തിരുവട്ടൂർ കോവിലകം 14

തിരുവട്ടൂർ കോവിലകം 14
Story Name : Thiruvattoor Kovilakam Part 14
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

ചവച്ചുകൊണ്ടിരുന്ന മുറുക്കാന്‍ കോളാമ്പിയിലേക്ക് തുപ്പി തിരുമേനി വീണ്ടും പറഞ്ഞു തുടങ്ങി .

അന്നത്തെ കച്ചേരി കഴിഞ്ഞു കോവിലകത്ത് എത്തിയപ്പോഴും ഉമയുടെ കണ്ണില്‍ ദത്തന്റെ രൂപം നിറഞ്ഞു നിന്നു. രാത്രികളില്‍ ദത്തനെ പറ്റിയുള്ള സ്വപ്നങ്ങള്‍ അവളുടെ നിദ്രയേ പോലും അകറ്റി .

പല രാത്രികളിലും ദത്തന്റെ വിരിഞ്ഞ രോമാവൃതമായ നെഞ്ചില്‍ തലചായ്ച്ചു നിൽക്കുന്നത് കണ്ട് അവള്‍ ഞെട്ടി ഉണർന്നു. മൂളിയെത്തുന്ന തെക്കന്‍ കാറ്റില്‍പോലും ദത്തന്റെ സ്വരം ലയിച്ചു ചേര്‍ന്ന പോലെ അവള്‍ക്ക് തോന്നി .

ഇതേ അവസ്ഥയിലായിരുന്നു ദത്തനും കണ്ണടച്ചാൽ കൈകൾ കൂപ്പി നിൽക്കുന്ന ദേവി ശില്പം . അവളുടെ അഞ്ജനമെഴുതിയ മിഴികൾ ശോണ വർണ്ണമാർന്ന ചുണ്ടുകളും കനകം പോലെ തിളങ്ങുന്ന മുഖവും ഒരിക്കല്‍ കൂടി അടുത്ത് കാണുവാന്‍ അവന്റെ മനസ്സ് തുടിച്ചു കൊണ്ടിരുന്നു .

ദത്തനെ കണ്ടശേഷം ഉമയിൽ വന്ന മാറ്റം കോവിലകത്തുള്ള മറ്റാരും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും അവളുടെ മുത്തശ്ശി , കോവിലകത്തെ വലിയ തമ്പുരാട്ടി ശ്രദ്ധിച്ചിരുന്നു .

മുത്തശ്ശിയുടെ മടിയില്‍ തലവെച്ച് കിടക്കുന്ന ഒരു ദിവസം അവളുടെ മുടിയിഴകളെ തലോടി മുത്തശ്ശി അവളോട് ചോദിച്ചു .

“എന്താ ന്റെ ഉമകുട്ടിക്ക് പറ്റ്യേ”

“ഒന്നൂല്ല്യ മുത്തശ്ശി , എന്തേ ചോദിക്കാന്‍ “

“ഒന്നൂല്ല്യ കുട്ട്യേ രണ്ടൂസായി മുത്തശ്ശി കാണുന്നു. ഏത് സമയത്തും ഒരു ആലോചന “

അവള്‍ ഒന്നും പറഞ്ഞില്ല . മുത്തശ്ശി തുടർന്നു.

“ഒന്നും ഒളിക്കണ്ട കാവിലെ സംഗീത കച്ചേരിക്ക് വന്ന മിടുക്കനെ നോക്കുന്നത് മുത്തശ്ശി കണ്ടിരുന്നൂട്ടോ”

മുത്തശ്ശിയുടെ മടിയില്‍ നിന്നും എഴുന്നേറ്റ് അവള്‍ പറഞ്ഞു

“ഞാൻ പോവാ, ഈ മുത്തശ്ശിയുടെ ഒരു കാര്യം “

“പൊയ്ക്കൊ …… പൊയ്ക്കൊ”

ചിരിച്ചു കൊണ്ട് തലയാട്ടി വലിയതമ്പുരാട്ടി പറഞ്ഞു.

പിറ്റേന്ന് കാലത്ത് വലിയ തമ്പുരാട്ടി ഉമയുടെ അച്ഛന്‍ വാസുദേവനോട് കാര്യം അവതരിപ്പിച്ചു .
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു .

