ശവക്കല്ലറയിലെ കൊലയാളി 18

ശവക്കല്ലറയിലെ കൊലയാളി 18
Story : Shavakkallarayile Kolayaali 18 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

മുരുഡേശ്വര ക്ഷേത്രത്തിൽ നിന്നും പുലർച്ചെ അഞ്ചു മണിക്ക് പുറപ്പെട്ട കാർ കാതങ്ങൾ താണ്ടി രാജകുമാരി സെന്റ് ആന്റണീസ് സെമിത്തേരിയിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു .

പതിനാലു മണിക്കൂര്‍ അമ്പത്തി അഞ്ച് മിനിറ്റ് പിന്നിട്ട് കാർ ഇടുക്കി ടൗൺഷിപ്പിലേക്ക് പ്രവേശിച്ചു.
ഇരുട്ടിനെ കീറിമുറിച്ച് കാർ രാജകുമാരി ലക്ഷ്യം വെച്ച് നീങ്ങി.

ആരുടേയോ വരവറിഞ്ഞ പോലെ പ്രകൃതിയുടെ രൂപം മാറിത്തുടങ്ങി . കാർമേഘം കൊണ്ട് നിലാവ് മൂടപ്പെട്ടു . ആകാശത്ത് വെള്ളിടിവെട്ടി. മരങ്ങൾ ഇപ്പോള്‍ നിലം പതിക്കുമെന്ന രൂപത്തില്‍ ആടിയുലയാൻ തുടങ്ങി . ശക്തിയായി മഴവർഷിക്കാൻ തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ കാറിന്റെ വൈഫർ ഓണാക്കി .

“അനന്താ , വിഘ്നങ്ങളുണ്ടാകും. ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിക്കുക…. ബാക്കി എല്ലാം നോം നോക്കിക്കോളും. “

കാറിന്റെ പുറകിലെ സീറ്റില്‍ നിന്നും മുഴക്കമുള്ള ശബ്ദത്തില്‍ ഡ്രൈവറോട് പറഞ്ഞു .

ഡ്രൈവര്‍ ഒന്ന് മൂളുകമാത്രം ചെയ്തു .

“പേടിയുണ്ടെങ്കിൽ ഇനിയങ്ങോട്ട് നോമാവാം തന്റെ സാരഥി , എന്തേയ് ?”

“വേണ്ട ,ഞാന്‍ തന്നെ ഓടിച്ചോളാം. തിരുമേനി പുറകില്‍ ഇരിക്കുമ്പോള്‍ എനിക്കെന്ത് പേടി ? ഞാന്‍ ഇന്നും ഇന്നലെയും തുടങ്ങിയതാണോ അങ്ങയുടെ കൂടെ… “

അനന്തന്റെചോദ്യത്തിന് പുറകില്‍നിന്നും ഒരു ചിരി മാത്രമാണ് ഉത്തരമായി വന്നത് .

ഈ സമയം സെന്റ് ആന്റണീസ് സെമിത്തേരിയിലേക്കുള്ള കുന്ന് കയറിത്തുടങ്ങിയിരുന്നു ആ കാർ. പെട്ടെന്ന് കണ്ണുകളടച്ച് പുറകിലിരുന്നിരുന്ന യാത്രക്കാരൻ ഞെട്ടിയുണർന്നു .

“അനന്താ ……. വണ്ടി ഒന്ന് ചവിട്ടി വിടൂ… “

അനന്തന്റെ കാൽ ക്ലച്ചിലമർന്നു. ഗിയർ തെന്നി മാറി ക്ലച്ചിൽ നിന്നും എടുത്ത കാൽ ആക്സിലേറ്ററിലമർന്നു. ആ ശകടം ശരവേഗത്തിൽ കുതിച്ചു അല്പം മുന്നോട്ട് നീങ്ങിയതും കാറിനു മുകളില്‍ തട്ടി തട്ടിയില്ല എന്ന മട്ടില്‍ റോഡിന്റെ ഓരത്ത് നിന്ന ഒരു കൂറ്റന്‍ ആൽമരം നിലംപൊത്തി .

