ജന്നത്തിലെ മുഹബ്ബത്ത് 3

ജന്നത്തിലെ മുഹബ്ബത്ത് 3
Jannathikle Muhabath Part 3 രചന : റഷീദ് എം ആർ ക്കെ
Click here to read Previous Parts

നജ്മ പറഞ്ഞു തന്ന വഴിയിലൂടെ യാത്ര ചെയ്‌തവസാനം ഞാനും മുസ്തഫയും അവളുടെ വീട് കണ്ടുപിടിച്ചു . റോഡിനോട് ചാരി നിൽക്കുന്ന കൊട്ടാരം പോലെയുള്ള വലിയ ഒരു വീട്.. നാട്ടിലെ അറിയപ്പെടുന്ന പ്രമാണിമാരുടെ കുടുംബമാണ് അവളുടേതെന്ന് അന്നാണ് ഞാനറിയുന്നത് കാരണം അവൾ അന്നുവരെ സ്വന്തം കുടുംബത്തിന്റെ പോരിശ നിറഞ്ഞ ഒരു വാക്ക് പോലും എന്നോട് പറയുകയോ അതിന്റെ അഹങ്കാരം കാണിക്കുകയോ ചെയ്തിട്ടില്ലായിരുന്നു .

ഗെയ്റ്റ് കടന്ന് വീടിന്റെ മുന്നിലെത്തിയ ഞങ്ങൾ മുറ്റത്ത് നിന്ന് കാളിംഗ് ബെൽ അമർത്തിയതും ഒരു സ്ത്രീ വന്നു വാതിൽ തുറന്നു. അവരാണ് നജ്മയെ ദു:ഖങ്ങളുടെ കാവൽക്കാരിയാക്കിയ ആ ദുഷിച്ച മനസ്സിനുടമയെന്ന് മനസ്സിലായതും എന്റെ അണപ്പല്ലുകൾ കടിച്ചമർന്നതും ഒരുമിച്ചായിരുന്നു . ഞങ്ങൾ അവളെ പരിചയമുള്ളത് പറയാതെ ഉപ്പയെ തിരക്കിയപ്പോൾ ഉപ്പ പുറത്ത് പോയ സമയമാണ് ” വിളിച്ചു നോക്കാം” എന്ന് പറഞ്ഞ് ആ സ്ത്രീ അകത്തേക്ക് പോയപ്പോൾ അവൾ അകത്തു നിന്നും ഒന്നെത്തി നോക്കി എന്നോട് കൈ കാണിച്ച് ചിരിച്ചു.

കൂടുതൽ വൈകാതെ ആ സ്ത്രീ വന്ന് “ഉപ്പ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് ഞങ്ങളോട് അൽപ്പനേരം ഇരിക്കാൻ പറഞ്ഞ്” കൂടുതലൊന്നും ചോദിക്കാതെയും പറയാതെയും അവർ അകത്തേക്ക് പോയി.

ഞാനും മുസ്തഫയും അവിടെയിരുന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ അകത്തായിരുന്നു. ആ സ്ത്രീ നജ്മയുമായി സംസാരിക്കുന്നതോ ഒന്ന് നോക്കുന്നതോ എനിക്കപ്പോൾ കാണാനോ കേൾക്കാനോ കഴിഞ്ഞില്ല. സ്വന്തം ഉമ്മയില്ലാത്ത വീട്ടിൽ ആ സ്ത്രീ ഇവളെ എത്രമാത്രം മാനസികമായി പീഡിപ്പിക്കുന്നുണ്ടാവും എന്ന് ഞാനൂഹിച്ചു.

നിശബ്ദത നിറഞ്ഞു നിൽക്കുന്ന നജ്മയുടെ വീട്ടിൽ സ്നേഹിക്കുന്ന പെണ്ണിന്റെ സങ്കടം നിറഞ്ഞ ജീവിതമോർത്ത് ഞാൻ അവളുടെ ഉപ്പയുടെ വരവും പ്രതീക്ഷിച്ച് കാത്തിരുന്നു. മനസ്സിലാകെ ടെൻഷനായിരുന്നു. ഇടക്ക് അവൾ വന്ന് കൊണ്ട് കുടിക്കാൻ എന്താണ് വേണ്ടതെന്ന് അങ്ങോട്ടുമിങ്ങോട്ടും നോക്കി പേടിയോടെ ചോദിച്ചെങ്കിലും ഒന്നും വേണ്ട “നീ പോയി പ്രാർത്ഥിക്ക്” എന്ന് ഞാൻ ആംഗ്യം കാണിച്ച് സൂചിപ്പിച്ച് ഞങ്ങൾ അവിടെയങ്ങനെ ഇരുന്നു. കൂടുതൽ വൈകിയില്ല ഉപ്പ ഒരു കാറിൽ വന്നിറങ്ങി ഞങ്ങളോട് സലാം പറഞ്ഞ് അടുത്തേക്ക് വന്നു.

അവൾ പറയാറുള്ളത് പോലെ ഒരു പാവം മനുഷ്യനായിരുന്നു അദ്ദേഹം. ഒരുപാട് നേരം ഞങ്ങളോട് സംസാരിച്ചിരുന്നു. അവസാനം ഞങ്ങൾ വന്ന കാര്യങ്ങൾ മുസ്തഫ അവരോട് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട്
” അവൾ പഠിക്കുകയല്ലേ… കല്യാണത്തെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല… പിന്നെ പഠിപ്പിക്കുന്ന ഒരു സാറിനെ വിവാഹം കഴിക്കാൻ മോൾക്ക്‌ സമ്മതം ഉണ്ടോ എന്നറിയില്ല ഞാൻ അവളോട്‌ കാര്യങ്ങൾ വിശദമായി സംസാരിച്ച് നിങ്ങളെ ഇന്ന് തന്നെ വിളിക്കാം… എന്റെ തീരുമാനം മാത്രം നോക്കിയാൽ പോരല്ലോ. ഇപ്പോഴത്തെ കുട്ടികളല്ലേ അവരുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും കൂടി നോക്കണ്ടേ നമ്മൾ അതുകൊണ്ടാ വേറെ ഒന്നും തോന്നരുത്…” എന്ന് പറഞ്ഞ് അവളുടെ ഉപ്പ ആ നല്ല മനസ്സ് ഞങ്ങൾക്ക് കാണിച്ചു തന്നു.