ശവക്കല്ലറയിലെ കൊലയാളി 8

ശവക്കല്ലറയിലെ കൊലയാളി 8
Story : Shavakkallarayile Kolayaali 8 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

ഓവർകോട്ടെടുത്ത് ധരിച്ച് കൈകളില്‍ കയ്യുറധരിച്ച് ഡോക്ടര്‍ നാൻസി വട്ടേകാടന്റെ മൃതശരീരത്തിൽ സർജിക്കൽ ബ്ലേഡ് വെച്ച ഡോക്ടര്‍ ദേവാനന്ദ് ഞെട്ടി പിറകോട്ട്മാറി .

ടേബിളിന്റെ കോണില്‍ കൈകള്‍കുത്തി ദേവാനന്ദ് നിന്ന് കിതച്ചു . വീണ്ടും വീണ്ടും നാൻസിയുടെ മൃതദേഹത്തിലേക്ക് നോക്കി
അല്ല !!! സംശയമല്ല !! ശരിയാണ്… പക്ഷേ, എങ്ങനെ…?
ഈ ചോദ്യം അദ്ദേഹത്തെ അലട്ടി .

ആന്തരിക അവയവങ്ങളടക്കം സൂക്ഷമമായി പരിശോധിച്ച് മൃതദേഹം തുന്നിക്കെട്ടി നടപടിക്രമങ്ങൾ പൂർത്തിയാക്കി തന്റെ കാബിനിലേക്ക് ധൃതിയിൽ നടന്നുപോയി .
ഡോക്ടര്‍ നാൻസി വട്ടേകാടന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വന്നവരുടെ ചോദ്യംപോലും അദ്ദേഹം കേട്ടില്ല .

കാബിന്റെ ഡോർ തള്ളിത്തുറന്ന് അകത്തേക്ക് കയറിയ ഡോക്ടര്‍ ദേവാനന്ദ് കുപ്പിയില്‍ അവശേഷിച്ച മദ്യം മൂടി തുറന്ന് വായിലേക്ക് കമിഴ്ത്തി,ശേഷം ഫോണ്‍ എടുത്ത് എസ്ഐ ജോണ്‍ സക്കറിയയുടെ നമ്പറിലേക്ക് വിളിച്ചു .

മൂന്ന് നാല് റിങ്ങിന് ശേഷമാണ് ജോണ്‍ സക്കറിയ ഫോണ്‍ അറ്റന്റ് ചെയ്തത് .

“ജോൺ താങ്കളെ ഒന്ന് അത്യാവശ്യമായി കാണണം , പറ്റുമെങ്കിൽ ഇപ്പോള്‍ത്തന്നെ… “

“ഞാൻ ഇപ്പോള്‍ത്തന്നെ വരാം ഡോക്ടര്‍ “

ഫോണ്‍ വെച്ച ശേഷം ജോണ്‍ സക്കറിയ പോലീസ് ജീപ്പ് എടുത്ത് രാജകുമാരിയിൽ നിന്നും ഇടുക്കി ജനറല്‍ ആശുപത്രി ലക്ഷ്യമാക്കി ഓടിച്ചു പോയി .
യാത്രയില്‍ മുഴുവനും എന്തിനായിരിക്കും ഡോക്ടര്‍ ദേവാനന്ദ് തന്നെ കാണണം എന്ന് പറഞ്ഞത് എന്നായിരുന്നു ആലോചന.

ഏകദേശം ഒരു മണിക്കൂറിന് ശേഷം ജനറല്‍ ആശുപത്രിയുടെ കോമ്പൗണ്ടിൽ എസ് ഐ ജോണ്‍ സക്കറിയയുടെ പോലീസ് എന്നെഴുതിയ ജീപ്പ് നിന്നു. ജീപ്പിൽ നിന്നും ഇറങ്ങിയ ജോണ്‍,ഡോക്ടര്‍ ദേവാനന്ദിന്റെ കാബിനിലേക്ക് നടന്നു പോയി .

“മേ ഐ കം ഇൻ ഡോക്ടര്‍ ? “

“യെസ്, കയറിവരൂ ജോണ്‍…”

മുന്നിലെ കസേര ചൂണ്ടി ഡോക്ടര്‍ ദേവാനന്ദ് ജോണിനോട് പറഞ്ഞു .

“ജോൺ ഇരിക്കൂ ….”

തലയിലെ തൊപ്പി ഊരി ഡോക്ടറുടെ മേശയ്ക്ക് മുകളില്‍ വെച്ച് ഇരിക്കാന്‍ തുടങ്ങുന്നതിനിടെ ജോണ്‍ സക്കറിയ ചോദിച്ചു .

