കരയാൻ മാത്രം വിധിക്കപെട്ടവൾ

നീ, ഇനിയിവിടെ വരുന്നത് ശരിയാണോ ശിവാനി? വേറൊരു ഭർത്താവും കുഞ്ഞുമൊക്കെ ആയില്ലേ നിനക്ക്?

അല്ലമ്മേ, ചേട്ടന്റെ കാര്യം ഓർക്കുമ്പോൾ എനിക്കിപ്പോഴും ഉള്ളിൽ തീയാണ്.

ഇനി അവനെ നീ ചേട്ടാന്നും, എന്നെ അമ്മേ ന്നും വിളിക്കണ്ട. കടന്നുപോയ കാലത്തെ ഒരു വെറും സ്വപ്നമായി കരുതിയാൽ മതി അതെല്ലാം. നിന്റെ നല്ലതിനുവേണ്ടി പറയുവാ ഞാൻ ഇതെല്ലം.

അവൾ കണ്ണീരൊഴുക്കി. ഒക്കത്തു ചേർന്നിരിക്കുന്ന കുഞ്ഞ് അവളുടെ മുഖത്തെ കണ്ണീരിൽ വിരലുകൾ ചലിപ്പിച്ചു കളിക്കുന്നു.

നീ ചെല്ല്, ഇവിടെ നിൽക്കണ്ട. അയൽക്കാർ കാണുന്നുണ്ട്. ഹാ, കണ്ടാലും ഒന്നുമില്ല. തളർന്നു കിടക്കുന്ന എന്റെ മോനെയും നിന്നെയും കൂട്ടിച്ചേർത്ത് എന്തേലും പറഞ്ഞുണ്ടാക്കിയാൽ ആര് അത് വിശ്വസിക്കാൻ? തളർന്നുകിടക്കുന്ന അവൻ നിന്നോട് എന്ത് തെറ്റ് ചെയ്യാൻ?

ശിവാനി നിർജീവം കേട്ട് നിന്നു. അവളുടെ മനസ്സ് വീടിന്റെ പടിഞ്ഞാറു തെക്കു വശത്തെ മുറിയിൽ കട്ടിലിൽ മലർന്നുകിടക്കുന്ന ആ ജീവച്ഛവത്തെ കാണാൻ വെമ്പുന്നു. കുറെ കാലം കാമുകനായി. പിന്നെ നായകനായി വേഷമിടീച്ചു അവനെ. മൂന്നു വർഷം കാമുകൻ. രണ്ടു വർഷം ഭർത്താവ്.
ഒരുകാലത്ത് അവളുടെ പ്രിയപ്പെട്ടവനായിരുന്ന മഹേന്ദ്രൻ. അല്ലെങ്കിൽ മാഹി എന്നവൾ വിളിച്ചിരുന്ന മഹേന്ദ്രൻ. അവളുടെ ആദ്യ രാത്രി ആ മുറിയിൽ ആയിരുന്നു. അതിനു പുതുമ മങ്ങിയിരുന്നില്ല. ഉത്തരവാദിത്വബോധത്തോടെ യായിരുന്നു അതുവരെയും ഉള്ള അവന്റെ ഇടപെടൽ. ക്യാമ്പസ് ജീവിതവും, ബുള്ളറ്റിൽ റോഡ് കാണാതെ പറന്ന ദിവസങ്ങളും, വിവാഹം കഴിഞ്ഞുള്ള നാളുകളും എല്ലാം ഒരു മിന്നൽ പിണറിന്റെ ആയുസ്സോടെ മാഞ്ഞുകഴിഞ്ഞിരിക്കുന്നു.

അമ്മെ! സോറി, ഞാൻ ഇനി അങ്ങനെ വിളിക്കുന്നില്ല. ഒരു പെൺകുട്ടിയുടെ സ്വകാര്യ ദുഖങ്ങളിൽ ഒന്നായി അതും നിലകൊള്ളട്ടെ, അവൾ മനസ്സിൽ മന്ത്രിച്ചു.

ഞാനൊന്നു കണ്ടോട്ടെ?

