രാത്രികളിൽ തനിച്ചു കിടക്കുമ്പോ എന്നെയൊന്ന് കെട്ടിപ്പിടിക്ക് വിനൂട്ടാന്ന് കൊഞ്ചും. പിന്നെ…”

“മതി പെണ്ണേ… “

അവളെ തുടരാനനുവദിക്കാതെ ഇറുകെ പുണർന്നുകൊണ്ട് ഇരു കണ്ണുകളിലും മൃദുവായ് ചുംബിച്ചു.

” ദേവൂട്ടാ… കഴിഞ്ഞ ജന്മത്തിൽ ഞാൻ എന്ത് പുണ്യം ചെയ്തിട്ടാ പെണ്ണേ നിന്നെ എനിക്ക് കിട്ടിയത്. പതിമൂന്ന് കൊല്ലം എന്നെ ഞാനിറിയാതെ ഹൃദയത്തിൽ കൊണ്ട് നടന്ന നിനക്ക് ഞാൻ എന്താ തരിക…”

“എനിക്കീ നെഞ്ചിലെ ചൂട് മതി വിനൂട്ടാ.. പിന്നെ ന്റെ കഴുത്തിൽ ഒരു താലീം നെറുകേൽ ഈ കൈ കൊണ്ടൊരു നുള്ള് സിന്ദൂരോം അതു മാത്രം മതി ദേവൂന്.”

അവളെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർത്ത് പിടിച്ചു എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല.

“അതേയ് നിങ്ങടെ കല്ല്യാണം കഴിഞ്ഞിട്ടില്ലാട്ടോ രണ്ടാളും അത് കഴിഞ്ഞിട്ട് കൊക്കുരുമ്മി നിന്നാ മതി..”

ആമിയുടെ ശബ്ദം കേട്ടാണ് ഞങ്ങൾ ഞെട്ടിയകന്നത്. അവള്‍ ഞങ്ങളുടെ തൊട്ടുപിറകിൽ നിൽക്കുന്നുണ്ടായിരുന്നു കൂടെ അമ്മയും വെല്ല്യമ്മാമനും വെല്യമ്മായും. ⁠⁠⁠ആകെ നാണംകെട്ട് നാറി ദേവു എന്റെ പിറകിൽ ഒളിച്ചു..

കോലായിൽ വെല്ല്യമ്മാമന് മുന്നിൽ ഇരിക്കുമ്പോഴും നാണക്കേടുകൊണ്ട് തല ഇയർത്താൻ കഴിഞ്ഞില്ല.

“നിഷേ..”

വെല്ല്യമ്മാമന്റെ വിളിക്ക് കാതോർത്തപോലെ അമ്മ കോലായിലേക്ക് വന്നു പിറകെ വെല്യമ്മായും.
വാതിലിന്റെ പിറകിൽ മറഞ്ഞുനിന്ന് ദേവു എന്നെ നോക്കി ഒരു കുസൃതിച്ചിരി ചിരിച്ചു.

“ആ… ആമിക്ക് ഒരു ആലോചന വന്നകാര്യം ഞാൻ പറഞ്ഞല്ലോ… അവരും നാട്ടിലേക്ക് താമസം മാറുവാണ് അടുത്തമാസം. നാട്ടിലെത്തിയാ കല്ല്യാണം ഉടനേ നടത്തണംന്നാണ് അവര് പറയുന്നത്. എന്താ നിന്‍റെ അഭിപ്രായം ഇപ്പോത്തന്നെ വൈകി ഇനീം വൈകിക്കണോ…”

എന്നെ മാത്രം ഉദ്ദേശിച്ചാണ് വെല്ല്യമ്മാമന്‍ അത് പറഞതെന്ന് എനിക്ക് മനസിലായി

“നിക്കും കാത്തിരിക്കാന്‍ വയ്യാ വെല്ല്യേട്ടാ നാളെയെങ്കില്‍ നാളെ ന്‍റെ ദേവൂനെ ങ്ങോട്ട് തന്നേക്കൂ…”

ഓടിച്ചെന്ന് അമ്മക്കൊരു ഉമ്മ കൊടുക്കാന്‍ തോന്നിപ്പോയെനിക്ക്

“എന്നാ ഇന്ന് വൈകുന്നേരം മ്മക്കാ പണിക്കരെ ഒന്നുപോയി കാണാം..”

വെല്ല്യമ്മാമന്‍ എന്നെയൊന്ന് നോക്കിയിട്ട് മുറ്റത്തേക്കിറങ്ങി. ഞാന്‍ തിരിഞ്ഞ് ദേവൂനെ ഒന്ന് നോക്കി അവളുടെ കവിളിണകള്‍ ചുവന്നുതുടുത്തിട്ടുണ്ടായിരുന്നു.

