” നകുലേട്ട, ഇത്ര പെട്ടന്നോ എനിക്ക് കണ്ടു കൊതി തീർന്നപോലുമില്ല കുറചൂടെ നീട്ടി തരാൻ പറ”,
ദുബായിൽ നിന്നുള്ള നകുലിന്റെ ഓഫീസിൽനിന്നാണ് അന്ന് രാവിലെ ഒരു വിളി വന്നത്. ഒരു മാസം മുമ്പാണ് നകുലിന്റെയും പ്രിയയുടെയും വിവാഹം കഴിഞ്ഞത്. ലീവ് മുന്നോട്ട് കിടപ്പുണ്ടെങ്കിലും നകുലിന്റെ ആവശ്യം അവിടെ വന്നതോടെ കമ്പനി പണികൊടുത്തു.
” ഇതിപ്പോ പോവാതിരുന്നാൽ പണി പോകുന്ന കേസ് അല്ലിയോ.. ഒരു കാര്യം ചെയ്യാം ഫാമിലി വിസക്ക് അപ്ലൈ ചെയ്യാം എന്നിട്ട് അത് കിട്ടുമ്പോൾ നീ അങ്ങോട്ട് കേറി വന്നാൽ പോരേ”
നകുൽ പ്രിയയെ സമാധാനപ്പെടുത്താൻ നോക്കി. പക്ഷേ ഉണ്ടക്കണ്ണ് കറക്കിയുള്ള അവളുടെ നോട്ടത്തിൽ അതൊന്നും ഏറ്റില്ല എന്ന് നകുലിന് മനസ്സിലായി.
വൈകിട്ട് അത്താഴം കഴിച്ച് മുറിയിലെത്തിയപ്പോൾ തറയിൽ കിടക്കുന്ന പ്രിയയെയാണ് നകുൽ കണ്ടത്.
“ഇതെന്നാ അവിടെ “, നകുൽ തിരക്കി
” അതെ പോകാൻ വേണ്ടി ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്ത് കാത്തിരിക്കുകയല്ലേ.. പോകുന്നവരെ ഞാൻ ഇവി ടേം മോൻ കട്ടിലിലും കിടന്നാൽ മതി…. എന്നെ തോടാനെങ്ങാണും വന്നാൽ ദാ ഇത് കണ്ടല്ലോ…ഒരു മാന്ത് ഞാനങ്ങ് മാന്തും… അതുകൊണ്ട് അടങ്ങി അവിടെ കിടന്നോ…”
നീട്ടിവളർത്തിയ നഖം നകുലിനെ കാണിച്ചുകൊണ്ട് പ്രിയ പറഞ്ഞു.
” ദൈവമേ, അവള് പറഞ്ഞാൽ പറഞ്ഞതാ….
അപ്പോൾ ഇനി അങ്ങോട്ട് ശിവരാത്രി…”, നകുൽ മനസ്സിൽ വിചാരിച്ചു.
നകുലിന് പോകാനുള്ള കാര്യങ്ങളൊക്കെ രണ്ട് ദിവസംകൊണ്ട് റെഡിയായി. എയർപോർട്ടിൽ പോകാൻ കൂട്ടുകാരൻ ശരത്തിന്റെ കാർ മുറ്റത്ത് വന്നിട്ടുണ്ട്.
” മോനേ ഇൗ അച്ചപ്പം കൂടെ വച്ചേക്ക് “, അമ്മയുടെ സ്നേഹസമ്മാനം നകുൽ ബാഗിലാക്കി. പ്രിയ രാവിലെതന്നെ ഗൗരവത്തിൽ ഇരിപ്പുണ്ടായിരുന്നു. ബാഗുകളെല്ലാം ശരത്ത് കാറിൻറെ ഡിക്കിയിൽ വെക്കാനായി കൊണ്ടുപോയി.
” പ്രിയ വാര്യരെപ്പോലെ ജാഡ ഒന്നും എടുക്കണ്ട.. ഞാനപ്പോൾ ഇറങ്ങുവാ.. “, നകുൽ പ്രിയയുടെ അടുത്തേക്ക് ചെന്നു പറഞ്ഞു.
പെട്ടെന്ന് നകുലിന്റെ വയറ്റിൽ ഒരു നുള്ള് കൊടുത്ത് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
” അയ്യേ.. ഇത്രേയുള്ളൂ ജാഡക്കാരി നീ “,
ഞാൻ പോയി എത്രയും പെട്ടെന്ന് വീസ ശരിയാക്കി നിന്നെ കൊണ്ടുപോകും. അതുവരെ ഇവിടെ മര്യാദയ്ക്ക് ഇരുന്നോണം.
