ശവക്കല്ലറയിലെ കൊലയാളി 19 [Climax]

ശവക്കല്ലറയിലെ കൊലയാളി 19
Story : Shavakkallarayile Kolayaali 19 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

അനന്തൻ കൊടുത്ത ഫോണിലെ ഒരു നമ്പറിലേക്ക് ആളൂർ തിരുമേനി വിളിച്ചു. മൂന്നാല് ബെല്ലിന് ശേഷമാണ് അപ്പുറത്ത് ഫോണ്‍ എടുത്തത് .

“ഗോവിന്ദാ , പൂജാമുറിയിൽ ഇടതുവശത്ത് ഇരിക്കുന്ന കാളിയുടെ വെങ്കല വിഗ്രഹം…പിന്നെ ഹോമത്തിന് വേണ്ട ആളുകളുംദ്രവ്യങ്ങളും എടുത്ത് ഇടുക്കി രാജകുമാരിയിലേക്ക് പുറപ്പെട്ടോളൂ,ഇപ്പോള്‍ തന്നെ . . പൂജാമുറിയിലെ പ്രധാനമൂർത്തിയുടെമുന്നിലെ തട്ടിൽവെച്ച ഭസ്മം ഒരു ചുവന്ന പട്ടിൽ പൊതിഞ്ഞ് കയ്യില്‍ വെച്ചോളൂ…”

ആജ്ഞ അനുസരിക്കുന്നത് പോലെ അപ്പുറത്ത് നിന്നും മറുപടി വന്നു .

“എന്നാൽ അമാന്തിക്കണ്ട പുറപ്പെട്ടോളൂ… “

ഫോണ്‍ സംസാരം കേട്ട ഫാദർ ഗ്രിഗോറിയോസുംഡോക്ടറും മുഖത്തോടുമുഖം നോക്കി .
ഫോണ്‍ അനന്തനെ ഏൽപ്പിച്ച തിരുമേനി തിരിഞ്ഞ് ഫാദറിനെ നോക്കിപ്പറഞ്ഞു.

“എന്നാ നമുക്ക് അങ്ങോട്ട് നീങ്ങിയാലോ…”

“ഓ …. ആവാം.”

അവരേയുംകൊണ്ട് ആ കാർ വീണ്ടും സെന്റ് ആന്റണീസ് സെമിത്തേരിയിലേക്ക് യാത്ര തിരിച്ചു . ആളൂർ ബ്രഹ്മദത്തൻ എന്ന മാന്ത്രികന്റെ താല്കാലിക ബന്ധനത്തിൽ ശവക്കല്ലറ ഭേദിച്ച് പുറത്ത്കടക്കാൻ ആത്മാവിന് കഴിഞ്ഞില്ല .

കുറച്ച്സമയത്തിനകം അവര്‍ കുന്ന്കയറി സെന്റ് ആന്റണീസ് പള്ളിക്ക് മുന്നില്‍ എത്തി.
മൂന്ന് പേരും കാറില്‍ നിന്നും ഇറങ്ങി സെമിത്തേരിയിലേക്ക് കടന്നു. ആളൂർ തിരുമേനി ഫാദര്‍ ഗ്രിഗോറിയോസിനോട് പറഞ്ഞു,

“ഫാദർ ഇവിടെ ഒരു ഹോമ കുണ്ഡം ഒരുക്കണം. കുരുത്തോല പന്തൽ വേണം കുഴപ്പം ഒന്നും ഇല്ലല്ലോ ?…”

“എന്ത് കുഴപ്പം തിരുമേനീ… എല്ലാം ഞാന്‍ അരമനയിൽ പറഞ്ഞിട്ടുണ്ട് . നമുക്ക് ഇവിടുത്തെ വികാരിയച്ഛനെ ഒന്ന് കാണാം. ഇതല്ലാം ശരിയാക്കാൻ ആൾക്കാർ വേണ്ടേ?”

അവര്‍ മൂന്ന്പേരുംകൂടി ഫാദര്‍ റൊസാരിയയുടെ മുറിയിലേക്ക് പോയി . ഫാദർ റൊസാരിയയോട് കാര്യം പറഞ്ഞു .

എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഭയം നിഴലിച്ചു .

“ഫാദർ രണ്ട് പേരുടെ രക്തം കുടിച്ച ആ കല്ലറയിലെ ആത്മാവ് ഉഗ്രരൂപിയായ ഒരു രക്തരക്ഷസ്സ് ആയി മാറിയിരിക്കുന്നു. ഇനിയും ബന്ധിച്ചില്ലാ എങ്കില്‍ ദുർമരണം സംഭവിക്കുന്നവരുടെ എണ്ണം കൂടും. അതിന് ആത്മാവിന് അവരോട് പക ഉണ്ടായിക്കൊള്ളണം എന്നൊന്നും ഇല്ല .”