“അതു വേണോന്നുണ്ടോ “

“ഉവ്വ് , കുട്ടീടെ മനസ്സില്‍ വല്ലാതെ ആശ കേറിയിരിക്കുണു , പറ്റൂച്ച ഒന്നത്രേടം വരെ ചെന്നന്വഷിക്കാ”

“എത്ര പറ നിലണ്ട്ന്ന് നോക്കണ്ട , കേമനാണവൻ എന്തോണ്ടും ന്റെ കുട്ടിക്ക് ചേരും അത്രേം നോക്ക്യാ മതി”

“ശരി , അങ്ങനാവട്ടേ “

ഈ വാർത്ത ഉമയിൽ കുളിർ മഴപെയ്യിച്ചു . അവളുടെ മനോഹരമായ കണ്ണുകള്‍ വിടർന്നു പാതി വിടർന്ന അധരങ്ങളിൽ ഒരു ചിരി തത്തി കളിച്ചു. അവള്‍ അവളുടെ സപ്രമഞ്ചത്തിൽ കിടന്ന് ദത്തന്റെ രൂപം മനസ്സിലേക്ക് അവാഹിച്ചപ്പോൾ ആ മുഖം ഒരിക്കല്‍ കൂടി കാണുവാനും ആ സ്വരത്തില്‍ ലയിക്കുവാനും അവളുടെ ഉള്ളം തുടിച്ചു കൊണ്ടിരുന്നു .

വാസുദേവൻ തിരുമേനി കാര്യസ്ഥനെ വിളിച്ച് ദേവദത്തന്റെ ഇല്ലം വരെ പോയി വരാനും വിവാഹത്തേ പറ്റി സംസാരിക്കാനും പറഞ്ഞ് അകത്തേക്ക് പോയി .

പിന്നീട് കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് നടന്നു ജാതകങ്ങൾ നോക്കിയവരെല്ലാം ഉത്തമ പൊരുത്തം എന്ന് വിധിയെഴുതി .
ഒരു മാസത്തിനുശേഷം കോവിലകം ഉമയുടെ വിവാഹത്തിനു വേണ്ടി അണിഞ്ഞൊരുങ്ങി .

വിവാഹത്തിനു ശേഷമാണ് അവര്‍ കൂടുതല്‍ പ്രണയിച്ചു തുടങ്ങിയത് .
ദിനങ്ങള്‍ മാസങ്ങൾക്കു വഴിമാറി.

ചാറി പെയ്യുന്ന മഴത്തുള്ളികൾ കോവിലകത്തിന്റെ മേൽക്കൂരയിൽ താളം പിടിക്കുന്ന രാത്രികളിലൊന്നിൽ രോമാവൃതമായ ദത്തന്റെ നെഞ്ചിലൂടെ വിരലുകളോടിച്ച് ഉമ പ്രണയത്തോടെ മൊഴിഞ്ഞു .

“പ്രാണ നായക രാഗങ്ങളിലെ രാജ്ഞി കല്യാണി ഒന്നു മൂളുമോ മഴത്തുള്ളികൾ തീർക്കുന്ന താളത്തൊടൊപ്പം അങ്ങയുടെ മധുര സ്വരവും എന്റെ കാതുകളെ കുളിരണിയിക്കട്ടേ”

ആ ഇരുട്ടിലും ദത്തൻ കണ്ടു അവളുടെ കണ്ണിലെ പ്രണയാഗ്നി .
അവളുടെ മുടിയിഴകൾ തലോടി ദത്തൻ മഴത്തുള്ളികളെ സാക്ഷിയാക്കി ആ രാത്രി അവള്‍ക്കു വേണ്ടി പാടി. അവന്റെ ശബ്ദത്തില്‍ ലയിച്ച് അവള്‍ അവന്റെ മാറിൽ തലചായ്ച്ച് ഉറക്കത്തിലേക്ക് വഴുതി വീണു . അവളുടെ മുടിയിഴകളിൽ തലോടി ദത്തനും പതിയേ നിദ്രയേ പുൽകി .

ഈ സമയം കോവിലകത്തേ അറകളിലൊന്നിൽ മോഹിച്ചത് കിട്ടാതെ പോയതിന്റെ എരിയുന്ന പകയുമായി ഒരാള്‍ ഉറക്കം നഷ്ടപ്പെട്ടു മച്ചിലേക്ക് നോക്കി കിടക്കുന്നത് ആരും അറിഞ്ഞില്ല .

“അതാരായിരുന്നു”

ശ്യാം ഇടക്ക് കയറി ചോദിച്ചു

“ഉത്തര”

തിരുമേനി മറുപടി പറഞ്ഞു .

“അതാരാ വിശ്വേട്ട ഇതു വരേ ഇല്ലാത്ത ഒരു കഥാപാത്രം “

ഹരിയുടെ ചോദ്യം കേട്ടപ്പോള്‍ ഒന്നു ചിരിച്ചു .

“ഹരി , അനിയാ അതു തിരുമേനി പറയും”

ബാക്കി നാളെ പറയാം എന്നു പറഞ്ഞ് ഒരു സിഗരറ്റിനു തീ കൊളുത്തി ആൽത്തറയിൽ നിന്നും തിരിഞ്ഞു നടക്കുമ്പോള്‍ തിരുമേനി പറഞ്ഞ ഉത്തരയുടെ പകയുടെ കനലെരിയുന്ന കഥയായിരുന്നു മനസ്സ് മുഴുവന്‍ ..!!!

(തുടരും…….)