നകുൽ അവളുടെ നെറ്റിയിൽ ചുംബിച്ചു.
” അല്ല പെട്ടന്ന് റെഡിയാക് നമുക്ക് എയർപോർട്ടിൽ പോകണ്ടേ…”
” ഞാൻ വരുന്നില്ല “, പ്രിയ പറഞ്ഞു
” ഞാൻ കൂടെ വന്നാൽ അവിടെ മൊത്തം കരഞ്ഞ് കൊളമാക്കും…. എട്ടൻ പോയിട്ട് വാ ”
പ്രിയ നകുലിന്റെ നെഞ്ചിൽ ഒരു മുത്തം കൊടുത്തിട്ട് മുറിയിലേക്ക് പോയി.
” നകുലേ…, സമയം ആയടാ..”, ശരത് പുറത്തുനിന്നും വിളിച്ചു
പാസ്പോർട്ട് പോക്കറ്റിലാക്കി നകുൽ പോകാനിറങ്ങി. അമ്മയോട് യാത്ര ചോദിച്ച് കാറിൽ കയറാൻ നേരം പ്രിയ ഉമ്മറത്തെ പടിവാതിലിൽ വന്നു നിന്നു. ഇനിയും നിന്നാൽ താനും കരയുമെന്നായപ്പോൾ നകുൽ കാറിലേക്ക് കയറി. കാർ മുന്നോട്ടു പോകുന്തോറും നകുലിന്റെ മനസ്സ് പ്രിയയുമായ് കൂടുതൽ അടുക്കുന്നുണ്ടെന്ന് അവന് മനസ്സിലായി.
എയർപോർട്ടിലെ ക്ലിയറൻസ് എല്ലാം കഴിഞ്ഞ് ശരത്തിനോട് യാത്രപറഞ്ഞ് നകുൽ എത്തിഹാദ് എയർവെയ്സിൽ ദുബായിലെത്തി. എത്തിയ ഉടൻ തന്നെ നകുൽ പ്രിയയെ വിളിച്ചു. കുറേ പരിഭവങ്ങളും കരച്ചിലും വീണ്ടും നകുലിന്റെ മനസ്സിൽ വേദനയുണ്ടാക്കി.
ദിവസേനയുള്ള ഫോൺകോളുകൾ അങ്ങനെ തുടർന്നുകൊണ്ടേയിരുന്നു.
നാട്ടിൽ നിന്നും തിരിച്ചെത്തിയിട്ട് ഇപ്പോൾ മൂന്ന് മാസം ആകുന്നു. ഫാമിലി വിസക്ക് അപേക്ഷിച്ചെങ്കിലും അത് നടന്നില്ല. പ്രിയയെ കാണാനുള്ള കൊതി കൊണ്ട് തൽക്കാലം ഒരു വിസിറ്റിംഗ് വിസ ശരിയാക്കി നാട്ടിലേക്കയച്ചു.
നാട്ടിലിപ്പോൾ പ്രിയ വളരെ സന്തോഷത്തിലാണ്. നകുലിന്റെ അടുത്തേക്ക് പോകാൻ അവൾക്കും തിടുക്കമായി. ജൂൺ 17 നാണ് പ്രിയ ദുബായിക്ക് പോകുന്നത്. പോകാൻ മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴാണ് നാട്ടിൽ നിന്നും ശരത് നകുലിനെ വിളിച്ചത്.
” എടാ നീ ഉടനെ നാട്ടിലേക്ക് വരണം അമ്മയ്ക്ക് ചെറിയൊരു അസുഖം നിന്നെ ഒന്ന് കാണണമെന്ന് പറയുന്നു..”, ശരത് പറഞ്ഞു
” എന്താ ശരത്തെ എന്തെങ്കിലും സീരിയസ് ആണോ “
” അല്ലടാ നീ ടെൻഷൻ ആവണ്ട, നീ ഒന്ന് വന്നാൽ മതി പെട്ടന്ന് വേണം..”, ശരത് കോൾ കട്ട്ചെയ്തു.
കമ്പനിയിൽ എമർജൻസി ലീവിൽ ആപ്ലൈ ചെയ്തിട്ട് പിറ്റേദിവസംതന്നെ നകുൽ ടിക്കറ്റ് ബുക്ക് ചെയ്തു.
” ശരത് ഞാൻ നാളെ രാവിലെ എത്തും. നീ എയർപോർട്ടിൽ വരണം “, നകുൽ ശരത്തിന് മെസ്സേജ് ചെയ്തു.