വൈകുന്നേരം വിവാഹത്തിന്‍റെ മുഹൂര്‍ത്തം കുറിച്ച ചാര്‍ത്ത് അമ്മ എന്‍റെ കയ്യില്‍ തന്നു. എന്‍റെ പാതിയായ് വലതുകാല്‍ വെച്ച് വീട്ടിലേക്ക് ദേവു കയറി വരാന്‍ മുപ്പത്തിയെട്ട് ദിവസങ്ങള്‍ മാത്രം.

പിന്നൊരു ബഹളമായിരുന്നു അടുത്ത ബന്ധുക്കളെ മാത്രം വിളിച്ച് നിശ്ചയം നടത്തി. കല്ല്യാണം വിളിച്ചു നടക്കുന്നതിനിടക്കൊരുനാള്‍ ദേവു എന്നോടൊരു ആഗ്രഹം പറഞ്ഞു. ഞാനൊരു ബുള്ളറ്റ് വാങ്ങണം..!!

പിറ്റേന്ന് വൈകുന്നേരം തന്നെ അവളുടെ ആ ആഗ്രഹം ഞാന്‍ വീടിന്റെ ഉമ്മറത്ത് സൈഡ്‌ സ്റ്റാന്റില്‍ ആക്കി വെച്ചു. പഴയതാണെങ്കിലും ഒരു ഗമണ്ടന്‍ ബുള്ളറ്റ്.!!

തിരക്കുകള്‍ക്കിടയില്‍ ദിവസങ്ങള്‍ പോയതറിഞ്ഞില്ല ഒരു രാവ് ഇരുട്ടി വെളുത്താല്‍ ദേവു എന്റേത് മാത്രമായി ഈ വീട്ടില്‍ എന്‍റെ മുറിയില്‍. അവളെയും ഓര്‍ത്തുകൊണ്ട് ഞാന്‍ കട്ടിലിലേക്ക് ചാഞ്ഞു.

മണ്ഡപത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആമിയുടെ വരന്‍ അനിരുദ്ധിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. മൂന്നുവര്‍ഷത്തെ പ്രണയം സഫലമാവുന്നതിന്റെ സന്തോഷത്തില്‍ അവനും മനസ് തുറന്ന് പുഞ്ചിരിച്ചു.

“മുഹൂര്‍ത്തമാവാറായി കുട്ടികളെ വിളിച്ചോളൂ…”

നമ്പൂതിരി വെല്ല്യമ്മാമനെ നോക്കി. അല്പ്പസമയത്തിനു ശേഷം താലപ്പൊലിയേന്തിയ സ്ത്രീകക്ക് പിറകില്‍ കൈയ്യില്‍ താലവും പിടിച്ച് സര്‍വാഭരണ വിഭൂഷിതയായ് ആമിയും ദേവൂം കടന്നുവന്നു.

ആമിയുടെ ദേഹത്തില്ലാത്ത ഒരു ആഭരണം ദേവൂന്റെ ദേഹത്ത് ഞാന്‍ കണ്ടു.അവളുടെ മൂക്കിന്‍ തുമ്പിലെ ചുവന്ന കല്ലുവെച്ച മൂക്കുത്തി അതിന്റെ തിളക്കത്തിൽ അവൾക്ക് അഴക് ഇരട്ടിയായിരിക്കുന്നു.

സദസില്‍ ഇരിക്കുന്നരെ വണങ്ങിക്കൊണ്ട് എന്‍റെയും അനിരുദ്ധിന്‍റെയും ഇടതുവശത്തായ് അവര്‍ ഇരുന്നു. പൂജിച്ച താലി ഞാൻ അവളുടെ കഴുത്തില്‍ ചാര്‍ത്തിയപ്പോള്‍ കൈകൂപ്പിനിന്ന അവള്‍ ആ താലി കൈയ്യില്‍ പൊതിഞ്ഞു പിടിച്ചു കൊണ്ട് നിറഞ്ഞ കണ്ണുകളാല്‍ എന്നെത്തെന്നെ നോക്കി നിന്നു.

സീമന്തരേഖയില്‍ സിന്ദൂരം നീട്ടി വരച്ചപ്പോള്‍ നിറഞ്ഞു നിന്ന കണ്ണുകള്‍ പെയ്തു പതിമൂന്നു വര്‍ഷം അവള്‍ നെഞ്ചില്‍ കൊണ്ടുനടന്ന അവളുടെ ഏറ്റവും വലിയ സ്വപ്നം. അതായിരുന്നു എന്‍റെ കൈകൊണ്ട് അവളുടെ കഴുത്തിലണിയിച്ച താലിയും നെറുകയില്‍ ചാര്‍ത്തിയ ഒരു നുള്ള് സിന്ദൂരവും.

