വൈകി ഓടുന്ന വണ്ടികൾ

വൈകി ഓടുന്ന വണ്ടികൾ
Vaiki odunna Vandikal Author : Viswanadhan Shornur

പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയിൽ തട്ടിത്തെറിച്ചുവീഴുന്ന മഴത്തുള്ളികളെ നോക്കി കാത്തിരിപ്പുകേന്ദ്രത്തില്‍ അക്ഷമനായി തനിക്ക് പോകേണ്ട ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു ദേവ്കിരൺ.
ഗതകാലചിന്തകളുടെ വേലിയേറ്റം സൃഷ്ടിക്കുന്ന മഴത്തുള്ളികളെ നോക്കി സദാ കൊണ്ട്നടക്കാറുള്ള റൈറ്റിങ്ങ് പാഡിൽ സമയം കളയാനെന്നോണം കുത്തി കുറിക്കാൻ ശ്രമിക്കുമ്പോഴാണ്
“ദേവ് !!! ദേവ് കിരൺ എന്ന ഡി.കെ അല്ലേ ?”
എന്ന് ചോദിച്ചുകൊണ്ട് ഒരു യുവതി അടുത്തേക്ക് വന്നത്.
“അതേ” എന്ന് പറഞ്ഞു മുഖത്തേക്ക് നോക്കിയപ്പോള്‍ എവിടെയോ കണ്ട്മറന്ന മുഖം പോലെ ചുണ്ടില്‍ ഒരു ചിരി വരുത്തി
“ഡാ കവി നിനക്ക് എന്നെ മനസ്സിലായില്ല അല്ലേ ? ”
“എവിടെയൊ കണ്ടതായി ഓർക്കുന്നു പക്ഷേ , എവിടെ ?”
“വിശ്വപ്രശസ്തനായ മഹാ കവി ഡി.കെ , എടാ നീർക്കോലി… ഇത് ഞാനാണ് നാൻസി തോമസ് ”
നാൻസി തോമസ് , കോളേജില്‍ പഠിക്കുമ്പോള്‍ വട്ടച്ചെമ്പ് എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ടിരുന്ന കോൽക്കാരൻ തോമസച്ചായന്റെ ഒരേയൊരു മോൾ.
ആദ്യമായും അവസാനമായും ഉള്ളില്‍ ഇഷ്ടം തോന്നിയവൾ , ഇന്നും എന്റെ നിശാ സ്വപ്നങ്ങളിലെ കൂട്ടുകാരി.
“നീ എന്താ ഇവിടെ? ”
അവളുടെ ചോദ്യമാണ് ചിന്തയില്‍നിന്നും ഉണർത്തിയത് .
“ഞാൻ ഇവിടെ അടുത്ത് ഒരു സാഹിത്യ സെമിനാറുണ്ടായിരുന്നു അവിടംവരെ വന്നതാ ”
“നീ ഇവിടെ…. ”
“ഞാൻ ഇവിടെ ടൗണിൽ ഉള്ള എസ്ബിടിയുടെ ശാഖയിലാണ് ജോലി ചെയ്യുന്നത് , ഇന്ന് നേരത്തെ ഇറങ്ങി. ”
“നാൻസി നീ ആളാകെ മാറിപ്പോയല്ലോ? ”
ഉത്തരം അവളുടെ നുണക്കുഴി തെളിയിച്ചു കൊണ്ടുള്ള ചിരിയായിരുന്നു.
“ദേവ് നിന്റെ പുറത്തിറങ്ങിയ എല്ലാ കവിതകളും ഞാന്‍ വായിച്ചിരുന്നു . എല്ലാത്തിലും ഇഷ്ടമായത് നേടാതെ പോയതിലുള്ള ഒരു നിരാശയുണ്ടല്ലോ…”
ഉത്തരം ഒരുചിരിയിൽ ഒതുക്കുമ്പോഴും മനസ്സില്‍ വിങ്ങുന്ന നഷ്ടം അവളാണെന്നറിയരുതേ എന്നായിരുന്നു .
പറയാതെ പോയ ഇഷ്ടത്തിന്റെ നോവുന്ന ഭാണ്ഡവും പേറി ജീവിതം അങ്ങനെ തീരട്ടെ എന്നായിരുന്നല്ലോ തീരുമാനം .പലപ്പോഴും ശ്രമിച്ചതാണ് പക്ഷേ എന്തോ അന്ന് അവളോട് തന്റെ ഇഷ്ടം തുറന്ന് പറയാന്‍ ധൈര്യം വന്നില്ല .
“നീ വാ എന്റെ ട്രെയിന്‍ വരാന്‍ സമയം ഉണ്ട് നമുക്ക് ഒാരോ കോഫി കുടിക്കാം ”
അവൾക്ക് പിറകേ നടക്കുമ്പോള്‍ അറിയാത്ത ഭാവം നടിച്ചത് മനപ്പൂർവ്വം ആണല്ലോ എന്ന കുറ്റബോധം മനസ്സിനെ വല്ലാതെ അലട്ടി.
കോഫി ഷോപ്പിലെ മേശയ്ക്ക് ഇരുവശം ഇരുന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ പഴയ കാലത്തേക്ക് തിരിച്ചു പോയപോലെ . എത്ര തവണ ഇതുപോലെ കോളേജ് കാന്റിനിൽ മുഖാമുഖം ഇരുന്നിട്ടുണ്ട് .