നീ കണ്ടിട്ട് പൊയ്ക്കോ. ഇന്നു മാത്രം. ഒരിക്കലും പിന്നിവിടെ വരരുത്.

ഞാൻ ഇനി വരില്ല. പക്ഷെ നിങ്ങൾ എല്ലാരും കൂടിയാ എന്നെ ഈ ധർമ്മസങ്കടത്തിലേക്കു വലിച്ചെറിഞ്ഞത്. ഞാൻ ഒരിക്കലും മഹിയെ വിട്ടുപോകാൻ ചിന്തിച്ചിട്ടേ ഇല്ല. അവനില്ലാതെ എനിക്കൊരു ജീവിതം വേണ്ടായിരുന്നു. നിങ്ങൾ എല്ലാരും കൂടി… അവൾ സാരിത്തുമ്പു കൊണ്ട് കണ്ണ് തുടച്ചു. ചുടു കണ്ണീർ വാർന്നൊഴുകി.

ഒരു പക്ഷെ, സ്ത്രീക്ക് സാരി ഒരനുഗ്രഹം ആയിരിക്കാം. ആ നീണ്ട തുണി അതിനായിരിക്കാം അവളെ ചുറ്റിച്ചിരിക്കുന്നത്.

മഹിയുടെ അമ്മ എന്നും അവൾക്ക് സ്വന്തം അമ്മയേക്കാൾ പ്രിയപ്പെട്ടവളായിരുന്ന. ഇരുപത്തിനാലു വയസ്സ് പൂർത്തിയാക്കിയ ആ അമ്മയുടെ പ്രിയ മരുമകൾ അർത്ഥമില്ലാതെ കണ്മുന്നിൽ കൊഴിഞ്ഞു തീരുന്നതു കാണാൻ അവർക്കു കഴിയില്ലായിരുന്നു. അവരാണ് ശിവാനിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി അവൾ ക്കൊരു പുനർ വിവാഹം ഉണ്ടായേ തീരു എന്നുറപ്പിച്ചു പറഞ്ഞത്. അവരുടെ മകൻ ഇനി ഒരു കാലത്തും ഓർമയുടെ ലോകത്തേക്ക് തിരിച്ചു വരില്ല എന്നവർ കരുതി. അവനെകണ്ടിരുന്ന ഡോക്ടർമാർ, നോക്കാം എന്ന ഒറ്റ വാക്കിന്റെ മുൾമുനയിൽ അവരെ അതുവരെ നിർത്തുകയായിരുന്നു. വർഷങ്ങളോളം ജീവശ്ചവങ്ങളായി കിടന്നു മരിച്ചവരെപറ്റി അവർ കേട്ടിട്ടുണ്ട്. അവരെ ശിശ്രുഷിച്ചു കാലം നീക്കിയഹതഭാഗ്യരായ ഭാര്യമാരെ കുറിച്ചും. അങ്ങനൊരൊവസ്ഥ ശിവാനിക്കുണ്ടാകുന്നത് ആഅമ്മക്ക് സഹിക്കില്ല.

