ശവക്കല്ലറയിലെ കൊലയാളി 11

ശവക്കല്ലറയിലെ കൊലയാളി 11
Story : Shavakkallarayile Kolayaali 11 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

ഡോക്ടര്‍ ദേവാനന്ദിന്റെ മുറിയിലേക്ക് കയറിയ ഫാദര്‍ ഗ്രിഗോറിയോസിനെ കണ്ടതും ഡോക്ടറുടെ കണ്ണുകള്‍ അത്ഭുതവും അമ്പരപ്പും കൊണ്ട് വിടർന്നു.

“ഫാദർ ഇരിക്കൂ… “

ഡോക്ടര്‍ എഴുന്നേറ്റ് ചെന്ന് ഫാദർ ഗ്രിഗോറിയോസിനെ തന്റെ എതിരെയുള്ള കസേരയില്‍ പിടിച്ചിരുത്തി .

“ഫാദർ എന്താണ് പതിവില്ലാതെ ഈ വഴി… ? വെറുതെ എന്നെ കാണാന്‍ വരില്ല എന്നെനിക്കറിയാം.”

“ഞാൻ ഡോക്ടര്‍ നാൻസി വട്ടേകാടന്റെ ശവമടക്ക് കഴിഞ്ഞു വരുന്ന വഴിയാണ്.അപ്പോള്‍ തന്നേയും ഒന്ന് കണ്ടേച്ചു പോകാം എന്ന് കരുതി… “

“അത് ഏതായാലും നന്നായി. ഞാന്‍ ഫാദറിനെ ഒന്ന് കാണാനിരിക്കായിരുന്നു. ഫാദറിനോട് ചിലത് പറയാനുണ്ട് , തിരക്കില്ലല്ലോ “

“ഇല്ലാ,ഞാന്‍ അത് ചോദിക്കാനും കൂടിയാണ് ദേവനെ കാണാന്‍ വന്നത്… “

“ഫാദർ , ഡോക്ടര്‍ നാൻസി വട്ടേകാടന്റെ പോസ്റ്റ്മോർട്ടം ചെയ്തത് ഞാനാണ് . പ്രാഥമിക പരിശോധനയിൽ ചെറിയ ഒരു സംശയം ഉണ്ടായിരുന്നു. പിന്നീട് സെർജിക്കൽ ബ്ലേഡ് വെച്ചപ്പോൾ എനിക്ക് മനസ്സിലായി അത് സംശയമല്ല എന്ന്… “

പിന്നീട് ഡോക്ടര്‍ ദേവാനന്ദ് പറഞ്ഞ കാര്യങ്ങള്‍ ഫാദര്‍ ഗ്രിഗോറിയോസ് മൂളിക്കേട്ടു . ഫാദറിന്റെ കട്ടപിടിച്ച കൂട്ടുപുരികങ്ങൾ വില്ല് പോലെ വളഞ്ഞു, കണ്ണുകള്‍ ചുവന്നു തുടുത്തു . കയ്യിലെ കൊന്തയുടെ മണികളിൽ വിരലുകൾ ഓടിനടന്നു .

എല്ലാംകേട്ടു കഴിഞ്ഞപ്പോള്‍ ഫാദർ ഡോക്ടര്‍ ദേവാനന്ദിനോട് ചോദിച്ചു,

” ദേവന് എന്തു തോന്നുന്നു ? ഇതൊരു കൊലപാതകമാണെന്ന് തോന്നുന്നുണ്ടോ?…”

“കൊലപാതകമാണ്, പക്ഷേ എങ്ങനെ..?? ഞാന്‍ ഇന്നലെ മുതല്‍ ചിന്തിക്കുകയാണ് . ആ മൃതശരീരത്തിൽ എങ്ങനെ അത് സംഭവിച്ചു ?
അതാണ് എത്ര ആലോച്ചിട്ടും എനിക്ക് പിടികിട്ടാത്തത്…”

“ദേവൻ താങ്കള്‍ പറഞ്ഞത് പോലെ അതൊരു കൊലപാതകം തന്നെയാണ് , താങ്കളുടെ കണ്ടെത്തലും ശരിയാണ്. “

“എങ്ങനെ ഫാദർ ?”

“ഈ കൊല ചെയ്തത് മനുഷ്യനല്ല, ഒരാത്മാവാണ്!… അതാണ് മൃതശരീരത്തിൽ അങ്ങനെ കാണപ്പെട്ടത്. ഡോക്ടര്‍ നാൻസിയുടെ മൃതശരീരം കണ്ടപ്പോള്‍ത്തന്നെ എനിക്ക് മനസ്സിലായി അതിന്റെ കാരണം . അതറിയാനാണ് ഞാന്‍ ദേവനെ കാണാന്‍ വന്നതും. “

“എവിടെയാണ് ഡോക്ടര്‍ നാൻസി മരിച്ചു കിടന്നിരുന്നത് ?