*******************

കൂട്ടുകാര്‍ക്കൊപ്പം അൽപ്പസമയം ചെലവഴിച്ച് അവരെ യാത്രയാക്കി മുറിയില്‍ വന്നപ്പോള്‍ അവള്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. ബാത്‌റൂമില്‍ വെള്ളം വീഴുന്ന ശബ്ദം അവള്‍ അതിനകത്താണ്.
തുറന്നിട്ട ജനലിലൂടെ ഒരു കാറ്റ് കയറി വന്ന് മുറിയിലാകെ നിശാഗന്ധിയുടെ സുഗന്ധം പരത്തി.

ജനലിലൂടെ പുറത്തേക്ക് നോക്കിനിന്ന് ആ സുഗന്ധം ആസ്വദിച്ചു നില്‍ക്കുമ്പോള്‍ മുറിയില്‍ മറ്റൊരു സുഗന്ധം പരന്നു എന്‍റെ ദേവൂന്റെ സുഗന്ധം. ഒരു തണുത്ത കൈ വന്ന് എന്നെ വട്ടം പിടിച്ചു.

“എന്താ മാഷേ വലിയ ആലോചന…”

കാറ്റിന്റെ മര്‍മരം പോലെ ദേവൂന്റെ ശബ്ദം എന്‍റെ ചെവിയില്‍ വീണു. മറുപടി പറയാതെ അവളെ പിടിച്ച് നെഞ്ചിലേക്ക് ചേര്‍ത്ത് നിര്‍ത്തി.

രാവിലെ ഞാന്‍ ചാര്‍ത്തിയ സിന്ദൂരം അപ്പോഴും മായാതെ അവളുടെ നെറുകയില്‍ ഉണ്ടായിരുന്നു.
നനഞ്ഞ മുടിയിഴകള്‍ മാറ്റി പിന്‍കഴുത്തില്‍ ഒരു മൃദുചുംബനം നല്‍കിയപ്പോള്‍ അവള്‍ ഒന്ന് പുളഞ്ഞു.

“ദേവൂ…”

“ഉം..”

“തൊടിയില്‍ നിശാഗന്ധി വിരിഞ്ഞുതുടങ്ങി അതിന്‍റെ പരിമളവും ഇപ്പൊ നീയും എന്നെ മത്ത് പിടിപ്പിക്കുന്നു. നീയറിയുന്നുണ്ടോ അതിന്‍റെ സുഗന്ധം..”

“ഉം..”

“നീ കണ്ടിട്ടുണ്ടോ പെണ്ണേ അത് വിരിയുന്നത്…”

“ഇല്ല…”

“എന്നാ വാ ഞാന്‍ കാണിച്ചു തരാം…”

അവളെ കൈയ്യില്‍ കോരിയെടുത്ത് ഞാന്‍ പുറത്തേക്ക് നടന്നു. തൊടിയിലെ നിശാഗന്ധി ചെടിയുടെ ചാരേ അവളെയും നെഞ്ചോടു ചേര്‍ത്ത് നില്‍ക്കുമ്പോള്‍ പൂവ് പരിസരമാകെ പരിമളം പരത്തിക്കൊണ്ട് പാതിയിലേറെ വിരിഞ്ഞിരുന്നു.

തൂണിലും തുരുമ്പിലും ദൈവം ഇരിക്കുന്നു എന്നാണ് പക്ഷേ ഒരു പൂവിലും ഇരിക്കുന്നു എന്ന് ആ പൂവ് വിടര്‍ന്നു നില്‍ക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയും.

⁠⁠⁠⁠അവളോടൊപ്പം തിരിച്ച് വീട്ടിലേക്ക് കയറുമ്പോള്‍ പെട്ടന്ന് അവള്‍ എന്‍റെ കൈ പിടിച്ചുകൊണ്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റിനടുത്തേക്ക് നടന്നിട്ട് ഒരു കള്ളച്ചിരിയോടെ ചാവി ഉയര്‍ത്തി കാണിച്ചു.

അവളുടെ തുടുത്ത കവിളില്‍ പിച്ചിക്കൊണ്ട് ചാവിയിട്ട് വണ്ടി സ്റ്റാര്‍ട്ടാക്കി. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ അവളുടെ മൂക്കുത്തി ഒന്ന് തിളങ്ങി. വണ്ടി മുന്നോട്ട് നീക്കിയപ്പോള്‍ അവള്‍ കയറിയിരുന്ന് എന്നെ മുറുകെ പിടിച്ചു.