ആ അമ്മ ഭിത്തിയിൽ ചാരിനിർവികാരിയായി നിന്നു…

ശിവാനി മുറിയിൽ കടന്നു. കട്ടിലിൽമാഹി മലർന്നു കിടക്കുന്നു. മിനുസ്സപ്പെടുത്തിയ കട്ടിൽകാലിൽ തഴുകി അവൾ മാഹിയുടെ മുഖം നോക്കി നിന്നു. നിർജീവമായ കണ്ണുകൾ പാതി തുറന്നിരിക്കുന്നു. പീള വശങ്ങളിൽ. വളർന്ന മുടിയും താടിയും. മാസങ്ങൾക്കു മുമ്പ് വെട്ടിയും വടിച്ചുംവച്ചിരുന്നത്. താടിരോമങ്ങളിൽ മെഴുകു തുള്ളികൾ പോലെ ആഹാരാവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. വർഷങ്ങളുടെ കടന്നുകയറ്റം ഉറ്റ മിത്രങ്ങളെയും മുഷിപ്പിച്ചിരിക്കുന്നു.
എത്ര സ്മാർട്ടായിരുന്നു അവൻ? സ്റ്റെപ് കട്ടിങ് കൊണ്ടും, സ്പൈക്ക് ചെയ്തുകൊണ്ടും അവന്റെ മുടി ക്യാമ്പസ്സിന്റെ ഫാഷൻ ആയി ആൺകുട്ടികൾ കണ്ടിരുന്ന കാലം. ഹീറോ ആയിരുന്നു അവൻ. അതെല്ലാം നിഴലുകൾ പോലെ മറഞ്ഞു കഴിഞ്ഞു. ശോഷിച്ച ദേഹവും, കൈകളും, കാലുകളും. അവളുടെ ഹൃദയത്തിന്റെ ഞരക്കം അവൾ കേൾക്കുന്നുണ്ട്.

അവസാനമായുള്ള വരക്കമാണിത്. ഇനി വരാൻ പാടില്ല. മാഹിയുടെ മുഖം നോക്കി വാതിലിലേക്ക് അവൾ നീങ്ങി. മുറിയുടെ വെട്ടം പതിക്കാത്ത മൂലയിൽ, തടിക്കസ്സേരയിൽ ആരോ ചാരി ഇരിക്കുന്നു. അവൾ സൂക്ഷിച്ചു നോക്കി. അച്ഛൻ! കണ്ണ് പൂട്ടി, വായ് തുറന്നു വച്ചിരിക്കുന്നു. പാവം ഉറങ്ങുകയാണ്. രാത്രിയിലെ ഉറക്കം പകൽ തീർക്കുന്നു.

കുഞ്ഞിനെ ഒക്കത്തൊതുക്കി യി രുത്തി; അവൻ എപ്പോഴേ ഉറങ്ങി. നിലത്തു നോക്കി അവൾ നടന്നു.

അമ്മേ! സോറി, അങ്ങനെ വിളിച്ചൂടാ, അവൾ മനസ്സിൽ മന്ത്രിച്ചു.

ഞാൻ പോണു.

മുറ്റത്തുകൂടി തുറന്നുകിടക്കുന്ന ഗേറ്റിനടുത്തേക്കു നടന്നു.

തിരിഞ്ഞു നോക്കി, അവൾ.

അമ്മ അവളെത്തന്നെ നോക്കി നിൽക്കുന്നു. കണ്ണീരിൽ കുതിർന്ന മുഖം വിറക്കുന്നുണ്ട്. അവർ മുഖം തിരിച്ചു.

അവളുടെ ജീവിതം സുരക്ഷിതമായിരിക്കണമെന്നവർ ഇപ്പോഴും ആഗ്രഹിക്കുന്നു. അവളുടെ രണ്ടാം ഭർത്താവ്, നിഷാന്ത്, അവളോട് കലഹിക്കരുതെന്നവർ ആഗ്രഹിക്കുന്നു. വാത്സല്യത്തിൽ നാരുമെനഞ്ഞ ഭാഗം… സ്നേഹത്തിന്റെ സരളത അനുഭവിക്കരുതെന്നു വാശിപിടിക്കുന്ന നാരിഴകൾ. സ്നേഹത്തെ വെറുപ്പുനടിച്ച്അകറ്റി നിർത്തേണ്ട അവസ്ഥ…

റോഡ് മുറിച്ചവൾ നടന്നു. ചങ്കിലെ വേദന അടക്കാൻ വിധിക്കപ്പെട്ടവൾ. മറ്റൊരാൾ കാണിക്കുന്ന വഴിയേ നടക്കേണ്ടുന്നവൾ. അവളാണ് സ്ത്രീ. ആ കൊച്ചു ജന്മത്തിൽ അവൾ ഒരു ചിത്രശലഭത്തെപോലെ ദിവസങ്ങൾ പറക്കും. ആരേലും ഒരു ചിറക് അടിച്ചുവീഴ്ത്തും. ഒറ്റ ചിറകിൽ കൂപ്പുകുത്തും. മുഖം മണ്ണിൽ താഴ്ത്തി ജീവിതം കരഞ്ഞു തീർക്കും. ഒരു കൊച്ചു ജന്മം. അവൾക്കേൽപ്പിക്കുന്ന വേദനയുടെ തീവ്രത അവൾ മാത്രം അറിയുന്നു. അതേതു ദിക്കിൽ നിന്ന് വേണേലും വരാം.