പിറ്റേ ദിവസം രാവിലെ തന്നെ നകുൽ നാട്ടിലെത്തി എയർപോർട്ടിൽ ശരത്ത് അവനെ കാത്തുനിൽപ്പുണ്ടായിരുന്നു.
” എടാ…, അമ്മ ഹോസ്പിറ്റലിൽ ആണോ അതോ വീട്ടിലോ..”, നകുൽ ടെൻഷനോടെ ചോദിച്ചു.
“അമ്മയുടെ അടുത്ത് പ്രിയ ഉണ്ടല്ലോ അതാ ഒരു ആശ്വാസം..”. നകുൽ സ്വയം സമാധാനപ്പെട്ടു.
” ലഗേജ് ഇത്തിരി ഉണ്ടല്ലോ “, ശരത് പറഞ്ഞു
” ആഹ്.. അത് പ്രിയക്ക് വാങ്ങിയതാ. ഒരു സാരി പിന്നെ കുറച്ചു സ്വർണം.. അവൾക്കൊരു സർപ്രൈസ് ആവട്ടെ…”,
ശരത് നകുലിനെ നോക്കി.
വണ്ടി നകുലിന്റെ വീട്ടിലേക്ക് അടുക്കാറായി. വീട്ടുമുറ്റത്ത് ഒരുപാട് ആളുകൾ കൂടി നിൽക്കുന്നത് അവൻ കണ്ടു.
” ശരത്തെ എന്താടാ ഇത് “, നകുൽ ഭയത്തോടെ ചോദിച്ചു.
ശരത്തിന്റെ നിറഞ്ഞ മിഴികൾ മാത്രമായിരുന്നു ആ ചോദ്യത്തിന്റെ ഉത്തരം.
കാറിൽ നിന്നും ഇറങ്ങിയ നകുലിനെ ആളുകൾ കണ്ണീരോടെയാണ് സ്വാഗതം ചെയ്തത്. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട ഒരു കൊച്ചുകുട്ടിയെപ്പോലെ ചുറ്റുമുള്ളവരെ നകുൽ ഭയത്തോടെ നോക്കി.
വീട്ടുമുറ്റത്തെ പടികൾ കയറുമ്പോൾ തന്റെ നെഞ്ചിടിപ്പിന്റെ താളം പെരുമ്പറ മുഴക്കുന്നത് നകുൽ തന്റെ ചെവികളിൽ കേട്ടു.
തന്റെ മുന്നിൽ കണ്ട കാഴ്ചയിൽ നകുൽ ഒരു നിമിഷം സ്തബ്ധനായി നിന്നു.
കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിന്റെ അടുത്തായ് വെള്ളത്തുണിയിൽ ഉറങ്ങിക്കിടക്കുന്ന തന്റെ പ്രിയയെയാണ് നകുൽ കണ്ടത്. ഉള്ളിൽനിന്നും ആഞ്ഞടിച്ച ശബ്ദം നകുലിന്റെ തൊണ്ടയിൽ കുടുങ്ങി പോയിരുന്നു. തൊട്ടടുത്ത് മിഴിനീർ വാർക്കുന്ന തന്റെ അമ്മയെയും അവൻ കണ്ടു.
അടുത്ത നിമിഷം തന്നെ നകുൽ തിരിച്ച് മുറ്റത്തേക്ക് ഇറങ്ങി. ശരത്തിന്റെ കാറിനടുത്തേക്ക് അവൻ പാഞ്ഞു.
” നകുലേ നി ഇത് എവിടേക്കോ…”, ശരത് കരഞ്ഞുകൊണ്ട് നകുലിന്റെ പുറകെ ഓടി.
എന്നാൽ നകുൽ അതിനു മറുപടി കൊടുത്തില്ല.
കാറിന്റെ ഡിക്കി തുറന്ന് അവൾക്കായി വാങ്ങിയ സാരിയും ആഭരണങ്ങളും അവൻ പുറത്തെടുത്തു.
” ഇനി എപ്പഴാടാ ഞാൻ ഇത് അവൾക്ക് കൊടുക്കാ..”, വിറയ്ക്കുന്ന സ്വരത്തിൽ നകുൽ പറഞ്ഞു.
” കഴിഞ്ഞ ദിവസം അമ്മയുടെ കൂടെ പുറത്തുപോയതാ.. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഒരു ബസ്സ്….”, ശരത്തിന് ബാക്കി പറയാൻ സാധിക്കുകയില്ലായിരുന്നു.
തകർന്ന മനസ്സുമായി നകുൽ ആ സമ്മാനപ്പൊതിയുമായി അവളുടെ അടുത്തേക്ക് എത്തി.