“അനന്താ നമ്മുടെ വരവ് അറിഞ്ഞിരിക്കുന്നു .
ഭയപ്പെടുത്തി പിന്മാറ്റാണ് ശ്രമം “

അനന്തൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

വീണ്ടും പുറകില്‍ നിന്നും മുഴക്കമുള്ള ശബ്ദത്തില്‍ ആജ്ഞകൾ വന്ന് കൊണ്ടിരുന്നു .
അതിനനുസരിച്ച് അനന്തൻ കാർ വെട്ടിച്ചും വേഗത കൂട്ടിയും കാറിനെ മുന്നോട്ട് നയിച്ചു .

ഒരോ കല്പനകളും ഓരോന്നിൽ നിന്നുമുള്ള രക്ഷപ്പെടലായിരുന്നു . വലിയ പാറക്കല്ലുകൾ ഉരുട്ടിയിട്ട് മാർഗ തടസ്സം സൃഷ്ടിച്ചു കൊണ്ടിരുന്നു .
എല്ലാ തടസ്സങ്ങളേയും അതിജയിച്ച് അവസാനം സെന്റ് ആന്റണീസ് പള്ളിയുടെ ഗെയ്റ്റിനു മുന്നില്‍ കാർ നിന്നു . കാറില്‍ ഇരുന്നുകൊണ്ടുതന്നെ പള്ളി സെമിത്തേരിയും പരിസരവും ഒരു സൂക്ഷ്മ നിരീക്ഷണം നടത്തിയ അയാള്‍ ഒരു തകിടെടുത്ത് കൊടുത്ത് അനന്തനോട് പറഞ്ഞു,

“അനന്താ…ദാ ഇത് ആ മധ്യത്തിലായി മണ്ണില്‍ കുഴിച്ചിട്ടേക്ക്. “

അനന്തൻ ആ തകിട് കയ്യില്‍ വാങ്ങി വണ്ടിയില്‍നിന്നും പുറത്തിറങ്ങി . ഡിക്കിയിൽ സൂക്ഷിച്ചിരുന്ന ഒരു ചെറിയകമ്പി എടുത്ത് കുഴിക്കാൻ തുടങ്ങി .
അപ്പോഴും പ്രകൃതി കലിയടങ്ങാതെ ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്നു .

അനന്തൻ ഒരു ചെറിയ കുഴിയെടുത്ത് ആ തകിട് അതില്‍ നിക്ഷേപിച്ചു. മുകളില്‍ മണ്ണിട്ട് മൂടിയതും പ്രകൃതി പഴയപടിയായി . ശേഷം അവര്‍ ആ കുന്നിറങ്ങിത്തുടങ്ങി .
*** *** **** *** *** ****

അന്നത്തെ രാത്രി ശാന്തമായി അവസാനിച്ചു. പിറ്റേന്ന് നേരം പുലർന്നതും എസ് ഐ ജോണ്‍ സക്കറിയ ഡോക്ടര്‍ ദേവാനന്ദനേയും കൂട്ടി ഫാദര്‍ ഗ്രിഗോറിയോസിനെ കാണാനെത്തി . ഫാദർ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ സമയം . അവര്‍ ഫാദറിനായി പുറത്ത് കാത്ത് നിന്നു . അല്പസമയംകഴിഞ്ഞതും ഫാദർ ഗ്രിഗോറിയോസ് പുറത്തേക്ക് വന്നു .

“വല്ല വിവരവും കിട്ടിയോ ഫാദർ…? “

“ഇല്ല ജോണ്‍ അറിയാവുന്ന ഒന്ന് രണ്ട് പേരെ വിളിച്ചു നോക്കി. അദ്ദേഹം എവിടെ ഉണ്ടെന്ന് ആർക്കും അറിയില്ല. തീർത്ഥാടനത്തിലാണെന്ന് മാത്രം അറിഞ്ഞു . “

ഫാദർ പറഞ്ഞു നിർത്തി . എസ് ഐ ജോണിന്റേയും ഡോക്ടര്‍ ദേവാനന്ദിന്റേയും മുഖത്ത് ഒരു നിരാശ നിഴലിച്ചു. അവര്‍ പരസ്പരം നോക്കി .