തിരുമേനി പറഞ്ഞു നിർത്തിയപ്പോൾ ഫാദര്‍ റൊസാരിയോ പറഞ്ഞു,
” എന്താണ് വേണ്ടതെന്ന് പറഞ്ഞാല്‍ മതി… “

തിരുമേനി പറഞ്ഞത് പ്രകാരം കാര്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ കുഞ്ഞവറയെ ഏൽപ്പിച്ചു .

ഈ സമയം ഡോക്ടര്‍ അഞ്ജലിയേയും കൊണ്ട് എസ് ഐ ജോണും അവിടെയെത്തി .

നിമിഷങ്ങള്‍ കൊണ്ട് പള്ളിയും പരിസരങ്ങളും വിളക്കുകളും കുരുത്തോലകളുംകൊണ്ട് നിറഞ്ഞു . കല്ലറയിൽ നിന്നും അഞ്ച് വാര മാറി പുല്ലുനീക്കംചെയ്ത് ഹോമ കുണ്ഡത്തിനുള്ള പന്തൽ റെഡിയാക്കി. നിലം ചാണകം മെഴുകി ശുദ്ധിയാക്കി. എല്ലാത്തിനും ആളൂർ തിരുമേനി നേതൃത്വം നൽകി.

ആളൂർ മനയിൽ നിന്നും പുറപ്പെട്ട കാർ ഈ സമയം രാജകുമാരിയോടടുത്ത് കൊണ്ടിരുന്നു .
പത്ത് പതിനഞ്ചു നിമിഷത്തിനുള്ളിൽ ആ കാർ കുന്ന് കയറി സെന്റ് ആന്റണീസ് പള്ളിക്കുമുന്നിൽ എത്തി . അതില്‍ നിന്നും മൂന്ന് പരികർമികൾ പുറത്തേക്കിറങ്ങി .

ഉടനെ അവിടെ കളംവരച്ച് ഹോമകുണ്ഡം റെഡിയാക്കി .

ആളൂർ തിരുമേനി ഫാദർ ഗ്രിഗോറിയോസിനോട് വിഷയംവെച്ച് പ്രാർത്ഥിക്കാൻ പറഞ്ഞു . ഫാദർ ഗ്രിഗോറിയോസും ഫാദർ റോസാരിയോയും എസ് ഐ ജോണ്‍ സക്കറിയയും കപ്യാരും പള്ളിക്കുള്ളിൽ കയറി പ്രാർത്ഥന തുടങ്ങി. അവിടെ കുന്തിരിക്കത്തിന്റെ പുകയും മണവും ഉയര്‍ന്നു .

തിരുമേനി ഹോമകുണ്ഡത്തിന് എതിർ വശത്തായി തയ്യാറാക്കിയ പീഠത്തിൽ ഉപവിഷ്ടനായി. എതിർവശത്ത് തിരുമേനിക്ക്നേരെ കാളീ പ്രതിമ സ്ഥാപിച്ചു. തിരുമേനിയുടെ വലതുവശത്തായി ചുവന്ന പട്ട് ചുറ്റി ഡോക്ടര്‍ അഞ്ജലിയെ ഇരുത്തി . ഡോക്ടര്‍ ദേവാന്ദ് തിരുമേനിക്ക് പുറകില്‍, നിലത്ത് ചമ്രംമടിഞ്ഞിരുന്നു. ഹോമകുണ്ഡത്തിൽ അഗ്നി പകർന്നു. അതില്‍ നിന്നും വിളക്കുകളിലേക്കും അഗ്നി പകർന്നശേഷം തിരുമേനി അനന്തനെ വിളിച്ചു …

“അനന്താ…ആ തകിടെടുത്തു വരൂ.”

അനന്തൻ തലേന്ന് അവിടെ കുഴിച്ചിട്ട തകിട് മാന്തി പുറത്തേക്കെടുത്ത് തിരുമേനിയുടെ കയ്യില്‍ കൊടുത്തു . തിരുമേനി പെരുവിരലും ചൂണ്ടു വിരലും ഒരു പ്രത്യേക രീതിയില്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച് അല്പ സമയം കണ്ണുകളടച്ചശേഷം ആ തകിട് ചുവന്ന പട്ടിൽ ചുറ്റി അഞ്ജലിയുടെ കയ്യില്‍ ബന്ധിച്ചു . പൂജാ മുറിയില്‍ നിന്നും കൊണ്ട് വന്ന ഭസ്മം അവളുടെ നെറ്റിയില്‍ ചാർത്തി.

“കണ്ഠേ കാളാത്മജേ ദേവി
കണ്ഠേ കാളി മഹേശ്വരീ
ഭഗവത്യഖിലാ ധാരേ
ഭദ്രകാളീ നമോസ്തുതേ”

“മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്രകാളീ നമോസ്തുതേ”

മന്ത്രം ജപിച്ചു കൊണ്ട് തിരുമേനി അകിലും നെയ്യും ഹോമകുണ്ഡത്തിലേക്കർപ്പിച്ചു . മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ അകിലിന്റേയും നെയ്യിന്റേയും സമ്മിശ്ര ഗന്ധംപരന്നു .