“രാജകുമാരിയിലെ കുന്നിൻമുകളിലുള്ള ആ പഴയപള്ളിയുടെ സെമിത്തേരിയിലാണെന്നാണ് എസ് ഐ ജോണ്‍ സക്കറിയ പറഞ്ഞത്. “

“അവിടംവരെ ഒന്ന് പോകണമല്ലോ ദേവാ… “

“അതിനെന്താ പോകാലോ ഫാദർ , ഞാനും വരാം. “

ഡോക്ടര്‍ ദേവാനന്ദും ഫാദർ ഗ്രിഗോറിയോസും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അറ്റൻഡർ അങ്ങോട്ട് വന്നത് .

“സാർ , ഒരു ബോഡി ഇടുക്കി എസ്ഐ പോസ്റ്റ്മോർട്ടത്തിന് കൊണ്ട് വന്നിട്ടുണ്ട്. “

“ഫാദർ ഇരിക്കൂ ഞാനൊന്ന് നോക്കിയിട്ട് വരാം. “

ഡോക്ടര്‍ ദേവാനന്ദ് മോർച്ചറിയിലേക്ക് നടന്നു പോയി . അവിടെ ഒരു ടേബിളിൽ ഡോക്ടര്‍ ഷേർളി ഫിലിപ്പിന്റെ ഭൗതികശരീരം വെള്ളപുതച്ച് കിടത്തിയിരിക്കുന്നു.

ഡോക്ടര്‍ ദേവാനന്ദ് ആ മൃതശരീരത്തിന്റെ മുഖത്ത്നിന്നും തുണി വലിച്ചു മാറ്റി . മുഖത്തേക്ക് നോക്കിയ ഡോക്ടര്‍ ഞെട്ടലോടെ തുണിമൂടി തന്റെ കാബിനിലേക്ക് നടന്നു .

ഫാദർ ഗ്രിഗോറിയസിനോട് ഡോക്ടര്‍ ഷേർളിയുടെ മൃതശരീരത്തിൽ താന്‍ കണ്ട കാര്യങ്ങള്‍ പറഞ്ഞു ഫാദറിനേയും കൂട്ടി വീണ്ടും മോർച്ചറിയിലേക്ക് നടന്നു .

ഡോക്ടര്‍ ദേവാനന്ദിന്റെ പിറകേ എത്തിയ ഫാദർ മൃതശരീരത്തിന്റെ മുഖത്തെ തുണി നീക്കാൻ പറഞ്ഞു . ഡോക്ടര്‍ ദേവാനന്ദ് തുണി നീക്കിയപ്പോൾ ഫാദർ ആ മൃതശരീരത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി .അപ്പോൾ ഫാദറിന്റെ മുഖത്തുണ്ടായ ഭാവമാറ്റങ്ങൾ ഡോക്ടര്‍ ദേവാനന്ദ് വായിച്ചെടുക്കുകയായിരുന്നു.

ഫാദർ ഗ്രിഗോറിയോസ് ധൃതിയിൽ തന്റെ ഊന്നു വടി ഊന്നി മോർച്ചറിയുടെ പുറത്തേക്ക് കടന്നു . പിന്നാലെ എത്തിയ ഡോക്ടര്‍ ദേവാനന്ദിനോട് ഫാദർ പറഞ്ഞു .

“ദേവാ എനിക്ക് എത്രയും പെട്ടന്ന് അവിടെ എത്തണം . ഡോക്ടര്‍ നാൻസി വട്ടേകാടൻ മരിച്ചു കിടന്ന ആ കല്ലറയും സെമിത്തേരിയും എനിക്കൊന്ന് കാണണം സമയം കളയാൻ തീരെയില്ല…”

“ഫാദർ പൊയ്ക്കോളൂ… ഞാന്‍ എസ് ഐ ജോണിനെ വിളിച്ചു പറഞ്ഞോളാം.”

ഡോക്ടര്‍ ദേവാനന്ദ് ഫോണെടുത്ത് എസ്ഐ ജോണിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു .

ഡോക്ടര്‍ ദേവാനന്ദിനോട് യാത്ര പറഞ്ഞ് ഫാദർ തന്റെ ഇന്നോവ കാറിന്റെ പുറകിലെ ഡോർ തുറന്ന് അകത്ത് കയറി…

ഫാദർ ഗ്രിഗോറിയോസിനേയും കൊണ്ട് ആ ഇന്നോവ രാജകുമാരി കുന്നിൻ മുകളിലെ സെന്റ് ആന്റണീസ് പള്ളി സെമിത്തേരി ലക്ഷ്യമാക്കി കുതിച്ചു …!!!!

(തുടരും……)