“ദേവ്…..എനിക്കറിയാം.. നീ എന്നെ മനസ്സിലാകാത്ത പോലെ അഭിനയിച്ചതാണെന്ന് , എന്റെ വിളിയുടെ ശബ്ദം നിന്റെ കാതില്‍ വീണപ്പോഴേ നീ എന്നെ തിരിച്ചറിഞ്ഞിരുന്നു . ചില കള്ളങ്ങൾ മനസ്സില്‍ ഒളിപ്പിച്ചാലും മുഖത്ത് കാണാം ദേവ്. ആഗ്രഹിച്ചിരുന്നു, ഒരിക്കല്‍ ഒരിക്കല്‍മാത്രം ഞാന്‍ നിന്നെ സ്നേഹിക്കുന്നു നാൻസി എന്ന് പറഞ്ഞിരുന്നെങ്കിലെന്ന്…”
അവളുടെ ഉണ്ടക്കണ്ണുകളിൽ നിന്നും മിഴിനീർമുത്തുകൾ ഗ്രാനൈറ്റ് ടേബിളിൽ വീണ് ചിതറി.
“പറയാൻ മറന്ന പ്രണയം എന്ന നിന്റെ കവിത വായിച്ച അന്ന് ഒരുപാട് കരഞ്ഞു ഞാന്‍… അതില്‍ എവിടെയൊക്കയോ ഞാന്‍ ഇല്ലേ ദേവ്?… എന്തിനായിരുന്നു, ഉള്ളില്‍ ഒതുക്കിയത് പറയാമായിരുന്നില്ലേ ? ”
“ശരിയാണ് പറയാമായിരുന്നു. പക്ഷേ എന്തായിരിക്കും നിന്റെ പ്രതികരണം എന്ന പേടി, നിന്റെ സൗഹൃദം നഷ്ടപ്പെടരുതെന്ന ആഗ്രഹം… ഇതായിരുന്നു നാൻസി . ചിലത് അങ്ങനെയാണ് നഷ്ടപ്പെട്ടു പോകരുത് എന്ന് നമ്മള്‍ ആഗ്രഹിച്ചാലും നഷ്ടപ്പെട്ടു പോകും. ”
അറിയാതെ കണ്ണുകള്‍ നിറഞ്ഞത് അവള്‍ കാണാതിരിക്കാൻ താഴേക്ക് നോക്കി .
ബാഗില്‍ നിന്നും ഒരു പേപ്പര്‍ എടുത്ത് മൊബൈല്‍ നമ്പര്‍ എഴുതി കൊണ്ട് അവള്‍ പറഞ്ഞു,
“ദേവ് എനിക്കുള്ള വണ്ടി വന്നു. ഞാന്‍ പോകുകയാണ്, എപ്പോഴെങ്കിലും വിളിക്കൂ… വൈകി ഓടുന്ന ഈ വണ്ടിയുടെ കമ്പാർട്ട് മെന്റ് ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ഒരുമിച്ച് യാത്രചെയ്യാന്‍ ബുദ്ധിമുട്ടില്ലെങ്കിൽ ഈ വണ്ടി ഇനിയും വൈകി ഓടും ”
നഷ്ടപ്പെട്ടു എന്ന് കരുതിയ വിലപ്പെട്ട എന്തോ തിരിച്ചു കിട്ടിയപോലെ ഹൃദയം ആർദ്രമായി …
അവള്‍ കയറിയ വണ്ടിയുടെ മുകളില്‍ അപ്പോഴും മഴത്തുള്ളികൾ വീണു ചിതറുന്നുണ്ടായിരുന്നു !!!!