ഒരു ബോബൻ പ്രണയം

ഒരു ബോബൻ പ്രണയം
Oru Boban Pranayam by Shabna Shabna Felix

“ടീ ഇങ്ങ്ട് കേറി കിടക്കടീ….
അടുത്ത തവണ സമാധാനം ഉണ്ടാക്കാം … ഒന്നു നേരം വെളുത്തോട്ടെ ……” ദേ .. മര്യാദക്ക് അടങ്ങി കിടക്കണ് ണ്ടാ..
ഞാന്‍ താഴെ കെടന്നോളാം .. എന്നെ പറ്റിച്ചില്ലേ ഇങ്ങ്ള്… എല്ലാരുടേം മുന്നില്‍ നാണം കെടുത്തീലേ…നാളെ ഞാന്‍ അപ്പുറത്തെ ലൈലേൻ്റെ മോത്തെങ്ങനെ നോക്കും” അവള്‍ മൂക്ക് പിഴിഞ്ഞു കരഞ്ഞോണ്ടിരുന്നു….
കരച്ചില്‍ കണ്ടാ തോന്നും അവള്ടെ ഉപ്പ മയ്യത്തായീന്ന് … ഒരൊറ്റ ചവിട്ട് വെച്ച് കൊടുക്കാന്‍ തോന്നണ്.. പക്ഷേ ആ സാഹസം വേണ്ട … അടിതട പഠിച്ചുട്ടുണ്ടെന്ന് കഴിഞ്ഞ തവണ അവളുടെ ചെവി തിരുമ്മാൻ ചെന്നപ്പോള്‍ പിടി കിട്ടി ..
അടിച്ചു പരത്തി കളഞ്ഞു മൂക്ക് …
എല്ലാം പെട്ടെന്ന് ആയിരുന്നു …
അതും കഴിഞ്ഞു അവളുടെ ഒരു സോറി …
കെട്ടിയവനാണെന്ന് മറന്ന് പോയീന്ന്….
പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ … പെണ്ണിനോട് കുശലം ചോദിക്കാന്‍ കാരണവൻമാര് റാൻ മൂളിയപ്പോ വിറച്ച് വിറച്ചു ചെന്ന തന്നോട് ഒരൊറ്റ ചോദ്യം …
ബോബനെ ഇഷ്ടാണോ?
ചോദ്യം കേട്ടപ്പോള്‍ പെട്ടെന്ന് ചോദിച്ചു പോയി … എന്താന്ന് ?
“ബോബനെ ഇഷ്ടാണോ”
ചോദ്യം ആവർത്തിക്കുന്നു..
ചിന്തയില്‍ ആദ്യം ഓടി വന്നത് ബോബനേം മോളിയേം ആണ് ..പിന്നെ ഒരു ബോബൻ ..
നാട്ടിലെ ബാർബർ… അയാളെ ഇഷ്ടാണെന്നോ ?
പിന്നെ ഒരെണ്ണം തന്റെ ചങ്ങാതി ബോബൻ .. പടച്ചോനേ ഒന്നാന്തരം കോഴിയാ ….
അവനിവളേം …..
ചിന്തയില്‍ പല തരം സീനുകൾ മിന്നി മാഞ്ഞു ബോധം മറഞ്ഞു നിൽക്കുമ്പോ വീണ്ടും കിളിനാദം…
നമ്മുടെ കുഞ്ചാക്കോ ബോബനേയ്…..
അത് കേട്ടപ്പോള്‍ അത് വരെ മേലോട്ട് കേറിയ ശ്വാസം വണ്ടി പിടിച്ചു താഴോട്ട് പോന്നു …
“പിന്നില്ലേ… റൊമാൻ്റിക് ഹീറോ…” പറഞ്ഞൊപ്പിച്ചതും .. പിന്നെ കേട്ടത് ഹീറോയുടെ വർണനയാണ്..
മുറിയില്‍ മതിലില്‍ നിറഞ്ഞു നിൽക്കുന്നു ബോബൻ്റെ ചിത്രങ്ങള്‍ …
എല്ലാം കണ്ടും കേട്ടും ബ്ളിങ്കസി അടിച്ചു നിൽക്കുമ്പോ കേട്ടു പതിഞ്ഞ സ്വരത്തില്‍ ഒരു ഡയലോഗ് ..
“ഇങ്ങളെ എനിക്കിഷ്ടായിട്ടോ .. ബോബൻ്റെ തല പോലെയാ ഇങ്ങടേം……”
തീർന്നു … അതോടെ എല്ലാം ..