നിഷാന്ത് അവളെ കാത്തു നിൽപ്പുണ്ട്. അവൻ കുഞ്ഞിനെ വാങ്ങി തെരുതെരെ ചുംബിച്ചു.

എങ്ങനെയുണ്ട്മഹീന്ദ്രനിപ്പോൾ?

ആ കിടപ്പു തന്നെ ചേട്ടാ… ഒരു മാറ്റവും ഇല്ല.

നിഷാന്ത്, ജീവിതത്തെ അറിയുന്നവനാണ്. എല്ലാം അറിഞ്ഞുംകൊണ്ടാണ് അവളെ വിവാഹം കഴിച്ചത്. കൈപ്പത്തിയിലെ തുറന്ന രേഖകൾ പോലെ എല്ലാം അവനെ കൊണ്ട് ഭംഗിയായി വായിപ്പിച്ചിരുന്നു. അവന്റെ കനിവിലാണവളിപ്പോൾ ജീവിക്കുന്നത് തന്നെ.

മഹിയെ വിട്ടൊരു ജീവിതം അവൾക്കു ചിന്തിക്കാൻ കഴിയാത്ത ഒന്നായിരുന്നു. അവളുടെ മാനസികാവസ്ഥയെ മാനിക്കാതെ ഇരുകൂട്ടരും ചേർന്നു ചെയ്തുവച്ച ഒരു വിവാഹ ബന്ധം. അവൾക്ക് മഹി യുടെ കുഞ്ഞിനെ ഉദരത്തിൽ പേറാൻ ഭാഗ്യമുണ്ടായില്ല. ഒരു കുഞ്ഞു

ജനിച്ചിരുന്നെങ്കിൽ നിഷാന്ത് അവളുടെ ജീവിതത്തിൽ ഉണ്ടാവില്ലാരുന്നു. അഞ്ചു വർഷം കുട്ടികൾ വേണ്ട, അടിച്ചുപൊളിച്ചൊരു ജീവിതം, അവർ അങ്ങനെ ചിന്തിച്ചു.

ബുള്ളറ്റിൽ പറക്കുന്ന ദിവസങ്ങളിൽ ഒന്ന്.

പെട്ടെന്നായിരുന്നു മുന്നിൽ നായയുടെ എടുത്തുചാട്ടം. ബൈക്ക് മറിയുകയായിരുന്നു. അവൾ ഒരു പോറല് പോലും ഏൽക്കാതെ റോഡരികിലെ തഴച്ചു വളർന്ന പുൽക്കൂട്ടത്തിൽ വീഴുകയായിരുന്നു. മഹിയും ബൈക്കും അഗാധമായ ഗർത്തത്തിലേക്കും. മാസങ്ങൾ ഹോസ്പിറ്റലിൽ. മഹിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ പഴയകാല ഓർമ്മ നശിച്ചു പോയിരുന്നു. ദൈനം ദിന ക്രിയകൾ മാത്രം സ്വയമേ ചെയ്യും.

മഹിയുടെ അച്ഛൻ പെട്ടെന്ന് ഞെട്ടിയുണർന്നു. പാതിരാത്രി കഴിഞ്ഞ സമയം. അദ്ദേഹം ലൈറ്റ് ഇട്ട് മകന്റെ മുഖത്തേക്ക് നോക്കി നിന്നു.