“എന്തിനാണ് ഡോക്ടര്‍ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത് “

“പറയാം ജോണ്‍ ……

പിന്നീട് ഡോക്ടര്‍ ദേവാനന്ദ് പറഞ്ഞത് കേട്ട് എസ് ഐ ജോണ്‍ സക്കറിയ ചോദിച്ചു

“എങ്ങനെ ഡോക്ടര്‍? അങ്ങനെ സംഭവിക്കുമോ? “

“ഇല്ല ജോൺ…. അതാണ് ഞാനും ചിന്തിക്കുന്നത്. എന്റെ ഇത്രയും കാലത്തെ സർവീസിനിടയ്ക്ക് എന്റെ ആദ്യത്തെ അനുഭവമാണിത് , അത് കണ്ടെത്തിയാൽ ജോണിന് ഈ മരണത്തിനു പിന്നിലെ ദുരൂഹത അറിയാന്‍ കഴിയും “

“പക്ഷേ എങ്ങനെ ഡോക്ടർ… ?‍ ശാസ്ത്രം പോലും തെറ്റുന്നല്ലോ… പിന്നെ എങ്ങനെ കണ്ടു പിടിക്കും “

ഡോക്ടര്‍ കൈകള്‍ മലർത്തി ചുമലുകൾ കൂച്ചിക്കാണിച്ചു .

“ഏതായാലും ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞ് റിസൾട്ട് വരട്ടെ”

“ശരി ഡോക്ടര്‍, ഞാന്‍ ഇറങ്ങുന്നു “

ഡോക്ടര്‍ ദേവാനന്ദിനോട് യാത്ര പറഞ്ഞിറങ്ങിയ എസ്ഐ ജോണ്‍ സക്കറിയ നേരെ ഇടുക്കി പോലീസ് സുപ്രണ്ടിനെ കാണാന്‍ പോയി…

**** **** **** *****

നാൻസി വട്ടേകാടന്റെ മൃതദേഹം അപ്പോള്‍ വട്ടേകാടൻ ബംഗളാവിൽ എത്തിച്ചിരുന്നു. നേരം വൈകിയത് കാരണം അടക്കം പിറ്റേന്നത്തേക്ക് മാറ്റിവെച്ചു . ഭരണ രംഗത്തും വ്യവസായ രംഗത്തുമുള്ള പ്രമുഖരെ കൊണ്ട് വട്ടേകാടൻ ബംഗ്ലാവ് നിറഞ്ഞു .

ഡോക്ടര്‍ നാൻസി വട്ടേകാടന്റെ മരണ വാര്‍ത്ത അറിഞ്ഞ ഡോക്ടര്‍ ഷേർളി ഫിലിപ്പിന്റെ ഫോണ്‍ ചെല്ലുമ്പോള്‍ കാലത്ത് അവിടെ നിന്നും പോയ ഡോക്ടര്‍ അഞ്ജലി ഗോപിനാഥ് ഓപ്പറേഷന്‍ തിയറ്ററിലായിരുന്നു .

തുടര്‍ച്ചയായി ഫോണ്‍ റിങ്ങ് ചെയ്തപ്പോള്‍ ഡൂട്ടി നേഴ്സ് ഫോണെടുത്ത് ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററിലാണെന്ന് പറഞ്ഞു . വന്നാല്‍ ഉടന്‍ തിരിച്ചു വിളിക്കാന്‍ പറഞ്ഞ് ഡോക്ടര്‍ ഷേർളി ഫിലിപ്പ് ഫോണ്‍ കട്ട് ചെയ്തു .

അരമണിക്കൂറിന് ശേഷം ഓപ്പറേഷന്‍ തിയറ്ററിൽ നിന്നും പുറത്തിറങ്ങിയ അഞ്ജലി ഗോപിനാഥ് ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് പോകും വഴിയാണ് ഡോക്ടര്‍ ഷേർളിയെ വിളിച്ചത് .
ഒറ്റ റിങ്ങിൽ തന്നെ ഡോക്ടര്‍ ഷേർളി ഫോണെടുത്തു

“അഞ്ജലീ….വട്ടേകാടൻ നമ്മളെ വിട്ട് പോയെടീ… “

അഞ്ജലിയുടെ കാൽ അറിയാതെ ബ്രേക്കിലമർന്നു ഒരു മുരൾച്ചയോടെ കാർ നിന്നു.

വിവരങ്ങള്‍ എല്ലാംകേട്ട ശേഷം നാളെ കാലത്ത് എത്താം ഇനി ഈ അവസ്ഥയില്‍ വണ്ടി ഓടിക്കാന്‍ വയ്യ എന്ന് പറഞ്ഞ് അഞ്ജലി ഫോണ്‍ വെച്ചു .

അഞ്ജലി ഫോണ്‍ വെച്ച ശേഷം താഴെ ബാറില്‍ വിളിച്ച് ഒരു ഫുൾ ടെക്വില ഓർഡർ ചെയ്ത് ഡോക്ടര്‍ ഷേർളി ഫിലിപ്പ് കാത്തിരുന്നു .

ഏകദേശം ഒന്നര മണിക്കൂറിന് ശേഷം റൂം ബോയ് കൊണ്ടു വന്ന ടെക്വിലയുടെ മൂടി തുറന്ന് രണ്ട് പെഗ്ഗ് അടിച്ച് കുളിക്കാന്‍ കയറാന്‍ നിൽക്കുമ്പോഴാണ് ആരോ ഡോറിൽ മുട്ടുന്നത് കേട്ടത് .

ഡോർതുറന്ന ഷേർളി മുന്നില്‍ നിൽക്കുന്ന ആളെ കണ്ട് പകച്ചു പോയി …!!!!

(തുടരും…….)