പക്ഷേ അവളെ നോക്കി ഇഷ്ടമില്ലാന്ന് പറയാന്‍ നാവു പൊങ്ങീല്ല…
അവളടുത്ത് വന്നപ്പോള്‍ മൂക്കിലടിച്ച അത്തറിൻ്റെ മണം … ഹാ….
അന്ന് ആ അത്തറിൽ മയങ്ങീത് ഇപ്പോ ദാണ്ടേ തന്റെ മുറിയില്‍ താഴെ കിടക്കുന്നു ..
അവളുടെ വീട്ടുകാര്‍ ചെവിയില്‍ പണ്ട് അടക്കം പറഞ്ഞു
പെണ്ണിന് കുഴ�പ്പമൊന്നുമില്ല ബോബൻ ന്ന് വെച്ചാ പ്രാന്താ….
അന്ന് തൊട്ട് തുടങ്ങിയതാ……
എത്ര തവണ കണ്ടാലും മതിവരൂല്ല..
ബോബൻ്റെ സിനിമ കാണിക്കാന്‍ കൊണ്ട് പോയിട്ട് വഴിയില്‍ ഒരു കൂട്ടുകാരനേം ഭാര്യയേം കണ്ടപ്പോള്‍ അവരുടെ പിന്നാലെ മണം പിടിച്ചു പോയി ..പാവം അവന്റെ ഭാര്യ തന്റെ പഴേ പഴേ ലൈനായിരുന്നു….

ആദ്യരാത്രി തന്നെ എല്ലാം പങ്ക് വെച്ച കൂട്ടത്തില്‍ ഹൃദയം മുഴുവന്‍ അവളുടെ മുന്നില്‍ തുറന്ന് വെച്ചു പോയി ..കൂട്ടത്തില്‍ പ്രേമകഥകളും..
അതിന്റെ ധാർമികരോഷം…
പഴേ ലൈനിനെ കണ്ടപ്പോള്‍ കണ്ടപ്പോള്‍ കവാത്ത് മറന്നു ….
ആരോപണം സത്യം …
എന്തായാലും പിറ്റേന്ന് നേരം പുലർന്നപ്പോ ദേഷ്യം അടങ്ങീട്ടുണ്ട് …
പ്രാതലെടുത്ത് നിരത്തിയപ്പോ അടുത്ത ഡയലോഗ് കേട്ടു …
ബോബൻ്റെ സിനിമ ടിവിയില്‍ ഉണ്ടിന്ന് …
പറച്ചില്‍ കേട്ടാല്‍ തോന്നും ആദ്യമായി കാണാന്‍ പോണതാ സിനിമ എന്ന് …
എന്തായാലും മനസ്സീ തോന്നീത് വിളമ്പീല്ല…
അപ്പോഴുണ്ട് ഉപ്പ ഒരു പൊതീം പിടിച്ചോണ്ട് വരണ് …
ആട്ടിറച്ചിയാണ് … വേഗം ശരിയാക്ക് സൈനു…
അവളുടെ അപ്പോഴത്തെ ഭാവത്തില്‍ പൊതി പൊറത്തെറിയാനുള്ള കലി മോന്തയിലുണ്ടായി …
പിന്നെ ഉപ്പ ആയോണ്ട് ചെയ്തില്ല…
പിന്നെ കണ്ടത് എടി പിടീന്ന് അവളുടെ ഒരു വെപ്രാളായിരുന്നു …
കറി അടുപ്പില്‍ കേറ്റണം .. സിനിമ കാണണം …
സിനിമ തുടങ്ങുമ്പോഴേക്കും പെണ്ണ് എല്ലാം റെഡിയാക്കി ടിവീടെ മുന്നില്‍ സത്യാഗ്രഹം തൊടങ്ങി ..
കൂട്ടത്തില്‍ കഴിഞ്ഞ പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിൽ പിറന്ന രണ്ടു സന്തതികളുമുണ്ട് …
ഉമ്മേടെ പിരാന്ത് അവർക്കും അറിയാം ..
സിനിമ കൊടുമ്പിരി കൊണ്ട് നടക്കുന്നു പെട്ടെന്ന് എന്തോ കരിഞ്ഞ മണം ..
“ഉമ്മാ എന്തോ കരിയണ് ..”
മോന്‍ വിളിച്ച് പറഞ്ഞു
അവളോടി … കയറു പൊട്ടിച്ചോടണ പയ്യ് കണക്കേ…
ടൈലേൽ മറിഞ്ഞു വീഴാഞ്ഞതു ഭാഗ്യം …
“എന്താടി കരിഞ്ഞേ….”