സ്വപനത്തിലെന്നോണം അവൻ പൊട്ടിച്ചിരിക്കുന്നു. കണ്ണുകൾ ഇപ്പോഴും പാതി അടഞ്ഞിരുന്നു. പക്ഷെ അവ ചലിക്കുന്നുണ്ട്. അവന്റെ തലച്ചോറിൽ ഓർമകളുടെ ചുരുളഴിയുന്നപോലെ അദ്ദേഹത്തിന് തോന്നി. ഇങ്ങനെ സംഭവിച്ചേക്കാം എന്ന് ഡോക്ടർമാർ പറഞ്ഞത് ഓർത്തു. അവന്റെ അമ്മയെ ഉറക്കത്തിൽ നിന്നും ഉണർത്തി അവിടേക്കു കൊണ്ടുവന്നു.

അവർ അവനെ തന്നെ നോക്കി നിന്നു…

‘കേറൂ, മോളെ…’ അവന്റെ വാക്കുകൾ. വർഷങ്ങൾ കഴിഞ്ഞു കേൾക്കുന്നത്.

കൈ ഉയർത്തി അവൻ എന്തോ ആംഗ്യം കാണിക്കുന്നു. വലതു കാൽ ബെഡിൽ ആഞ്ഞു ചവിട്ടുന്നു.

കേറു മോളെ… ഇന്ന് അമ്മ എന്തോ സ്പെഷ്യൽ ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാകും. എന്റെ ജന്മ ദിനം എന്നും അവർക്ക് ആഘോഷമാണ്…

മോൻ സംസാരിച്ചല്ലോടീ…എല്ലാം ജഗദീശ്വരന്റെ ചെയ്തികൾ…ഒന്നുണർത്തിയാലോ?

വേണ്ട തനിയെ ഉണരട്ടെ. നമുക്ക് നോക്കി നിൽക്കാം.

ശിവാനി, ശിവാനീ, മോളെ…വിളിച്ചു തീരും മുമ്പേ അവൻ കണ്ണ് തുറന്നു.

അവന്റെ അച്ഛനെയും അമ്മയെയും അവൻ മാറി മാറി നോക്കി.

ശിവാനി, ശിവാനീ…

അവൾ ഉറങ്ങുകയാണ്. നേരം വെളുക്കട്ട്, വിളിക്കാം.

ഞാൻ ഇവിടെ? അവൾ ഇപ്പൊ എന്റെ ബൈക്കിൽ കയറിയതാണല്ലോ…

അവന്റെ കൺപോളകൾ അടയാൻ തുടങ്ങി. വീണ്ടും ഉറക്കം അവനെ പുണർന്നു കഴിഞ്ഞു.

നേരം പുലർന്നയുടനെ ശിവാനി അയൽ വാസികളിൽ നിന്നും ആ വാർത്ത കേട്ടു. അവൾ ഗേറ്റിനടുത്തേക്ക് ഓടി. നിഷാന്ത് ഉമ്മറത്തുനിന്നും അവളെ നോക്കി നിൽക്കുന്നു.

അവൾ പെട്ടെന്ന് തിരിച്ചു വന്ന് ബെഡിൽ തലകുനിച്ചിരുന്നു കരയാൻ തുടങ്ങി.

നീ പോന്നില്ലേ?

ഇല്ല ചേട്ടാ. എനിക്കിനി പോകാൻ കഴിയില്ല. ചേട്ടൻറെയും, എന്റെ പൊന്നു മോന്റെയും സ്ഥാനം എന്റെ ജീവിതത്തിൽ ഇനി എവിടെയാണെന്നെനിക്കു തിട്ടം കിട്ടുന്നില്ലാത്തപോലെ…അതുലഞ്ഞാടുകയാണ്…എനിക്ക് ഭ്രാന്താണ്. ആണോ ചേട്ടാ?

നീ ധൈര്യമായി ഇരിക്കൂ ശിവാനി. നീ അവനെ പോയി കാണൂ.നിനക്കൊന്നും സംഭവിക്കില്ല. പോകൂ. പോയി കാണൂ.

ഇല്ല ചേട്ടാ ഇനി ഒരിക്കലും ഞാൻ അവനെ കാണില്ല…ഞാൻ എന്നേക്കുമായി അവനെ മറക്കുകയാണ്. എന്നേക്കും…