ബാഗ് തുറന്ന് സാരി അവളുടെ ദേഹത്ത് പുതപ്പിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ പോലും തോരാമഴയായി മാറിയിരുന്നു. പ്രിയയുടെ തലയിലൂടെ ഒരു മാല അവൻ അവളുടെ കഴുത്തിൽ ചാർത്തി. ചങ്ക് പൊട്ടുന്ന വേദനയിൽ അവളുടെ നെറ്റിയിൽ നകുൽ ചുംബനങ്ങൾ കൊണ്ട് മൂടി.
” സമയമായി “, പുറകിൽ നിന്നുമുള്ള ആ ശബ്ദം നകുൽ കേട്ടു. കൊതിതീരെ കാണും മുമ്പ് തന്നെ വേർപ്പെടേണ്ടി വന്ന ദുഃഖം നകുലിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ശരത്തിന്റെ തോളിൽ തലചായ്ച്ച് കൊണ്ട് തെക്കേ മൂലയിൽ അവൾ എരിഞ്ഞടങ്ങുന്നത് നകുൽ നോക്കിനിന്നു.
ഉറ്റസുഹൃത്തായ നകുലിന്റെ ജീവിതത്തിലുണ്ടായ ദുരന്തം ശരത്തിനെയും ഒരുപാട് തളർത്തിയിരുന്നു. പക്ഷേ മറ്റാർക്കും അറിയാത്ത ആ രഹസ്യം ശരത് ഇന്നും മനസ്സിൽ സൂക്ഷിക്കുകയാണ്.
സഫലമാകാതെ പോയ ഒരായിരം സ്വപ്നങ്ങൾ പ്രിയയുടെ ഹൃദയത്തിൽ ബാക്കിനിൽക്കെ, അന്ന് തെക്കേ മൂലയിൽ എരിഞ്ഞടങ്ങിയത് അവളും ആ സ്വപ്നങ്ങളും മാത്രമായിരുന്നില്ല… പകരം പ്രിയക്കും നകുലിനും പിറക്കാനിരുന്ന ആ മഹാസൗഭാഗ്യം കൂടിയായിരുന്നു.
ഡോക്ടറുടെ നാവിൽനിന്നും ശരത് അറിഞ്ഞ ഈ വിവരം അവൻ എല്ലാവരോടും മറച്ചുവച്ചു കാരണം പൊലിഞ്ഞുപോയത് രണ്ട് ജീവനാണെന്ന് നകുൽ അറിഞ്ഞാൽ അവൻ ഒരിക്കലും അത് താങ്ങാൻ കഴിയില്ലെന്ന് ശരത്തിന് ഉറപ്പായിരുന്നു.
ഒരുപക്ഷേ പ്രിയയുടെ ആത്മാവും ഇതുതന്നെയായിരിക്കും ആഗ്രഹിക്കുന്നത്
ഏഴു കടലും കടന്ന് നകുലിന്റെ അടുത്ത് എത്തിയതിനുശേഷം അവനോട് മാത്രമായി പറയാനിരുന്നതായിരിക്കാം അന്നവൾ.
നകുൽ ഇന്നും പ്രിയയുടെ ഓർമ്മകളിൽ ജീവിക്കുകയാണ്. പുഞ്ചിരി തൂകിയുള്ള അവളുടെ മുഖവും കുറുമ്പ് കാട്ടിയുള്ള അവളുടെ കണ്ണുകളുടെ തീക്ഷ്ണതയിലും നകുൽ ഇന്ന് ജീവിക്കുന്നു.
പ്രിയയെ തന്നിൽ നിന്നും അടർത്തിയെടുത്ത വിധിയോട് നകുലിന് യാതൊരു പരിഭവവുമില്ല. കാരണം അവളുടെ ഓർമകളെ അവനിൽ നിന്നും അടർത്തി മാറ്റാൻ ആ വിധിക്ക് തന്നെയും കൊണ്ടു പോകേണ്ടിയിരിക്കുന്നു തന്റെ പ്രിയ പോയ അതേ സ്ഥലത്തേക്ക് തന്നെ..
ചിലരുടെ സ്നേഹത്തിൽ ദൈവങ്ങൾക്ക് പോലും അസൂയ വന്നേക്കാം… പക്ഷെ അവരുടെ കഥ ഈ ഭൂമിയിൽ അവസാനിച്ചാലും പ്രണയം…
അത് വീണ്ടും തുടർന്നു കൊണ്ടേയിരിക്കും.. ഒരിക്കലും തോരാത്ത മഴ പോലെ…..