“അരി അടുപ്പില്‍ തിളച്ചു പോയതാ ..”മറുപടി കിട്ടി …
പിന്നെ ഒരു അഞ്ച് മിനിറ്റ് അനക്കമില്ല
അതും കഴിഞ്ഞു പെട്ടെന്ന് ഒരു അലർച്ച “എന്റെ പടച്ചോനേ…”
ആ വിളി കേട്ടപ്പോള്‍ ഉറപ്പിച്ചു
കൈ പൊള്ളിച്ചു ….
എല്ലാവരും കൂടി ഓടിചെന്നൂ അടുക്കളയില്‍ …
ചെന്നപ്പോഴുണ്ട് ….
കൈയില്‍ കൈലോട്ട പിടിച്ചു കൊണ്ട് അനങ്ങാതെ നിപ്പുണ്ട് ….
“എന്താടി കാര്യം ?”
മിണ്ടാട്ടമില്ല
വീണ്ടും ചോദിച്ചു .. “എന്താടീ …”
ഒന്നും മിണ്ടാതെ അവള്‍ തിരിഞ്ഞു നിന്നും അടുപ്പിലോട്ട് കാണിച്ചു ….
ഒരടപ്പിൽ കറിച്ചട്ടി ഇരുപ്ലുണ്ട് ആട്ടിറച്ചീടെ കൂട്ടത്തില്‍ ചോറു കിടന്നു വെട്ടി തിളക്കുന്നു…
സംഭവം നിസ്സാരം …
ഒരടുപ്പിൽ കറി ….മറ്റൊരു അടുപ്പില്‍ കഞ്ഞികലം …ഇറക്കി വെച്ച് ചോറൂറ്റി വലതു വശത്തെ ഓട്ടപാത്രത്തിലിടുന്നു …
ടിവിയില്‍ നടക്കുന്ന സിനിമയില്‍ ഇടയ്ക്ക് ചെവി വട്ടം പിടിക്കുന്നു
രണ്ട് കൈയിലോട്ട ചോറൂറ്റി ഇടതു വശത്തെ കറിച്ചട്ടിയിലേയക്ക് …
വേറൊന്നും സംഭവിച്ചില്ല ….

കൂട്ടത്തില്‍ ഉപ്പയും വന്നു നിപ്പുണ്ട് .കറി വെന്ത് ചോറുണ്ണാൻ നിൽക്കാണ് കക്ഷി …
ഉപ്പ ഒന്നും മിണ്ടീല്ല …
അടുപ്പിനടുത്തേക്ക് ചെന്നു ..
ചട്ടി പൊക്കി ..
പുറത്തേക്ക് നടന്ന് എല്ലാം കൂടി ഒരൊറ്റ ഏറ് ….
കുട്ടികളടക്കം ശ്വാസം പിടിച്ചു നിൽപ്പാണ് …
ഉപ്പ വീണ്ടും അകത്തേക്ക് നടന്നു ടിവിയില്‍ നോക്കി ഇരുന്നു … പിന്നെ ഉച്ചത്തില്‍ വിളിച്ചു ….
“സൈനൂ….”
അനുസരണ ഉള്ള പൂച്ച പോലെ അവള്‍ ചെന്നു
“മോളിവിടിരി ..”
അവളിരുന്നു
“ഈ ബോബൻ്റെ സിനിമ കാണ് ….””
വിറച്ചു വിറച്ചു ഇരിപ്പാണ് സൈനൂ ….
ഉപ്പയുടെ ഈ മുഖം ആദ്യം ആണ്
അവള്‍ സിനിമ കണ്ടോ എന്ന് അറിയില്ല ..
സിനിമ തീർന്നിട്ടും വൈകുന്നേരം വരെ ഉപ്പ അവിടെ ഇരുന്നു
അവളും ….
വീട്ടില്‍ എല്ലാവരും ഉച്ചപട്ടിണി …
എന്തായാലും അതോടെ നമ്മുടെ സൈനുൻ്റെ പിരാന്ത് മാറി …
ഓണവും വിഷുവും പെരുന്നാളും മാറി മാറി വന്നു
ടിവിയില്‍ ചാനലില്‍ സിനിമകള്‍ മാറി മാറി വന്നു …
സൈനുന് നൊ പ്രോബ്ളം ..
പണ്ടേ കിട്ടണ്ടതായിരുന്നു
വൈകിപോയി
ഇടയ്ക്ക് പ്രേമം മൂക്കുമ്പോ അവളോട് ചോദിക്കും ..
എന്റെ തല ഇപ്പോഴും ബോബനെ പോലെ ആണോ മുത്തേ ?”
നാണിച്ച് അവൾ പറയും” ബോബനല്ല
ഇങ്ങളാ സുന്ദരൻ!”